Connect with us

More

വിദ്വേഷ പ്രസംഗങ്ങള്‍ എഴുതിത്തള്ളുമ്പോള്‍

Published

on

വയനാട് ലോകസഭാ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി നേതാക്കളായ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും ബി. ഗോപാലകൃഷ്ണനും നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ കാര്യത്തില്‍ പരാതിക്കാരന്റെ മൊഴിപോലും രേഖപ്പെടുത്താതെ അന്വേഷണം അവസാനിപ്പിച്ച പൊലീസ് നടപടി സംസ്ഥാനത്ത് നിലനില്‍ക്കുന്ന സി.പി.എം ബി.ജെ.പി ബാന്ധവത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. വഖഫ് വിഷയത്തില്‍ തെറ്റിദ്ധാരണാ ജനകമായ പരാമര്‍ശം നടത്തിയ സുരേഷ്ഗോപിക്കും വാവര് പള്ളിയെ അധിക്ഷേപിച്ച ഗോപാലകൃഷ്ണനുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.ആര്‍ അനൂപായിരുന്നു കമ്പളക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഈ പരാതിയിലാണ് അന്വേഷണത്തിന് പോലും തയാറാകാതെ പൊലീസിന്റെ ഏകപക്ഷിയമായ നടപടി പിണറായി പൊലീസിലെ ആര്‍.എസ്.എസ് സ്വാധീനവും തീര്‍ത്തും പക്ഷപാതപരവും ആസൂത്രിതവുമായ അവരുടെ നീക്കങ്ങള്‍ക്ക് മുഖ്യമന്ത്രിതന്നെ അര്‍ത്ഥഗര്‍ഭമായ മൗനത്തിലൂടെ നല്‍കുന്ന പിന്തുണയും കേരളത്തില്‍ പരസ്യമായിത്തീര്‍ന്ന രഹസ്യമാണ്. ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ പോലും ലഭിക്കാത്ത ഈ പിന്തുണ അഭംഗുരം തുടരുന്നുവെന്നത് തിരിച്ചടികളില്‍ നിന്ന് ഒരു പാഠവും പഠിക്കാന്‍ തങ്ങള്‍ സന്നദ്ധരല്ല എന്ന സര്‍ക്കാറിന്റെ പ്രഖ്യാപനമാണ്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പെട്ടി വിവാദമായും കൊടകര കുഴല്‍പ്പണക്കേസിലെ വെളിപ്പെടുത്തലുകളായും ഈ അവിശുദ്ധ ബാന്ധവം മറനിക്കിപ്പുറത്തുവരികയും മതേതര വിശ്വാസികളില്‍ നിന്ന് കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്ത് ദിവസങ്ങള്‍ക്കകമാണ് ഈ ഒത്തുതീര്‍പ്പെന്നത് സി.പി.എം തുടങ്ങിവെച്ചിരിക്കുന്ന ധ്രുവീകരണ രാഷ്ട്രീയ ത്തിലേക്കുള്ള വിരല്‍ചൂണ്ടലാണ്.

കേരള പൊലീസിലെ ആര്‍.എസ്.എസ് വല്‍ക്കരണത്തിന് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് തന്നെ ആരംഭംകുറിച്ചതാണ്. സിറാജുന്നിസ എന്ന പതിനൊന്നുകാരി പാലക്കാട്ടെ പുതുപ്പള്ളിത്തെരുവില്‍ കൊല്ലപ്പെടാന്‍ കാരണമായത് എ.ജി രമണ്‍ ശ്രീവാസ്തവയുടെ ആക്രോശമായിരുനന്നുവെങ്കില്‍ അതേ രമണ്‍ ശ്രീവാസ്തവയെ സര്‍ക്കാറിന്റെ ഉപദേഷ്ടാവായി നിയോഗിച്ചുകൊണ്ട് തുടക്കമിട്ട നീക്കങ്ങള്‍ക്ക് പിന്നീട് ഒരിടവേളപോലും ഉണ്ടായിട്ടില്ല. 2017 ആഗസ്റ്റ് 17ന് കന്യാ കുമാരിയില്‍ പൊലീസില്‍ ആര്‍.എസ്.എസ് വിങ് പഠന ശിബിരം സംഘടിപ്പിച്ചതായി മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിടുകയുണ്ടായി. മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖ വിതരണം ചെയ്തു എന്നപേരില്‍ 39 മുജാഹിദ് പ്രവര്‍ത്തകരെ പിണറായിയുടെ പൊലീസ് അറസ്റ്റുചെയ്തത് കേരളത്തെ ഞെട്ടിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ബീഫ് വിളമ്പുന്നതിന് ഐ.ജി സുരേഷ് രാജ് പുരോഹതിക്ക് വിലക്കേര്‍പ്പെടുത്തിയത്. മലപ്പുറം ജില്ലക്കെതിരായ ആര്‍.എസ്.എസിന്റെ വ്യാജ പ്രചരണത്തിന് വളംവെച്ചുനല്‍കാനും കേരള പൊലീസ് കിണഞ്ഞുശ്രമിക്കുന്നതും ഇതിന്റെ ഉദാഹരണം തന്നെ. പിണറായി സര്‍ക്കാറിന്റെ കാലത്ത് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നിസാരമായ സംഭവങ്ങളില്‍ പോലും ഗുരുതരമായ വകുപ്പുകള്‍ ചുമത്തപ്പെടുമ്പോള്‍ ഇതേ പൊലീസ് തന്നെയാണ് ആര്‍.എസ്.എസുകാര്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ കേസുകള്‍ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നതും. കൊടിഞ്ഞി ഫൈസല്‍ വധക്കേസ് ഇതിന്റെ വ്യക്തമായ ഉദാഹരണമാണ്.

ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളയെയും ക്രമസമാധാനത്തിന്റെ ചുമതല വഹിച്ചിരുന്ന എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറും നിരവിധി തവണ കൂടിക്കാഴ്ച്ച നടത്തിയ വിവരം പ്രതിപക്ഷ നേതാവ് പുറത്തുകൊണ്ടുവന്നപ്പോള്‍ ഇതിലെന്താണ് അല്‍ഭുതപ്പെടാനുള്ളതെന്നാണ് മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവും ആവര്‍ത്തിച്ചത്. ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസില്‍ അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷാക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ലോക്നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചു എന്നുമാത്രമല്ല, വിരമിച്ച ശേഷം ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി കൊച്ചി മെട്രോയുടെ എം.ഡിയായി നിയമിക്കുകയും ചെയ്യുകയുണ്ടായി. 2018 ല്‍ ശബരിമല തീര്‍ത്ഥാടന കാലത്തുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടയില്‍ അണികളെ അഭിസംബോധന ചെയ്യാന്‍ ഹിന്ദുഐക്യവേദി കണ്‍വീനര്‍ വത്സന്‍ തില്ലങ്കേരിക്ക് തങ്ങളുടെ മെഗാഫോണ്‍ നല്‍കാന്‍ മടികാണിക്കാതിരുന്നതും ഈ പൊലീസ് തന്നെയാണ്. പിണറായി അധികാരമേറ്റ കാലംമുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന ആരോപണം ഭരണപക്ഷ എം.എല്‍.എ പി.വി. അന്‍വര്‍തന്നെ ഈയിടെ തുറന്നു പറയുകയുണ്ടായി സി.പി.ഐ നേതാവ് ആനിരാജയും സമാന ആരോപണം ഉന്നയിച്ചിരുന്നു. ആനിരാജക്ക് മൗനിയാകേണ്ടിവന്നപ്പോള്‍ അന്‍വറിന് മുന്നണി തന്നെ വിടേണ്ടിവന്നു എന്നതായിരുന്നു ഇതിന്റെ പരിണിത ഫലം. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസ് കേന്ദ്രനേത്യത്വത്തിന്റെ ആശിര്‍വാദത്തോടെ യോഗാചാര്യന്‍ ശ്രിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ രഹസ്യ കൂടിക്കാഴ്ചയുടെ തുടര്‍ചയായ ഈ ബന്ധം കൊണ്ടുംകൊടുത്തും മുന്നേറുകയാണ്. കേരള പൊലീസ് സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് കുടപിടിക്കുമ്പോള്‍ പിണറായിക്ക് ലഭിക്കുന്ന ആനുകൂല്യം തനിക്കെതിരായ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അനേ ഷണത്തില്‍നിന്നുള്ള പൂര്‍ണ സംരക്ഷണമാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

അഭിനയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ട്വല്‍ത്ത് ഫെയിലിലെ നടന്‍

ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും വീട്ടിലേക്ക് മടങ്ങണമെന്നും നടന്‍

Published

on

അഭിനയജീവിതത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് നടന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതുവരെയുള്ള ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പറയുന്നതിനോടൊപ്പം ജീവിതത്തില്‍ ചെയ്യാന്‍ ഒരുപാട് റോളുകള്‍ ബാക്കിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും വീട്ടിലേക്ക് മടങ്ങണമെന്നും നടന്‍ കുറിച്ചു. അടുത്തവര്‍ഷം വരുന്ന രണ്ട് ചിത്രങ്ങളായിരിക്കും അവസാന ചിത്രങ്ങള്‍ എന്നാണ് നടന്റെ വെളിപ്പെടുത്തല്‍.

