Connect with us

india

അശോകചക്രവും കുടച്ചക്രവും യൂ ടൂ ബ്രിട്ടാസ് …!

മഹാനായ അശോകചക്രവര്‍ത്തിയുടെ കാലത്ത് സൃഷ്ടിച്ചുവെച്ച അശോക ചക്രം നമ്മുടെ ദേശീയ അടയാളങ്ങളില്‍ ഒന്നാണ്. ആ ചക്രം ആലേഖനം ചെയ്ത സ്തംഭവും ദേശീയപതാകയും ചേര്‍ത്തുവെച്ച ഭരണഘടനയെ അധിക്ഷേപിച്ച ഇദ്ദേഹത്തിന്റെ അടയാളം അശോകചക്രമല്ല കുടച്ചക്രമാണ്.

Published

on

കാലം, കാലികം/കെ.എന്‍.എ ഖാദര്‍

ചന്ദ്രിക പംക്തി

യൂ ടൂ ബ്രൂട്ടസ്’ എന്ന പ്രയോഗം ഏവര്‍ക്കും സുപരിചിതമാണ്. മുജാഹിദ് സമ്മേളനശേഷം ആ പ്രയോഗം ഭേദഗതി ചെയ്ത് ‘യൂ ടൂ ബ്രിട്ടാസ്’ എന്നാക്കിമാറ്റിയിരിക്കുന്നു. ആ സമ്മേളനത്തില്‍ ശ്രീധരന്‍പിള്ളയെന്ന ഗവര്‍ണറേയും മുരളീധരന്‍ എന്ന മന്ത്രിയേയും ക്ഷണിച്ചതുകൊണ്ട് അവരുടെ ഫാഷിസ്റ്റ് നിലപാടില്‍ മാറ്റംവരുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്ന് അദ്ദേഹം പലതവണ ചോദിച്ചു. ബ്രിട്ടാസിനെയും ബിനോയ്‌വിശ്വത്തെയും മുഖ്യമന്ത്രിയേയും മറ്റും ക്ഷണിച്ചുവരുത്തിയത് കൊണ്ട് അവരുടെ സ്റ്റാലിനിസ്റ്റ് സ്വഭാവത്തില്‍ മാറ്റംവരുമെന്ന് കരുതുന്നുണ്ടോ എന്ന് ചോദിക്കാന്‍ ആരുമുണ്ടായില്ല. അവിടെ വന്നു പ്രസംഗിച്ചു മടങ്ങിയ രാഷ്ട്രീയക്കാരാരും അവരുടെ നിലപാടുകള്‍ മാറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ മുജാഹിദുകള്‍ അവരുടെ നിലപാടുകളിലും മാറ്റംവരുത്തേണ്ടതില്ലല്ലോ. ഇന്ത്യയിലെ ഇടതുപക്ഷം സംഘ്പരിവാറിനോട് ദേശീയതലം മുതല്‍ താഴോട്ട് ഐക്യത്തിലേര്‍പ്പെടാന്‍ തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി. പാവം മുജാഹിദുകള്‍ക്കെന്തറിയാമെന്ന് ആരെങ്കിലും ചോദിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. സമ്മേളനത്തില്‍നിന്നും മടങ്ങുമ്പോഴും ബ്രിട്ടാസുമാരുടെ ചുകന്ന പുള്ളി മാഞ്ഞില്ല. അതുകൊണ്ട് പുള്ളിക്കാരന്‍ ഏതോ മുസ്‌ലിം രാജ്യത്തൊരു കമ്യൂണിസ്റ്റ് വിപ്ലവം ജയിച്ച മട്ടിലുള്ള തൃപ്തിയോടെ മടങ്ങിപ്പോയി.
ഇത് സെല്‍ഫികളുടെ കാലമാണ്. അവനവന്റെ ഫോട്ടോ അവര്‍തന്നെ സ്വയം എടുക്കുന്നതിനെയാണ് സെല്‍ഫി എന്നു പറയാറുള്ളത്. ഇത് മഹാ സ്വാര്‍ത്ഥതയാണ്. അതുകൊണ്ട് നാമെല്ലാവരും നിസ്വാര്‍ത്ഥരായിരിക്കണം എന്നൊക്കെ പ്രസംഗിച്ചു നടന്നിരുന്ന ഒരു വനിതാ സഖാവുണ്ടായിരുന്നു. യുവജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമെന്ന് കരുതപ്പെടുന്ന