international
മഴയില്‍ മുങ്ങി ഗസ്സ; കൂടാരങ്ങള്‍ തകര്‍ന്നു; തണുത്തു വിറച്ച് കുഞ്ഞുങ്ങള്‍
കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും അഭയാര്‍ത്ഥി ക്യാമ്പുകളിലെ പതിനായിരക്കണക്കിന് കൂടാരങ്ങള്‍ വെള്ളത്തിനടിയിലായി.
ഗസ്സ: ഇസ്രാഈല്‍ സേനയുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയില്‍ ദുരിതം വിതച്ച് ശീതകാല പേമാരി. കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും അഭയാര്‍ത്ഥി ക്യാമ്പുകളിലെ പതിനായിരക്കണക്കിന് കൂടാരങ്ങള്‍ വെള്ളത്തിനടിയിലായി. കൊടുംതണുപ്പിനെത്തുടര്‍ന്ന് ഈ മാസം മാത്രം ഗസ്സയില്‍ മൂന്ന് നവജാത ശിശുക്കളടക്കം 15 പേര് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശരീരതാപനില അപകടകരമായി താഴുന്ന ഹൈപ്പോതെര്‍മിയ എന്ന അവസ്ഥ മൂലമാണ് മരണങ്ങള് ഏറെയും സംഭവിച്ചിരിക്കുന്നത്.
കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ തെക്കന്‍ ഗാസയിലെ ഖാന് യൂനിസ്, ദയ്റുല്‍ ബലാഹ് എന്നിവിടങ്ങളിലെ തമ്പുകള്‍ ചെളിയില്‍ കുതിര്‍ന്നു. തുണിയും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുണ്ടാക്കിയ ഏകദേശം 42,000 കൂടാരങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ നശിച്ചു. ഭക്ഷണവും വസ്ത്രങ്ങളും കിടക്കകളും ചെളിവെള്ളത്തില്‍ മുങ്ങി. ഇസ്രാഈലിന്റെ ആക്രമണങ്ങളില്‍ കേടുപാട് സംഭവിച്ച പതിനേഴോളം കെട്ടിടങ്ങള്‍ മഴയില്‍ തകര്‍ന്നു വീണു. തമ്പുകളില്‍ ചെളിവെള്ളം കയറിയിരിക്കുകയാണ്. അപകടഭീഷണി നില നില്ക്കുന്ന കെട്ടിടങ്ങളില്‍ നിന്ന് മാറിത്താമസിക്കാന്‍ സിവില്‍ ഡിഫന്‍സ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പോകാന്‍ ഒരിടവുമില്ലാത്ത അവസ്ഥയിലാണ് ഫലസ്തീനികള്‍.
വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും ഗസ്സയിലേക്കുള്ള അവശ്യവസ്തുക്കളുടെ വരവ് ഇസ്രാഈല്‍ തടഞ്ഞുവെക്കുന്നത് ദുരിതം ഇരട്ടിയാക്കുന്നു. നിലവില്‍ മൂന്നു ലക്ഷത്തോളം പുതിയ കൂടാരങ്ങള്‍ ആവശ്യമാണെങ്കിലും വെറും 72,000 എണ്ണം മാത്രമാണ് ഇസ്രാഈല്‍ കടത്തിവിട്ടതെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി വ്യക്തമാക്കി. വെള്ളം പമ്പ് ചെയ്യാനുള്ള മോട്ടോറുകള്‍, മണല്‍ ചാക്കുകള്‍, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ എന്നിവ അതിര്‍ത്തിയില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.
‘രാത്രി ഞങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോയി. കൂടാരങ്ങള്‍ കാറ്റില്‍ പറന്നുപോയി. കുട്ടികള്‍ക്ക് ഒരു ഉണങ്ങിയ തുണി പോലുമില്ല.’- ഖാന് യൂനിസിലെ ക്യാമ്പില്‍ കഴിയുന്ന മജ്ദോലിന്‍ താരാബീന്‍ അല്‍ ജസീറയുടെ പറഞ്ഞു. രണ്ടു വര്‍ഷത്തെ ഇസ്രാഈല്‍ ആക്ര മണത്തില്‍ 71,000ത്തിലധികം പേര് കൊല്ലപ്പെട്ടിട്ടുണ്ട്. വെടിയൊച്ചകള്‍ താല്‍ക്കാലികമായി നിലച്ചപ്പോഴും തണുപ്പും പട്ടിണിയും ഫലസ്തീനികളെ വേട്ടയാടു കയാണ്. ഇസ്രാഈലിനുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഏറുന്നുണ്ടെങ്കിലും ഗസ്സയിലെ ജനതയുടെ മരവിച്ച രാത്രികള്‍ക്ക് എന്നാണ് അറുതിയുണ്ടാകുക എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.
