kerala

ആളുമാറി പോലീസ് മര്‍ദനം; ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയില്‍

By webdesk18

December 29, 2025

തൃശൂരില്‍ ആളുമാറി പോലീസ് മര്‍ദിച്ച യുവാവ് ചികിത്സയില്‍. കുറ്റൂര്‍ പുതുകുളങ്ങര വീട്ടില്‍ ശരത്ത് (31) ആണ് വിയ്യൂര്‍ പോലീസിനെതിരേ ആളുമാറി മര്‍ദിച്ചതായി പരാതി ഉന്നയിച്ചത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സതേടി. ദേഹത്താകമാനം ലാത്തികൊണ്ട് അടിയേറ്റതിന്റെ പാടുകളും, ചവിട്ടുകയും കൈകൊണ്ട് അടിക്കുകയും ചെയ്തു. നെഞ്ചിലും വയറിലും പുറത്തും കാലിലും തുടയിലുമെല്ലാം അടിയേറ്റ് പൊട്ടിയ നിലയിലാണ്. ശരീരമാകെ നീരുവന്നിട്ടുമുണ്ട്. നട്ടെല്ലിന് ചവിട്ടുകയും തല ജീപ്പില്‍ ഇടിക്കുകയും ചെയ്തതായി ശരത്ത് ആരോപിക്കുന്നു. വീട്ടില്‍നിന്ന് പിടിച്ച് ജീപ്പിലെത്തിയശേഷവും ജീപ്പ് ഓടിത്തുടങ്ങിയപ്പോഴുമെല്ലാം മര്‍ദനം തുടര്‍ന്നുവെന്ന് ശരത്ത് ആരോപിച്ചു.

ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. എസ്‌ഐയുടെ നേതൃത്വത്തിലുള്ള ഏഴ് പോലീസുകാര്‍ വീട്ടിനുതൊട്ടടുത്തുള്ള ബന്ധുവീട്ടില്‍ തറവാട്ടുക്ഷേത്രത്തിലെ കണക്കുനോക്കി കൊണ്ടിരിക്കെ ശരത്തിനെ കാരണം പറയാതെ മര്‍ദിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരോട് അപമര്യാദയോടെ പെരുമാറുകയും ചെയ്തതായും പരാതിയുണ്ട്.

26-ന് കുറ്റൂരിലെ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനു കാരണക്കാരന്‍ ശരത്ത് എന്ന രീതിയിലാണ് പോലീസ് മര്‍ദിച്ചത്. 26-ന് താന്‍ ഉത്സവപ്പറമ്പില്‍ ഇല്ലായിരുന്നുവെന്നും ലൊക്കേഷന്‍ പരിശോധിക്കാമെന്നും ശരത്ത് പറയുന്നു. കാപ്പ നിയമപ്രകാരം ആറുമാസം നാടുകടത്തലിന് വിധേയനായ ശരത്ത് നേരത്തേ ചിലകേസുകളില്‍ പ്രതിയായിരുന്നു. നല്ലനടപ്പില്‍ ജീവിക്കുമ്പോഴാണ് മര്‍ദനത്തിനിരയായത്. നേരത്തേ പ്രതിയായിരുന്നതിനാല്‍ മര്‍ദനമേറ്റ ശരത്തിന്റെ വിവരങ്ങള്‍ പോലീസിന്റെ കൈയിലുണ്ടായിരുന്നതും ആളുമാറാന്‍ കാരണമായി.

മര്‍ദനത്തിനിടെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പോലീസ് പറഞ്ഞപ്പോള്‍ത്തന്നെ അതുതാനല്ലെന്ന് പറഞ്ഞിരുന്നതായി ശരത്ത് പറയുന്നു. പക്ഷേ മര്‍ദനം തുടര്‍ന്നു. വീട്ടുകാര്‍ അഭിഭാഷകനെയും കൂട്ടി സ്റ്റേഷനിലെത്തി കാര്യം തിരക്കിയപ്പോള്‍ ആളു മാറി മര്‍ദിച്ചതാണെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയായിരുന്നു എന്നാണ് ശരത്ത് പറയുന്നത്.