Connect with us

Video Stories

തെരഞ്ഞെടുപ്പിന് നിലമൊരുക്കുന്ന ബി.ജെ.പി

Published

on

സലീം പടനിലം

രാജ്യത്തെ പിന്നാക്ക, ദലിത്, മത ന്യൂനപക്ഷങ്ങള്‍ സങ്കീര്‍ണങ്ങളായ ഒട്ടേറെ പ്രശ്‌നങ്ങളാണ് ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്; പ്രത്യേകിച്ച് മുസ്‌ലിംകള്‍. ജനസംഖ്യയില്‍ രണ്ടാമതും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പ്രബലവുമാണ് ഇന്ത്യയില്‍ മുസ്‌ലിംകള്‍. ദേശീയ പ്രസ്ഥാനത്തിന് ഈ വിഭാഗം കനപ്പെട്ട സംഭാവനയേകിയിട്ടുണ്ട്. രാജ്യത്തിന്റെ ഭൂതകാലത്തിലേക്കിറങ്ങിചെല്ലുമ്പോള്‍ നൂറ്റാണ്ടുകളോളം ഭരണ ചെങ്കോലേന്തിയവരെന്ന ഖ്യാതിയുമുണ്ട് അവകാശപ്പെടാന്‍. മഹത്തായ ഒരു സാംസ്‌കാരിക പൈതൃകവും കെട്ടുറപ്പുള്ള ഭരണ വ്യവസ്ഥയും മെച്ചപ്പെട്ട ജീവിത രീതിയും ഇതര മതസ്ഥര്‍ തമ്മിലുള്ള പരസ്പര സഹവര്‍ത്തിത്വവും ഇക്കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. എന്നാല്‍ വര്‍ത്തമാന ഇന്ത്യ തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന മനോഭാവമാണ് ചിലര്‍ വെച്ചുപുലര്‍ത്തുന്നത്. ഇന്ത്യ ആരുടെയും കുത്തകയല്ല; രാജ്യത്തെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഓരോ ഭാരതീയ പൗരന്റേതുമാണ്. അവിടെ ഹിന്ദുവെന്നോ മുസ്‌ലിമെന്നോ ക്രിസ്ത്യനെന്നോ സിഖ് എന്നോ പാഴ്‌സിയെന്നോ ബുദ്ധനെന്നോ ജൈനനെന്നോ മതമുള്ളവനെന്നോ ഇല്ലാത്തവനെന്നോയെന്ന യാതൊരു വ്യത്യാസവുമില്ല.
സ്വാതന്ത്ര്യ ലബ്ധിക്കുശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും ആരാധനാലയങ്ങള്‍ക്കും സുരക്ഷിതത്വം നഷ്ടപ്പെടുന്നു. അവരുടെ വിശ്വാസാചാരങ്ങളെ പോലും ചോദ്യം ചെയ്യപ്പെടുന്നിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. അതിന്റെ പ്രകടമായ തെളിവാണ് മുത്തലാഖ് ബില്ലും പൗരത്വ ഭേദഗതി ബില്ലും പുതിയ സംവരണ ബില്ലുമൊക്കെ.
കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്ത മുത്തലാഖ് ബില്‍ (മുസ്‌ലിം വനിതാ വിവാഹ സംരക്ഷണ നിയമം) ലക്ഷ്യമിടുന്നത് മുസ്‌ലിം സ്ത്രീകളുടെ സുരക്ഷിതത്വത്തേക്കാളുപരി ഇപ്പേരില്‍ മുസ്‌ലിം യുവാക്കളെ എങ്ങിനെ തടങ്കലിലിടാമെന്നതാണെന്ന ധാരണ ശക്തമാണ്. ഒരുമിച്ച് മൂന്ന് തവണ തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്നയാള്‍ക്ക് മൂന്ന് വര്‍ഷം ജയില്‍ശിക്ഷ നല്‍കുന്നതാണ് ബില്ലിലെ ഒരു വ്യവസ്ഥ. മറ്റൊന്ന് മുത്തലാഖ് ചൊല്ലി തടവ് ശിക്ഷ അനുഭവിക്കുന്നയാള്‍ ഭാര്യക്ക് ജീവനാംശവും നല്‍കണമെന്നതാണ്. ഇതെങ്ങിനെ സാധ്യമാകും? തൊഴില്‍ ചെയ്തു പണമുണ്ടാക്കാന്‍ അവസരമില്ലാതെ ജയിലില്‍ കഴിയുന്നയാള്‍ എങ്ങിനെയാണ് ജീവനാംശം നല്‍കുക? മുസ്‌ലിം വനിതകള്‍ അനുഭവിക്കുന്ന വിവേചനവും പീഡനവും അവസാനിപ്പിക്കാനാണ് മുത്തലാഖ് ബില്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ മറ്റു പല മതവിഭാഗങ്ങളിലും സ്ത്രീകള്‍ കൊടിയ പീഡനവും വിവേചനവും അനുഭവിക്കുന്നുണ്ടെന്നിരിക്കെ, മുസ്‌ലിം സ്ത്രീകളുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ എന്തിനിത്ര ആവേശം കാണിക്കുന്നുവെന്ന ചോദ്യം പ്രസക്തമാണ്. രാജ്യത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനവും വിവേചനവും അവസാനിപ്പിക്കാന്‍ ഗാര്‍ഹിക പീഡന വിരുദ്ധ നിയമം നിലവിലുണ്ട്. ഇത് മുസ്‌ലിംകള്‍ക്കും ബാധകമാണെന്നിരിക്കെ, പിന്നെന്തിനാണ് മുസ്‌ലിംകള്‍ക്കു മാത്രമായി പ്രത്യേകമൊരു വനിതാവിവാഹ സംരക്ഷണ നിയമമെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ടതുണ്ട്. മുസ്‌ലിം സ്ത്രീകളോടുള്ള അനുകമ്പയല്ല, മറിച്ച് രാജ്യം മുസ്‌ലിംകള്‍ക്ക് അനുവദിച്ചതും ഭരണഘടന സംരക്ഷണം ഉറപ്പ് നല്‍കിയതുമായ ‘മുസ്‌ലിം വ്യക്തിനിയമം’ തന്നെ ഇല്ലാതാക്കി മുസ്‌ലിംകളുടെ സാംസ്‌കാരിക അസ്തിത്വത്തെ നിഷ്‌കാസനം ചെയ്യുകയാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരെങ്കിലും സന്ദേഹിച്ചാല്‍ അതിനവരെ കുറ്റപ്പെടുത്താനൊക്കുമോ? അതിന്റെ ആദ്യപടിയായി വേണം മുത്തലാഖ് വിരുദ്ധ ബില്ലിനെ കാണാന്‍. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിവില്‍ നിയമത്തിനുകീഴിലുള്ളതാണ്. അതിന് ക്രിമിനല്‍ ശിക്ഷ നല്‍കുന്നത് ശരിയായ നടപടിയല്ല. സിവില്‍ നിയമപ്രകാരം കാണേണ്ട തെറ്റ് ക്രിമിനല്‍ കുറ്റമാകുമ്പോള്‍ യഥാര്‍ഥത്തില്‍ വാദിക്കും പ്രതിക്കും നീതി നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. തലാഖ് ഒന്നായാലും മൂന്നും ഒന്നിച്ചു ചൊല്ലിയാലും ഫലത്തില്‍ ഭാര്യയെ ഉപേക്ഷിക്കലാണത്. എന്നാല്‍ ഭാര്യയെ ഉപേക്ഷിക്കുന്നത് മറ്റു സമുദായങ്ങളിലെല്ലാം സിവില്‍ കുറ്റമാണ്. എന്തുകൊണ്ട് മുസ്‌ലിം സമുദായത്തില്‍ മാത്രം അത് ക്രിമിനല്‍ കുറ്റമായി മാറുന്നു? ബില്ലിലെ ഇസ്‌ലാമിക വിരുദ്ധത ചൂണ്ടിക്കാട്ടുമ്പോള്‍, ഇത് മതവിഷയമല്ല ലിംഗ നീതിയുടെ പ്രശ്‌നമാണെന്നാണ് കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും പറയുന്നത്. സ്ത്രീമാന്യത, തുല്യനീതി, ലിംഗനീതി എന്നിങ്ങിനെയുള്ള വിഷയങ്ങളെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം. അങ്ങിനെയെങ്കില്‍ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും എന്തുകൊണ്ടാണ് അനുകൂല നിലപാട് സ്വീകരിക്കാതിരിക്കുന്നത്? ശബരിമല വിഷയത്തിലെ കോടതി വിധി നടപ്പാക്കാന്‍ സഹായകമായ നിയമ നിര്‍മാണത്തിന് എന്തുകൊണ്ട് സര്‍ക്കാര്‍ തയ്യാറാവുന്നില്ല? സ്ത്രീകളുമായി ബന്ധപ്പെട്ടതാണെങ്കിലും മുത്തലാഖ്, ശബരിമല വിഷയങ്ങള്‍ സമാനമല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെടുന്നത്. മുത്തലാഖ് സ്ത്രീ-പുരുഷ സമത്വത്തിന്റേതും ശബരിമലയിലെ യുവതി പ്രവേശന വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. യഥാര്‍ഥത്തില്‍ ലിംഗനീതിയല്ല; തികഞ്ഞ മുസ്‌ലിം വിരുദ്ധതയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുവര്‍ത്തിക്കുന്നതെന്ന് ഈ ഇരട്ടത്താപ്പിലൂടെ ബോധ്യപ്പെടും.
ലോക്‌സഭ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിലും മുസ്‌ലിം വിരുദ്ധത പ്രകടമാണ്. അസമിലെ പൗരത്വ രജിസ്‌ട്രേഷന്‍ കരടു പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 40.07 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. 3.29 കോടി ജനങ്ങളുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ സംസ്ഥാനമായ അസമില്‍ 2.89 കോടി പേര്‍ മാത്രമാണ് അവസാന കരട് പ്രകാരം പൗരന്മാരായിട്ടുള്ളത്. സംസ്ഥാനത്തെ ജനസംഖ്യയില്‍ ക്രമാതീതമായ വര്‍ധനവ് അനുഭവപ്പെടുന്നതായും ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റമാണ് ഇതിന് കാരണമെന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പൗരന്മാരെ രജിസ്റ്റര്‍ ചെയ്യുന്ന പദ്ധതി നടപ്പാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണമെങ്കിലും സംസ്ഥാനത്തെ മുസ്‌ലിംകളെ ലക്ഷ്യമാക്കിയുള്ള ഗൂഢനീക്കമാണിതെന്നാണ് കരുതപ്പെടുന്നത്. മതിയായ രേഖകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി 40 ലക്ഷത്തിലേറെ പേരെയാണ് പൗരത്വത്തില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെയാണ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്‌സി, ജയിന്‍, ക്രിസ്ത്യന്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന പൗരത്വ ഭേദഗതി ബില്‍ – 2019 സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതു പ്രകാരം 2014 ഡിസംബര്‍ 31 ന് മുമ്പ് ഇന്ത്യയിലെത്തിയവര്‍ക്ക് പൗരത്വം ലഭിക്കും. അതത് രാജ്യങ്ങളില്‍ അടിച്ചമര്‍ത്തല്‍ നേരിടുന്ന ന്യൂനപക്ഷങ്ങള്‍ എന്ന ന്യായീകരണത്തില്‍ ആയിരങ്ങള്‍ക്ക് പൗരത്വം അനുവദിക്കുന്നതിലൂടെ അനധികൃത കുടിയേറ്റത്തിന് കൈയ്യൊപ്പ് ചാര്‍ത്തുകയാണ് യഥാര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍. മ്യാന്‍മറില്‍ ന്യൂനപക്ഷങ്ങളായ റോഹിംഗ്യകള്‍ കൊടിയ പീഡനങ്ങളെത്തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം അഭയംതേടി ഇന്ത്യയിലെത്തുമ്പോള്‍ അവരെ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ ആട്ടിയോടിക്കുന്നവര്‍ക്ക് എങ്ങിനെയാണ് മറ്റു രാജ്യങ്ങളില്‍നിന്ന് ചേക്കേറിയ ന്യൂനപക്ഷങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കാന്‍ കഴിയുക? മുത്തലാഖ് പോലെ പൗരത്വ ഭേദഗതി ബില്ലും ബി. ജെ.പിയുടെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന ആക്ഷേപം ശക്തമാണ്. മുസ്‌ലിംകളെ മാറ്റിനിര്‍ത്തുക മാത്രമാണ് ബില്ലിന്റെ ലക്ഷ്യമെന്നത് സ്പഷ്ടമാണ്. പൗരത്വത്തെ വര്‍ഗീയമായി വേര്‍തിരിക്കുന്നതിലൂടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മഹിത മൂല്യങ്ങളെയാണ് യഥാര്‍ഥത്തില്‍ സര്‍ക്കാര്‍ നിരാകരിക്കുന്നത്.
