പ്രളയബാധിതര്‍ക്കായി കോട്ടയത്തും ആലുവയിലും നാളെ പ്രത്യേക പാസ്‌പോര്‍ട്ട് ക്യാമ്പ്

കൊച്ചി: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്കും കേടുപാടുകള്‍ വന്നവര്‍ക്കും പുതിയ പാസ്‌പോര്‍ട്ട് ലഭ്യമാക്കുന്നതിന് ആലുവ, കോട്ടയം എന്നിവിടങ്ങിലെ പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങളില്‍ നാളെ പ്രത്യേക പാസ്‌പോര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. പാസ്‌പോര്‍ട്ട് ഫീസോ പിഴയോ അപേക്ഷകരില്‍ നിന്നും ഈടാക്കാതെയായിരിക്കും പുതിയ പാസ്‌പോര്‍ട്ടുകള്‍ ലഭ്യമാക്കുക.

ക്യാമ്പിലെത്തുന്നതിന് മുന്നോടിയായി www.passportindia.gov.in എന്ന വെബ്‌സൈറ്റിലോ എം പാസ്‌പോര്‍ട്ട് സേവ ആപ്ലിക്കേഷന്‍ വഴിയോ അപേക്ഷകര്‍ പുതിയ പാസ്‌പോര്‍ട്ടിനായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷയുടെ റഫറന്‍സ് നമ്പര്‍ സൂക്ഷിക്കണം. ഓണ്‍ലൈനില്‍ ഒരു ഫീസും അപേക്ഷര്‍ അടക്കേണ്ടതില്ല.

തുടര്‍ന്ന് റഫറന്‍സ് നമ്പറും കേടുപാടുകള്‍ വന്ന പാസ്‌പോര്‍ട്ടുമായി നാളെ പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിലെത്തണം. പാസ്‌പോര്‍ട്ട് പൂര്‍ണമായും നഷ്ടപ്പെട്ടവര്‍ സമീപത്തെ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് എഫ്.ഐ.ആറോ അല്ലെങ്കില്‍ പാസ്‌പോര്‍ട്ട് നഷ്ടമായെന്ന് കാണിച്ചുള്ള പൊലീസ് സര്‍ട്ടിഫിക്കറ്റോ കരുതണം. ഇതുമായി ബന്ധപ്പെട്ട ഏതു സംശയങ്ങള്‍ക്കും 94477 31152 എന്ന നമ്പറില്‍ വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ആവാമെന്ന് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പ്രശാന്ത് ചന്ദ്രന്‍ അറിയിച്ചു.