വിശാല സഖ്യത്തിനായി കോണ്‍ഗ്രസ്; പ്രതിപക്ഷ നേതാക്കള്‍ക്ക് സോണിയയുടെ അത്താഴ വിരുന്ന്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ തലത്തില്‍ പ്രാദേശിക പാര്‍ട്ടികളെ യോജിപ്പിച്ച് വിശാല സഖ്യത്തിന് കോണ്‍ഗ്രസ് നീക്കം തുടങ്ങി. വിവിധ പാര്‍ട്ടികളെ ഒരുമിപ്പിച്ച് നിര്‍ത്തി പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് ആദ്യനീക്കം. പരസ്പര വിശ്വാസം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം 13ന് സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കള്‍ക്ക് തന്റെ വസതിയില്‍ അത്താഴ വിരുന്നൊരുക്കുന്നുണ്ട്. 17 പാര്‍ട്ടി നേതാക്കള്‍ക്കാണ് അത്താഴ വിരുന്നിന് ക്ഷണമുള്ളത്. ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ടിഡിപിയുടെ നേതാവും വിരുന്നില്‍ പങ്കെടുക്കുമെന്നാണ് സൂചന.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ ഏകദേശം എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാറിനെതിരാണ്. ഈ അവസരം മുതലെടുത്ത് പ്രതിപക്ഷത്തെ ഒരുമിപ്പിച്ച് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാനാണ് സോണിയയുടെ നീക്കം. തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു ചില ദേശീയ സഖ്യനീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് സോണിയ പ്രതിപക്ഷ കക്ഷികളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനുള്ള നീക്കങ്ങള്‍ നടത്തുന്നത്.

SHARE