കമ്മീഷന്റെ തലപ്പത്ത് സര്‍ക്കാര്‍ ഇവരെ പ്രതിഷ്ഠിച്ചിരുന്നു. അവരിപ്പോള്‍ ആ മേഖലയിലാണ് സെല്‍ഫിസം നടപ്പിലാക്കിവരുന്നത്. അവരുടെ ശമ്പളവും കുടിശ്ശികയും അവരവര്‍തന്നെ തീരുമാനിക്കുന്നതിനെയാണ് ശമ്പള സെല്‍ഫിയെന്ന് പറയുന്നത്. അരലക്ഷം രൂപയായിരുന്ന മാസശമ്പളം ഒരു ലക്ഷമാക്കി മുന്‍കാല പ്രാബല്യത്തോടെ ഉയര്‍ത്തി ഭീമമായൊരു സംഖ്യ കുടിശ്ശിക വകയിലേക്ക് അതിവേഗം വാങ്ങിയെടുക്കാനുള്ള തിരക്കിലാണവര്‍. വെറും ചിന്തക്കുതന്നെ മാസം ഒരു ലക്ഷമെങ്കില്‍ പ്രവൃത്തിക്കെത്ര കിട്ടും. കര്‍മകാണ്ഡമെന്ന അധ്യായം ഈ കമ്മീഷന്‍ ഇതുവരെ മറിച്ചുനോക്കിയിട്ടുപോലുമില്ല. ചിന്തകന്മാരൊക്കെ ഭാവിയില്‍ കൂടുതല്‍ ഉന്നതമായ പദവികളില്‍ എത്തിയേക്കാം. അവരെ തീറ്റിപ്പോറ്റാന്‍ അന്നും തൊഴിലാളി വര്‍ഗം എല്ലുമുറിയെ പണിയേണ്ടിവരും. യുവതികളായ കോര്‍പറേഷന്‍ മേയറും യുവജനക്ഷേമ ചെയര്‍പേഴ്‌സണ്‍മാരുമൊക്കെ ശൈലജ ടീച്ചറേയും ശ്രീമതി ടീച്ചറെയും ഒക്കെ എന്നേ മറികടന്നുകഴിഞ്ഞു.
സംസ്ഥാന സ്‌കൂള്‍ കലോല്‍സവം കോഴിക്കോടങ്ങാടിയില്‍ പൊടിപൊടിച്ചു നടന്നു. മതനിരപേക്ഷതയുടെ സര്‍ക്കാറിന്റെ നയങ്ങള്‍ക്കനുയോജ്യമാംവിധം സ്വാഗതഗാനത്തിന്റെ സംഗീത ശില്‍പ്പവും അരങ്ങേറി. ഇടതു സഹയാത്രികനും കവിയുമായ പി.കെ ഗോപിയുടെ മനോഹരമായ ഗാനത്തിനു വലതുപക്ഷ സഹയാത്രികനൊരുക്കിയ ദൃശ്യം ഭീകരമായി ചിത്രീകരിച്ചത് ഒരു വലിയ ജനവിഭാഗത്തെ ഒന്നടങ്കമായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ വെന്തുകരിഞ്ഞ മലബാറില്‍ ആ വിധത്തിലൊരു പ്രതീകവത്കരണം അഭികാമ്യമാണെന്നു നിശ്ചയിച്ച സംഘാടക സമിതിയും മേലുദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പും അതുക്കുംമേലെ മന്ത്രി ശിവന്‍കുട്ടിയും ഇതു ചെയ്തതില്‍ അത്ഭുതമില്ല. ഈ തിരകഥയും റിഹേഴ്‌സലും ഒക്കെകണ്ട് തൃപ്തിപ്പെട്ടവരുടെ രാഷ്ട്രീയം മതനിരപേക്ഷതയത്രെ. അതു ചെയ്തവരേക്കാള്‍ ഉത്തരവാദിത്തം അതു ചെയ്യിച്ചവര്‍ക്കാണല്ലോ. കത്തിയും തോക്കും താടിയും തലപ്പാവുമായി കൊല്ലാന്‍ നടക്കുന്ന ഭീകരന്മാരായ ഒരു പ്രത്യേക വിഭാഗത്തെ ചിത്രീകരിച്ചവര്‍ക്കെതിരെ എന്തു നടപടിയെടുത്താലും എല്ലാം നടന്ന് കഴിഞ്ഞില്ലേ. സംസ്‌കാര സമ്പന്നരും സഹിഷ്ണുതയുള്ളവരുമായ കാഴ്ചക്കാര്‍ അതു മറന്നു കളയും. അവിടെ ചോദ്യങ്ങള്‍ ഉയര്‍ത്താനും സദസ്സിലും വേദിയിലുമിരിക്കുന്നവരെക്കൊണ്ട് മറുപടി പറയിക്കാനും അവര്‍ ബ്രിട്ടാസുമാരല്ലല്ലോ. അണ്ണന്‍ ശിവന്‍കുട്ടി താന്‍ ഇവിടത്തുക്കാരനല്ല മാവിലായിക്കാരനാണെന്ന മട്ടില്‍ ഉരുണ്ടുകളിച്ചു. വിദ്യാഭ്യാസത്തെക്കുറിച്ച് മൊത്തം പഠിക്കാനും കൂടുതല്‍ അവഗാഹം നേടാനും അദ്ദേഹം ഫിന്‍ലാന്‍ഡില്‍ പോയി മടങ്ങിവന്നു പറഞ്ഞത് അറിയാമല്ലോ. അവിടെ സൈക്കിളുകള്‍ക്ക് മാത്രം പോകാന്‍ പ്രത്യേക പാതയുണ്ടെന്നായിരുന്നു.
അതിനിടെ കോട്ടയം സംക്രാന്തിയില്‍ ഒരു കുഴിമന്തിക്കാരന്‍ ഞങ്ങള്‍ മലപ്പുറത്ത് കാരോട് ചോദിക്കാതെ ഞങ്ങളുടെ നാടിന്റെ പേരില്‍ ഒരു ഹോട്ടല്‍ തുടങ്ങി. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിറ്റ് ഒരാളുടെ മരണത്തിനിടയാക്കി. അനവധിയാളുകളെ രോഗികളാക്കി. അതിനൊക്കെ കൂട്ടുനിന്ന ഉദ്യോഗസ്ഥരും അവിടെയുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ആരെങ്കിലും മരിച്ചാല്‍ ശവപ്പെട്ടിയുമായിവരുന്ന വകുപ്പാണ് കേരളത്തിലെ ഭക്ഷ്യസുരക്ഷാവകുപ്പ്. ആരോഗ്യ മന്ത്രിയുടെ ചുമതലയില്‍ ഉള്ള ഈ വകുപ്പിന്റെ അനാസ്ഥ കാരണംകൂടി മരിച്ചത് ഇത്തവണ ആരോഗ്യപ്രവര്‍ത്തകരായ ഒരു നഴ്‌സായിരുന്നുവെന്നത് വിധിവൈപരീത്യം.
സജിചെറിയാന്‍ വീണ്ടും മന്ത്രിയായി കുടച്ചക്രവും കുന്തവും കയ്യിലേന്തി ഭരണം തുടങ്ങി. മഹാനായ അശോകചക്രവര്‍ത്തിയുടെ കാലത്ത് സൃഷ്ടിച്ചുവെച്ച അശോക ചക്രം നമ്മുടെ ദേശീയ അടയാളങ്ങളില്‍ ഒന്നാണ്. ആ ചക്രം ആലേഖനം ചെയ്ത സ്തംഭവും ദേശീയപതാകയും ചേര്‍ത്തുവെച്ച ഭരണഘടനയെ അധിക്ഷേപിച്ച ഇദ്ദേഹത്തിന്റെ അടയാളം അശോകചക്രമല്ല കുടച്ചക്രമാണ്. സുരക്ഷാര്‍ത്ഥം മറ്റൊരു കുന്തവും കരങ്ങളിലേന്തുന്നു. അദ്ദേഹത്തെ മന്ത്രി സ്ഥാനത്തു നിന്നു മാറ്റിയ നാള്‍ മുതല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുഖ്യമന്ത്രിയോടും കേരള സര്‍ക്കാറിനോടും പിണക്കത്തിലായിരുന്നു. അദ്ദേഹത്തെ തിരിച്ചെടുത്തതോടെ ആ പിണക്കം തീര്‍ന്നു. ഇതിന്റെ ഗുട്ടന്‍സ് മനസ്സിലാവുന്നില്ല. ഗവര്‍ണറുടെ രൗദ്രഭാവം പോയി മനോഹരമായി പുഞ്ചിരിച്ചു തുടങ്ങി. മുഖ്യമന്ത്രിയുടെ വായില്‍ മധുരം കൊടുത്തു. യാതൊരു ഘടനയുമില്ലാത്ത ഭരണം നടത്തുന്ന കേരള സര്‍ക്കാറിനെന്തിനാണൊരു ഭരണഘടന. ഡല്‍ഹിയില്‍ വെച്ചു മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ടു കണ്ടിരുന്നു. ബഫര്‍സോണ്‍ വിഷയം പറയാനാണ് പോയതെന്നാണ് വിളംബരം