മോസ്‌ക്കോ: അവസാന എട്ടില്‍ എത്തിനില്‍ക്കുന്ന ടീമികള്‍ക്ക് മുന്നില്‍ ഇനി മൂന്നേ മൂന്ന് മത്സരങ്ങള്‍-അവ മൂന്നും ജയിക്കുന്ന രാജ്യത്തിന് ലോകകപ്പില്‍ മുത്തമിടാം. ക്വാട്ടര്‍ ഫൈനലില്‍ അവസാന എട്ടിലെ രണ്ട് സൂപ്പര്‍ അങ്കങ്ങളാണ് ഇന്ന് നടക്കാന്‍ പോകുന്നത്. യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുളള അതിശക്ത പോരാട്ടത്തിന്റെ വഴിയില്‍ ഒരുവശത്ത് ഫ്രാന്‍സും ഉറുഗ്വേയും ഏറ്റുമുട്ടുന്നു. ഈ ലോകകപ്പിന് വളരെ അരികില്‍ വരുമെന്ന് എല്ലാവരും പ്രവചിച്ചിരിക്കുന്ന ബ്രസീലും യൂറോപ്പിലെ പുത്തന്‍കൂറ്റുകാരായ ബെല്‍ജിയവും മറുവശത്തും.

കരുത്തന്മാരുടെ ഏറ്റുമുട്ടലിന് സാക്ഷിയാവുന്ന കസാന്‍ അറീനയില്‍ ബ്രസീല്‍-ബെല്‍ജിയം മത്സരത്തിന്റെ ഒരൊറ്റ ടിക്കറ്റും ബാക്കിയില്ല. ബ്രസീലുകാരും ബ്രസീല്‍ ആരാധകരും ഈ കൊച്ചു സിറ്റിയില്‍ തമ്പടിക്കാന്‍ തുടങ്ങിയിട്ട് രണ്ട് ദിവസമായി. എവിടെ നോക്കിയാലും മഞ്ഞമയം. ചുവപ്പന്‍ സൈന്യവുമായി എണ്ണത്തില്‍ കുറവാണെങ്കിലും ബെല്‍ജിയം ആരാധകരുമുണ്ട്. രണ്ട് ശൈലിക്കാരുടെ വന്‍കരാ യുദ്ധം.


ആദ്യ ക്വാര്‍ട്ടറില്‍ പറഞ്ഞത് പോലെ വിഖ്യാതരായ മുന്‍നിരക്കാര്‍. ബ്രസീല്‍ സംഘത്തിലെ എല്ലാവരെയും ലോകത്തിനറിയാം. നെയ്മറും ഗബ്രിയേല്‍ ജീസസും പറക്കുന്ന മുന്‍നിരക്കാര്‍. ഇവര്‍ക്ക് യഥേഷ്ടം പന്ത് നല്‍കാന്‍ മിന്നല്‍ വേഗതയില്‍ കളിക്കുന്ന വില്ലിയനും കുട്ടീനോയും. പിന്‍നിരയില്‍ മാര്‍സിലോ തിരിച്ചുവരുമ്പോള്‍ ഉരുക്കുകോട്ട പോലെ പിന്‍നിരയില്‍ തിയാഗോ സില്‍വയും മിറാന്‍ഡയും. വലകാക്കുന്ന അലിസന്റേത് ചോരാത്ത കൈകളാണ്. കളിച്ച നാല് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രം സമനില. ബാക്കിയെല്ലാ മത്സരത്തിലും ആധികാരിക വിജയം. ടിറ്റേയിലെ പരിശീലകന്റെ തന്ത്രങ്ങള്‍ മൈതാനത്് ശക്തമായി നടപ്പിലാക്കുന്നു നെയ്മറും സംഘവും. പ്രീക്വാര്‍ട്ടറില്‍ കണ്ട മഞ്ഞക്കാര്‍ഡ് കാരണം മിഡ്ഫീല്‍ഡിലെ ഉരുക്കുമനുഷ്യന്‍ കാസമിറോ ഇന്ന് കളിക്കില്ല. ബെല്‍ജിയന്‍ സംഘത്തിലെ വിഖ്യാതര്‍ മുന്‍നിരക്കാരനായ റുമേലു ലുക്കാക്കുവും മധ്യനിരക്കാരായ നായകന്‍ ഈഡന്‍ ഹസാര്‍ഡും ഏഴാം നമ്പറുകാരന്‍ കെവിന്‍ ഡി ബ്രുയ്‌നും. ഈ മൂന്ന് പേരുമാണ് ഇത് വരെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. ജപ്പാനെതിരായ നോക്കൗട്ട് പോരാട്ടത്തില്‍ ടീം പതറിയപ്പോള്‍ ഇവര്‍ക്കൊപ്പം റിസര്‍വ് ബെഞ്ചിലെ താരങ്ങളും കരുത്ത് കാട്ടിയത് ബെല്‍ജിയത്തിന്റെ ബെഞ്ച് കരുത്തും വെളിവാക്കുന്നു. കോച്ച് മാര്‍ട്ടിനസ് കൂളായി കരുക്കള്‍ നീക്കുമ്പോഴും ബ്രസീല്‍ എന്ന മാനസിക മതില്‍ ബെല്‍ജിയത്തിന് വെല്ലുവിളിയാണ്.

കപ്പിലേക്ക് നോട്ടമിട്ടിരിക്കുന്നു ബ്രസീല്‍. മൂന്ന് മല്‍സരങ്ങള്‍. ഇന്ന് ജയിച്ചാല്‍ ഫ്രാന്‍സിനെയാണ് അവര്‍ സെമിയില്‍ പ്രതീക്ഷിക്കുന്നത്. അത് ജയിച്ചാല്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെയും. ഈ മല്‍സരങ്ങള്‍ ജയിക്കാനാവുമെന്ന ശക്തമായ പ്രതീക്ഷകളിലാണ് ടീം. ബെല്‍ജിയമാവട്ടെ നഷ്ടപ്പെടാന്‍ ഒന്നുമില്ല എന്ന മനോബലത്തിലും. ജപ്പാനെതിരെയാണെങ്കിലും രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചുവരാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം അവര്‍ക്കുണ്ട്.

നാളെയാണ് ഏറെക്കാലത്തെ ലോകകപ്പ് കാത്തിരിപ്പും പേറിനടക്കുന്ന ഇംഗ്ലണ്ടും അട്ടിമറിയിലൂടെ എത്തിയ സ്വീഡനും നേര്‍ക്കുനേര്‍ വരുന്നത്. പിറകെ ആതിഥേയരുടെ സുവര്‍ണ പ്രതീക്ഷകളുമായി റഷ്യയും അവരുടെ മോഹങ്ങളെ വെല്ലുവിളിക്കാന്‍ ലുക്കാ മോദ്രിച്ചിന്റെ ക്രൊയേഷ്യയും.