ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം/കോഴിക്കോട്: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്.
ഫാനി ചുഴലിക്കാറ്റ് ചൊവ്വാഴ്ച്ച ആന്ധ്ര തമിഴ്നാട് തീരത്തോടടുക്കും.

കാറ്റ് തമിഴ്‌നാട്-ആന്ധ്ര തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്നതായും ഏപ്രിൽ 29, 30 തീയതികളിൽ വൻ ശക്തിയുള്ള ചുഴലിക്കാറ്റായി ഇത് മാറുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തിയുള്ള കാറ്റിന് സാധ്യതയുള്ളതിനാൽ തമിഴ്‌നാട്ടിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ഭാഗമായി ഈ ദിവസങ്ങളിൽ കേരളത്തിൽ ഉൾപ്പെടെ ശക്തമായ മഴയ്ക്ക് സാധ്യതയുളളതായും മുന്നറിയിപ്പുണ്ട്.

ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിലെ 8 ജില്ലകളിൽ തിങ്കളും ചൊവ്വയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതീവ ജാഗ്രതാ നിര്‍ദേശമുള്ളത്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടലില്‍ തങ്ങുന്ന മത്സ്യത്തൊഴിലാളികളോട് എത്രയും വേഗം തീരത്തേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെക്കു കിഴക്കൻ ശ്രീലങ്കയോടു ചേർന്നുള്ള കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായിക്കഴിഞ്ഞു. ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റാകും.മണിക്കൂറിൽ 90 മുതൽ 115 കിലോമീറ്റർ വേഗമുണ്ടാകുമെന്നാണ് നിഗമനം. കേരളത്തിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. നാളെ മുതൽ ചൊവ്വാഴ്ച്ച വരെ സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നാണ്‌ കാലാവസ്ഥാ കേന്ദ്രത്തിന്റെ നിരീക്ഷണം.

30ന് ചൊവ്വാഴ്ച ചുഴലിക്കാറ്റ് കന്യാകുമാരിയോട് ചേര്‍ന്ന് തമിഴ്‌നാട് തീരം തൊടുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കന്യാകുമാരിയോട് ചേര്‍ന്ന് കിടക്കുന്ന തിരുവനന്തപുരം, വിഴിഞ്ഞം, വലിയതുറ, അഞ്ചുതെങ്ങ്, പൂന്തുറ തുടങ്ങിയ തീരപ്രദേശങ്ങളിലുള്ളവര്‍ കടുത്ത ആശങ്കയിലാണ്. ഇവിടെ മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാന്‍ തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ വലിയതുറ മുതല്‍ അഞ്ചുതെങ്ങ് വരെയുള്ള ഭാഗങ്ങളില്‍ തീരപ്രദേശങ്ങളിലുള്ളവരോട് മാറിത്താമസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തെത്തുന്നതോടെ, തമിഴ്‌നാടിനു പുറമെ അയല്‍ സംസ്ഥാനങ്ങളായ കേരളത്തിലും കര്‍ണാടകയിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഏപ്രില്‍ 29 മുതല്‍ മെയ് ഒന്നുവരെ കേരളത്തില്‍ ശക്തമായ മഴയുണ്ടായേക്കും. ഇന്നു മുതല്‍ കാറ്റ് മണിക്കൂറില്‍ 30 മുതല്‍ 40 കി.മി വേഗതയിലും ചില സമയങ്ങളില്‍ 50 കി.മി വരെ വേഗത്തിലും വീശുവാന്‍ സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍ മഴയില്‍ സംസ്ഥാനത്തെ മലയോര മേഖലയില്‍ വലിയ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര, മുക്കം പ്രദേശങ്ങളില്‍ പത്തിലധികം വീടുകള്‍ തകര്‍ന്നു. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഊരുത്സവത്തിനിടെ മരം പൊട്ടിവീണ് മൂന്ന് ആദിവാസികള്‍ മരിച്ചിരുന്നു.

2017ലുണ്ടായ ഓഖി ചുഴലിക്കാറ്റും 2018ലുണ്ടായ പ്രളയവും കേരളത്തില്‍ വന്‍ പരിസ്ഥിതി ദുരന്തങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് ശ്രീലങ്കന്‍ തീരത്ത് രൂപപ്പെടുന്ന ഫാനി ചുഴലിക്കാറ്റ് കേരളത്തിന്റെ ഉറക്കംകെടുത്തുന്നത്. 2017ലുണ്ടായ ഓഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ 50ഓളം പേര്‍ മരിക്കുകയും 150ലധികംപേരെ കാണാതാവുകയും ചെ യ്തിരുന്നു. 2018ലുണ്ടായ പ്രളയത്തില്‍ 450ലധികം പേരാണ് മരിച്ചത്.

NO COMMENTS

LEAVE A REPLY