ചെയ്തത്. അത് സത്യമായിരുന്നു. പിണറായിക്കു ചുറ്റുമൊരു ബഫര്‍സോണ്‍ എന്നാവണം അദ്ദേഹം ഉദ്ദേശിച്ചത്. ഒരു അദൃശ്യമായ രക്ഷാവലയം. അതിനകത്തേക്ക് ഗവര്‍ണറോ പാര്‍ട്ടിയോ പ്രതിപക്ഷമോ ആര്‍ക്കും പ്രവേശിക്കാന്‍ കഴിയരുതെന്നു സാരം. ഉദ്ദിഷ്ട കാര്യം നടന്നു. ഉപകാര സ്മരണയായി ഗവര്‍ണര്‍ക്ക് നിയമസഭയില്‍ കടക്കാം. നയം പ്രഖ്യാപിക്കാം. കഥകളിയിലെ കൃഷ്ണവേഷത്തില്‍ നിര്‍മിച്ച വിഗ്രഹമാണ് മുഖ്യമന്ത്രിയുടെ ഉപഹാരമായി പ്രധാനമന്ത്രിക്കു കൊടുത്തത്. അതൊന്നും തടയാന്‍ ഒരു ബിനോയി വിശ്വമോ, ബ്രിട്ടാസോ അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായാലും മുജാഹിദ് സമ്മേളനത്തില്‍ അവര്‍ക്കുള്ള സ്വാതന്ത്ര്യം പിണറായിയുടെ ഏഴയലത്ത് രണ്ടുപേര്‍ക്കും കിട്ടില്ല.
കലോത്സവത്തിലെ വെജിറ്റേറിയനിസവും ഇയ്യിടെ ചര്‍ച്ചയായി. കഴിഞ്ഞ പതിനാറു കൊല്ലമായി അതു തുടരുകയാണ്. ഒരേയാള്‍ ഒരേ ഭക്ഷണം. സര്‍ക്കാറുകള്‍ മാറിവന്നു. ഇതു തുടരുന്നു. നമ്മുടെ കുട്ടികള്‍ ആവശ്യപ്പെടുന്നുവെങ്കില്‍ മാംസവും മുട്ടയും മത്സ്യവുമൊക്കെ വിളമ്പാമെന്ന് ശിവന്‍കുട്ടി പറഞ്ഞിട്ടുണ്ട്. ഭക്ഷണത്തിലും ഒരു സെക്യൂലര്‍ കാഴ്ച്ചപ്പാട് ആവാം. എന്ന്‌വെച്ച് ഇപ്പോള്‍ വിളമ്പുന്നത് ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെയാണെന്നും കരുതുന്നില്ല. ആഹാരം നല്ലതേതാണെന്ന് ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ആയുര്‍വേദ, സിദ്ധ, യൂനാനി, ഹോമിയോ, പ്രകൃതി ചികിത്സകരോ ഇക്കാര്യങ്ങളാല്‍ അറിവുള്ളവരോ തീരുമാനിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. അതും രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിക്കുന്നതില്‍ അര്‍ത്ഥമില്ല. ഏതു രാഷ്ട്രീയക്കാരനായാലും അവര്‍ക്കതിനു യോഗ്യതയില്ല. രോഗം വന്നാല്‍ ചികിത്സിക്കാനര്‍ഹതയുള്ളവര്‍ ആരോഗ്യകരമായ ഭക്ഷണം കുറിച്ചുതരും. ഒരു രാഷ്ട്രീയ നേതാവും സ്വയം ചികിത്സിച്ചതായി അറിയില്ല. അതിനായി നാം നാടുവിട്ട് അമേരിക്കയില്‍ വരെ പോകുന്നു. അവിടെയുള്ളവര്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ വരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ബി.ജെ.പി സ്ഥാനാർഥി വോട്ടുയന്ത്രം നശിപ്പിച്ചു, പോളിങ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; അറസ്റ്റിൽ

