Connect with us

gulf

അബുദാബിയിലെ വാഹനപകടം:  കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി  നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി

പ്രവാസലോകത്ത് ഇത്തരമൊരു അനുഭവം ഇത് ആദ്യത്തെതാണ്.

Published

on

റസാഖ് ഒരുമനയൂര്‍
ദുബൈ: ആര്‍ക്കും ആരെയും സമാധാനിപ്പിക്കുവാനോ മനസ്സിനെ സ്വയം നിയന്ത്രിക്കുവാനോ കഴിയാത്തവിധം ദു:ഖം അണപൊട്ടിയൊഴുകിയ അന്തരീക്ഷത്തില്‍ നാല് അരുമ സന്താനങ്ങളുടെ ഭൗതിക ശരീരം ആറടി മണ്ണ് ഏറ്റുവാങ്ങി. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ അബുദാബിയിലുണ്ടായ വാഹനപകടത്തില്‍ മരണപ്പെട്ട നാല് കുരുന്നുമക്കളുടെ മയ്യിത്താണ് ഇന്നലെ ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ ദുബൈ സോനാപൂര്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തത്.
സോനാപൂര്‍ ഖബര്‍സ്ഥാനിലേക്ക് ഒഴുകിയെത്തിയവരുടെ കണ്ണില്‍നിന്നും ഒഴുകിയ കണ്ണൂനീര്‍ തുല്യതയില്ലാത്ത സങ്കടക്കടലായിമാറി. പ്രവാസലോകത്ത് ഇത്തരമൊരു അനുഭവം ഇത് ആദ്യത്തെതാണ്.
കിഴിശ്ശേരി സ്വദേശി അബ്ദുല്‍ലത്തീഫ്-റുക്‌സാന ദമ്പതികളുടെ മക്കളായ അഷാസ് (14) അമ്മാര്‍ (12) അയാഷ്(5) അസം (7) എന്നിവരെയാണ് സോനാപൂരില്‍ ഖബറടക്കിയത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന അസം തിങ്കളാഴ്ചയാണ് മരണപ്പെട്ടത്.
ശനിയാഴ്ച രാത്രി അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍  ലിവ ഫെസ്റ്റിന് പോയി മടങ്ങുമ്പോള്‍ ഷഹാമക്കു സമീപമാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. മൂന്നുമക്കള്‍ അപകടസ്ഥലത്തുവെച്ചും അസം തിങ്കളാഴ്ച ആശുപത്രിയില്‍വച്ചുമാ ണ് മരപ്പെട്ടത്. ഇവരോടൊപ്പം സഞ്ചരിച്ചിരുന്ന വീട്ടുജോലിക്കാരിയായ മലപ്പുറം ജില്ലയിലെ ചമ്രവട്ടം സ്വദേശി ബുഷറയു ടെ മയ്യിത്ത് കഴിഞ്ഞദിവസം നാട്ടിലെത്തിച്ചു മറവ് ചെയ്തിരുന്നു. അബുദാബി ഷഖ്ബൂത്ത് ആശുപത്രിയില്‍നിന്നും തുടര്‍ന്ന് ബനിയാസ് മോര്‍ച്ചറിയില്‍നിന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ ദുബൈ യിലെത്തിച്ചത്.
നൊന്തുപെറ്റ നാലുമക്കള്‍ എന്നെന്നേക്കുമായി പിരിഞ്ഞ കാര്യം ഉമ്മ റുക്‌സാനയെ അറിയിച്ചിരുന്നില്ല. ഇന്നലെ  ഖബറടക്കുന്നതിനു അല്‍പ്പം മുമ്പാണ് റുക്‌സാനയെ ചലനമറ്റ നാലുമക്കളുടെ അടുത്തേക്ക് ആംബുലന്‍സില്‍ കൊണ്ടുവന്നത്. പെട്ടെന്ന് ആഘാതം ഉണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ്  റുക്‌സാനയെ തന്റെ അരുമസന്താനങ്ങളുടെ ചലനമറ്റ ശരീരം കാണാനെത്തിച്ചത്. ഈ സമയം മറ്റാരെയും അവിടെ അനുവദിച്ചിരുന്നില്ല.
 റുക്‌സാനയുടെ മാതാവ് ഷാഹിദയും അവധിക്ക് നാട്ടിലായിരുന്ന സഹോദരങ്ങള്‍ മുഹമ്മദ്, ഫാസില്‍ എന്നിവരും സഹോദരിയും കഴിഞ്ഞദിവസം നാട്ടില്‍നിന്നെത്തിയിട്ടുണ്ട്. സ്‌പെയിനിലായിരുന്ന സഹോദരന്‍ ഫാറൂഖും എത്തിയിട്ടുണ്ട്. കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി അബ്ദുല്‍ ലത്തീഫ് ദുബൈയില്‍ ബിസ്‌നസ്സ് നടത്തിവരികയാണ്. റുക്‌സാന വടകര ഒഞ്ചിയം കുന്നുമ്മക്കര സ്വദേശിയാണ്.

