റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പാലായനങ്ങള്‍ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അവര്‍ പ്രതീക്ഷ ഉപകരണമാക്കി സുരക്ഷിതത്വത്തിന്റെ തുരുത്തുകളിലേക്കുള്ള യാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്.

ഓയില്‍ ഡ്രം ഉപയോഗിച്ച് നാഫ് നദി നീന്തി ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ കുട്ടികളാണിപ്പോള്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റുന്നത്. പതിമൂന്ന്് വയസ്സുള്ള നബി ഹുസൈന്‍ അതിലൊരുവനാണ്. നന്നായി നീന്താന്‍ പോലും നബി ഹുസൈനറിയില്ല. ആദ്യമായി കടലു കാണുന്നതു പോലും ബംഗ്ലാദേശിലേക്ക് പുറപ്പെടാന്‍ കടപ്പുറത്ത് എത്തിയപ്പോള്‍ മാത്രം.
എന്നിട്ടും ഒരു ഒഴിഞ്ഞ ഓയില്‍ ഡ്രം ഉപയോഗിച്ച് മൈലുകള്‍ നീന്തി ബംഗ്ലാദേശ് കരയിലെത്തി. അവിശ്വസനീയമെന്ന് തോന്നാമെങ്കിലും അല്‍ഭുതത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരാഴ്ചക്കുള്ളില്‍ നിരവധിപേരാണ് ഇത്തരത്തില്‍ നദി നീന്തിക്കടന്ന് ബംഗ്ലാദേശിലെ മത്സ്യ വ്യാപാര കേന്ദ്രമായ ഷാ പോരിര്‍ ദ്വീപിലെത്തിയത്. ഏത് സമയത്തും മുങ്ങിത്താഴുമെന്ന പേടി എന്നെ പിടികൂടിയിരുന്നു, തന്റെ അവസാനമാണിതെന്നാണ് ഓരോ നമിഷവും ചിന്തിച്ചിരുന്നത് നബി പറയുന്നു. യാതനകള്‍ ഒരുപാട് ഞങ്ങളനുഭവിച്ചതാണ്, വെള്ളത്തില്‍ മുങ്ങിമരിക്കുന്നതാണ് അതിലും നല്ലതെന്ന് കരുതിയാണ് ചാടിയതെന്ന് ഇത്തരത്തില്‍ നീന്തിയ കമാല്‍ ഹുസൈന്‍ എന്ന പതിനെട്ടുകാരന്‍ പറയുന്നു. എത്തിച്ചേര്‍ന്ന പുതിയ തീരത്ത് തന്റെ ബന്ധുക്കളാരെങ്കിലുമുണ്ടോ എന്നൊന്നും നബിക്കറിയില്ല. തന്നെപ്പോലത്തന്നെ നിരവധി പേര്‍ സ്വരാജ്യം വിട്ടിട്ടുണ്ടെന്ന് മാത്രം നബിക്കറിയാം. ഒരു മലമുകളിലായിരുന്നു താമസം. കര്‍ഷകനായിരുന്നു നബിയുടെ പിതാവ്. ഒമ്പത് മക്കളില്‍ നാലാമനാണ് നബി. സ്‌കൂളിലൊന്നും പോയിട്ടില്ല. രണ്ട് മാസം മുമ്പാണ് നാട്ടില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ബുദ്ധതീവ്രവാദികള്‍ സൈനിക സഹായത്തോടെ റോഹിങ്ക്യന്‍ വിഭാഗത്തെ തെരഞ്ഞുപിടിച്ചു ആക്രമിക്കുകയായിരുന്നു.