മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ സ്വീഡിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഐ.എസ്.എല്ലില്‍ കളിക്കുന്നതു കാണാനുള്ള ഭാഗ്യം ഇന്ത്യയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കുണ്ടാവുമോ? പ്രതിഭയുടെ കാര്യത്തില്‍ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായി താരതമ്യം ചെയ്യപ്പെടാറുള്ള 35-കാരനെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമിക്കുമെന്നാണ് ഡല്‍ഹി ഡൈനാമോസ് കോച്ച് ജിയാന്‍ ലൂക്ക സാംബ്രോട്ട പറയുന്നത്.

ഈ സീസണ്‍ അവസാനത്തോടെ മാഞ്ചസ്റ്ററുമായുള്ള കരാര്‍ അവസാനിക്കുന്ന താരത്തെ, ഇന്ത്യയില്‍ കളിക്കാന്‍ പ്രേരിപ്പിക്കുമെന്നും പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കാന്‍ ഇബ്രക്ക് ഇന്ത്യ ഒരു നല്ല തെരഞ്ഞെടുപ്പാവുമെന്നും മുന്‍ ഇറ്റാലിയന്‍ താരം പറഞ്ഞു.

‘ഇന്ത്യയില്‍ അദ്ദേഹത്തിനുള്ള ആരാധകരുടെ എണ്ണം പരിഗണിക്കുമ്പോള്‍, ഇബ്രാഹീമോവിച്ച് ഇന്ത്യയില്‍ വെച്ച് കരിയര്‍ അവസാനിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം. ഡല്‍ഹി ഡൈനാമോസില്‍ അദ്ദേഹത്തെ കളിപ്പിക്കാന്‍ ഞാന്‍ തീര്‍ച്ചയായും ശ്രമിക്കും.’

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇന്ത്യ ഉടന്‍ തന്നെ മേല്‍വിലാസമുണ്ടാക്കുമെന്നും അടുത്ത പതിറ്റാണ്ടില്‍ ലോകത്തെ മികച്ച അഞ്ച് ലീഗുകളിലൊന്ന് ഇന്ത്യയിലേതായിരിക്കുമെന്നും സാംബ്രോട്ട പറഞ്ഞു.