gulf

പിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി

കുവൈത്തില്‍ നടന്ന കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

കേരള സര്‍ക്കാര്‍ ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം.പി. ആരോപിച്ചു. കുവൈത്തില്‍ നടന്ന കെ.എം.സി.സി കോഴിക്കോട് ജില്ല സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയില്‍ ചേര്‍ന്നില്ലെങ്കിലും ബി.ജെ.പിക്ക് വേണ്ടി ഭരിക്കുന്ന സര്‍ക്കാറായി കേരള സര്‍ക്കാര്‍ മാറിയെന്നും ഇത് ജനങ്ങള്‍ക്ക് ബോധ്യമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഷാഫി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകള്‍ ബി.ജെ.പിയുടെ നിലപാടുകളായി മാറുകയാണെന്നും, അമിത്ഷായും നരേന്ദ്ര മോദിയും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അംഗീകരിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ നിയമനം, പി.എം. ശ്രീ വിഷയങ്ങള്‍ തുടങ്ങിയവയില്‍ സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും നിലപാടുകള്‍ സി.പി.എമ്മിനകത്ത് തന്നെ ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്ന് ഷാഫി ചൂണ്ടിക്കാട്ടി. ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ഇത് തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മാത്രം ഒതുങ്ങാതെ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാറിന്റെ നിലപാടുകള്‍ ബി.ജെ.പിയുമായി ചേര്‍ന്ന കാഴ്ചപ്പാടുകളാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളെന്നും ഷാഫി പറഞ്ഞു. കേരളത്തില്‍ മാറ്റം വേണമെന്ന് സി.പി.എമ്മുകാര്‍ പോലും ആഗ്രഹിക്കുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ മുദ്രകുത്തുന്ന സമീപനം കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും, മതവിദ്വേഷമില്ലാത്ത സഹിഷ്ണുതയുള്ള സംസ്‌കാരമാണ് കേരളത്തിന്റേതെന്നും ഷാഫി പറഞ്ഞു.

പ്രവാസി വിഷയങ്ങള്‍ ഉപേക്ഷിക്കില്ലെന്നും, യാത്രാപ്രശ്‌നങ്ങള്‍, വിമാന ടിക്കറ്റ് നിരക്ക്, കുവൈത്തില്‍ നിന്ന് കോഴിക്കോട്കണ്ണൂര്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കിയ വിഷയങ്ങള്‍ എന്നിവയില്‍ ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസി മരണങ്ങളില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ കാലതാമസം, എസ്.ഐ.ആര്‍ മൂലം പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാന്‍ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം തുടരുമെന്നും ഷാഫി പറമ്പില്‍ എം.പി പറഞ്ഞു.

 

Continue Reading

gulf

കാൽനടയാത്രക്കാരന് ഗുരുതര പരുക്ക്: 55 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ബഹ്റൈൻ കോടതി ഉത്തരവ്

അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന വ്യക്തിയും ഇൻഷുറൻസ് കമ്പനിയും ചേർന്നാണ് ഈ തുക നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി.

Published

on

മനാമ: അശ്രദ്ധയോടെ വാഹനമോടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കാൽനടയാത്രക്കാരന് 25,097 ബഹ്റൈനി ദിനാർ (ഏകദേശം 55 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകണമെന്ന് ബഹ്റൈൻ കോടതി ഉത്തരവിട്ടു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന വ്യക്തിയും ഇൻഷുറൻസ് കമ്പനിയും ചേർന്നാണ് ഈ തുക നൽകേണ്ടതെന്ന് കോടതി വ്യക്തമാക്കി.

ഇതിന് പുറമെ മെഡിക്കൽ ഫീസ്, കോടതി ചെലവുകൾ എന്നിവയും പ്രതികളിൽ നിന്ന് ഈടാക്കണമെന്നും ഉത്തരവിൽ പറയുന്നു. വാഹനമോടിച്ചിരുന്ന വ്യക്തിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് കോടതി കണ്ടെത്തിയത്.

അപകടത്തിൽ കാൽനടയാത്രക്കാരന്റെ താടിയെല്ല് പൊട്ടുകയും ഓർമ്മശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. കൂടാതെ ശരീരത്തിന്റെ 40 ശതമാനം വരെ തളർച്ച അനുഭവപ്പെട്ടതായി കോടതി രേഖപ്പെടുത്തി. പരുക്കേറ്റ് 25 ദിവസം ഇയാൾ ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ ഡ്രൈവർക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരേ കാൽനടയാത്രക്കാരൻ സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. വിചാരണക്കിടെ പ്രതിക്ക് മുൻപും സമാന കേസുകളിൽ ശിക്ഷ ലഭിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി കനത്ത പിഴയും നഷ്ടപരിഹാരവും വിധിച്ചത്.

Continue Reading

gulf

മരണാനന്തര നടപടികൾ എളുപ്പത്തിലാക്കാൻ ഡിജിറ്റൽ പ്ലാറ്റ്​ഫോം ഒരുക്കി ദുബൈ

Published

on

ദുബൈ: മരണാനന്തര നടപടികൾ ഇനി മുതൽ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാം. ഇതിനായി ‘ജാബിർ’ എന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്​ഫോം അവതരിപ്പിച്ച്​ ദുബൈ  ഹെൽത്ത്​ അതോറിറ്റി. ഇതോടെ മരണ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾക്കായി ഒന്നിലധികം സർക്കാർ സ്ഥാപനങ്ങൾ കയറി ഇറങ്ങുന്നത് ഒഴിവാക്കാൻ കഴിയും.

ഓരോ മരണവുമായി ബന്ധപ്പെട്ട കേസുകൾക്കും ഒരു സര്‍ക്കാര്‍ സേവന ഉദ്യോഗസ്ഥനെ (GSO) അധികൃതർ നിയോഗിക്കും. ശവ സംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ മുതൽ മൃതദേഹം നാട്ടിലേക്ക് അയക്കണമെങ്കിൽ അതിന്റെ നടപടിക്രമങ്ങൾ വരെ ഉദ്യോഗസ്ഥൻ പൂർത്തിയാക്കും. പൊതു, സ്വകാര്യ ആശുപത്രികളിൽ മരണം രജിസ്റ്റർ ചെയ്യുന്നതോടെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങൾക്കും ഇത് സംബന്ധിച്ച വിവരം ലഭിക്കും.

ഇതോടെ മരണസർട്ടിഫിക്കറ്റ് അടക്കുമുള്ള രേഖകൾ ബന്ധുക്കൾക്ക് ഉടൻ തന്നെ ലഭിക്കുകയും ചെയ്യും. ഇതിനായി പ്രത്യേകം അപേക്ഷ നൽകുകയോ, ഓഫീസുകൾ കയറി ഇറങ്ങുകയോ വേണ്ട എന്നതും ബന്ധുക്കൾക്ക് നടപടികൾ എളുപ്പമാക്കാൻ സഹായിക്കും.

ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ അവസ്ഥയിൽ വൈകാരികമായും കാര്യക്ഷമവുമായ പിന്തുണ നൽകി മനൂഷിക മൂല്യങ്ങൾ ഉയർത്തി പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്ന് ദുബൈ അധികൃതർ വ്യക്തമാക്കി.

Continue Reading

Trending