നിലവിലെ ചിലിക എം.എൽ.എയും ഖുർദ മണ്ഡലം സ്ഥാനാർഥിയുമായ പ്രശാന്ത് ജഗ്ദേവാണ് അക്രമം നടത്തിയത്.

Published

on

ഒഡിഷയിൽ വോട്ടെടുപ്പിനിടെ ബി.ജെ.പി സ്ഥാനാർഥി വോട്ടുയന്ത്രം തകർക്കുകയും പോളിങ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തു. നിലവിലെ ചിലിക എം.എൽ.എയും ഖുർദ മണ്ഡലം സ്ഥാനാർഥിയുമായ പ്രശാന്ത് ജഗ്ദേവാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചക്കുശേഷം ഖുർദ ജില്ലയിലെ ബോലാഗഡ് ബദകുമാരി പഞ്ചായത്തിലാണ് അക്രമം അരങ്ങേറിയത്. അനുയായികളുമായി ബൂത്തിലെത്തിയ എം.എൽ.എ ​േപാളിങ് ഉദ്യോഗസ്ഥനുമായി തർക്കമുണ്ടാക്കുകയും വോട്ടുയന്ത്രം നശിപ്പിക്കുകയുമായിരുന്നു.

ബി.ജെ.പിയുടെ ഭുവനേശ്വർ ലോക്സഭ മണ്ഡലം സ്ഥാനാർഥി അപരാജിത സാരംഗിയും ഈ സമയം സ്ഥലത്തുണ്ടായിരുന്നു. അക്രമശേഷം സംഭവസ്ഥലത്ത് നിന്ന് ഇരുവരും കാറിൽ രക്ഷപ്പെട്ടു. പൊലീസ് പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നേരത്തെ ബിജെഡിയിൽ ആയിരുന്ന പ്രശാന്ത് ജഗ്ദേവ് കഴിഞ്ഞ വർഷമാണ് ബി.ജെ.പിയിൽ ചേർന്നത്. 2022 മാർച്ചിൽ ബി.ജെ.പിയുടെ ടൗൺ പ്രസിഡന്റിനെ മർദിച്ചതിന് പ്രശാന്ത് ജഗ്ദേവ് അറസ്റ്റിലായിരുന്നു. ബിജെപി അനുഭാവികൾക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയ സംഭവത്തിൽ 15പേർക്ക് പരിക്കേറ്റിരുന്നു.

ഇതിന് പിന്നാലെ ഇയാളെ ബി.ജെ.ഡിയിൽ നിന്ന് പുറത്താക്കി. തുടർന്ന് ബിജെപിയിൽ ചേർന്ന പ്രശാന്ത് ജഗ്ദേവിനെ ഈ നിയമസഭാ ​തെരഞ്ഞെടുപ്പിൽ ഖുർദ മണ്ഡലത്തിൽ രംഗത്തിറക്കുകയായിരുന്നു.

Continue Reading

india

സിഖ് സമുദായക്കാരെ മുസ്‌ലിംകള്‍ക്കെതിരെ പ്രകോപിപ്പിക്കാൻ വിദ്വേഷ പരസ്യം പ്രചരിപ്പിച്ച് ബി.ജെ.പി

കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക് വേണ്ടി സിഖുകാരുടെ സ്വത്തുക്കള്‍ ലക്ഷ്യമിടുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം.

Published

on

വീണ്ടും വിദ്വേഷ പരസ്യം പ്രചരിപ്പിച്ച് ബി.ജെ.പി. മുസ്‌ലിം-സിഖ് സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനാണ് പരസ്യം ശ്രമിക്കുന്നത്. കോണ്‍ഗ്രസ് മുസ്‌ലിംകള്‍ക്ക് വേണ്ടി സിഖുകാരുടെ സ്വത്തുക്കള്‍ ലക്ഷ്യമിടുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ബി.ജെ.പിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പരസ്യം പ്രചരിപ്പിച്ചത്.
മെയ് 24നാണ് ബി.ജെ.പി ഈ വീഡിയോ പുറത്തുവിട്ടത്. മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ ബി.ജെ.പി നിരവധി പരസ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ബി.ജെ.പിയുടെ വിദ്വേഷ പരസ്യങ്ങള്‍ തടയുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടുകയുമുണ്ടായി.
എന്നാല്‍ ബി.ജെ.പിയുടെ പുതിയ പരസ്യം സിഖ് സമുദായക്കാരെ ലക്ഷ്യം വെച്ചുള്ളതാണ്. കോണ്‍ഗ്രസിനെയും സിഖുകാരെയും പരസ്യം ഒരുപോലെ ലക്ഷ്യം വെക്കുന്നതായാണ് വിമര്‍ശനം.
‘ഷൈഖ് ഇര്‍ഫാന്‍ എന്ന് പേരുള്ള ഒരു വീട്ടില്‍ നിന്നാണ് പരസ്യം ആരംഭിക്കുന്നത്. കോണ്‍ഗ്രസ് അനുഭാവിയായ ഒരു വ്യക്തി സിഖുകാരനായ വീട്ടുകാരന്റെ സ്വത്തുവിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ പരിശോധിക്കുന്നതായാണ് തുടക്കം. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാഹുല്‍ ഗാന്ധി അധികാരത്തിലേറിയാല്‍ സ്വത്ത് വിഭജിക്കുമെന്ന് പറയുന്നു.
ഇതിന് മറുപടിയായി രാജ്യത്തെ രണ്ടായി വിഭജിച്ച വിഷയങ്ങള്‍ വീട്ടുകാരന്‍ ചൂണ്ടിക്കാട്ടുകയാണ്. പിന്നാലെ രാഹുല്‍ ഗാന്ധി നീതിക്ക് വേണ്ടിയാണ് വിഭജനം നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു. തുടര്‍ന്ന് വീട്ടുകാരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വടിയെടുത്ത് ഓടിക്കുകയാണ്,’ ഈ രീതിയിലാണ് ബി.ജെ.പി പരസ്യം നിര്‍മിച്ചിരിക്കുന്നത്.
ജൂണ്‍ ഒന്നിന് പഞ്ചാബില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിയുടെ നീക്കം. സിഖ് വോട്ടര്‍മാരുടെ ആധിപത്യമുള്ള സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബിന് പുറമെ ഹരിയാനയിലെയും ദല്‍ഹിയിലെയും വോട്ടര്‍മാരെ പ്രതിപക്ഷ സഖ്യത്തിനെതിരെയും മുസ്‌ലിംകള്‍ക്കെതിരെയും തിരിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്.
സിഖുകാരെ വര്‍ഗീയമായി പ്രോകോപിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പരസ്യമെന്ന് നെറ്റിസണ്‍സ് പ്രതികരിച്ചു. നിരവധി ആളുകള്‍ ഈ പരസ്യ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്നതായും നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി.