international
റോഡരികില്‍ നമസ്കരിക്കുന്ന യുവാവിന്റെ മേല്‍ വാഹനം ഇടിച്ചുകയറ്റി; ഫലസ്തീന് യുവാവിന് പരിക്ക്
കുടിയേറ്റക്കാരനായ ഇസ്രായേലി റിസര്‍വ് സൈനികനാണ് യുവാവിനെ ആക്രമിച്ചത്.
ഗസ്സ സിറ്റി: റോഡരികില്‍ നമസ്കരിക്കുകയായിരുന്ന ഫലസ്തീന് യുവാവിനുമേല്‍ വാഹനം ഇടിച്ചുകയറ്റി ഇസ്രായേലി സൈനികന്. ഫലസ്തീന് യുവാവിന് പരിക്ക്. കുടിയേറ്റക്കാരനായ ഇസ്രായേലി റിസര്‍വ് സൈനികനാണ് യുവാവിനെ ആക്രമിച്ചത്. ആക്രമണത്തില്‍ യുവാവിന്റെ ഇരുകാലുകള്‍ക്കും പരിക്കേറ്റു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ റോഡരികിലാണ് സംഭവം. റാമല്ല നഗരത്തിന് വടക്കുള്ള ദെയ്ര് ജരീര്‍ ഗ്രാമത്തിന് സമീപം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെയാണ് ഫലസ്തീന് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. നമസ്കരിക്കുകയായിരുന്ന ഫലസ്തീന് യുവാവിന് മുകളിലൂടെ തോക്കുധാരിയായ ഇസ്രായേലി കുടിയേറ്റക്കാരന് ചെറു ആള് ടെറൈന്‍ വാഹനം (എ.ടി.വി) ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍നിന്ന് ഇറങ്ങിയ അക്രമി, ഇവിടം വിട്ടുപോകണമെന്ന് ഫലസ്തീന് യുവാവിനോട് ആക്രോശിക്കുകയും ചെയ്തു.
അക്രമി ഗ്രാമത്തിന് സമീപം ഔട്ട്പോസ്റ്റ് സ്ഥാപിച്ച് സമീപത്തെ റോഡുകള്‍ തടസ്സപ്പെടുത്തി ഫലസ്തീനികളെ സ്ഥിരമായി ശല്യപ്പെടുത്താറുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അക്രമം നടത്തിയയാള്‍ ഇസ്രായേലി റിസര്‍വ് സൈനികനാണെന്ന് ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. എന്നാല്‍, സംഭവത്തില്‍ ഇതുവരെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. ഇയാള്‍ മുമ്പ് സിവിലിയന്‍ വസ്ത്രം ധരിച്ച് ഫലസ്തീന് ഗ്രാമത്തിനുള്ളില്‍ കയറി വെടിവെപ്പ് നടത്തിയിരുന്നു.
international
പ്രവാസിയോട് എയര്‍ ഇന്ത്യയുടെ അനാസ്ഥ; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചര്‍ അനുവദിച്ചില്ല
സ്റ്റ്രെച്ചര് ടിക്കറ്റിനായി കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയര്‍ ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവില്‍ ചെറിയ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും, മുമ്പ് സമര്‍പ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതര്‍ അറിയിച്ചു.
റിയാദ്: പ്രവാസിയോടുള്ള എയര്‍ ഇന്ത്യയുടെ അനാസ്ഥ വിവാദമാകുന്നു. കെട്ടിടത്തില്‍ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാന്‍ സ്ട്രെച്ചര്‍ അനുവദിച്ചില്ല. സ്റ്റ്രെച്ചര് ടിക്കറ്റിനായി കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയര്‍ ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവില്‍ ചെറിയ വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നും, മുമ്പ് സമര്‍പ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതര്‍ അറിയിച്ചു.
