ജിസിസി- യുഎസ് ഉച്ചകോടിക്ക് ട്രംപ് താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്

 

ദോഹ: ജിസിസി- യുഎസ് ഉച്ചകോടി വിളിച്ചുചേര്‍ക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. മിഡില്‍ഈസ്റ്റില്‍ ഗള്‍ഫ്് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം സുപ്രധാനമാണെന്ന് ട്രംപ് വിശ്വസിക്കുന്നതായി യുഎസ് അഡ്മിനിസ്‌ട്രേഷനിലെ ഉന്നതനെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭിന്നതയിലുള്ള ഗള്‍ഫ് രാജ്യങ്ങളെ ഉച്ചകോടിയ്ക്കായി വിളിച്ചുചേര്‍ക്കാന്‍ ട്രംപ് ഇപ്പോഴും ആഗ്രഹിക്കുന്നു. ഖത്തറുമായുള്ള തന്ത്രപരമായ സംവാദം ദോഹയ്ക്ക് സുരക്ഷാ ഉറപ്പുകള്‍ ലഭ്യമാക്കുന്നതിനുള്ള അവസരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ സഊദി അറേബ്യ സുപ്രധാനമായ പങ്ക് വഹിക്കണമെന്ന് ട്രംപ് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മേയ് മാസത്തില്‍ അമേരിക്കന്‍- ഗള്‍ഫ് ഉച്ചകോടി വിളിച്ചുചേര്‍ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ജിസിസി- അമേരിക്ക ഉച്ചകോടി സാധ്യമാകണമെങ്കില്‍ ഉപരോധ രാജ്യങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്ന് അമേരിക്ക ആവശ്യം മുന്നോട്ടുവച്ചതായി വാര്‍ത്താ ഏജന്‍സിയായ എപി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ – ഗള്‍ഫ് ഉച്ചകോടി ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിലേക്ക് നയിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിസന്ധിയില്‍ മധ്യസ്ഥത വഹിക്കുന്ന കുവൈത്ത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ഉച്ചകോടി നടക്കുമെന്നും ഗള്‍ഫ് തര്‍ക്കം തീരുമെന്നുമുള്ള പ്രതീക്ഷയും കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രി പ്രകടിപ്പിച്ചു. യുഎസ് ഗള്‍ഫ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുള്ള ഖത്തറിന്റെ സന്നദ്ധത ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഗള്‍ഫ് പ്രതിസന്ധി കൂടുതല്‍ വഷളാകുന്നതും തീവ്രമാകുന്നതും തടയുന്നതില്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടതായി കുവൈത്ത്് ചൂണ്ടിക്കാട്ടിയിരുന്നു.

SHARE