Connect with us

kerala

ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ സമസ്ത ട്രഷറര്‍

സി.കെ.എം സ്വാദിഖ് മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവു വന്ന സ്ഥാനത്തേക്കാണ് ചേലക്കാട് മുഹമ്മദ് മുസ്ലിയാരെ ട്രഷററായി തെരഞ്ഞെടുത്തത്

Published

on

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷററായി ചേലക്കാട് എ മുഹമ്മദ് മുസ്ലിയാരും മുശാവറ മെമ്പറായി എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍ കുമരനല്ലൂരും തെരഞ്ഞെടുക്കപ്പെട്ടു. സി.കെ.എം സ്വാദിഖ് മുസ്ലിയാരുടെ നിര്യാണം മൂലം ഒഴിവു വന്ന സ്ഥാനത്തേക്കാണ് ചേലക്കാട് മുഹമ്മദ് മുസ്ലിയാരെ ട്രഷററായി തെരഞ്ഞെടുത്തത്.

2004 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍ അംഗമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയാണ്. ചേലക്കാട് കുളമുള്ളതില്‍ അബ്ദുല്ല മുസ്ലിയാരുടെയും കുഞ്ഞാമിയുടെയും മകനായി 1932ല്‍ ജനിച്ച ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്‍ നിരവധി ശിഷ്യരുടെ ഗുരുവും വിവിധ മഹല്ലുകളുടെ ഖാസിയുമാണ്. വയനാട്ടിലെ വാളാട് ജുമുഅത്ത് പള്ളിയില്‍ 45 കൊല്ലം ഖാസിയായി സേവനം ചെയ്ത തന്റെ പിതാവാണ് ആദ്യ ഗുരു. പിന്നീട് നാദാപുരം, പൂക്കോം, ചെമ്മങ്കടവ്, പൊടിയാട്, മേല്‍മുറി, വാഴക്കാട്, പാറക്കടവ് എന്നീ പള്ളി ദര്‍സുകളിലെ പഠനത്തിന് ശേഷം 1962ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും മൗലവി ഫാളില്‍ ബാഖവി ബിരുദം നേടി. കണ്ണിയത്ത് അഹ്മദ് മുസ്ലിയാര്‍, ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍, കുട്ടി മുസ്ലിയാര്‍ ഫള്ഫരി, കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദ് ശീറാസി, കാങ്ങാട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ശൈഖ് അബൂബക്കര്‍ ഹസ്രത്ത് എന്നിവര്‍ പ്രധാന ഗുരുക്കളാണ്. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബിരുദം നേടിയ ശേഷം അണ്ടോണ, കൊളവല്ലൂര്‍, ഇരിക്കൂര്‍, കണ്ണാടിപ്പറമ്പ്, പഴങ്ങാടി മാടായി, ചിയ്യൂര്, ചേലക്കാട് എന്നിവിടങ്ങളിലും, 11 വര്‍ഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലും, 7 വര്‍ഷം നന്തി ദാറുസ്സലാം അറബിക് കോളേജിലും, 6 വര്‍ഷം മടവൂര്‍ സി.എം മഖാം അശ്അരി കോളേജിലും മുദരിസായി സേവനം ചെയ്തിട്ടുണ്ട്.

മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ട എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍ പാലക്കാട് ജില്ലയിലെ കുമരനല്ലൂര്‍ സ്വദേശിയാണ്. മണ്ണാരവളപ്പില്‍ കുഞ്ഞാലിയുടെയും ഉമ്മയ്യഉമ്മയുടെയും മകനായി 1945ലാണ് ജനനം. മാരായംകുന്ന്, കുമരനല്ലൂര്‍, കുളത്തോള്‍, വളവന്നൂര്‍, കാനാഞ്ചേരി, പടിഞ്ഞാറങ്ങാടി, ചെറുകുന്ന് എന്നിവിടങ്ങളിലെ ദര്‍സ് പഠനത്തിന് ശേഷം വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍ നിന്നാണ് ബിരുദം നേടിയത്. ചൊവ്വലൂര്‍ ജുമുഅത്ത് പള്ളിയില്‍ 35 വര്‍ഷം മുദരിസായി സേവനം ചെയ്ത ശേഷം 2005 മുതല്‍ മാണൂര്‍ ദാറുല്‍ ഹിദായ ദഅ്വ കോളേജിന്റെ പ്രിന്‍സിപ്പളായി സേവനം തുടരുന്നു. നിലവില്‍ സമസ്ത പൊന്നാനി താലൂക്ക് പ്രസിഡന്റും ജില്ലാ മുശാവറ അംഗവുമാണ്. വിവിധ മഹല്ലുകളിലെ ഖാസിയും കൂടിയാണ് ഇസ്മാഈല്‍ മുസ്ലിയാര്‍.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗത്തില്‍ വെച്ചാണ് ഇരുവരെയും തെരഞ്ഞെടുത്തത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാര്‍, ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, ഒ മുഹമ്മദ് എന്ന കുട്ടി മുസ്ലിയാര്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍, വി. മൂസക്കോയ മുസ്ലിയാര്‍, എ മരക്കാര്‍ മുസ്ലിയാര്‍, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, മാണിയൂര്‍ അഹ്മദ് മൗലവി, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എം മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, ഒ.ടി മൂസ മുസ്ലിയാര്‍, ഇ.കെ മഹ്മൂദ് മുസ്ലിയാര്‍, എം.എം അബ്ദുല്ല ഫൈസി, എന്‍.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, പി.എം അബ്ദുസ്സലാം ബാഖവി ചര്‍ച്ചയില്‍ പങ്കെടുത്തു.

 

GULF

എസ്എസ്എല്‍സി പതിവ് തെറ്റിയില്ല; ഇക്കുറിയും ഗള്‍ഫില്‍ വന്‍വിജയം

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: എസ് എസ് എല്‍ സി പരീക്ഷാ വിജയത്തില്‍ ഇക്കുറിയും പതിവ് തെറ്റിക്കാതെ ഗള്‍ഫിലെ കുട്ടികള്‍ വന്‍വിജയം കരസ്ഥമാക്കി. ഇന്ത്യക്കുപുറത്തുപ്രവര്‍ത്തിക്കുന്ന എസ് എസ് എല്‍സി യുടെ ഏഴു കേന്ദ്രങ്ങളും യുഎഇയിലാണുള്ളത്.

ഇവിടെ ആകെ 533 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 516 പേരാണ് വിജയിച്ചത്. പതിനേഴ് പേര്‍ക്ക് പത്താംക്ലാസ്സിന്റെ കടമ്പ കടക്കാനായില്ല. അതേസമയം മൊത്തം 80 പേര്‍ ഫുള്‍ എപ്ലസ് നേടിയാണ് തങ്ങളുടെ വിജയം തിളക്കമുള്ളതാക്കിയത്.

ഏറ്റവും കൂടുതല്‍പേര്‍ പരീക്ഷയെഴുതിയത് ഇത്തവണയും അബുദാബി മോഡല്‍ സ്‌കൂളില്‍തന്നെയായിരുന്നു. 113 പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. മുഴുവന്‍ പേരും വിജയിക്കുകയും ചെയ്തു. ഇതില്‍ 36പേര്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് നേടിയാണ് വിജയിച്ചത്.

ദുബൈ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ 109 പേര്‍ പരീക്ഷയെഴുതി. 108 പേരും വിജയിച്ചു. 15 പേര്‍ ഫുള്‍ എപ്ലസ് നേടി. ദുബൈ ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 85 പേരില്‍ 80പേരും വിജയിച്ചു. അഞ്ചുപേര്‍ക്ക് വിജിയക്കാനായില്ല. ഇവിടെ ആര്‍ക്കും ഫുള്‍ എ പ്ലസ് ലഭ്യമാക്കാനായില്ല.

ഷാര്‍ജ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 57പേരും വിജയിച്ചു. പതിനൊന്ന് പേര്‍ ഫുള്‍ എ പ്ലസ് നേടി. റാസല്‍ഖൈമ ന്യൂ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 42പേരില്‍ 40പേരും വിജയിച്ചു. ഉമ്മുല്‍ഖുവൈന്‍ ദി ഇംഗ്ലീഷ് സ്‌കൂളില്‍ 32 പേരാണ് പരീക്ഷക്കിരുന്നതെങ്കിലും ഒമ്പതുപേര്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. ഒരാള്‍ ഫുള്‍ എ പ്ലസ് നേടി.

ഫുജൈറ ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 84പേരും പാസ്സായി. 17 പേര്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി.

Continue Reading

kerala

എയര്‍ ഇന്ത്യ എക്പ്രസിന്റെ സമരം: സിവില്‍ ഏവിയേഷന്‍ മന്ത്രിയോട് പരിഹാരം കാണാന്‍ ആവശ്യപ്പെട്ട് ഡോ. എം.പി അബ്ദുസ്സമദ് സമദാനി

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നതെന്ന്
അദ്ദേഹം ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു

Published

on

എയര്‍ ഇന്ത്യ എക്പ്രസിലെ ജീവനക്കാര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലകപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലിടപെട്ട് അടിയന്തിര പരിഹാരം കാണണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതിന്റെ ഫലമായി ഏറ്റവുമധികം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളായതിനാല്‍ അവര്‍ക്ക് പ്രത്യേകമായ പരിഗണനയും സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു.

കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന സര്‍വീസാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റേത്. അതിനാല്‍ തന്നെ ഇടത്തരക്കാരും തൊഴിലാളികളും മറ്റു സാധാരണക്കാരും കൂടുതലായി ആശ്രയിക്കുന്ന വിമാന സര്‍വീസാണിത്. അതുകൊണ്ട് തന്നെ സര്‍വീസ് റദ്ദാക്കപ്പെട്ടതിനാല്‍ കഠിനമായ പ്രയാസങ്ങളാണ് യാത്രക്കാര്‍ അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. കേരളീയരായ പ്രവാസികള്‍ക്ക് വലിയ ദുരിതം നല്‍കിക്കൊണ്ടാണ് സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത്. വിമാന സര്‍വീസുകള്‍ പൊടുന്നനെ റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച ജീവനക്കാരുടെ സമരത്തിന് അടിയന്തിര പരിഹാരം കാണേണ്ടതുണ്ടെന്ന് സമദാനി സന്ദേശത്തില്‍ പറഞ്ഞു.

കേരളത്തിലേതടക്കമുള്ള രാജ്യത്തെ നിരവധി വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ കെട്ടിക്കിടക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയുണ്ടായി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രവാസി യാത്രക്കാര്‍ക്ക് ഇതുമൂലമുണ്ടായ പ്രയാസങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. പ്രവാസികളുടെ യാത്രയെ മാത്രമല്ല അനന്തരമുള്ള തൊഴില്‍പരവും വാണിജ്യപരവുമായ പ്ലാനുകളെയെല്ലാം അട്ടിമറിക്കുന്നതായി വിമാന സര്‍വീസ് റദ്ദാക്കല്‍ നടപടി.

റദ്ദാക്കപ്പെട്ട സര്‍വീസുകളില്‍ ബദല്‍യാത്രക്ക് അടിയന്തിര സംവിധാനം ഏര്‍പ്പെടുത്തണമെന്ന് സമദാനി ആവശ്യപ്പെട്ടു. നഷ്ടപ്പെട്ട സര്‍വീസുകളിലെ സകല യാത്രക്കാര്‍ക്കും ഉചിതമായ നഷ്ടപരിഹാരം നല്‍കേണ്ടതും നീതി മാത്രമാണ്. അതിനുതകുന്ന രീതിയിലുള്ള പാക്കേജ് അനുവദിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

kerala

എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ആശംസ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു

Published

on

മലപ്പുറം: മുഴുവന്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്കും ആശംസ നേര്‍ന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. തുടര്‍പഠനമാഗ്രഹിക്കുന്ന അര്‍ഹരായ വിദ്യാര്‍ഥികള്‍ ആവശ്യമായ സൗകര്യമൊരുക്കി നല്‍കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

പ്രതീക്ഷിച്ച ഫലത്തില്‍ സന്തോഷിക്കുന്നവരും അപ്രതീക്ഷിതമായ ഫലത്തില്‍ മനപ്രയാസമനുഭവിക്കുന്നവരുമുണ്ടാകും. വിദ്യാര്‍ത്ഥി കാലഘട്ടത്തിലെ ഒരു നാഴികകല്ലാണിത്. പക്ഷെ ഇനിയുമേറെ ദൂരം പോകാനുണ്ട്. ആത്മവിശ്വാസത്തോടെ, സമര്‍പ്പണത്തോടെ ഇനിയും പഠനം തുടരണമെന്നും നല്ലൊരു ലോകം നിങ്ങള്‍ക്കായി കാത്തിരിക്കുന്നുണ്ടെന്നും തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തുടര്‍പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെല്ലാമുള്ള അവസരം ബന്ധപ്പെട്ടവര്‍ ഒരുക്കിനല്‍കണം. കഴിഞ്ഞ വര്‍ഷം ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും ഇഷ്ടപ്പെട്ട സ്‌കൂളില്‍, ഇഷ്ടപ്പെട്ട കോഴ്‌സ് പഠിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. അതാവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

Continue Reading

Trending