ഇന്ധന വില കുതിക്കുമ്പോള്‍ നികുതി കുറ്ക്കാതെ തോമസ് ഐസക്; വിലക്കയറ്റ ഭീഷണിയില്‍ കേരളം

തിരുവനന്തപുരം: ഇന്ധനവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമ്പോള്‍ നികുതി കുറക്കാതെ സംസ്ഥാന സര്‍ക്കാറും ജനങ്ങളെ പിഴിയുന്നു. ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ അവശ്യസാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ധനയാണ് വരാനിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ തന്നെ അവശ്യസാധനങ്ങളുടെ വില വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പച്ചക്കറികളുടെ വിലയും വ്യാപാരികള്‍ അനുദിനം വര്‍ധിപ്പിക്കുകയാണ്. ചരക്കുവാഹന വാടകകള്‍ വര്‍ധിപ്പിക്കേണ്ടി വരുമെന്ന് വാഹനമുടമകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 78 രൂപയിലധികമാണ്. ഡീസല്‍ ലിറ്ററിന് 71 രൂപ കടന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും വില കൂടുതലായത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനെയാണ് ഏറ്റവുമധികം ബാധിക്കുക. ബെംഗളുരു, ചെന്നൈ, പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി എന്നിവിടങ്ങളിലെല്ലാം ഇന്ധനവില കേരളത്തെ അപേക്ഷിച്ച് കുറവാണ്. അതേസമയം ഇന്ധനവില വര്‍ധനയുടെ അധികനികുതി ഉപേക്ഷിക്കില്ലെന്ന മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേരളം. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ നട്ടംതിരിയുന്ന കേരളമല്ല, കേന്ദ്രസര്‍ക്കാറാണ് നികുതി കുറയക്കേണ്ടതെന്ന നിലപാടിലാണ് സംസ്ഥാനം.

പെട്രോളിനും ഡീസലിനും കൊടുക്കുന്ന വിലയുടെ പകുതിയോളം വിവിധ നികുതികളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭിക്കുകയാണ്. പെട്രോള്‍ നികുതിയായി കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്ന 19.48 രൂപയും സംസ്ഥാന സര്‍ക്കാറിന്റെ 14.64 രൂപയും ഉള്‍പ്പെടെ മൊത്തം 34.12 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് നികുതിയായി ഈടാക്കുന്നത്. എക്‌സൈസ് ഡ്യൂട്ടിയിനത്തിലും പിഴിയുകയാണ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം എക്‌സൈസ് ഡ്യൂട്ടി ഒമ്പത് തവണയാണ് കൂട്ടിയത്. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പെട്രോളിന് എക്‌സൈസ് ഡ്യൂട്ടി 11 രൂപയും ഡീസലിന് 5.10 രൂപയുമായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ ഇത് യഥാക്രമം 21.48 രൂപയായും 17.33 രൂപയായും വര്‍ധിപ്പിച്ചു. വര്‍ധനവിനെ തുടര്‍ന്ന് 2016-17ല്‍ 2,42,000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരിന്റെ വരുമാനം.

ഡീസലിന് കേന്ദ്രത്തിന്റെ 15.33 രൂപയും സംസ്ഥാനത്തിന്റെ 12.45 രൂപയും ഉള്‍പ്പെടെ 27.78 രൂപയാണ് നികുതി. കഴിഞ്ഞ ജൂണിന് ശേഷം ഓരോ ദിവസവും വില വര്‍ധിക്കുകയാണ്. തുടര്‍ന്ന് ഒമ്പത് മാസം കൊണ്ട് ഡീസലിന് 10 രൂപയോളവും പെട്രോളിന് ഏഴ് രൂപയോളവും വില വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന്റെ ഉല്‍പാദനച്ചെലവ് 23.77 രൂപ മാത്രമാണ്. ഇതിന്റെ കൂടെ എണ്ണക്കമ്പനികളുടെ ചെലവ്, ശുദ്ധീകരണച്ചെലവ്, വിതരണച്ചെലവ് എന്നിവ കൂടി കണക്കിലെടുത്താല്‍ പോലും ന്യായമായ വില ഉള്‍പ്പെടെ ഒരു ലിറ്റര്‍ പെട്രോള്‍ 45 രൂപക്കും ഡീസല്‍ 40 രൂപക്കും നല്‍കാന്‍ സാധിക്കും എന്നിരിക്കെയാണ് ഈ കൊള്ള.

SHARE