മാര്‍ക്ക് വിവാദം; കെ.ടി ജലീലിനെതിരെ കോടിയേരി

തിരുവനന്തപുരം: മാര്‍ക്ക് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാതലത്തില്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ ജലീല്‍ നടത്തിയ ആരോപണത്തെ എതിര്‍ത്താണ് കോടിയേരിയുടെ പ്രസ്താവന. രമേശ് ചെന്നിത്തലയുടെ മകന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ നേടിയ റാങ്കിനെച്ചൊല്ലിയുള്ള പരാമര്‍ശമായിരുന്നു അത്. ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായി ആരോപണം ഉന്നയിക്കുന്നില്ലെന്ന് കോടിയേരി പറഞ്ഞു. അങ്ങനെ ചെയ്താല്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നുള്ള വ്യതിചലനമായി അത് മാറുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രശ്‌നത്തെ കുടുംബാംഗങ്ങളുമായി കൂട്ടിക്കുഴക്കാനാവില്ല-തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന്‍ ഗുരുക്കള്‍ പറഞ്ഞതിനെ കോടിയേരി തള്ളുകയും ചെയ്തു.

SHARE