ഭക്ഷ്യഭദ്രതാ പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണം ഇന്നുമുതല്‍ ആരംഭിക്കാനിരിക്കെ വിതരണ ആവശ്യത്തിനുള്ള അരി റേഷന്‍കടകളില്‍ എത്തിയിട്ടില്ല. നിലവിലെ മുന്‍ഗണനാ പട്ടിക പ്രകാരം 1,41,86,180 കിലോഗ്രാം അരിയും അന്ത്യോദയ പദ്ധതി പ്രകാരം 2,08,53,000 കിലോഗ്രാം അരിയുമാണ് വിതരണം ചെയ്യേണ്ടത്. ഇതിന്റെ പകുതി പോലും ലഭ്യമാക്കാനായിട്ടില്ല. മുന്‍ഗണനാ ലിസ്റ്റ് പ്രകാരമുള്ള റേഷന്‍ കാര്‍ഡുകളുടെ വിവരങ്ങളും അപൂര്‍ണമാണ്.

ഈമാസം ഒന്നുമുതല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി അനുസരിച്ച് ഇന്നുമുതല്‍ ഭക്ഷ്യഭദ്രതാ ആനുകൂല്യം ലഭിച്ചുതുടങ്ങേണ്ടതാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നസതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. കരട് മുന്‍ഗണനാ പട്ടികയില്‍ 15 ലക്ഷത്തോളം അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ട്. ഇവര്‍ ഉള്‍പെടുന്ന റേഷന്‍ കാര്‍ഡില്‍ മുന്‍ഗണനാ സീല്‍ പതിച്ചുനല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അര്‍ഹരല്ലാത്തവരെ ഒഴിവാക്കണം എന്നതുള്‍പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയിട്ടുള്ള 13.5 ലക്ഷം പരാതികളില്‍ തീര്‍പ്പുകല്‍പിക്കാന്‍ കഴിഞ്ഞിട്ടില്ല. മുന്‍ഗണനാ പട്ടികയില്‍ ഉള്‍പെട്ട പലരുടെയും പേരുകള്‍ റേഷന്‍കടകള്‍ക്ക് നല്‍കിയ ലിസ്റ്റില്‍ കാണാനില്ലെന്ന പരാതിയും വ്യാപകമാണ്.

അപാകതകള്‍ നിലനില്‍ക്കുമ്പോഴും സൗജന്യ അരി ലഭിക്കുന്ന 1.54 കോടി ജനങ്ങളുടെ കരട് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ലിസ്റ്റില്‍ പെടാത്ത 1.21 കോടി പേര്‍ക്ക് രണ്ടുരൂപ നിരക്കില്‍ രണ്ടുകിലോ വീതം അരി നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് എങ്ങനെ നടപ്പിലാക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇവര്‍ ആരെല്ലാമെന്നോ ഏത് ലിസ്റ്റില്‍ പെട്ടവരെന്നോ വ്യക്തമല്ലാത്തതാണ് റേഷന്‍ വ്യാപാരികളെയും കുഴയ്ക്കുന്നത്. രണ്ടുരൂപാ നിരക്കില്‍ രണ്ടുകിലോ വീതം അരി നല്‍കേണ്ട 1.21 കോടി പേരുടെ ലിസ്റ്റ് റേഷന്‍കടക്കാര്‍ക്ക് നല്‍കിയിട്ടില്ല.

അന്ത്യോദയ അന്നയോജന പദ്ധതിയില്‍ പെട്ട 5,95,800 കുടുംബങ്ങള്‍ക്ക് പ്രതിമാസം 35 കിലോ അരിയും മുന്‍ഗണനാ പട്ടികയില്‍പെട്ട 28,37,236 കുടുംബങ്ങളിലെ ഓരോ അംഗത്തിനും അഞ്ചുകിലോ വീതം ഭക്ഷ്യധാന്യവുമാണ് സൗജന്യമായി നല്‍കുക. 27 ലക്ഷം കുടുംബത്തിലെ 1.21 കോടി ജനങ്ങള്‍ക്ക് രണ്ടുരൂപാ നിരക്കില്‍ രണ്ടുകിലോ അരിവീതമാണ് ഒരു വ്യക്തിക്ക് ലഭിക്കേണ്ടത്. ബാക്കിയുള്ള എ.പി.എല്‍ വിഭാഗത്തിലെ ഓരോ അംഗത്തിനും ഒരു കിലോ വീതം ഗോതമ്പും ലഭ്യത അനുസരിച്ച് അരിയും 8.90 രൂപ, 6.50 രൂപ എന്നിങ്ങനെ എ.പി.എല്‍ നിരക്കില്‍ നല്‍കാനാണ് തീരുമാനം.

മുന്‍ഗണനാ പട്ടികയില്‍ പോലും അവ്യക്തത നിലനില്‍ക്കുമ്പോള്‍ ഇന്നുമുതല്‍ നടക്കുന്ന ഭക്ഷ്യഭദ്രത പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണം താളം തെറ്റും. പദ്ധതി അനുസരിച്ചുള്ള ആനുകൂല്യത്തിന് അര്‍ഹതയുള്ള കുടുംബമാണെന്ന് റേഷന്‍കാര്‍ഡില്‍ സീല്‍ പതിക്കേണ്ടതുള്ളതിനാല്‍ ലിസ്റ്റില്‍ വ്യക്തതയുണ്ടാകാതെ എങ്ങനെ മുന്നോട്ടു പോകാനാവുമെന്നാണ് റേഷന്‍കട ഉടമകള്‍ ചോദിക്കുന്നത്. അതേസമയം ഏപ്രില്‍ ഒന്നുമുതല്‍ സമ്പൂര്‍ണ കമ്പ്യൂട്ടര്‍വല്‍കരണം ഉറപ്പാക്കി, വ്യാപാരികള്‍ക്കും സെയില്‍സ്മാനും മാസവേതനം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനാല്‍ പോരായ്മകള്‍ക്കിടയിലും പദ്ധതിയുമായി സഹകരിക്കുമെന്ന് റേഷന്‍ വ്യാപാരികളുടെ അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചു.