kerala
കോഴിക്കോട്ട് ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു
ലോറിക്കടിയിൽ കുടുങ്ങിയ കൃഷ്ണനെ വെള്ളിമാട്‌കുന്നിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ ലോറിയും കാറും കൂട്ടിയിടിച്ച് ലോറി മറിഞ്ഞ സംഭവത്തിൽ ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്. ലോറിക്കടിയിൽ കുടുങ്ങിയ കൃഷ്ണനെ വെള്ളിമാട്‌കുന്നിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സേനാംഗങ്ങൾ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്ന് ബിയർ കുപ്പികൾ പൊട്ടി റോഡിലാകെ ചില്ലുകൾ പടർന്നിരുന്നു. ഫയർഫോഴ്‌സ് സേന സ്ഥലത്തെത്തി ചില്ലുകൾ നീക്കം ചെയ്തു. മൈസൂരുവിൽ നിന്ന് കോഴിക്കോട് ബിവറേജിലേക്ക് മദ്യവുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
എറണാകുളം: പിറവത്ത് കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കു പരിക്കേറ്റു. രാവിലെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
kerala
തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിന്‍റെ ശിക്ഷയിൽ അപ്പീലുമായി പ്രോസിക്യൂഷൻ
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മൻമോഹൻ ഡെപ്യൂട്ടി ഡയറക്ടർക്കു ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനും വഞ്ചിയൂർ കോടതിയിലെ മുൻ ക്ലർക്കായ ജോസിനും നെടുമങ്ങാട് കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകുന്നതിനുള്ള നടപടികൾക്ക് പ്രോസിക്യൂഷൻ ഇന്ന് തുടക്കം കുറിക്കും. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മൻമോഹൻ ഡെപ്യൂട്ടി ഡയറക്ടർക്കു ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഐപിസി 409 (ക്രിമിനൽ വിശ്വാസവഞ്ചന) വകുപ്പ് പ്രകാരം പ്രതികൾക്ക് 14 വർഷം വരെ ശിക്ഷ ലഭിക്കേണ്ടതുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
എന്നാൽ പരമാവധി മൂന്നു വർഷം തടവുശിക്ഷ മാത്രമാണ് കോടതി വിധിച്ചത്. ഇത് പര്യാപ്തമല്ലെന്ന് വിലയിരുത്തിയാണ് അപ്പീലിന് നീക്കം. അതേസമയം, ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജുവും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കോടതി വിധിയുടെ പകർപ്പ് ലഭിച്ച ശേഷം എംഎൽഎ സ്ഥാനത്തുനിന്നുള്ള അയോഗ്യത സംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കും. മൂന്നു വർഷം ശിക്ഷ ലഭിച്ചതോടെയാണ് ആന്റണി രാജു എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനായത്.
കോടതി ശിക്ഷ സ്റ്റേ ചെയ്താൽ മാത്രമേ ആന്റണി രാജുവിന് എംഎൽഎയായി തിരിച്ചെത്താൻ സാധിക്കൂ. വിവിധ വകുപ്പുകളിലായി ആറ് മാസം മുതൽ മൂന്നു വർഷം വരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഐപിസി 120 ബി (ഗൂഢാലോചന) പ്രകാരം ആറ് മാസം, 201 (തെളിവ് നശിപ്പിക്കൽ) പ്രകാരം മൂന്നു വർഷം, 193 (വ്യാജ തെളിവ് ചമയ്ക്കൽ) പ്രകാരം മൂന്നു വർഷം, 409 (ക്രിമിനൽ വിശ്വാസവഞ്ചന) പ്രകാരം രണ്ട് വർഷം എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ പരമാവധി മൂന്നു വർഷം മാത്രം അനുഭവിച്ചാൽ മതി എന്നതാണ് കോടതി വിധി.
കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കള്ളത്തെളിവ് ഉണ്ടാക്കൽ, വ്യാജരേഖ ചമയ്ക്കൽ, സർക്കാർ ഉദ്യോഗസ്ഥന്റെ വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്.
1990 ഏപ്രിൽ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ ആസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലിയെ രക്ഷപ്പെടുത്തുന്നതിനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു, തന്റെ സീനിയർ അഡ്വ. സെലിൻ വിൽഫ്രഡിനൊപ്പം ചേർന്നാണ് ആൻഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. വഞ്ചിയൂർ കോടതി ആൻഡ്രൂവിനെ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും, പിന്നീട് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ആൻഡ്രൂവിനെ വെറുതെ വിട്ടത്.
kerala
തൃശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഷെഡ് തീപിടിത്തം: വിശദീകരണവുമായി റെയിൽവേ
റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്ന ആരോപണം അധികൃതർ നിഷേധിച്ചു
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഷെഡ്ഡിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് റെയിൽവേ വിശദീകരണവുമായി രംഗത്തെത്തി. റെയിൽവേയുടെ വൈദ്യുതി ലൈനിൽ നിന്നുണ്ടായ തീപ്പൊരിയാണ് അപകടകാരണമെന്ന ആരോപണം അധികൃതർ നിഷേധിച്ചു. പാർക്കിംഗ് കേന്ദ്രത്തിലെ ഒരു വാഹനത്തിൽ നിന്നാണ് ആദ്യം തീപിടിത്തം ഉണ്ടായതെന്നും പിന്നീട് അത് പടർന്നതാണെന്നും റെയിൽവേ വ്യക്തമാക്കി.
ചട്ടം ലംഘിച്ചുള്ള നിർമാണത്തിനെതിരെ തൃശൂർ കോർപ്പറേഷൻ നോട്ടീസ് നൽകിയെന്ന വാദവും റെയിൽവേ തള്ളി. കോർപ്പറേഷനിൽ നിന്നൊരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും റെയിൽവേയുടെ സ്വന്തം സ്ഥലത്തുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് കോർപ്പറേഷന്റെ അനുമതി ആവശ്യമില്ലെന്നുമാണ് വിശദീകരണം.
സംഭവസ്ഥലത്ത് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും തീപിടിത്തത്തിൽ അവ നശിച്ചതായി റെയിൽവേ അറിയിച്ചു. ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി കൈമാറിയിട്ടുണ്ട്. തീപിടിത്തത്തിൽ റെയിൽവേയുടെ ടവർ വാഗണിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് ഉടൻ സ്ഥലത്തുനിന്ന് നീക്കിയതായും അധികൃതർ വ്യക്തമാക്കി.
kerala
ശബരിമല സ്വർണക്കൊള്ള കേസ്: എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ
നിർണായക വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകുമെന്നതാണ് സൂചന. മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ ചോദ്യം ചെയ്യലിനും എൻ. വിജയകുമാറിന്റെ അറസ്റ്റിനും ശേഷമുള്ള അന്വേഷണ വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുക
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. നിർണായക വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകുമെന്നതാണ് സൂചന. മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ ചോദ്യം ചെയ്യലിനും എൻ. വിജയകുമാറിന്റെ അറസ്റ്റിനും ശേഷമുള്ള അന്വേഷണ വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുക.
വിഗ്രഹം കടത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ അന്വേഷണ പുരോഗതിയും സംഘം കോടതിയെ അറിയിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോൾ അന്വേഷണം മന്ദഗതിയിലാണെന്ന് ഹൈക്കോടതി എസ്ഐടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന എൻ. വിജയകുമാറിനെയും കെ.പി. ശങ്കരദാസിനെയും പ്രതിചേർക്കാത്തത് എന്തുകൊണ്ടാണെന്നതായിരുന്നു കോടതിയുടെ ചോദ്യം. ഇതിന് പിന്നാലെയാണ് എസ്ഐടി അന്വേഷണം ഊർജിതമാക്കിയത്.
ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിലൂടെ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ശബരിമലയിൽ നിന്ന് കടത്തിക്കൊണ്ടുപോയ സ്വർണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമിച്ചവരാണ് പങ്കജ് ഭണ്ഡാരിയും ഗോവർധനും. കൂടുതൽ മൊഴികളും വെളിപ്പെടുത്തലുകളും പുറത്തുവന്ന പശ്ചാത്തലത്തിൽ, ഇരുവരെയും ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചത്. ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ‘സ്മാർട്ട് ക്രീയേഷൻസ്’ സ്ഥാപനത്തിൽ എത്തിച്ച് വേർതിരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും സംഘം ശേഖരിച്ചു. സ്വർണം വേർതിരിച്ചതിന് ശേഷം വിഹിതം നൽകിയതിനു ശേഷമുള്ള ബാക്കി സ്വർണം ജ്വല്ലറി ഉടമ കൂടിയായ ബെല്ലാരി ഗോവർധനിലേക്കാണ് എത്തിയതെന്നതും കണ്ടെത്തിയിട്ടുണ്ട്.
-
News2 days agoഗസ്സ ശോചനീയാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്ലിം രാജ്യങ്ങള്‍
-
kerala2 days agoമുസ്ലിംലീഗിന് 324 തദ്ദേശ തലവന്മാര്; മുഴുവന്‍ ജില്ലകളിലും തലവന്മാര് സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം
-
kerala2 days agoആന്റണി രാജുവിനെ മന്ത്രിയാക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു; വി.ഡി. സതീശന്
-
gulf2 days agoപിണറായി സര്‍ക്കാറിന്റെത് ബി.ജെ.പി അനുകൂല നിലപാട്: ഷാഫി പറമ്പില്‍ എം.പി
-
india1 day agoബുലന്ദ്ഷഹറിൽ ആറുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ
-
News1 day agoഇറാനിൽ പ്രതിഷേധം രൂക്ഷം; മരണം പത്ത്, യു.എസ്–ഇറാൻ വാക്പോരും കടുക്കുന്നു
-
kerala1 day agoതൊണ്ടിമുതല്‍ തിരിമറി കേസ് ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവുശിക്ഷ
-
india1 day agoതൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര നടപടിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്
