Connect with us

News

പരിക്ക് ഭേദമാകാതെ ശ്രേയസ് അയ്യര്‍; കീവീസിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കില്ല

സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ ഫീല്‍ഡിങ്ങിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസ്, ന്യൂസിലന്‍ഡിനെതിരായ ജനുവരിയിലെ ഏകദിന പരമ്പരയില്‍ നിന്ന് പുറത്താകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Published

on

മുംബൈ: ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യറുടെ ടീമിലേക്കുള്ള തിരിച്ചുവരവ് വീണ്ടും വൈകുന്നു. സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ ഫീല്‍ഡിങ്ങിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസ്, ന്യൂസിലന്‍ഡിനെതിരായ ജനുവരിയിലെ ഏകദിന പരമ്പരയില്‍ നിന്ന് പുറത്താകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന താരത്തിന്റെ ശരീരഭാരം ഏകദേശം ആറു കിലോയോളം കുറഞ്ഞിരുന്നു. പരിക്കില്‍ നിന്ന് മോചിതനായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചെങ്കിലും പൂര്‍ണമായ കായികക്ഷമത ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 30 കാരനായ ശ്രേയസ് ശരീരഭാരം ഭാഗികമായി തിരിച്ചുപിടിച്ചെങ്കിലും മത്സരത്തിനുള്ള ക്ലിയറന്‍സ് ലഭിക്കാന്‍ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.

വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി കളിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മെഡിക്കല്‍ സംഘത്തിന്റെ അനുമതി താരത്തിന് ലഭിച്ചില്ല. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിക്കേണ്ടതുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ജനുവരി ഒമ്പതിനാകും ബിസിസിഐയുടെ അന്തിമ അനുമതി ലഭിക്കുക എന്നാണ് വിവരം. ഇത് കീവീസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നതിന് വെറും രണ്ടു ദിവസം മുമ്പാണ്.

ജനുവരി 11, 14, 18 തീയതികളിലാണ് ഇന്ത്യ–ന്യൂസിലന്‍ഡ് ഏകദിന മത്സരങ്ങള്‍. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ജനുവരി മൂന്നോ നാലോ പ്രഖ്യാപിച്ചേക്കും. ട്വന്റി20 ലോകകപ്പ് സ്‌ക്വാഡിലും ശ്രേയസ് അയ്യര്‍ ഇടം നേടിയിട്ടില്ല. ഇതോടെ വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ട് ഘട്ടത്തിലൂടെയാകും താരം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക എന്നതാണ് സാധ്യത.

ശ്രേയസ് അയ്യറുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ഋതുരാജ് ഗെയ്ക്വാദാകും കളിക്കുക. റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഋതുരാജ് സെഞ്ച്വറി നേടിയിരുന്നു.

ഏകദിന പരമ്പരയ്ക്ക് പിന്നാലെ കീവീസിനെതിരെ അഞ്ച് ട്വന്റി20 മത്സരങ്ങളും ഇന്ത്യ കളിക്കും. ട്വന്റി20 ലോകകപ്പിനുള്ള ടീമിനെയാണ് ഈ പരമ്പരയ്ക്കും നിലനിര്‍ത്തുന്നത്.

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീം:
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍, റിങ്കു സിങ്.

Film

600 കോടി ഒ.ടി.ടി ഡീൽ; അല്ലു അർജുൻ–അറ്റ്‌ലി ചിത്രം ‘AA22 X A6’യ്ക്ക് നെറ്റ്ഫ്ലിക്സ് മുന്നിൽ

തിയറ്റർ റിലീസിന് പിന്നാലെ ഒ.ടി.ടി സ്ട്രീമിംഗിന് പ്രേക്ഷക സ്വീകാര്യത വർധിച്ചതോടെയാണ് വമ്പൻ സിനിമകളുടെ ഡിജിറ്റൽ അവകാശങ്ങൾക്കായി പ്ലാറ്റ്‌ഫോമുകൾ തമ്മിൽ ശക്തമായ മത്സരം നടക്കുന്നത്.

Published

on

മുംബൈ: സിനിമയും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള ബന്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, അല്ലു അർജുന്റെ വരാനിരിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘AA22 X A6’ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. തിയറ്റർ റിലീസിന് പിന്നാലെ ഒ.ടി.ടി സ്ട്രീമിംഗിന് പ്രേക്ഷക സ്വീകാര്യത വർധിച്ചതോടെയാണ് വമ്പൻ സിനിമകളുടെ ഡിജിറ്റൽ അവകാശങ്ങൾക്കായി പ്ലാറ്റ്‌ഫോമുകൾ തമ്മിൽ ശക്തമായ മത്സരം നടക്കുന്നത്.

ഈ സാഹചര്യത്തിൽ, ‘AA22 X A6’യുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ് മുന്നോട്ടുവന്നതായാണ് റിപ്പോർട്ടുകൾ. ഏകദേശം 600 കോടി രൂപയ്ക്കാണ് കരാർ ചർച്ചകൾ നടക്കുന്നതെന്ന സൂചനയുണ്ട്. ചർച്ചകൾ അവസാനഘട്ടത്തിലാണെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കരാർ യാഥാർഥ്യമാകുകയാണെങ്കിൽ, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഒ.ടി.ടി ഡീലുകളിൽ ഒന്നായിരിക്കും ഇത്.

ഏപ്രിലിലാണ് അല്ലു അർജുൻ–അറ്റ്‌ലി കൂട്ടുകെട്ടിലെ ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ഏകദേശം 1000 കോടി രൂപ ബജറ്റിലാണ് നിർമ്മിക്കുന്നത് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നായി ചിത്രം മാറുമെന്നാണ് വിലയിരുത്തൽ. ‘പുഷ്പ: ദ റൈസ്’, ‘പുഷ്പ: ദ റൂൾ’ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷമാണ് അല്ലു അർജുൻ ഈ മെഗാ പ്രോജക്ടിലേക്ക് കടക്കുന്നത്.

ദീപിക പദുകോൺ, ജാൻവി കപൂർ, രശ്മിക മന്ദാന, മൃണാൾ താക്കൂർ എന്നിവരടങ്ങുന്ന വൻ താരനിരയാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിന് പുറമെ ഹോളിവുഡിലെ പ്രമുഖ വി.എഫ്.എക്‌സ് വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാണെന്ന് റിപ്പോർട്ടുകളുണ്ട്. 2026-ന്റെ പകുതിയോടെ ചിത്രീകരണം പൂർത്തിയാകുമെന്നും 2027ൽ ചിത്രം തിയറ്ററുകളിലെത്തുമെന്നുമാണ് സൂചന.

Continue Reading

kerala

കടകംപള്ളിയെ രഹസ്യമായി ചോദ്യം ചെയ്തതിനെ വിമര്‍ശിച്ച് കെ. മുരളീധരന്‍

കടകംപള്ളിയേയും പ്രശാന്തിനേയും രഹസ്യമായി ചോദ്യം ചെയ്തതെന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ചോദിച്ചു.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും രഹസ്യമായി ചോദ്യം ചെയ്ത നടപടിയെ കോണ്‍ഗ്രസ് നേതാക്കള്‍  വിമര്‍ശിച്ചു. കടകംപള്ളിയേയും പ്രശാന്തിനേയും രഹസ്യമായി ചോദ്യം ചെയ്തതെന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ചോദിച്ചു.

സ്വര്‍ണക്കൊള്ളയെക്കുറിച്ച് കടകംപള്ളിക്ക് ഒന്നും അറിയില്ലെന്ന് പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുകയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ഭാഗത്ത് നിന്ന് പലതും മറച്ചുപിടിക്കുന്ന നീക്കങ്ങളുണ്ടാകുന്നുവെന്നും അന്വേഷണ നടപടി കൂടുതല്‍ സുതാര്യമാകണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സി.പി.എമ്മിലെ എ. പത്മകുമാര്‍, എന്‍. വാസു, ദേവസ്വം ബോര്‍ഡ് അംഗം എന്‍. വിജയകുമാര്‍ എന്നിവര്‍ നിലവില്‍ ജയിലിലാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒടുവില്‍ അറസ്റ്റിലായ വിജയകുമാര്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് സി.പി.എമ്മിന്റെ കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്ന ആളാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യാന്തര ബന്ധമുള്ള സ്വര്‍ണക്കൊള്ളയായതിനാല്‍ എസ്.ഐ.ടി അന്വേഷണത്തിന് പരിമിതികളുണ്ടെന്നും അതുകൊണ്ടാണ് ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ശബരിമലയില്‍ നടന്ന കൊള്ളയെക്കുറിച്ച് മന്ത്രിക്ക് ഒന്നുമറിയില്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വരണമെന്നും ശക്തമായ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ശനിയാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇരുവരെയും ഒരേ ദിവസമാണ് ചോദ്യം ചെയ്തത്. കടകംപള്ളി സുരേന്ദ്രനെ മൂന്നര മണിക്കൂറിലധികം സമയം ചോദ്യം ചെയ്തതായാണ് വിവരം.

Continue Reading

News

55 വിക്കറ്റ്, ചരിത്ര റെക്കോഡ്;2025 സൂപ്പര്‍ സ്റ്റാര്‍ സ്റ്റാര്‍കിന്റെ സുവര്‍ണ വര്‍ഷം

ഈ വിജയകഥയ്ക്ക് പിന്നില്‍ ഒരു കോച്ചിന്റെ ദൂരദര്‍ശനവുമുണ്ട്. സിഡ്‌നിയിലെ ബെറേല ക്രിക്കറ്റ് ക്ലബ്ബിലെ കോച്ച് നീല്‍ ഡിക്കോസ്റ്റയുടെ ശ്രദ്ധ പതിഞ്ഞത് ഒരു പതിന്നാലുകാരന്റെ ശക്തമായ ത്രോയിലായിരുന്നു.

Published

on

2025 ടെസ്റ്റ് ക്രിക്കറ്റ് സീസണ്‍ അവസാനിക്കുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എന്ന പേര് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സ്വര്‍ണക്ഷരങ്ങളില്‍ എഴുതപ്പെട്ടിരിക്കുകയാണ്. 11 ടെസ്റ്റുകളില്‍ നിന്ന് 55 വിക്കറ്റുകള്‍ സ്വന്തമാക്കി സ്റ്റാര്‍ക് സൂപ്പര്‍ സ്റ്റാറായ വര്‍ഷമാണ് കടന്നുപോയത്. വസീം അക്രത്തെ മറികടന്ന് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇടംകൈയന്‍ പേസര്‍ എന്ന റെക്കോഡും (428 വിക്കറ്റ്) സ്റ്റാര്‍ക് സ്വന്തമാക്കി. സ്റ്റാര്‍ക്കിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം ഈ ആഷസ് പരമ്പരയിലായിരുന്നു. പെര്‍ത്ത് ടെസ്റ്റില്‍ വെറും 58 റണ്‍സ് വഴങ്ങി ഇംഗ്ലണ്ടിന്റെ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രകടനം ക്രിക്കറ്റ് ലോകം അമ്പരപ്പോടെ കണ്ടു.

സമീപകാലത്ത് പേസ് അല്പം കുറഞ്ഞെങ്കിലും ഇന്നും സ്റ്റാര്‍ക് എറിയുന്ന പന്തുകള്‍ മണിക്കൂറില്‍ 140 കിലോമീറ്ററിലേറെ വേഗമുണ്ട്. ഓസ്‌ട്രേലിയക്കായി ടെസ്റ്റില്‍ സ്റ്റാര്‍ക് എറിയുന്ന ആദ്യ ഓവറുകള്‍ തന്നെ ഒരു ഡോക്യുമെന്ററിയാക്കാവുന്നതാണ്. മിക്കപ്പോഴും ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റ് വീഴ്ത്തുന്ന സ്റ്റാര്‍ക്, തന്റെ കരിയറില്‍ 26 തവണ ആദ്യ ഓവറില്‍ വിക്കറ്റ് നേടിയിട്ടുണ്ട്. ഈ പ്രായത്തിലും ഇത്ര വേഗത്തിലും കൃത്യതയിലും പന്തെറിയുന്നത് എങ്ങനെ എന്ന ചോദ്യത്തിന് ഓസ്‌ട്രേലിയന്‍ കോച്ച് ആന്‍ഡ്രൂ മക്‌ഡോണാള്‍ഡ് ഒരു പോഡ്കാസ്റ്റില്‍ നല്‍കിയ മറുപടി ശ്രദ്ധേയമാണ്: ‘എനിക്കറിയില്ല അയാള്‍ക്ക് ഇതെങ്ങനെ സാധിക്കുന്നുവെന്ന്. ടീം ഫിസിയോ എന്നോട് പറഞ്ഞത് സ്റ്റാര്‍ക് ഒരു പ്രതിഭാസമാണെന്നാണ്.’ സ്റ്റാര്‍ക്കിന് 2026 ജനുവരിയില്‍ 36 വയസാകും. എന്നാല്‍ പ്രായം അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഈ സീസണ്‍. ഈ വിജയകഥയ്ക്ക് പിന്നില്‍ ഒരു കോച്ചിന്റെ ദൂരദര്‍ശനവുമുണ്ട്. സിഡ്‌നിയിലെ ബെറേല ക്രിക്കറ്റ് ക്ലബ്ബിലെ കോച്ച് നീല്‍ ഡിക്കോസ്റ്റയുടെ ശ്രദ്ധ പതിഞ്ഞത് ഒരു പതിന്നാലുകാരന്റെ ശക്തമായ ത്രോയിലായിരുന്നു.

വിക്കറ്റ് കീപ്പറായിരുന്ന ആ കുട്ടിയുടെ ത്രോയില്‍ അസാധാരണ ശക്തി കണ്ട കോച്ച് ഗ്ലൗ ഊരിവാങ്ങി പന്തെറിയാന്‍ പറഞ്ഞു. ‘ഞാന്‍ വിക്കറ്റ് കീപ്പറാണ്,’ എന്നായിരുന്നു മറുപടി. ‘പറഞ്ഞത് ചെയ്യൂ’ എന്നായിരുന്നു കോച്ചിന്റെ മറുപടി. അടുത്ത ദിവസങ്ങളില്‍ പരിശീലനത്തിന് എത്തുന്ന അവന് നാല് ബക്കറ്റ് നിറയെ പന്തുകള്‍ നല്‍കി. അത് എറിഞ്ഞുതീര്‍ത്തിട്ടേ പോകാന്‍ അനുവദിക്കുമായിരുന്നില്ല. ബൗളിങ് അവന് ഇഷ്ടമായിരുന്നില്ല. ഒരിക്കല്‍ കോച്ച് അവനെ വിളിച്ചിരുത്തി പറഞ്ഞു: ‘ഒരിക്കല്‍ നീ ഓസ്‌ട്രേലിയക്കുവേണ്ടി കളിക്കും’ അത് വേണോ, അതോ ഗ്രൗണ്ടിന് പുറത്ത് വര്‍ത്തമാനം പറഞ്ഞിരിക്കുന്നവരെപ്പോലെയാകണോ? ആ വാക്കുകളാണ് അവന്റെ മനസ്സ് മാറ്റിയത്. ഫാസ്റ്റ് ബൗളറാകാനുള്ള തയ്യാറെടുപ്പ് അവന്‍ ആരംഭിച്ചു. കോച്ചിന്റെ വാക്കുകള്‍ വെറുതെയായില്ല. 2010ല്‍ മിച്ചല്‍ സ്റ്റാര്‍ക് ഓസ്‌ട്രേലിയക്കുവേണ്ടി അരങ്ങേറ്റം നടത്തി. തുടര്‍ന്ന് ലോകത്തെ ഏറ്റവും മികച്ച ഇടംകൈയന്‍ പേസര്‍മാരിലൊരാളായി, ‘ടെസ്റ്റ് സ്റ്റാര്‍’ എന്ന പേരിന് അര്‍ഹനായി മാറി.

Continue Reading

Trending