ചണ്ഡീഗഡ്: ഇന്ത്യന്‍ അത്‌ലറ്റ് ഇതിഹാസം മില്‍ഖാ സിങ്(91) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചണ്ഡീഗഡിലെ പി.ജി.ഐ ഇ ആര്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന്  ബുധനാഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ അദ്ദേഹം കോവിഡ് നെഗറ്റീവായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്
അദ്ദേഹത്തെ വീണ്ടും ഐസുയുവിലേക്ക് മാറ്റുകയായിരുന്നു.

നേരത്തെ കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് അദ്ദേഹത്തെ മൊഹാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ആരോഗ്യ നില വീണ്ടെടുത്തതിനെ തുടര്‍ന്ന് അദ്ദേഹം വീട്ടില്‍ ഐസൊലേഷനിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ അഞ്ച് ദിവസം മുമ്പാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്ററില്‍ സ്വര്‍ണം നോടിയ ഏക ഇന്ത്യക്കാരനാണ് മില്‍ഖാ സിങ്. 1958 , 1962 വര്‍ഷങ്ങളില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും അദ്ദേഹം സ്വര്‍ണം കരസ്ഥമാക്കിയിട്ടുണ്ട്. 1959-ല്‍ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.