റിയാദില്‍ നിര്‍മാണ മേഖലയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി രാഘവന് തുളസി (56)യാണ് എയര്‍ ഇന്ത്യയുടെ അനാസ്ഥയ്ക്ക് ഇരയായത്. കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മാണ ജോലികള്‍ ചെയ്തുവരുന്ന ഇദ്ദേഹം, ജോലി സ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. ലിഫ്റ്റിനായി നിര്‍മിച്ചിരുന്ന കുഴിയിലേക്കാണ് അദ്ദേഹം പതിച്ചത്. ഉടന്‍ തന്നെ സുമേഷിയിലെ കിങ് സൗദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ ചികിത്സയ്ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്തതിനാല്‍, ഭീമമായ തുക മുന്‍കൂര്‍ അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം, മറ്റ് വിമാനകമ്പനികള്‍ 30,000 മുതല്‍ 35,000 റിയാല്‍ വരെ സ്റ്റ്രെച്ചര് ടിക്കറ്റിനായി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. റിയാദില്‍ ചികിത്സ തുടരുന്നതിനും സമാനമായ തുക തന്നെ ചെലവാകുമെന്ന സാഹചര്യത്തില്‍, ചികിത്സ ഇവിടെ തന്നെ തുടരാന്‍ രാഘവന് തുളസിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. മുന്‍കാലങ്ങളില്‍, ഡോക്ടറുടെയോ പ്രത്യേക മെഡിക്കല്‍ ഉപകരണങ്ങളുടെയോ ആവശ്യമില്ലാത്ത സ്റ്റ്രെച്ചര് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ 12,000 റിയാല്‍ വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
international
സൗദിയില്‍ വ്യാപക മഴയ്ക്ക് സാധ്യത; മിന്നല്‍ പ്രളയ മുന്നറിയിപ്പുമായി കാലാവസ്ഥാകേന്ദ്രം
വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
റിയാദ്, ഖസീം, ഹൈല്‍, മദീന, മക്ക, അല്‍ബാഹ, അസീര്‍, ജസാന്‍, കിഴക്കന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മിതമായതോ കനത്തതോ ആയ ഇടിമിന്നലോടുകൂടിയ മഴ, ആലിപ്പഴ വര്‍ഷം, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വടക്കന്‍ അതിര്‍ത്തികള്‍, അല്‍ജൗഫ്, തബൂക്ക് മേഖലകളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം.
അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്, ഡിസംബര്‍ 18 വരെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം, ശൈത്യകാലം ആരംഭിച്ചതോടെ സൗദിയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചിരുന്നു. മഴയെത്തുടര്‍ന്ന് പച്ചപ്പണിഞ്ഞ സൗദിയുടെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ ചിത്രങ്ങള്‍ സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.
വടക്കന്‍ സൗദിയിലെ അല്‍നഫൂദ് (ഗ്രേറ്റ് നഫൂദ് മരുഭൂമി) ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിച്ചതോടെ മണല്‍ക്കുന്നുകള്‍ മനോഹരമായ രൂപങ്ങളിലേക്ക് മാറി. നീരുറവകളും ചെറുതടാകങ്ങളും രൂപപ്പെട്ടതോടെ സൗദിയിലെ രണ്ടാമത്തെ വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമായ ഈ പ്രദേശം പുതുജീവന്‍ കൈവരിച്ചു.
വടക്കന്‍ അതിര്‍ത്തി പ്രവിശ്യയിലെ വാദി അറാര്‍ സജീവമാകുകയും പ്രവിശ്യയിലെ 11 ഡാമുകളില്‍ വെള്ളം നിറയുകയും ചെയ്തു. അറാര്‍ നഗരത്തിലെ മരുഭൂമികള്‍ ട്രെക്കിംഗ് പ്രേമികള്‍ക്കും പ്രകൃതി സ്നേഹികള്‍ക്കും പ്രിയപ്പെട്ട കേന്ദ്രങ്ങളായി മാറി. തെക്കുപടിഞ്ഞാറന്‍ സൗദിയിലെ അസീര്‍ മേഖലയും സമീപ പ്രദേശങ്ങളും മലമുകളിലെ മഞ്ഞും അബ്ഹ നഗരത്തിന്റെ ശൈത്യകാല ഭംഗിയും കൊണ്ട് ശ്രദ്ധ നേടുകയാണ്.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala3 days ago‘ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala12 hours agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala3 days agoമുസ്ലിംകള്ക്കെതിരെ ഗറില്ല യുദ്ധത്തിന് ആഹ്വാനം ചെയ്ത് തെലങ്കാന എംഎല്‍എ ടി.രാജാ സിങ്
