Connect with us

Culture

ജീവിക്കുന്നു ജനഹൃദയങ്ങളില്‍

Published

on


പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇല്ലാത്ത പത്തു വര്‍ഷമാണ് കടന്നു പോയതെന്ന് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹമിപ്പോഴും നമുക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന പോലെ അനുഭവപ്പെടുന്നു. സങ്കീര്‍ണമായ വിഷയങ്ങളോ മനസ്സിലെന്തെങ്കിലും ആധിയോ കടന്നു വരുമ്പോള്‍ കൊടപ്പനക്കലെ വീട്ടില്‍ അദ്ദേഹമുണ്ടെന്നും ഒന്നു ചെന്നു കണ്ടാല്‍ എല്ലാം പരിഹൃതമാകുമെന്നും തോന്നും. പക്ഷേ 2009 ആഗസ്ത് ഒന്ന് ആ ധന്യജീവിതത്തിനു വിരാമം കുറിച്ച ദിവസമാണ്. ചെറുപ്പകാലത്ത് തുടങ്ങി മരണമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് മാറുന്നതു വരെ ആ ജീവിതം തിരക്കേറിയതും ചുറ്റിലും സ്‌നേഹജനങ്ങളില്‍ നിറഞ്ഞതുമായിരുന്നു. തനിച്ചിരിക്കുന്ന ഇക്കാക്കയെ സങ്കല്‍പ്പിക്കാനാവില്ലായിരുന്നു. ദുരന്തസംഭവങ്ങളിലും അടുപ്പമുള്ളവരുടെ വേര്‍പാട് വേളയിലും ആ മുഖത്ത് വിഷാദം നിറഞ്ഞു കണ്ടിട്ടില്ല. എന്നും മന്ദഹസിച്ച് മറ്റുള്ളവര്‍ക്കായി സമയം കരുതിവെച്ച് ജീവിച്ചു.
സമൂഹത്തിലെ ദുര്‍ബല ജനതയോടുള്ള കരുതലായിരുന്നു ശിഹാബ് തങ്ങള്‍ എന്ന വ്യക്തിത്വത്തെ ജനഹൃദയങ്ങളില്‍ ഇത്രമാത്രം ഉയരത്തില്‍ സ്ഥാപിച്ചത് എന്ന് കാണാനാവും. ഒരു സഹോദരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ വിലയിരുത്തുമ്പോള്‍ മനസ്സിലാദ്യം തെളിയുന്നതും കഷ്ടപ്പെടുന്നവരോടുള്ള ആ അനുകമ്പയും അവര്‍ക്കു നല്‍കുന്ന പരിഗണനയും പരിചരണവുമാണ്. പാരമ്പര്യവുമായി ഇതു ലഭിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. വിശുദ്ധഖുര്‍ആനിന്റെ തത്വങ്ങളും പ്രവാചക(സ) ജീവിതത്തിലെ പാഠങ്ങളും അനുസരിച്ച് മുന്നോട്ടുപോകുന്ന വ്യക്തിയില്‍ ഉണ്ടാവേണ്ട അനിവാര്യ ഗുണങ്ങളുമാണിത്.
അതുതന്നെയാണ് പിതാമഹന്‍മാരില്‍ നിന്നും വന്ദ്യപിതാവില്‍ (പാണക്കാട് പൂക്കോയ തങ്ങള്‍) നിന്നും കൈമാറി കിട്ടിയതും. പക്ഷേ പുതിയകാലത്ത് അതു സൂക്ഷ്മതയോടെ കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ നേട്ടം. ഞങ്ങള്‍ക്കിടയില്‍ പതിനൊന്നു വയസ്സിന്റെ വ്യത്യാസമുണ്ട്. കുട്ടിക്കാലം തൊട്ട് വലിയ സ്‌നേഹവും പരിലാളനവും അദ്ദേഹത്തില്‍ നിന്നു കിട്ടി. നാടു മുഴുവന്‍ അതിരറ്റ ആദരവോടെ ഇന്ന് ഓര്‍മ്മിക്കുന്ന ആ വ്യക്തിയുടെ കൈപിടിയിലായിരുന്നുവല്ലോ ബാല്യം കടന്നു പോയത് എന്നോര്‍ക്കുമ്പോള്‍ അഭിമാനം കൊണ്ട് ഉള്ളം നിറയുകയാണ്.
കുളിക്കാന്‍, നീന്തല്‍ പഠിക്കാന്‍, കളിക്കാന്‍, വിദ്യാലയത്തില്‍ പോകാന്‍, വിരുന്നിന് എല്ലാം ആ വിരലില്‍ തൂങ്ങി നടന്നിട്ടുണ്ട്. പിന്നെ 1958 ല്‍ അദ്ദേഹം ഉപരിപഠനത്തിന് ഈജിപ്തിലേക്ക് പോയി. എട്ടുവര്‍ഷം അവിടെ പഠിച്ചു. ലോകപ്രസിദ്ധമായ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും കെയ്‌റോ യൂണിവേഴ്‌സിറ്റിയിലും. വര്‍ഷം കൂടുമ്പോഴാണ് നാട്ടിലൊന്നു വരിക. അല്ലെങ്കില്‍ കത്തുകളയക്കും. അതിനായി കാത്തിരിക്കും. ഇക്കാക്ക വരുന്നു എന്ന് കേള്‍ക്കുന്നത് പെരുന്നാള്‍ അടുക്കുന്നതു പോലെ ആഘാഷമാണ് മനസ്സിന്.
