വിവാഹത്തലേന്ന് യുവതി കുത്തേറ്റു മരിച്ച സംഭവം: ദുരഭിമാനക്കൊലയെന്ന് പൊലീസ്

അരീക്കോട്: മലപ്പുറം അരീക്കോട്ട് വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്ന സംഭവം ദുരഭിമാനക്കൊലയാണെന്ന് പൊലീസ്. അരീക്കോട് പൂവത്തിക്കണ്ടി പാലത്തിങ്കല്‍ രാജനാണ് മകളായ ആതിരയെ കുത്തിക്കൊന്നത്. ആതിരയുടെ വിവാഹം ഇന്നു നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാത്രി വിവാഹവുമായി ബന്ധപ്പെട്ട് ഇഷ്ടക്കേട് പ്രകടിപ്പിച്ച രാജന്‍ വിവാഹത്തലേന്നുണ്ടായ തര്‍ക്കത്തിനിടെ മകളെ കുത്തുകയായിരുന്നുവെന്നാണ് വിവരം.

മദ്യലഹരിയിലായിരുന്ന രാജന്‍ അടുക്കളയിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. കുത്തേറ്റ ആതിര അയല്‍വീട്ടിലേക്ക് ഓടിക്കയറി. നാട്ടുകാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊയിലാണ്ടി സ്വദേശിയായ യുവാവുമായി ആതിര ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ രാജന്‍ എതിര്‍ത്തെങ്കിലും പൊലീസ് ഇടപെടലിനെത്തുടര്‍ന്നാണ് വിവാഹം നടത്താന്‍ തീരുമാനിച്ചത്. രാജനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആതിരയുടെ മൃതദേഹം മുക്കത്തെ സ്വകാര്യ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

SHARE