മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ 359 യാത്രക്കാരുമായി പോയ യാത്രാ ബോട്ട് മുങ്ങി വന്‍ അപകടം. ‘എം.വി തൃഷ കെര്‍സ്റ്റിന്‍ 3’ (MV Trisha Kerstin 3) എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇതുവരെ 15 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ ഒരു ആറ് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 1:50 ഓടെയായിരുന്നു അപകടം. സാംബോവങ്ക സിറ്റിയില്‍ (Zamboanga City) നിന്ന് സുലുവിലെ ജോലോ ദ്വീപിലേക്ക് (Jolo) പോവുകയായിരുന്നു ബോട്ട്. യാത്ര തുടങ്ങി ഏകദേശം നാല് മണിക്കൂറിന് ശേഷം ബലൂക്-ബലൂക് ദ്വീപിന് സമീപം വെച്ച് ശക്തമായ തിരമാലകളില്‍പ്പെട്ട് ബോട്ടിന്റെ താഴത്തെ ഡെക്കില്‍ വെള്ളം കയറുകയും ബോട്ട് മറിയുകയുമായിരുന്നു. അപകടം നടക്കുമ്പോള്‍ ബോട്ടില്‍ 332 യാത്രക്കാരും 27 ജീവനക്കാരും അടക്കം ആകെ 359 പേരാണ് ഉണ്ടായിരുന്നത്. 316 പേരെ കോസ്റ്റ്ഗാര്‍ഡും മീന്‍പിടിത്ത ബോട്ടുകളും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഏകദേശം 28 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെട്ടവരെ ഇസബെല്ല സിറ്റിയിലെയും സാംബോവങ്കയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മിക്കവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
അലിസണ്‍ ഷിപ്പിംഗ് ലൈന്‍സ് (Aleson Shipping Lines) എന്ന കമ്പനിയുടേതാണ് ഈ ബോട്ട്. ബോട്ടിന് 352 പേരെ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നതിനാല്‍ പ്രാഥമികമായി അമിതഭാരം (Overloading) ഉണ്ടായിരുന്നില്ലെന്ന് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. പ്രതികൂല കാലാവസ്ഥയാണോ അതോ സാങ്കേതിക തകരാറാണോ അപകടത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതായവര്‍ക്കായി ഫിലിപ്പീന്‍ നേവിയുടെയും എയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.