ഉയര്‍ന്ന ജാതിയിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെത്തിക്കൊണ്ടുള്ള 124ാം ഭരണഘടനാ ഭേദഗതി ബില്‍-2019 പാര്‍ലമെന്റിന്റെ ഇരുസഭകളിലും സര്‍ക്കാര്‍ പാസാക്കിയെടുക്കുകയുണ്ടായി. ഇതും വര്‍ഗീയ പ്രീണനനയത്തിന്റെ ഭാഗമാണ്. സംവരണം സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനോ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനോ വേണ്ടിയുള്ള ഒന്നല്ല. മറിച്ച് അത് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സമൂഹത്തിന്റെ വ്യത്യസ്ഥ തലങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള ഒരു സുരക്ഷാപദ്ധതിയാണ്. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തിക ക്ലേശം നേരിടുന്നവരുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ മറ്റു മാര്‍ഗങ്ങള്‍ ആരായുകയാണ് വേണ്ടത്. പിന്നാക്കക്കാരുടെ അവസരം നഷ്ടപ്പെടുത്തികൊണ്ടുള്ള ഒരു സാമ്പത്തിക സംവരണം മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് വേണ്ടി ആവിഷ്‌കരിക്കുന്നത് നീതിയുക്തമല്ല.
എട്ടുലക്ഷം രൂപ വരുമാനപരിധി നിശ്ചയിച്ചുകൊണ്ടുള്ള ക്രീമിലെയര്‍ വ്യവസ്ഥയിലാണ് പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഇപ്പോള്‍ സംവരണ ആനുകൂല്യം ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പ്രകാരം മുന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വരുമാനപരിധിയും എട്ടുലക്ഷം രൂപ തന്നെയാണ്. ഈ മാനദണ്ഡമനുസരിച്ച് എട്ടുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള മുന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളും പുതുതായി സംവരണത്തിന് അര്‍ഹത നേടുന്നു. ഇതോടെ മുന്നാക്ക പിന്നാക്ക വ്യത്യാസമില്ലാതെ എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും സംവരണത്തിന് ഒരേ വരുമാന പരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. സാമ്പത്തിക സംവരണം നടപ്പാക്കുക വഴി യഥാര്‍ഥത്തില്‍ മോദി സര്‍ക്കാര്‍ സാമുദായിക സംവരണം അട്ടിമറിക്കുകയാണ് ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കാറായതോടെ വര്‍ഗീയ പ്രീണനവും മത വിഭജനവും നടത്തി ഹിന്ദു വോട്ട് ബാങ്ക് ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബി.ജെ.പി സര്‍ക്കാരിന്റെ ധൃതിപ്പെട്ടുള്ള ഈ നിയമ നിര്‍മാണങ്ങള്‍. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ചുള്ള ഇത്തരം നീക്കങ്ങള്‍ അവരില്‍ നിന്ന് ഇനിയും പ്രതീക്ഷിക്കാം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending