Connect with us

Culture

ജനതാദളില്‍ വിഭാഗീയത രൂക്ഷം; പോരടിച്ച് മാത്യു.ടി.തോമസും കൃഷ്ണന്‍കുട്ടിയും

Published

on

 
തിരുവനന്തപുരം: ജനതാദള്‍(എസ്) സംസ്ഥാന നേതൃത്വത്തില്‍ വിഭാഗീയത രൂക്ഷം. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത കെ. കൃഷ്ണന്‍കുട്ടിയെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ദേശീയ സെക്രട്ടറി ജനറല്‍ ദാനിഷ് അലിയോട് ആവശ്യപ്പെട്ടു. ഈ ആഴ്ചതന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ കടുത്ത തീരുമാനവുമായി ദേശീയനേതൃത്വത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് ദാനിഷ് അലി സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.
കൃഷ്ണന്‍കുട്ടിയും സി.കെ നാണുവും ഒരു പക്ഷത്തും മാത്യു.ടി തോമസും നീലലോഹിത ദാസും മറുഭാഗത്തും നിന്ന് പോരടിക്കുന്നതിനിടെയാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. കൃഷ്ണന്‍കുട്ടിയെ അനുകൂലിക്കുന്ന ഏതാനും നേതാക്കളെ നേരത്തെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന് പുറത്താക്കിയിരുന്നു. ഇവരെ മടക്കിക്കൊണ്ടുവരാനുള്ള നീക്കത്തിലാണ് കൃഷ്ണന്‍കുട്ടി. ദേശീയ നേതൃത്വത്തിന്റെ നടപടി മറികടന്ന് അത്തരമൊരു തീരുമാനമെടുത്താല്‍ കൃഷ്ണന്‍ കുട്ടിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് മാത്യു.ടി തോമസ് വിഭാഗത്തിന്റെ ആവശ്യം.
മാത്യു.ടി തോമസ് മന്ത്രിയായതിനെ തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റായി നീലലോഹിത ദാസിന് ചുമതല നല്‍കിയിരുന്നു. മന്ത്രിയും സംസ്ഥാന പ്രസിഡന്റും ഒരു വിഭാഗത്തില്‍ നിന്നായപ്പോള്‍ കൃഷ്ണന്‍കുട്ടി പക്ഷം ദേശീയനേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. മന്ത്രിയാകാനായിരുന്നു കൃഷ്ണന്‍കുട്ടിക്ക് താല്‍പര്യം. എന്നാല്‍ 2016 നവംബറില്‍ സമവായത്തിലൂടെ കൃഷ്ണന്‍ കുട്ടിയെ സംസ്ഥാന പ്രസിഡന്റായി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കൃഷ്ണന്‍കുട്ടി തന്നെ അനുകൂലിക്കുന്ന നേതാക്കളെ ഉപയോഗിച്ച് മാത്യു.ടി തോമസിനെതിരെയും നീലനെതിരെയും ഗ്രൂപ്പുപ്രവര്‍ത്തനം ശക്തമാക്കി. പാര്‍ട്ടി നേതൃയോഗത്തില്‍ മന്ത്രിയെ പരസ്യമായി തള്ളിപ്പറയുകയും അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്ത സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റുമായ എസ്. ചന്ദ്രകുമാറിനെ കഴിഞ്ഞ ദിവസം ദാനിഷ് അലി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ ദേശീയസമിതി അംഗം കൂടിയാണ് ചന്ദ്രകുമാര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോവളത്ത് ജമീലാ പ്രകാശത്തെ തോല്‍പിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ ഇദ്ദേഹത്തെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് കൃഷ്ണന്‍കുട്ടി പക്ഷത്തുനിന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി മാത്യു.ടി തോമസ് വിഭാഗം പിടിച്ചെടുക്കുകയും ചെയ്തു. ഇപ്പോള്‍ മാത്യു.ടി.തോമസ് വിഭാഗം നേതാവായ അഡ്വ.എസ്. ഫിറോസ്‌ലാലാണ് തിരുവനന്തപുരത്ത് പ്രസിഡന്റ്.
ജനതാദളിന് അനുവദിക്കപ്പെട്ട പല പദവികളും നേതാക്കളുടെ വിഭാഗീയത മൂലം നഷ്ടമാകുന്ന സ്ഥിതിയാണ്. പി.എസ്.സി മെമ്പര്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം ദേശീയനേതൃത്വം ഇടപെട്ടാണ് പരിഹരിച്ചത്. നീലന്‍ പ്രസിഡന്റായിരിക്കെ തീരുമാനിച്ചയാളിന്റെ പേരുവെട്ടി മറ്റൊരാളെ പി.എസ്.സി അംഗമാക്കാനുള്ള കൃഷ്ണന്‍കുട്ടിയുടെ നീക്കം പൊളിക്കാന്‍ നീലന് ദേവഗൗഡയെ തന്നെ സമീപിക്കേണ്ടിവന്നു.
പാര്‍ട്ടിയിലെ വിഭാഗീയത കാരണം ജനതാദളിന് എല്‍.ഡി.എഫ് അനുവദിച്ച ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ പോലും ഇതുവരെ നികത്തിയിട്ടില്ല. മന്ത്രിയെന്ന നിലയില്‍ മാത്യു.ടി.തോമസ് മുന്നോട്ടുവെക്കുന്ന പേരുകള്‍ കൃഷ്ണന്‍കുട്ടി അംഗീകരിക്കില്ല. അനുവദിക്കപ്പെട്ട സ്ഥാനങ്ങള്‍ പോലും നേതാക്കള്‍ക്ക് ലഭിക്കാത്ത സ്ഥിതിയാണ്. നീലനാകട്ടെ ദേശീയനേതൃത്വത്തില്‍ സ്വാധീനമുണ്ടെങ്കിലും സംസ്ഥാനത്ത് കൃഷ്ണന്‍കുട്ടിയോട് പോരടിച്ച് നില്‍ക്കാനുള്ള ശേഷിയില്ല. ഈ സാഹചര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം അവഗണിച്ച് മുന്നോട്ടുപോകാന്‍ കൃഷ്ണന്‍കുട്ടി തീരുമാനിച്ചാല്‍ ജനതാദളിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും.

entertainment

മിഷന്‍ 90 ഡേയ്‌സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.

Published

on

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്‍ട്രോളര്‍ നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന്‍ മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന്‍ 90 ഡേയ്‌സ് ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Trending