News
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം
ആദ്യം ബാറ്റ് ചെയ്ത അമേരിക്കയെ ഹെനിൽ പട്ടേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ 107 റൺസിൽ ഒതുക്കിയിരുന്നു.
ബുലവായോ: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. മഴമൂലം 96 റൺസായി ചുരുക്കിയ വിജയലക്ഷ്യം ഇന്ത്യ 17.2 ഓവറിൽ മറികടന്ന് ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത അമേരിക്കയെ ഹെനിൽ പട്ടേലിന്റെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ 107 റൺസിൽ ഒതുക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത അമേരിക്കയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. ടീം സ്‌കോർ ഒന്നിൽ നിൽക്കെ ഓപണർ അമരീന്ദർ ഗില്ലിനെ ഹെനിൽ പട്ടേൽ പുറത്താക്കി. തുടർന്ന് വിക്കറ്റ് കീപ്പർ അർജുൻ മഹേഷിനൊപ്പം സാഹിൽ ഗാർഗ് നടത്തിയ ചെറുത്തുനിൽപ്പാണ് അമേരിക്കൻ സ്കോർബോർഡ് മുന്നോട്ട് നീങ്ങാൻ സഹായിച്ചത്. എങ്കിലും ആറ് അമേരിക്കൻ താരങ്ങൾ ഒറ്റയക്കത്തിൽ പുറത്തായി. 36 റൺസ് നേടിയ നിധീഷ് റെഡ്ഢിയാണ് അമേരിക്കയുടെ ടോപ് സ്‌കോറർ. ഇന്ത്യക്കായി ഹെനിൽ പട്ടേൽ അഞ്ചു വിക്കറ്റും വൈഭവ് സൂര്യവൻഷി, അംബരീഷ്, ഖിലൻ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിന് മുന്നോടിയായി മഴ മൂലം മത്സരം കുറച്ച് സമയം തടസ്സപ്പെട്ടു. തുടക്കത്തിൽ തന്നെ ഇന്ത്യക്ക് വൈഭവിന്റെ വിക്കറ്റ് നഷ്ടമായി. രണ്ട് റൺസിൽ നിൽക്കെ റിത്വിക്ക് റെഡ്ഢിയാണ് വൈഭവിനെ ക്ലീൻ ബൗൾഡാക്കിയത്. പിന്നാലെ ഇറങ്ങിയ വേദാന്ത് ത്രിവേദിയും രണ്ട് റൺസിൽ മടങ്ങി. നാലാം ഓവറിന് ശേഷം വീണ്ടും മഴ പെയ്തതോടെ മത്സരം 37 ഓവറാക്കി ചുരുക്കുകയും വിജയലക്ഷ്യം 96 റൺസായി പുനർനിശ്ചയിക്കുകയും ചെയ്തു.
അഞ്ച് ഫോറും ഒരു സിക്സും അടക്കം 42 റൺസ് നേടിയ വിക്കറ്റ് കീപ്പർ അഭിഷേക് കുണ്ടുവിന്റെ മികച്ച ഇന്നിങ്സാണ് ഇന്ത്യയെ 17.2 ഓവറിൽ വിജയത്തിലെത്തിച്ചത്.
ഏഴ് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 16 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഹെനിൽ പട്ടേലാണ് മത്സരത്തിലെ താരം. ജനുവരി 17ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
kerala
‘വോട്ടര്‍മാരെ വെറുപ്പിക്കാനില്ല’; തൃശൂര്‍ കലോത്സവ നഗരിയില്‍ പാട്ടുപാടി ചാണ്ടി ഉമ്മന്‍;
ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍…’ എന്ന ഗാനം പാടിയതോടെ ചുറ്റുമുള്ളവര്‍ കൈയ്യടിയോടെ പിന്തുണച്ചു.
തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ നഗരിയില്‍ ചാനല്‍ ഫ്‌ലോറില്‍ മൈക്ക് ലഭിച്ചപ്പോള്‍ പാട്ടുപാടി ശ്രദ്ധ നേടി പുതുപ്പള്ളി എം.എല്‍.എ ചാണ്ടി ഉമ്മന്‍. ‘ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍…’ എന്ന ഗാനം പാടിയതോടെ ചുറ്റുമുള്ളവര്‍ കൈയ്യടിയോടെ പിന്തുണച്ചു.
വോട്ടുപിടിക്കാനിറങ്ങുമ്പോള്‍ പാട്ടുപാടുമോ എന്ന ചോദ്യത്തിന്, ”വോട്ടര്‍മാരെ വെറുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല” എന്നായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി. ”വോട്ട് പിടിക്കുന്ന സമയത്ത് പാട്ടുപാടിയാല്‍ എന്റെ ഉള്ള വോട്ടും കൂടി പോകും. ചാനല്‍ പ്രേക്ഷകരെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ലേ എന്നെക്കൊണ്ട് പാടിക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.
കവിത എഴുതാനോ പാടാനോ തനിക്ക് വലിയ പരിചയമില്ലെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ”എല്‍ദോസ് കുന്നപ്പിള്ളിയുടെ കവിത കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് കവിത അറിയില്ല. ട്രൈ ചെയ്തിട്ടുമില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മിമിക്രിക്കാര്‍ തന്റെ ശബ്ദം അനുകരിക്കാറുണ്ടോയെന്ന ചോദ്യത്തിന്, ”എന്റെ സൗണ്ട് അങ്ങനെ മിമിക്രിക്കാര്‍ അനുകരിക്കാറായിട്ടില്ല,” എന്നായിരുന്നു മറുപടി.
കലോത്സവ നഗരിയെക്കുറിച്ച് അദ്ദേഹം ആവേശത്തോടെ പ്രതികരിച്ചു. ”തൃശൂരിലെ കലോത്സവം അടിപൊളിയാണ്. ഒന്നാംതരം അറേഞ്ച്‌മെന്റ്‌സാണ്. ഇത് കലയുടെ നാടും സാംസ്‌കാരിക തലസ്ഥാനവുമാണ്. പുലിക്കളി, പൂരം, ബോണ്‍ നതാലെ തുടങ്ങി എല്ലാ കലാപരവും സാംസ്‌കാരികവുമായ പരിപാടികളും നടക്കുന്ന ഇടം. പ്രത്യേകിച്ച് വടക്കുന്നാഥന്റെ മണ്ണില്‍ ആയതിന്റെ ഒരു പ്രത്യേക വൈബുണ്ട്,” എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
പിതാവ് ഉമ്മന്‍ ചാണ്ടിയെ പോലെ തനിക്കുമെപ്പോഴും ആള്‍ക്കൂട്ടമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”കലോത്സവ നഗരിയിലൂടെ ഒരു മണവാളനെപ്പോലെ എന്നെ പിടിച്ചുവലിച്ചുകൊണ്ടുവന്നതായിരുന്നു,” എന്ന് ചിരിച്ചുകൊണ്ട് ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
Features
ലോംഗേവാല: ധീരതയുടെ മരുഭൂമി, ഇന്ത്യയുടെ അമരഗാഥ
രാജസ്ഥാനിലെ മരുഭൂമിയില്‍, ഇന്ത്യയുടെ അതിര്‍ത്തി കാവലാളുകളായ കുറച്ച് സൈനികര്‍ അസാധാരണ ധൈര്യത്തോടെ ചരിത്രം കുറിച്ച യുദ്ധഭൂമിയാണത്.
1971-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ പടിഞ്ഞാറന്‍ മേഖലയില്‍ നടന്ന ഏറ്റവും നിര്‍ണായകവും പ്രചോദനപ്രദവുമായ യുദ്ധങ്ങളിലൊന്നാണ് ലോംