Connect with us

kerala

ലാഭം കൊയ്ത് കൊച്ചി മെട്രോ; 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നേട്ടം

പ്രവര്‍ത്തന ലാഭത്തിലൂടെ അഭിമാനാര്‍ഹമായ നേട്ടവുമായി കൊച്ചി മെട്രോ.

Published

on

കൊച്ചി: പ്രവര്‍ത്തന ലാഭത്തിലൂടെ അഭിമാനാര്‍ഹമായ നേട്ടവുമായി കൊച്ചി മെട്രോ. മെട്രോ 2017 ജൂണിലാണ് സര്‍വ്വീസ് ആരംഭിച്ചത്. ആരംഭിച്ച 2017 ജൂണില്‍ 59,894 ആളുകളാണ് മെട്രോയില്‍ യാത്ര ചെയ്തത്. 2017 ആഗസ്റ്റ് മാസം അത് 32,603 ആയി കുറഞ്ഞെങ്കിലും ഡിസംബറില്‍ എണ്ണം 52,254 ആയി ഉയര്‍ന്നു. 2018ല്‍ യാത്രക്കാരുടെ എണ്ണം നാല്‍പ്പതിനായിരത്തിന് മുകളില്‍ പോയില്ല. എന്നാല്‍ 2019 ഒക്ടോബറിനും ഡിസംബറിനുമിടയില്‍ അറുപതിനായിരത്തിലധികം പേര്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു. മറ്റെല്ലാ മേഖലയും പോലെ കൊച്ചി മെട്രോയെയും കൊവിഡ് പ്രതിസന്ധിയിലാക്കി.

കൊവിഡ് കാലത്ത് 2021 മെയ് മാസം യാത്രക്കാരുടെ എണ്ണം 5300 ആയി കുറഞ്ഞിരുന്നു. കൊവിഡിന് ശേഷം 2021 ജൂലൈയില്‍ യാത്രക്കാരുടെ എണ്ണം 12,000 ആയി ഉയര്‍ന്നു. പിന്നീട് കെഎംആര്‍എല്ലിലെ വിവിധ വിഭാഗങ്ങളുടെ തുടര്‍ച്ചയായ പരിശ്രമം കൊണ്ടും വിവിധ പ്രചരണ പരിപാടികളിലൂടെയും ഓഫറുകളിലൂടെയും യാത്രക്കാരെ കൊച്ചി മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചു. 2022 സെപ്തംബറിനും നവംബറിനുമിടക്ക് യാത്രക്കാരുടെ ശരാശരി എണ്ണം 75000 കടന്നു. 2023 ജനുവരിയില്‍ ശരാശരി യാത്രക്കാരുടെ എണ്ണം 80,000 കടക്കുകയും പിന്നീട് സ്ഥിരതയോടെ ഉയര്‍ന്ന് ഒരു ലക്ഷത്തിലധികം യാത്രക്കാരിലേക്കെത്തി. യാത്രക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന ഫെയര്‍ ബോക്‌സ് വരുമാനം ഉയരുന്നതിനും സഹായകരമായി. 2020-21 കാലത്ത് 12.90 കോടി രൂപയായിരുന്ന ഫെയര്‍ ബോക്‌സ് വരുമാനം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 75.49 കോടി രൂപയിലേക്കുയര്‍ന്നു. 2020-21 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 485 ശതമാനം വര്‍ദ്ധനവാണിത്. നോണ്‍ ഫെയര്‍ ബോക്‌സ് വരുമാനത്തിനും മികച്ച വളര്‍ച്ചയാണുണ്ടായത്. നോണ്‍ ഫെയര്‍ ബോക്‌സ് വരുമാനം 2020-21 സാമ്പത്തിക വര്‍ഷം 41.42 കോടി രൂപയില്‍ നിന്ന് 2022-23 വര്‍ഷത്തില്‍ 58.55 കോടി രൂപയായി ഉയര്‍ന്നു. അതായത് ഫെയര്‍ ബോക്‌സ്, നോണ്‍ ഫെയര്‍ ബോക്‌സ് വരുമാനങ്ങള്‍ കൂട്ടുമ്പോള്‍ 2020-21 വര്‍ഷത്തിലെ ഓപ്പറേഷണല്‍ റവന്യു 54.32 കോടി രൂപയില്‍ നിന്ന് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 134.04 കോടി രൂപയായി ഉയര്‍ന്നു. 145 ശതമാനം വളര്‍ച്ചയാണിത്.

2022-23 വര്‍ഷത്തില്‍ കൊച്ചി മെട്രോയുടെ രണ്ട് സ്റ്റേഷനുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും 2020-21 വര്‍ഷത്തേക്കാള്‍ ഏകദേശം 15 ശതമാനം വര്‍ദ്ധനവ് മാത്രമാണ് പ്രവര്‍ത്തന ചെലവില്‍ വന്നിരിക്കുന്നത്. വിവിധ ചെലവ് ചുരുക്കല്‍ നടപടികളിലൂടെയാണ് ഇത് സാധ്യമായത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 56.56 കോടി രൂപയില്‍ നിന്ന് 2021-2022 ല്‍ ഓപ്പറേഷല്‍ ലോസ് 34.94 കോടി രൂപയിലേക്ക് കുറയ്ക്കാന്‍ കെഎംആര്‍എല്ലിന് സാധിച്ചിരുന്നു. തുടര്‍ച്ചയായ പരിശ്രമത്തിലൂടെ ഓപ്പറേഷല്‍ ലോസ് ഇല്ലാതാക്കാനും ആദ്യമായി 5.35 കോടി രൂപ ഓപ്പറേഷല്‍ പ്രോഫിറ്റ് നേടാനും 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്ക് സാധ്യമായി.

വിദ്യാര്‍ത്ഥികള്‍ക്കും സ്ഥിരം യാത്രികര്‍ക്കുമായുള്ള വിവിധ സ്‌കീമുകള്‍ ഏര്‍പ്പെടുത്തിയതും സെല്‍ഫ് ടിക്കറ്റിംഗ് മഷീനുകള്‍ സ്ഥാപിച്ചതും യാത്രക്കാരെ ആകര്‍ഷിക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ക്യാംപെയിനുകളും വിജയം കണ്ടു. യാത്രക്കാര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നത് വഴിയും കൂടുതല്‍ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാന്‍ സാധിച്ചു. പ്രവര്‍ത്തനമാരംഭിച്ച് കുറഞ്ഞ കാലയളവില്‍ ഒപ്പേറഷണല്‍ പ്രോഫിറ്റ് എന്ന ഈ നേട്ടം കെഎംആര്‍എല്ലിന്റെ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഫലമാണ് എന്ന് മാനേജിങ് ഡയറക്ടര്‍ ശ്രീ ലോക്‌നാഥ് ബെഹ്റ പറഞ്ഞു.

kerala

പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.

Published

on

കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി മുകേഷിന് (34) ദാരുണാന്ത്യം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം നടന്നത്.

പ്രദേശത്ത് ആനയിറങ്ങിയതിൻ്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയതായിരുന്നു എ.വി മുകേഷ്. കാട്ടാന പാഞ്ഞടുത്തതും ചിതറിയോടുന്നതിനിടയിൽ മുകേഷ് മറിഞ്ഞ് വീണു. ഈ സമയത്താണ് അപകടം. മുകേഷിൻ്റെ ഇടുപ്പിന് പരുക്കേറ്റിരുന്നു. ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യൂറോയിലാണ് ജോലി ചെയ്ത് വരുന്നത്.

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താൻ വീട്ടിൽ, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. മൃതദേഹം പാലക്കാട്‌ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

kerala

‘രഹസ്യ വിദേശയാത്ര എന്തിന്?’; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ്

ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തതെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പില്‍ ചോദിച്ചു.

Published

on

മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ ചോദ്യങ്ങളുമായി  പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രഹസ്യമായി വിദേശ യാത്ര നടത്തിയത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തിലും മന്ത്രിസഭായോഗം ചേരാത്തത് എന്തുകൊണ്ടാണെന്നും സുതാര്യതയില്ലായ്മ സംശയമുണ്ടാക്കുന്നതാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാത്തതെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പില്‍ ചോദിച്ചു.

പ്രതിപക്ഷ നേതാവിന്‍റെ വാർത്താക്കുറിപ്പിന്‍റെ പൂർണരൂപം:

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല. 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പല വിധ സംശയങ്ങള്‍ക്കും ഇടവരുത്തും.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആരാണ് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്? പകരം ചുമതല ഒരു മന്ത്രിക്കും നല്‍കാത്തത് എന്തുകൊണ്ടാണ്? ചുമതല ഏല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും ഈ മന്ത്രിസഭയില്‍ ഇല്ലെന്നാണോ? അങ്ങനെയെങ്കില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ കുറിച്ചും സംശയിക്കേണ്ടിയിരിക്കുന്നു.

ഇതുവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. ഉഷ്ണതരംഗത്തിന്‍റെ ആഘാതം ഇപ്പോഴും അവസാനിച്ചിട്ടില്ല. കള്ളക്കടല്‍ പോലുള്ള പ്രതിഭാസങ്ങളുമുണ്ട്. പൊള്ളുന്ന ചൂടില്‍ ആളുകള്‍ മരിക്കുന്നു. വ്യാപകമായി കൃഷി നശിക്കുന്നു. വളര്‍ത്തുമൃഗങ്ങള്‍ തളര്‍ന്നു വീഴുന്നു. മത്സ്യ ലഭ്യത കുറഞ്ഞതോടെ തീരദേശ മേഖല വറുതിയിലാണ്. ഡ്രൈവിംഗ് ടെസ്റ്റുകള്‍ അവതാളത്തിലായതോടെ പത്തു ലക്ഷത്തോളം പേരാണ് ലൈസന്‍സിനായി കാത്തിരിക്കുന്നത്. തീരുമാനം എടുക്കേണ്ട വകുപ്പ് മന്ത്രിയും വിദേശത്താണ്. ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയിട്ട് ഏഴ് മാസമാകുന്നു.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ അടിയന്തര തീരുമാനങ്ങളെടുക്കേണ്ട സാഹചര്യത്തില്‍ മന്ത്രിസഭായോഗം പോലും ചേരുന്നില്ല. ജനകീയ വിഷയങ്ങളൊന്നും ഈ സര്‍ക്കാരിന്‍റെ മുന്‍ഗണനകളിലും പരിഗണനയിലും ഇല്ലെന്നത് ഖേദകരമാണ്. എന്തുകൊണ്ടാണ് മന്ത്രിസഭാ യോഗം ചേരാത്തത്? സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുടെ സാഹചര്യം സൃഷ്ടിക്കപ്പെടുന്നത് ഉചിതമല്ല.

ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്നു പറഞ്ഞവരാണ് ലോകം ചുറ്റാന്‍ ഇറങ്ങിയിരിക്കുന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎമ്മിന്‍റെ ഏക മുഖ്യമന്ത്രിയും വിദേശത്തു പോയി. പി.ബി അംഗം കൂടിയായ പിണറായി വിജയന്‍ ബംഗാളിലോ ത്രിപുരയിലോ പോലും പ്രചരണത്തിന് പോയില്ല. ബിജെപിയെ പേടിച്ചാണോ പിണറായി പ്രചരണത്തിന് ഇറങ്ങാതിരുന്നത്. അതിന്‍റെ ഭാഗമായാണോ വിദേശത്തേക്ക് പോയത്? സിപിഎം ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കണം.

Continue Reading

EDUCATION

‌എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന്; ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ അറിയാം

ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ നടത്തും.

Published

on

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3 ന് പി.ആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.

ഇത്തവണ മുൻവർഷത്തേക്കാൾപതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുന്നുവെന്ന പ്രത്യേകതയുണ്ട്. പരീക്ഷാ ബോർഡ് യോഗം ചേർന്ന് ഫലത്തിന് അംഗീകാരം നൽകി. എസ്എസ്എൽസി പരീക്ഷാ ഫലം അറിയാൻ വിപുലമായ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.പരീക്ഷ ഭവൻ്റെയും പിആർഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ പരീക്ഷാഫലം അറിയാം

https://pareekshabhavan.kerala.gov.in

www.prd.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in

ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ നടത്തും.

Continue Reading

Trending