Continue Reading

india

ബംഗാളിൽ ബൂത്ത് സന്ദർശനത്തിന് വന്ന ബി.ജെ.പി സ്ഥാനാർഥിയെ ഓടിച്ചു തല്ലി, കല്ലെറിഞ്ഞു-വിഡിയോ

ജാര്‍ഗ്രാം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി പ്രണത് ടുഡുവിനാണ് മര്‍ദനമേറ്റത്.

Published

on

ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. ജാര്‍ഗ്രാം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി പ്രണത് ടുഡുവിനാണ് മര്‍ദനമേറ്റത്. മംഗലപോട്ടയിലെ 200-ാം നമ്പര്‍ ബൂത്ത് സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയായിരുന്നു ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് പ്രണതിനെ കല്ലെറിഞ്ഞും ഓടിച്ചിട്ടും മര്‍ദിച്ചത്. തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷനേടാനായി ഓടുന്ന ടുഡുവിന്റെയും സുരക്ഷാഉദ്യോഗസ്ഥരുടെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കല്ലുകളില്‍ ചിലത് എം.എല്‍.എയുടെ അനുനായയികള്‍ ചിലരുടെ ദേഹത്ത് കൊള്ളുന്നതും ചിലത് വായുവിലൂടെ വരുന്നതും വീഡിയോയില്‍ കാണാം.

ബി.ജെ.പിയുടെ ബംഗാളിലെ ചുമതലയുള്ള നേതാവായ അമിത് മാളവ്യ സംഭവത്തില്‍ തൃണമൂലിനെതിരെയും മമതാ ബാനര്‍ജിക്കെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു. ബംഗാളില്‍ ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് മമത ബാനര്‍ജി ചെയ്യുന്നതെന്ന് അമിത് മാളവ്യ എക്‌സില്‍ കുറിച്ചു.

മംഗലപോട്ടയില്‍ ബി.ജെ.പി വോട്ടര്‍മാരെ വോട്ടുചെയ്യാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബൂത്ത് സന്ദര്‍ശിക്കാനെത്തിയതായിരുന്നു താനെന്നും പ്രണത് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. എന്നാല്‍ 200 ഓളം വരുന്ന അക്രമിസംഘം ലാത്തിയും കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പ്രണത് പറഞ്ഞു. കേന്ദ്രപോലീസ് ഉടന്‍ സ്ഥലത്തെത്തിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. അല്ലാത്തപക്ഷം തങ്ങള്‍ കൊല്ലപ്പെടുമായിരുന്നുവെന്നും പ്രാദേശിക പൊലീസില്‍ നിന്ന് ഒരു സഹായവും ലഭിച്ചില്ലെന്നും പ്രണത് ആരോപിച്ചു.

അതേസമയം പ്രണതിന്റെ ആരോപണം തൃണമൂല്‍ നേതൃത്വം നിഷേധിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നും ഇത് കണ്ട വോട്ടര്‍മാര്‍ ക്ഷുഭിതരാവുകയും പ്രതിഷേധിക്കുകയുമായിരുന്നുവെന്നാണ് തൃണമൂല്‍ നേതൃത്വം വ്യക്തമാക്കുന്നത്. മാധ്യമങ്ങളുടെയടക്കം നിരവധി വാഹനങ്ങളും സംഘര്‍ഷത്തില്‍ തീവെച്ച് നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

2019ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി പിടിച്ചടക്കിയ മണ്ഡലമാണ് ജാര്‍ഗ്രാം. 2014ല്‍ തൃണമൂലിന്റെ ഉമസറന്‍ വിജയിച്ച മണ്ഡലത്തില്‍ 2019ല്‍ വിജയിച്ചത് ബി.ജെ.പിയുടെ കുമാര്‍ ഹെംബ്രാം ആണ്. എന്നാല്‍ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഗ്രാമിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വിജയം തൃണമൂലിനൊപ്പമായിരുന്നു. അതേസമയം ആറാം ഘട്ടത്തില്‍ പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 77.99 ശതമാനമാണ് ഇവിടുത്തെ പോളിങ് നില.

Continue Reading

Trending