‘ട്വല്‍ത്ത് ഫെയില്‍’ അടക്കമുള്ള ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരത്തിന്റെ അപ്രതീക്ഷിത വിരമിക്കലിലുള്ള ഞെട്ടലിലാണ് ആരാധകര്‍. ‘ദി സബര്‍മതി റിപ്പോര്‍ട്ട്’ ആണ് അവസാനമായി റിലീസ് ചെയ്ത നടന്റെ ചിത്രം. താരത്തിന്റെ ‘സീറോ സെ റീസ്റ്റാര്‍ട്ട്’ സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

സിനിമാ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നടന്‍ ഇപ്പോള്‍ കടന്നുപോകുന്നത്.ട്വല്‍ത്ത് ഫെയ്ല്‍, നെറ്റ്ഫ്ലിക്സ് ചിത്രം സെക്ടര്‍ 36, ഈ അടുത്ത് റിലീസ് ചെയ്ത സബര്‍മതി എക്സ്പ്രസ് എന്നീ സിനിമകള്‍ വലിയ വിജയം കൈവരിച്ചിരുന്നു. തിരഞ്ഞെടുക്കുന്ന പ്രമേയങ്ങള്‍ കൊണ്ടും അഭിനയത്തിലെ പൂര്‍ണത കൊണ്ടും ഏറെ ആരാധകരെ നേടിയെടുത്ത താരത്തിന് വെറും 37 വയസ്സ് മാത്രമാണ് പ്രായം.

ഇന്‍സ്റ്റാഗ്രാം കുറിപ്പ് ഇങ്ങനെ

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ അസാധാരണമായിരുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്ക് ഞാന്‍ ഓരോരുത്തര്‍ക്കും നന്ദി പറയുന്നു. എന്നാല്‍ ഞാന്‍ മുന്നോട്ട് പോകുമ്പോള്‍, വീട്ടിലേക്ക് മടങ്ങാനുള്ള സമയമാണിതെന്ന് മനസിലാക്കുന്നു. ഒരു ഭര്‍ത്താവ്, പിതാവ്, മകന്‍ എന്ന നിലയില്‍. ഒപ്പം ഒരു നടന്‍ എന്ന നിലയിലും.’

‘അതിനാല്‍, 2025ല്‍ നമ്മള്‍ പരസ്പരം അവസാനമായി കാണും. അവസാന രണ്ട് സിനിമകളും ഒരുപാട് വര്‍ഷത്തെ ഓര്‍മ്മകളുമുണ്ട്. വീണ്ടും നന്ദി. എല്ലാത്തിനും എന്നേക്കും കടപ്പെട്ടിരിക്കുന്നു” എന്നാണ് വിക്രാന്ത് മാസി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

 

Continue Reading

News

വാഹനനമ്പര്‍ നല്‍കിയാല്‍ ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും; മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തതായി സംശയം

വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും.

Published

on

വാഹനനമ്പര്‍ നല്‍കിയാല്‍ ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും. വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും. നിശ്ചിത തുക ഈടാക്കിയാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്.

അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പോലും വ്യക്തിഗത വിവരങ്ങള്‍ ലഭിക്കില്ല. എന്നാല്‍ ടെലിഗ്രാമിലൂടെ വാഹനവുമായും ഉടമയുമായും ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നിയമം ലംഘിച്ചു കൈമാറുന്നതായാണ് റിപ്പോര്‍ട്ട്.

ടെലിഗ്രാമില്‍ ബോട്ട് സബ്‌സ്‌ക്രൈബ് ചെയ്ത് വാഹനം നമ്പര്‍ നല്‍കിയാല്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കുന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്‌തോ എന്ന സംശയത്തിലേക്ക് എത്തിയത്. ഉടമയുടെ പേര്, അഡ്രസ്സ്, ആര്‍സി ഡീറ്റെയില്‍സ്, വാഹന ഡീറ്റെയില്‍സ്, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, ചെല്ലാന്‍ വിവരങ്ങള്‍, ഫാസ്റ്റ് ടാഗ് വിവരങ്ങള്‍ എന്നിവ ടെലിഗ്രാം ബോട്ടിലൂടെ നല്‍കുന്നു.

