News
സമാധാന നൊബേല്‍ കിട്ടാത്ത ട്രംപിന് ‘ഇസ്രാഈല്‍ പുരസ്കാരം’ പ്രഖ്യാപനവുമായി നെതന്യാഹു
ഫ്ലോറിഡയില്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
സമാധാന നൊബേല്‍ ആവശ്യപ്പെട്ടിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇസ്രാഈലിന്റെ സമാധാന പുരസ്കാരം. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധവും സംഘര്‍ഷവും അവാനിപ്പിച്ചെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഫ്ലോറിഡയില്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച ഫ്ലോറിഡയിലെ മാര്‍എലാഗോയിലെ ട്രംപിന്റെ വസതിയില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ട്രംപുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് നെതന്യാഹു പുരസ്കാര പ്രഖ്യാപനം നടത്തിയത്. 80 വര്‍ഷത്തിനിടെ ആദ്യമായാണ് ഇസ്രാഈലി പൗരനല്ലാത്ത ഒരാള്‍ക്ക് ‘ഇസ്രാഈല്‍ പുരസ്കാരം’ നല്‍കുന്നതെന്നും നെതന്യാഹു പറഞ്ഞു. ബഹുമതി അപ്രതീക്ഷിതവും ഏറെ വിലമതിക്കുന്നതുമാണെന്ന് ട്രംപ് പ്രതികരിച്ചു.
‘പ്രസിഡന്റ് ട്രംപ് ആളുകളെ അത്ഭുതപ്പെടുത്താന്‍ പല പതിവുരീതികളും ലംഘിച്ചു, അതിനാല്‍ ഞങ്ങളും ഒരു പതിവ് ലംഘിക്കാന്‍ തീരുമാനിച്ചു. അതായത് 80 വര്‍ഷത്തിനിടെ ഇസ്രാഈലി അല്ലാത്ത ഒരാള്‍ക്ക് നല്‍കാത്ത ഇസ്രാഈല്‍ പുരസ്കാരം അദ്ദേഹത്തിന് നല്കാന് തീരുമാനിച്ചു. ഇസ്രാഈലിനും ജൂത ജനതയ്ക്കും നല്കിയ മഹത്തായ സംഭാവനകള്‍ക്ക് പാരിതോഷികമെന്നോണം ട്രംപിന് ഈ പുരസ്കാരം നല്‍കണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു’ നെതന്യാഹു പറഞ്ഞു.
ഇതിനു മുമ്പ് ഒരിക്കലും സമാധാന പുരസ്കാരം നല്‍കിയിട്ടില്ല. ഇതാദ്യമായാണ് സമാധാന വിഭാഗത്തില്‍ ഇസ്രാഈല്‍ ഒരാള്‍ക്ക് പുരസ്കാരം നല്‍കുന്നത്. ഇസ്രാഈലിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയാണ് ഇസ്രാഈല്‍ പുരസ്കാരം. പരമ്പരാഗതമായി ഭരണകൂടം ശാസ്ത്രം, കല, മാനവികത തുടങ്ങിയ മേഖലകളിലെ മികവിനാണ് ഇത് ഇസ്രാഈലി പൗരന്മാര്ക്ക് നല്‍കുന്നത്. എന്നാല്‍ 2025 ജൂലൈയില്‍, വിദേശിയായ ഒരാള്‍ക്ക് ഈ ബഹുമതി നല്കാന് ഇസ്രായേല്‍ പുരസ്കാര നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും ട്രംപിനെ തെരഞ്ഞെടുക്കുകയുമായിരുന്നു.
നേരത്തെ, ഫിഫയുടെ സമാധാന പുരസ്കാരം ട്രംപിന് ലഭിച്ചിരുന്നു. ഡിസംബര്‍ അഞ്ചിന് വാഷിങ്ടണ്‍ ഡിസിയില്‍ നടന്ന 2026 ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിനിടെയാണ് ഫിഫ ആദ്യ സമാധാന പുരസ്കാരം പ്രഖ്യാപിച്ചത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടാന്‍ വളരെക്കാലമായി താത്പര്യം പ്രകടിപ്പിച്ചിരുന്ന ട്രംപ് ഫിഫയുടെ പ്രഥമ പുരസ്കാരം നേടുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങള്‍ ചേര്‍ന്ന് ആതിഥേയത്വം വഹിക്കുന്ന വരാനിരിക്കുന്ന ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഫിഫ ട്രംപിന് അവാര്‍ഡ് നല്‍കിയത് എന്നായിരുന്നു റിപ്പോര്‍ട്ട്.
ഏഴ് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചെന്നും തനിക്ക് നൊബേലിന് അര്‍ഹതയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ട്രംപിന് നൊബേല്‍ ലഭിക്കാനുള്ള സാധ്യത വിരളമാണെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു.
kerala
സ്വര്‍ണക്കൊള്ളയില്‍ കൂടുങ്ങാന്‍ വമ്പന്‍ സ്രാവുകളുണ്ട്, കടകംപള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല; രമേശ് ചെന്നിത്തല
ഹൈക്കോടതി പറഞ്ഞതും ഇതു തന്നെയാണ്. കടകംപള്ളി സുരേന്ദ്രനറയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ പ്രതികളായി വമ്പന്‍ സ്രാവുകളുണ്ടെന്ന് രമേശ് ചെന്നിത്തല. ആ വമ്പന്‍ സ്രാവുകളെ ചോദ്യം ചെയ്യാതെ വസ്തുതകള്‍ പുറത്തുവരില്ല. ഹൈക്കോടതി പറഞ്ഞതും ഇതു തന്നെയാണ്. കടകംപള്ളി സുരേന്ദ്രനറയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
കേസിലെ അന്വേഷണം ഒരുഘട്ടം കഴിഞ്ഞു മുന്നോട്ടുപോകുന്നില്ല. അതായത് പ്രധാനപ്പെട്ട ആളുകളുടെ അടുത്തേക്ക് അന്വേഷണം എത്തുന്നില്ലന്നര്‍ഥം. കടകംപിള്ളി സുരേന്ദ്രന് ദേവസ്വത്തിന്റെ ചുമതല വഹിച്ചപ്പോഴാണ് ഈ സംഭവം നടക്കുന്നത്. മന്ത്രിയറിയാതെ ഇത്രയും പ്രധാനപ്പെട്ടകാര്യങ്ങള് ശബരിമലയില്‍ നടന്നുവെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? രണ്ടുദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ മാത്രം വിചാരിച്ചാല്‍ ഇത്തരത്തിലൊരു സ്വര്‍ണക്കൊള്ള അവിടെ നടത്താന്‍ കഴിയുമോ? അപ്പോള്‍ ഇതിനൊക്കെ രാഷ്ട്രീയമായ സംരക്ഷണമുണ്ടായിരുന്നു എന്നര്‍ഥം. മൂന്ന് സി.പി.എം നേതാക്കളാണ് സ്വര്‍ണക്കൊള്ളയുടെ പേരില്‍ ജയിലില്‍ കിടക്കുന്നത്. ഇതൊന്നും അന്നത്തെ മന്ത്രിയറിയാതെയാണ് നടന്നതെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. സ്വര്‍ണക്കൊള്ളയുടെ യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരണം. ഇതിനായുള്ള ശക്തമായ പോരാട്ടവുമായി ഞങ്ങള്‍ മുന്നോട്ടുപോകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷണം വേണം എന്നാണ് ഞങ്ങള്‍ ആദ്യം മുതലേ ആവശ്യപ്പെടുന്നത്. കോടതി നിയോഗിച്ച എസ്.ഐ.ടിയുടെ അന്വേഷണം മുന്നോട്ടുപോകുന്നതില്‍ പരാതിയില്ല. കോടതിക്ക് ഇടപെടാന്‍ കഴിയും എന്നതുകൊണ്ടാണ് എസ്.ഐ.ടിയില്‍ ഞങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നത്. എന്നാല്‍ ഈ സ്വര്‍ണക്കൊള്ള രാജ്യാന്തര മാനങ്ങളുള്ള ഒരു കേസാണ്.
അതുകൊണ്ടാണ് സി.ബി.ഐ അന്വേഷിക്കണമെന്ന് പറയുന്നത്. അതിനര്‍ഥം എസ്.ഐ.ടിയില്‍ വിശ്വാസിമില്ല എന്നല്ല. കടകംപിള്ളിയെയും രണ്ടുദേവസ്വം മുന്‍ അധ്യക്ഷന്മാരെയും ചോദ്യം ചെയ്തത് കൊണ്ടൊന്നും ഇത് അവസാനിക്കില്ല. ഇതിന്റെ കണ്ണികള്‍ വിദേശത്താണ്. യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ ഇതവസാനിക്കില്ല. ഇതുമായി ബന്ധപ്പെട്ട വന്‍സ്രാവുകള്‍ വലയില്‍ കുടുങ്ങുക തന്നെ ചെയ്യും.
അറസ്റ്റിലായ സി.പി.എം നേതാക്കള്‍ക്കെതിരെ കേസെടുക്കാതിരുന്നത് വലിയ തലക്കെട്ട് വരുമെന്ന് വിചാരിച്ചാണ് എന്ന് സംസ്ഥാന സെക്രട്ടരി എം.വി ഗോവിന്ദന് പറയുന്നത് കേട്ടപ്പോള്‍ അദ്ദേഹത്തോട് സഹതാപം തോന്നി. ജനങ്ങളെ പേടിയില്ലാത്ത പാര്‍ട്ടിയാണ് സി.പി.എം. എന്നിട്ടാണോ പത്രക്കാരുടെ തലക്കെട്ടിനെ പേടിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
കേരളത്തില്‍ ഒന്നും ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക സര്‍ക്കാറിനെ ഉപദേശിക്കേണ്ട എന്നും രമേശ് ചെന്നിത്തല ഓര്‍മപ്പെടുത്തി. കര്‍ണാടകയിലെ മുഖ്യമന്ത്രിക്കറിയാം എന്തുചെയ്യണമെന്ന്. അവിടെ ബുള്‍ഡോസര്‍രാജൊന്നും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെങ്കില് അവരെ പുനരധിവസിപ്പിക്കുമെന്ന് അവിടുത്തെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതിനകത്ത് രാഷ്ട്രീയ മുതലെടുപ്പിന് സി.പി.എം ശ്രമിക്കേണ്ട. അത് നടക്കാനും പോകുന്നില്ല. കേരളത്തിലെ ന്യുനപക്ഷങ്ങളെ ഇതുപോലെ പീഡിപ്പിച്ചൊരു സര്‍ക്കാറുണ്ടായിട്ടില്ല.
അവരുടെ എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തിവച്ച സര്‍ക്കാറാണിത്. ഇപ്പോള്‍ ന്യൂനപക്ഷങ്ങള്‍ ഒറ്റെക്കെട്ടായി സി.പി.എമ്മിനെതിരെ വോട്ടു ചെയ്തപ്പോള്‍ അവരെ പിടിക്കാന്‍ എന്താ മാര്‍ഗമെന്നന്വേഷിക്കുകയാണ്. മാറിമാറി വര്‍ഗീയത പരീക്ഷിക്കുകയാണ്. ഇതൊക്കെ തിരിച്ചറിയാനുള്ള വിവരം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ വലിയ പരാജയം ഉണ്ടായിട്ടും അത് സമ്മതിക്കാന്‍ സി.പി.എമ്മിന് കഴിയുന്നില്ല. ജനങ്ങളുടെ വിധിയെഴുത്തിനെ സി.പി.എം അംഗീകരിക്കുന്നില്ല. അതു കൊണ്ടുതന്നെ അവരെ ആരു വിചാരിച്ചാലും രക്ഷിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
kerala
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ‘ആരും നിഷ്കളങ്കരല്ല’; ചോദ്യംചെയ്യല്‍ നീട്ടിയത് സിപിഎമ്മിനെ രക്ഷിക്കാന്‍ വി.ഡി. സതീശന്
തെരഞ്ഞെടുപ്പ് കഴിയുംവരെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യംചെയ്യല്‍ മനപ്പൂര്‍വ്വം നീട്ടിക്കൊണ്ടുപോയത് സിപിഎമ്മിന് രാഷ്ട്രീയ ക്ഷീണം ഉണ്ടാകുമെന്ന ഭയത്താലാണെന്നും, കോടതി ഇടപെട്ടതോടെയാണ് ഇപ്പോള്‍ ചോദ്യംചെയ്യല്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി/തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരും നിഷ്കളങ്കരല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തെരഞ്ഞെടുപ്പ് കഴിയുംവരെ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചോദ്യംചെയ്യല്‍ മനപ്പൂര്‍വ്വം നീട്ടിക്കൊണ്ടുപോയത് സിപിഎമ്മിന് രാഷ്ട്രീയ ക്ഷീണം ഉണ്ടാകുമെന്ന ഭയത്താലാണെന്നും, കോടതി ഇടപെട്ടതോടെയാണ് ഇപ്പോള്‍ ചോദ്യംചെയ്യല്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്ഐടിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘത്തില്‍ ഇപ്പോഴും വിശ്വാസമുണ്ടെന്നും സതീശന് വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണത്തില്‍ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടകംപള്ളി സുരേന്ദ്രന് ഉണ്ണികൃഷ്ണന് പോറ്റിയുമായി അടുത്ത ബന്ധമുണ്ടെന്നും ശബരിമല സംബന്ധമായ കാര്യങ്ങളില്‍ അദ്ദേഹം ഇടപെടാറുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
റിമാന്‍ഡിലുള്ളവര്‍ കൂടുതല്‍ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന ഭയം സര്‍ക്കാരിനുണ്ടെന്നും, അതുകൊണ്ടാണ് അന്വേഷണ നടപടികളില്‍ വൈകല്യവും ആശയക്കുഴപ്പവും ഉണ്ടാകുന്നതെന്നും വി.ഡി. സതീശന് പറഞ്ഞു.
News
പരിക്ക് ഭേദമാകാതെ ശ്രേയസ് അയ്യര്‍; കീവീസിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കില്ല
സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ ഫീല്‍ഡിങ്ങിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസ്, ന്യൂസിലന്‍ഡിനെതിരായ ജനുവരിയിലെ ഏകദിന പരമ്പരയില്‍ നിന്ന് പുറത്താകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മുംബൈ: ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യറുടെ ടീമിലേക്കുള്ള തിരിച്ചുവരവ് വീണ്ടും വൈകുന്നു. സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ ഫീല്‍ഡിങ്ങിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസ്, ന്യൂസിലന്‍ഡിനെതിരായ ജനുവരിയിലെ ഏകദിന പരമ്പരയില്‍ നിന്ന് പുറത്താകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന താരത്തിന്റെ ശരീരഭാരം ഏകദേശം ആറു കിലോയോളം കുറഞ്ഞിരുന്നു. പരിക്കില്‍ നിന്ന് മോചിതനായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചെങ്കിലും പൂര്‍ണമായ കായികക്ഷമത ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 30 കാരനായ ശ്രേയസ് ശരീരഭാരം ഭാഗികമായി തിരിച്ചുപിടിച്ചെങ്കിലും മത്സരത്തിനുള്ള ക്ലിയറന്‍സ് ലഭിക്കാന്‍ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി കളിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മെഡിക്കല്‍ സംഘത്തിന്റെ അനുമതി താരത്തിന് ലഭിച്ചില്ല. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിക്കേണ്ടതുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ജനുവരി ഒമ്പതിനാകും ബിസിസിഐയുടെ അന്തിമ അനുമതി ലഭിക്കുക എന്നാണ് വിവരം. ഇത് കീവീസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നതിന് വെറും രണ്ടു ദിവസം മുമ്പാണ്.
ജനുവരി 11, 14, 18 തീയതികളിലാണ് ഇന്ത്യ–ന്യൂസിലന്‍ഡ് ഏകദിന മത്സരങ്ങള്‍. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ജനുവരി മൂന്നോ നാലോ പ്രഖ്യാപിച്ചേക്കും. ട്വന്റി20 ലോകകപ്പ് സ്ക്വാഡിലും ശ്രേയസ് അയ്യര്‍ ഇടം നേടിയിട്ടില്ല. ഇതോടെ വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ട് ഘട്ടത്തിലൂടെയാകും താരം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക എന്നതാണ് സാധ്യത.
ശ്രേയസ് അയ്യറുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ഋതുരാജ് ഗെയ്ക്വാദാകും കളിക്കുക. റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ഋതുരാജ് സെഞ്ച്വറി നേടിയിരുന്നു.
ഏകദിന പരമ്പരയ്ക്ക് പിന്നാലെ കീവീസിനെതിരെ അഞ്ച് ട്വന്റി20 മത്സരങ്ങളും ഇന്ത്യ കളിക്കും. ട്വന്റി20 ലോകകപ്പിനുള്ള ടീമിനെയാണ് ഈ പരമ്പരയ്ക്കും നിലനിര്‍ത്തുന്നത്.
ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീം:
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന് കിഷന്, റിങ്കു സിങ്.
-
kerala2 days ago‘തോറ്റു തൊപ്പിയിട്ടിട്ടും കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരുന്നു’; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് വിഡി സതീശന്
-
india2 days agoപാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; തൊഴിലുറപ്പിനായി കോണ്‍ഗ്രസ് തെരുവിലേക്ക്
-
kerala2 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india2 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം ജനുവരി 31ന്
-
kerala20 hours agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
kerala22 hours agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
More2 days agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
