india

യെലഹങ്ക: കേരള സര്‍ക്കാര്‍ വിഷയത്തെ രാഷ്ട്രീയവത്കരിക്കരുത്: കര്‍ണാടക സിപിഎം

By webdesk14

December 29, 2025

ബെംഗളൂരു: യെലഹങ്കയിലെ പ്രശ്‌നത്തില്‍ കേരളത്തില്‍ നിന്നുള്ള ഇടപെടല്‍ വേണ്ടെന്ന് കര്‍ണാടക സിപിഎം. കേരള സിപിഎം ഇടപെട്ട് വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അടിസ്ഥാന പ്രശ്നത്തില്‍ ശ്രദ്ധതിരിക്കാന്‍ കാരണമാകുമെന്നും കര്‍ണാടക സിപിഎം പാര്‍ട്ടിയുടെ കേരള ഘടകത്തെ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യെലഹങ്ക കുടിയൊഴിപ്പിക്കലില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതോടെ കേരളത്തില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു. വസ്തുതകള്‍ മനസ്സിലാക്കാതെ കര്‍ണാടകയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടരുതെന്ന മറുപടിയുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ രംഗത്തെത്തിയിരുന്നു.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ ഇടപെടലാണ് മുഖ്യമന്ത്രി നടത്തുന്നത് എന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം.

കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കര്‍ണാടക മുഖ്യമന്ത്രി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. അതേസമയം അനധികൃത കുടിയേറ്റം ഒഴിപ്പിക്കുകയാണ് ചെയ്തതെന്നും ഇതിനെ മുസ്ലിം വിരുദ്ധ നീക്കമായി ഉയര്‍ത്തിക്കാണിക്കുന്നത് ശരിയല്ലെന്നുമാണ് കര്‍ണാടക കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.