ആദ്യം സൗജന്യമായും പിന്നീട് പണം നല്‍കിയും വിവരങ്ങള്‍ ശേഖരിക്കേണ്ട രീതിയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഹാക്ക് ചെയ്താണ് ഈ വിവരങ്ങള്‍ ടെലിഗ്രാം ബോട്ട് നിര്‍മിച്ചവര്‍ക്ക് ലഭ്യമായതെന്നാണ് സൂചന.

 

Continue Reading

More

പൊട്ടിത്തെറിയുടെ സമ്മേളനക്കാലം

Published

on

ചരിത്രത്തിലില്ലാത്തവിധമുള്ള തമ്മിലടിയാണ് സമ്മേളനക്കാലത്ത് സി.പി.എം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി ഏരിയാ സമ്മേളനങ്ങളിലേക്ക് കടന്നതോടെ ബ്രാഞ്ച്, ലോക്കല്‍ സമ്മേളനക്കാലത്തുയര്‍ന്ന വിഭാഗിയതയുടെ ചൂടും പുകയും പരസ്യമായി എരിഞ്ഞുകൊണ്ടിരിക്കുകയാണ്. കരുനാഗപ്പള്ളിയില്‍ ഏരിയാ കമ്മറ്റി പിരിച്ചുവിടേണ്ടിവന്നപ്പോള്‍ പാലക്കാട് ജില്ലയില്‍ ഇടഞ്ഞു നില്‍ക്കുന്ന ഒരു വിഭാഗം ഇ.എം.എസ് മന്ദിരം എന്ന പേരില്‍ സമാന്തരമായി ഏരിയാകമ്മറ്റി ഓഫീസ് തുറന്നിരിക്കുന്നു. വിഭാഗിയത എല്ലാ സീമകളും ലംഘിച്ച് മുന്നോട്ടുപോകുന്ന ആലപ്പുഴയിലാകട്ടേ ജില്ലാ പഞ്ചായത്തംഗം തന്നെ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തിച്ചതായുള്ള തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റിയുടെ പരാമര്‍ശം മറ്റൊരുവിവാദത്തിന് തി രികൊളുത്തിയിരിക്കുകയാണ്. ഏരിയാ കമ്മറ്റി പിരിച്ചുവിട്ടത് സംസ്ഥാന സമ്മളനം നടക്കാനിരിക്കുന്ന കൊല്ലം ജില്ലയിലാണെന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. നേതാക്കളെ ഓഫീസില്‍ പൂട്ടിയിടുകയും പാര്‍ട്ടി അംഗങ്ങള്‍ പരസ്യപ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തത് സി.പി.എമ്മിനെ സംബന്ധിച്ചടുത്തോളം സര്‍വ സാധാരണമായ സംഭവങ്ങളല്ല. എന്തു നടപടിയും സ്വീകരിക്കാന്‍ തങ്ങള്‍ തയാറാണെന്ന പ്രഖ്യാപനത്തോടെ ഒരു അച്ചടക്ക നടപടിയേയും ഭയക്കാതെ പാര്‍ട്ടി അംഗങ്ങള്‍ ഈ രീതിയില്‍ പരസ്യപ്രതികരണത്തിന് കച്ചകെട്ടിയിറങ്ങുമ്പോള്‍ സംസ്ഥാന നേത്യത്തം തന്നെ അമ്പരപ്പിലാണുള്ളത്.

