ദുല്‍ഖര്‍ സല്‍മാന്റെ ഹിന്ദി സിനിമയുടെ സെറ്റില്‍ നിന്ന് രണ്ട് ആഢംബര കാരവനുകള്‍ പിടിച്ചെടുത്തു

തൃശൂര്‍: ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ഹിന്ദി സിനിമയുടെ സെറ്റില്‍ അനധികൃതമായി ഉപയോഗിച്ചിരുന്ന രണ്ട് ആഢംബര കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ദുല്‍ഖര്‍ നായകനായി അഭിനയിക്കുന്ന ‘കന്‍വാര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൊരട്ടിയില്‍ എത്തിച്ച കാരവനുകളാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

ഇര്‍ഫാന്‍ഖാനൊപ്പം ദുല്‍ഖര്‍ അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് കന്‍വാര്‍. ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയായ കാന്‍വാറിന്റെ ചിത്രീകരണ സ്ഥലത്തു നിന്ന് പിടിച്ചെടുത്ത കാരവാനുകളിലൊന്ന് തമിഴ്‌നാട് റജിസ്‌ട്രേഷനുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദുല്‍ഖറിനൊപ്പം ഇര്‍ഫാന്‍ ഖാനും ഉപയോഗിക്കുന്നതിനായാണു കാരവന്‍ കൊണ്ടുവന്നത്. എന്നാല്‍ കാരവന്‍ കേരളത്തില്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി വാങ്ങുകയോ നികുതി അടയ്ക്കുകയോ ചെയ്തിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തൃശൂരിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. കാരവനുകള്‍ വാടകയ്‌ക്കെടുത്ത സംഘം ഇവക്ക് നികുതി അടച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, നികുതിയും പിഴയും അടച്ചശേഷം കാരാവാനുകള്‍ വിട്ടുകൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

SHARE