യോഗിക്ക് എതിരെ നിയമ നടപടി സ്വീകരിക്കും: കെ.പി.എ മജീദ്

കോഴിക്കോട്: മുസ്്ലിം ലീഗിനെ വൈറസ് എന്ന് വിളിക്കുകയും പാക്കിസ്ഥാന്‍ പതാക ഉപയോഗിക്കുന്നവരാണെന്ന് ആരോപിക്കുകയും ചെയ്തതിന് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. എഴുപത് വര്‍ഷമായി രാജ്യത്ത് സുതാര്യമായി പ്രവര്‍ത്തിക്കുകയും പാര്‍ലമെന്റിലും പുറത്തും രാജ്യത്തിന്റെ അന്തസ്സിന് വേണ്ടി നിലകൊള്ളുകയും ചെയ്ത സംഘടനയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ്.
പാക്കിസ്ഥാന്‍ വാദവുമായി പോയവരെ തള്ളി ഇന്ത്യയോട് കൂറും സ്‌നേഹവും ഉയര്‍ത്തിപ്പിടിച്ച് നിലയുറപ്പിച്ചവരാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ്. മുസ്്‌ലിംലീഗ് പ്രഥമ ദശീയ പ്രസിഡന്റ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്്മായില്‍ ഉള്‍പ്പെടെ അംഗമായ സമിതിയാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിച്ചത്. പാക്കിസ്ഥാന്റെ കാശ്മീര്‍ വാദത്തെ തുറന്ന് എതിര്‍ക്കുകയും ലോക വേദികളില്‍ പോലും പ്രഖ്യാപിക്കുകയും ചെയ്തവരാണ് മുസ്്‌ലിംലീഗ്.
വാജ്‌പേയ് പ്രധാനമന്ത്രിയായപ്പോള്‍ പോലും മുസ്്‌ലിംലീഗ് എം.പിയും ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഇ അഹമ്മദിനെയാണ് രാജ്യത്തെ പ്രതിനിധീകരിച്ച് നിരവധി തവണ യു.എന്നിലേക്കും നിയോഗിച്ചത്. മതേതരത്വത്തിനും ജനാധിപത്യത്തിനും മികച്ച സംഭാവന നല്‍കി വര്‍ഗീയതക്ക് എതിരായ ആന്റി വൈറസായി പ്രവര്‍ത്തിച്ച് അംഗീകാരം നേടിയ സംഘടനയെ രാഷ്ട്രീയ ലാഭം നേടാന്‍ തെറ്റിദ്ധരിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് വിവരക്കേടാണ്.
മുസ്്‌ലിംലീഗ് പതാകയും പാക്കിസ്ഥാന്‍ പതാകയും ഒന്നാണെന്ന് പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകൃത പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന സംഘടനയെ അപകീര്‍ത്തിപ്പെടുത്താനാണ്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കും. ചരിത്രത്തെയും വര്‍ത്തമാനത്തെയും രാഷ്ട്രീയത്തെയും കുറിച്ച് സാമാന്യം ബോധമുള്ളവര്‍ ഈ പ്രചാരണം തള്ളിക്കളയും. ദുഷ്ടലാക്കോടെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്നവരെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ.പി.എ മജീദ് പറഞ്ഞു.

SHARE