ടൂറിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ യുവന്തസിനെതിരെ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ മാജിക് ഗോള്‍ റയല്‍ ടീമും റിസര്‍വ് ബെഞ്ചും കാണികളും ആഘോഷമാക്കിയപ്പോള്‍ ഒരാള്‍ മാത്രം മൗനിയായിരുന്നു-സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചിലെ ജെറാത് ബെയില്‍. നിര്‍ണായക പോരാട്ടത്തില്‍ തനിക്ക് ആദ്യ ഇലവനില്‍ കോച്ച് സൈനുദ്ദീന്‍ സിദാന്‍ അവസരം നല്‍കാത്തതിലുള്ള അനിഷ്ടം ബെയിലിന്റെ മുഖത്ത് പ്രകടമായിരുന്നു. ബെയിലിന് പകരം ഇസ്‌ക്കോക്കാണ് ആദ്യ ഇലവനില്‍ സിദാന്‍ അവസരം നല്‍കിയത്. സ്പാനിഷ് ലാലീഗയില്‍ കഴിഞ്ഞ ദിവസം റയല്‍ മൂന്ന് ഗോളിന് ലാസ്പാമസിനെ തകര്‍ത്തപ്പോള്‍ രണ്ട് ഗോളുകള്‍ നേടിയത് ബെയിലായിരുന്നു. ആ മല്‍സരത്തില്‍ കൃസ്റ്റിയാനോ കളിച്ചിരുന്നില്ല. ഇന്നലെ റിസര്‍വ് ബഞ്ചില്‍ മറ്റാവോ കോവാസിച്ച്, മാര്‍ക്കോ അസുന്‍സിയോ, ലുക്കാസ് വാക്കസ് എന്നിവര്‍ക്ക് സിദാന്‍ അവസരം നല്‍കിയപ്പോള്‍ ബെയിലിന് അവസരമുണ്ടായിരുന്നില്ല. സീസണില്‍ റയലിനായി ബെയില്‍ 30 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. പക്ഷേ ഇതില്‍ ഇരുപത് മല്‍സരത്തില്‍ മാത്രമാണ് അദ്ദേഹം ആദ്യ ഇലവനിലുണ്ടായിരുന്നത്. അതേ സമയം 36 മല്‍സരങ്ങള്‍ കളിച്ച് കൃസ്റ്റിയാനോ 34 മല്‍സരങ്ങളിലും ആദ്യ ഇലവനിലുണ്ടായിരുന്നു.

റൊണാള്‍ഡോയുടെ വണ്ടര്‍ ഗോള്‍ ഗ്യാലറിയും റയല്‍ ടീമും ആഘോഷമാക്കുമ്പോള്‍ റിസര്‍വ് ബെഞ്ചില്‍ നിസ്സംഗനായി ജെറാത്ത് ബെയില്‍ (ടെലിവിഷന്‍ ചിത്രം)