കോണ്‍ഗ്രസില്‍ നിന്നെത്തിയ ആളെ ജില്ലാ സെക്രട്ടറിയുടെ താല്‍പര്യപ്രകാരം ലോക്കല്‍ സെക്രട്ടറിയാക്കിയതാണ് കൊഴിഞ്ഞാമ്പാറയിലെ കലാപത്തിനു കാരണം. സമാന്തര ലോക്കല്‍ സമ്മേളനം നടത്തിയ ശേഷമാണ് സമാന്തര ഓഫീസും പ്രദേശത്ത് തുറന്നത്. ജില്ലാ സെക്രട്ടറിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ഇവര്‍ തങ്ങളാണ് യഥാര്‍ത്ഥ പാര്‍ട്ടി എന്ന അവകാശവാദവുമായാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വരെ ഈ കൂട്ടായ്മയുടെ നേതൃത്വത്തിലിരിക്കുമ്പോള്‍ ഔദ്യോഗിക പക്ഷം തീര്‍ത്തും ദുര്‍ബലമായിത്തിരുന്ന അവസ്ഥയാണ് നിലവിലുള്ളത്. ആലപ്പുഴയില്‍ പാര്‍ട്ടിവിട്ട ബിപിന്‍ സി. ബാബു ഏരിയാകമ്മറ്റിയംഗവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റുമാണ്. സി.പി.എമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനില്ലെന്ന് ഏരിയാ കമ്മറ്റിയംഗം കൂടിയായ ഇദ്ദേഹത്തിന്റെ അമ്മയും വ്യക്തമാക്കിയിരിക്കുന്നു. മുതിര്‍ന്ന നേതാവ് ജി. സുധാകരനെ സ്വന്തം നാടായ അമ്പലപ്പുഴയില്‍ ഏരിയാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാത്തതിന്റെ പേരിലും ആലപ്പുഴയില്‍ വിവാദം പുകയുകയാണ്. ജി. സുധാകരനുമായി കെ.സി വേണുഗോപാല്‍ എം.പി സൗഹൃദ സന്ദര്‍ശനം നടത്തിയതുപോലും സി.പി.എമ്മിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിരിക്കുകയാണ്. താഴേ തട്ടില്‍ നിന്നാരംഭിച്ച വിഭാഗിയതയും പരസ്യപ്രതിഷേധങ്ങളും ജില്ലാ സമ്മേളനങ്ങളിലും ക്യത്യമായി പ്രതിഫലിക്കുമെന്നതിന്റെ സൂചനകള്‍ നിലവില്‍തന്നെ പ്രകടമാകുന്നുണ്ട്. പല ജില്ലകളിലും സെക്രട്ടറിമാര്‍ക്കെതിരെ വലിയ പടയൊരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലാസെക്രട്ടറിയുടെ നിലപാടില്‍ പ്രതിശേധിച്ച് മംഗലം ഏരിയാ സമ്മേളനത്തില്‍ നിന്ന് നിലവിലെ സെക്രട്ടറി ഇറങ്ങിപ്പോയത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വിഭാഗീയത മറനിക്കിപ്പുറത്തുവരുന്നതും അത് തെരുവു യുദ്ധത്തിലേക്ക് പരിവര്‍ത്തിക്കപ്പെടുന്നതുമെല്ലാം പാര്‍ട്ടി ഇന്നെത്തിപ്പെട്ടിരിക്കുന്ന അപചയത്തിന്റെ നിദര്‍ ശനമായി മാത്രമേ വിലയിരുത്തേണ്ടതുള്ളൂ. എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ച് അധികാരത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത രീതിയിലേക്ക് പാര്‍ട്ടിയുടെ നയങ്ങളും നിലപാടുകളും മാറുകയും നേത്യത്വം ഏകാധിപത്യത്തിന് വഴിമാറുകയും ചെയ്യുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമാണിത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലുള്‍പ്പെടെ പാര്‍ട്ടി സ്വീകരിച്ചിട്ടുള്ള സമീപനം ഒരു സാധാരണ പ്രവര്‍ത്തകനെ സംബന്ധിച്ചടത്തോളം ഉള്‍ക്കൊള്ളാവുന്നതിലുമപ്പുറമായിരുന്നുവെന്നത് നിസംശയം പറയാനാകും. വര്‍ഗീയ ശക്തികളെ വിജയിപ്പിച്ചെടുക്കാനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമായി അ ധികാരം മാത്രം ലക്ഷ്യംവെച്ച് മറുകണ്ടം ചാടിയ ആളെ സ്ഥാനാര്‍ത്ഥിയാക്കുകയും ബി.ജെ.പിയുമായി പ്രത്യക്ഷമായി തന്നെ കൈകോര്‍ക്കുകയും ചെയ്തത് എങ്ങനെയാണ് അണികള്‍ക്ക് ബോധ്യപ്പെടുക. തിരഞ്ഞെടുപ്പുകളില്‍ വികസനവും രാഷ്ട്രീയവും പറയുന്നതിനു പകരം വര്‍ഗീയ ധ്രുവീകരണത്തിലൂടെ വിജയിച്ചുകയറാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന ഈ പാര്‍ട്ടിയെ ബി.ജെ.പിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കാനാവാതെ കുഴയുകയാണ് അണികള്‍. അതുകൊണ്ടുതന്നെ ഈ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിക്കാനോ ഇതേ രീതിയില്‍ മുന്നോട്ടുപോകാനോ സി.പി.എമ്മിന് കഴിയില്ലെന്നുറപ്പാണ്.

 

Continue Reading

Trending