ടിപ്പു ജയന്തി ആഘോഷം നിര്‍ത്തിവെക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് കര്‍ണാടകയോട് ഹൈക്കോടതി

ബംഗളൂരു: ടിപ്പു ജയന്തി ആഘോഷം വേണ്ടെന്നുവെക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കര്‍ണാടക ഹൈക്കോടതി. യദ്യൂരപ്പ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒരുകൂട്ടം സാമൂഹ്യപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം.

ടിപ്പു ജയന്തി ആഘോഷം നിര്‍ത്തുന്നതായി ജൂലായ് 30ന് എടുത്ത തീരുമാനം പുനപ്പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. രണ്ടു മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കാനുള്ള തീരുമാനം പെട്ടെന്നൊരു ദിവസം എടുത്തതാണെന്ന് കോടതി നിരീക്ഷിച്ചു. ഇങ്ങനെയൊരു തീരുമാനം എടുക്കുമ്പോള്‍ മന്ത്രിസഭ പോലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ലെന്നും കോടതി പറഞ്ഞു.

യദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍തന്നെ ടിപ്പു ജയന്തി ആഘോഷം നിര്‍ത്തലാക്കിക്കൊണ്ട് തീരുമാനം എടുത്തിരുന്നു. വര്‍ഗീയത വളര്‍ത്തുമെന്നതിനാലാണ് ടിപ്പു ജയന്തി ആഘോഷം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ നിലപാട്.

2015മുതല്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ആയിരുന്നു ടിപ്പു ജയന്തി ആഘോഷിക്കുന്ന പതിവ് ആരംഭിച്ചത്. മൈസൂര്‍ സുല്‍ത്താന്‍ ആയിരുന്ന ടിപ്പുവിന്റെ ജന്മദിനം നവംബര്‍ 10ന് ആണ് ആഘോഷിക്കുന്നത്. ടിപ്പു സുല്‍ത്താന്‍ ഹൈന്ദവ വിരുദ്ധനാണെന്നാരോപിച്ച് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ബിജെപി ഇതിനെ എതിര്‍ത്തിരുന്നു.