സംസ്ഥാനത്ത് കനത്തമഴ: ജാഗ്രതവേണമെന്ന് സര്‍ക്കാര്‍; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Rain drops falling from a black umbrella concept for bad weather, winter or protection

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പെയ്യുന്ന കനത്ത മഴയില്‍ ജാഗ്രത വേണമെന്ന് ജില്ലാഅധികാരികള്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് എറണാകുളം,വയനാട്,പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളിലും മഴ കനത്തു പെയ്യുകയാണ്.

അടുത്തിടെ ഉരുള്‍പൊട്ടലുണ്ടായ കോഴിക്കോട് കരിഞ്ചോലമലയില്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലകളിലേക്ക് വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാഭരണകൂടങ്ങള്‍ അറിയിച്ചു.

പാലക്കാട് ജില്ലയില്‍ അങ്കണവാടികള്‍ക്കും ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല.

എറണാകുളം, വയനാട് ജില്ലകളിലെ എല്ലാ സ്‌കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. പകരം മറ്റൊരു ശനിയാഴ്ച പ്രവര്‍ത്തി ദിവസം ആയിരിക്കും. വയനാട് ജില്ലയില്‍ അംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.

ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങി സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും കനത്ത മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്. പലയിടത്തും മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. മഴ ശക്തമായതോടെ പലയിടത്തും കടല്‍ക്ഷോഭമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ എത്തുന്നവര്‍ വെള്ളത്തില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഈ മാസം 17 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം.

SHARE