ന്യൂഡല്‍ഹി: രാജ്യത്ത് വാട്‌സാപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തിയതായി സര്‍വ്വെ റിപ്പോര്‍ട്ട്. സ്വകാര്യതാ നയത്തില്‍ മാറ്റംവരുത്തിയതിനെ തുടര്‍ന്നുണ്ടായ പശ്ചാത്തലത്തില്‍ കമ്യൂണിറ്റി പ്ലാറ്റ്‌ഫോം ലോക്കല്‍ സര്‍വ്വീസാണ് സര്‍വ്വെ നടത്തിയത്.

അടുത്തകാലത്തായി അഞ്ച് ശതമാനം പേര്‍ വാട്‌സാപ്പ് ഡിലീറ്റ് ചെയ്തു. 22ശതമാനത്തോളം പേര്‍ വാട്‌സാപ്പ് ഉപയോഗം വലിയതോതില്‍കുറച്ചതായും സര്‍വ്വെ വ്യക്തമാക്കുന്നു. വാട്‌സാപ്പ് സ്വകാര്യതാനയത്തില്‍ പ്രതിഷേധിച്ച് കൂടുതല്‍ ആളുകള്‍ സിഗ്നല്‍, ടെലഗ്രാം ആപ്പുകളിലേക്ക് മാറിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സിഗ്നല്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയവര്‍ധനവുമുണ്ടായി.

അതേസമയം, 34ശതമാനം പേര്‍ പുതിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്‌തെങ്കിലും ചുരുക്കംപേര്‍ മാത്രമാണ് സ്ഥിരമായി ഉപയോഗിക്കുന്നത്. ഇന്ത്യയില്‍മാത്രം 400ദശലക്ഷം പേരാണ് വാട്‌സാപ്പ് ഉപയോഗിക്കുന്നത്. സ്വകാര്യതാ നയം വലിയതോതില്‍ വിമര്‍ശനത്തിനിടയാക്കിയതിനെ തുടര്‍ന്ന് വാട്‌സാപ്പ് അധികൃതര്‍ നടപ്പിലാക്കുന്നത് താല്‍കാലികമായി മാറ്റിവെച്ചിരുന്നു.