ഒരിക്കല്‍ അവധിക്ക് വരുമ്പോള്‍ കൊണ്ടുവന്ന ടേപ്പ് റിക്കാര്‍ഡര്‍ നാട്ടിലാകെ കൗതുകമായി. പാണക്കാട് വെറും ഗ്രാമമാണല്ലോ! അവിടെയുള്ള ആളുകളുടെ സംസാരം റിക്കാര്‍ഡ് ചെയ്ത് കേള്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതം പറഞ്ഞറിയിക്കാനാവില്ല. അങ്ങനെ എല്ലാം കൊണ്ടും മറ്റുള്ളവരില്‍ വിസ്മയം ജനിപ്പിച്ചതായിരുന്നു ആ ജീവിതം.
പരസ്‌നേഹത്തിന്റെയും പരമത ബഹുമാനത്തിന്റെയും പ്രായോഗിക പാഠങ്ങള്‍ അദ്ദേഹം കേരളത്തിലെ പൊതുജീവിതത്തിന് കൂടുതല്‍ തെളിമയോടെ പരിചയപ്പെടുത്തി. മതമൈത്രി തകരാതെ സൂക്ഷിക്കാന്‍ ആരോഗ്യം പോലും മറന്ന് ഓടി നടന്നു. സമുദായത്തിനുള്ളിലും സമുദായങ്ങള്‍ തമ്മിലുമുള്ള ഐക്യത്തിന് നിലകൊണ്ടു.
1975 ജൂലൈ 6ന് വന്ദ്യപിതാവ് അന്തരിച്ചപ്പോള്‍ വഹിച്ചിരുന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പദവിയും നൂറു കണക്കിന് മഹല്ലുകളുടെ ഖാസിസ്ഥാനവും മറ്റു ഉത്തരവാദിത്തങ്ങളും അദ്ദേഹത്തില്‍ നിക്ഷിപ്തമായി. ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടറും ജാമിഅ: നൂരിയ്യയുടെ സാരഥിയുമായി. അതോടൊപ്പം കുടുംബത്തിന്റെ നാഥനായി. സഹോദരങ്ങളുടെ വിദ്യാഭ്യാസം, പഠനം എന്നിവയിലെല്ലാം ശ്രദ്ധാലുവായി.
നാടിന്റെയും സമുദായത്തിന്റെയും നേതൃത്വം വഹിച്ചു. മത, ദേശ ഭേദമില്ലാതെ കൊടപ്പനക്കലെത്തുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകി. തന്റെ സാന്നിധ്യം ഉണ്ടാവേണ്ടിടത്തെല്ലാം ഓടിയെത്തി. സംസ്ഥാനത്തിന്റെ അതിരുകള്‍ കടന്ന് ദേശീയ തലത്തില്‍ വരെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഈജിപ്തിലെ പഠനകാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഈജിപ്ത് പ്രസിഡന്റ് ജമാല്‍ അബ്ദുനാസറിനെയുമൊക്കെ പരിചയപ്പെട്ട അദ്ദേഹം പില്‍ക്കാലത്ത് നിരവധി ഇന്ത്യന്‍ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ദേശീയ നേതാക്കളുമായി അടുത്ത സൗഹൃദത്തിലായി.
വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് പുരോഗതിയുണ്ടാകൂ എന്ന് സദാപ്രസംഗിക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്തു. സമാധാനത്തെ കുറിച്ചാണ് അദ്ദേഹം ഏറ്റവുമധികം സംസാരിച്ചതും ഉത്കണ്ഠപ്പെട്ടതും. ബാബ്‌രി മസ്ജിദ് സംഭവമുള്‍പ്പെടെ രാജ്യത്തെ ഏത് സങ്കീര്‍ണ ഘട്ടവും കേരളത്തില്‍ സമാധാന ഭംഗം വരുത്താതിരിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. രാജ്യപുരോഗതിയില്‍ വിശാലമായ കാഴ്ചപ്പാട് പുലര്‍ത്തി. മുസ്‌ലിംലീഗ് പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൈവരിച്ചു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമെല്ലാമുള്ള നിലയിലേക്ക് പാര്‍ട്ടി വളര്‍ന്നു. അങ്ങനെ സൗമ്യമായി നിന്ന് നാടിനെ ഉയരങ്ങളിലേക്ക് നയിച്ച ആ വ്യക്തിത്വം എക്കാലത്തേക്കുമുള്ള മാതൃകയാണ്. അതുകൊണ്ടാണ് അദ്ദേഹം കണ്‍മറഞ്ഞു എന്ന് തോന്നാത്തവിധം ബൈത്തുറഹ്മകളും ആതുര സേവനങ്ങളും കുടിവെള്ളവുമെല്ലാമായി നാട് ആ സ്മരണയെ നിലനിര്‍ത്തുന്നത്. രാജ്യം തപാല്‍സ്റ്റാമ്പ് ഇറക്കി ആദരിച്ചത്. സര്‍വശക്തന്‍ സ്വര്‍ഗത്തില്‍ അദ്ദേഹത്തെയും നമ്മെയും ഒരുമിച്ച് ചേര്‍ക്കട്ടെ……….

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending