Connect with us

india

ക്രൈസ്തവര്‍ക്കെതിരായ ആക്രമണം വര്‍ധിക്കുന്നു; പ്രധാനമന്ത്രിക്ക് കെ.സി. വേണുഗോപാലിന്റെ കത്ത്

ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, വിദ്വേഷം പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവ വിഭാഗത്തിനെതിരെ ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചു. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും, വിദ്വേഷം പ്രചരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.

ഡല്‍ഹി, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടന്നതായി കത്തില്‍ പരാമര്‍ശിക്കുന്നു. കേരളത്തിലെ പാലക്കാട് ജില്ലയില്‍ കുട്ടികളുടെ കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണവും ഉദാഹരണമായി ചൂണ്ടിക്കാട്ടി.

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനാരോപണം ഉന്നയിച്ച് പള്ളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായും, ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ക്ക് വെല്ലുവിളിയാണെന്നും കെ.സി. വേണുഗോപാല്‍ കത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെയും കേന്ദ്ര ഭരണകൂടത്തിന്റെയും മൗനം വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കു ധൈര്യം നല്‍കുന്നതായും അദ്ദേഹം വിമര്‍ശിച്ചു.

പുതുവത്സര ആഘോഷങ്ങള്‍ അടുത്തിരിക്കെ ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും, ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

 

india

ത്രിപുരയില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരായ വംശീയാതിക്രമം: വെറുപ്പ് തുപ്പുന്ന ബിജെപി നേതാക്കളാണ് യുവാക്കളില്‍ വിദ്വേഷം കുത്തിവെക്കുന്നത്: രാഹുല്‍ ഗാന്ധി

Published

on

ന്യൂഡൽഹി: വംശീയ അധിക്ഷേപത്തെ തുടർന്നുള്ള ആൾക്കൂട്ട ആക്രമണത്തിൽ ത്രിപുരയിൽ വിദ്യാർഥി കൊല്ലപ്പെട്ടതിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ഗാന്ധി. ഭരകക്ഷിയായ ബിജെപി വിദ്വേഷ രാഷ്ട്രീയം സാമാന്യവൽക്കരിച്ചതിനെ ഫലമാണ് ഈ കൊലപാതകമെന്ന് രാഹുൽ പറഞ്ഞു.

ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ നന്ദനഗറിൽ നിന്നുള്ള അവസാന വർഷ എംബിഎ വിദ്യാർഥിയായ അഞ്ജൽ ചക്മയാണ് കുത്തേറ്റു മരിച്ചത്. ഡിസംബർ ഒമ്പതിന്. അഞ്ജലിനെയും ഇളയ സഹോദരൻ മൈക്കിളിനെയും ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തി ചൈനക്കാരെന്ന് അധിക്ഷേപിച്ച് ആക്രമിക്കുകയായിരുന്നു. 14 ദിവസം ജീവനുവേണ്ടി പോരാടിയ ശേഷം വെള്ളിയാഴ്ച ഡെറാഡൂണിലെ ആശുപത്രിയിലായിരുന്നു യുവാവിന്റെ മരണം.

ഡെറാഡൂണിൽ അഞ്ജൽ ചക്മയ്ക്കും സഹോദരൻ മൈക്കിളിനും നേരെയുണ്ടായത് ഭയാനകമായ വിദ്വേഷ കുറ്റകൃത്യമാണ്. വെറുപ്പ് എന്നത് പെട്ടെന്ന് ഒരു രാത്രികൊണ്ട് ഉണ്ടാകുന്നതല്ല. കഴിഞ്ഞ കുറെ വർഷങ്ങളായി, വിഷലിപ്തമായ ഉള്ളടക്കങ്ങളിലൂടെയും നിരുത്തരവാദപരമായ ആഖ്യാനങ്ങളിലൂടെയും നമ്മുടെ യുവാക്കളിലേക്ക് ഇത് ദിവസേന കുത്തിവെക്കപ്പെടുകയാണ്. ഭരണകക്ഷിയായ ബിജെപിയുടെ വെറുപ്പ് തുപ്പുന്ന നേതൃത്വം ഇതിനെ ഒരു സാധാരണ കാര്യമായി മാറ്റിക്കൊണ്ടിരിക്കുകയാണെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

ഭയത്തിലും അധിക്ഷേപത്തിലുമല്ല, മറിച്ച് പരസ്പര ബഹുമാനത്തിലും ഐക്യത്തിലുമാണ് ഇന്ത്യ കെട്ടിപ്പടുത്തിരിക്കുന്നത്. സ്‌നേഹത്തിന്റെയും വൈവിധ്യത്തിന്റെയും രാജ്യമാണ് നമ്മുടേത്. സഹപൗരന്മാർ ആക്രമിക്കപ്പെടുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കുന്ന ജീവനില്ലാത്ത ഒരു സമൂഹമായി നാം മാറരുത്. നമ്മുടെ രാജ്യം എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്ന് നാം ഗൗരവമായി ചിന്തിക്കുകയും അതിനെ പ്രതിരോധിക്കുകയും വേണമെന്നും രാഹുൽ പറഞ്ഞു.

Continue Reading

india

ഉന്നാവ് ബലാത്സംഗക്കേസ്; ബിജെപി നേതാവ് കുൽദീപ് സിങ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു

ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹരജിയിലാണ് നടപടി

Published

on

ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗക്കേസിൽ ബിജെപി നേതാവ് കുൽദീപ് സിങ് സിൻ​ഗാറിന്റെ ശിക്ഷ മരവിപ്പിച്ച നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ നൽകിയ ഹരജിയിലാണ് നടപടി. കേസിൽ ബിജെപി നേതാവ് കുൽദീപ് സെൻഗാറിനെതിരെ ബലാത്സംഗക്കുറ്റം സംശയാതീതമായി തെളിയിക്കാനായിട്ടുണ്ട്. വകുപ്പിന്റെ സാങ്കേതികത്വത്തിലാണ് ഹൈക്കോടതിയുടെ നടപടിയെന്നും സിബിഐ സുപ്രിംകോടതിയെ അറിയിച്ചു.

പ്രതി പൊതുസേവകൻ എന്ന ഘടകം കണക്കിലെടുക്കേണ്ടതില്ലെന്നും സിബിഐ വാദിച്ചു. ജീവപര്യന്തം ശിക്ഷ എന്നത് ഇവിടെ സാധുതയുണ്ട്. ഇതിൽ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരായ സിബിഐയുടെ അപ്പീൽ സുപ്രിംകോടതി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്.

ഉന്നാവ് കേസിൽ ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ കുൽദീപ് സെൻഗാർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോഴും ജയിലിൽ തുടരുകയാണെന്നും സോളിസിറ്റർ ജനറൽ സുപ്രിംകോടതിയിൽ അറിയിച്ചു.

Continue Reading

india

യു.പിയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് നേരെ മര്‍ദനം; 25 ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

‘ലവ് ജിഹാദ്’ ആരോപിച്ച് പിറന്നാള്‍ ആഘോഷം അലങ്കോലപ്പെടുത്തുകയും ആളുകളെ മര്‍ദിക്കുകയും ചെയ്‌തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

Published

on

യു.പിയിലെ ബറേലിയില്‍ ‘ലവ് ജിഹാദ്’ ആരോപിച്ച് പിറന്നാള്‍ ആഘോഷം തടസ്സപ്പെടുത്തി ആക്രമണം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ആഘോഷത്തില്‍ പങ്കെടുത്ത മുസ്‌ലിംകളായ യുവാക്കളടക്കമുള്ളവരെ മര്‍ദിച്ചതില്‍ ബജ്‌റങ് ദള്‍ നേതാവ് ഋഷഭ് താക്കൂര്‍ അടക്കം കണ്ടാലറിയുന്ന 25 പേര്‍ക്കെതിരെയാണ് ബറേലി പൊലീസ് കേസെടുത്തത്. ‘ലവ് ജിഹാദ്’ ആരോപിച്ച് പിറന്നാള്‍ ആഘോഷം അലങ്കോലപ്പെടുത്തുകയും ആളുകളെ മര്‍ദിക്കുകയും ചെയ്‌തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രേംനഗര്‍ പ്രദേശത്തെ റസ്റ്റോറന്റില്‍ ഒന്നാം വര്‍ഷ ബി.എസ്സി നഴ്സിങ് വിദ്യാര്‍ഥിനിയുടെ പിറന്നാള്‍ ആഘോഷത്തിനിടെയാണ് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. അഞ്ച് സ്ത്രീകളും നാല് പുരുഷന്മാരും ഉള്‍പ്പെടെ ഒമ്പത് സുഹൃത്തുക്കളാണ് പരിപാടിക്കെത്തിയിരുന്നത്. ഇതില്‍ രണ്ട് യുവാക്കള്‍ മുസ്‌ലിംകളായിരുന്നു.

ഹിന്ദുത്വ പ്രവര്‍ത്തകര്‍ ആഘോഷം തടസ്സപ്പെടുത്തുകയും മുദ്രാവാക്യം വിളിക്കുകയും ‘ലവ് ജിഹാദ്’ ആരോപിക്കുകയുമായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്നെത്തിയ പ്രേംനഗര്‍ പൊലീസ് വിദ്യാര്‍ഥിനിയെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് ഒരു മുസ്‌ലിം യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രമസമാധാനം തകര്‍ത്തതിന് കേസെടുത്ത് മുസ്‌ലിം യുവാക്കള്‍ക്ക് പിഴ ചുമത്തുകയായിരുന്നു. സ്ഥാപനത്തിലെ ഒരു ജീവനക്കാരനും പൊലീസ് പിഴ ചുമത്തി.

എന്നാല്‍ സ്റ്റേഷനിന് പുറത്തുവന്ന 20കാരിയായ പെണ്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിക്കുകയും ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായത്.

Continue Reading

Trending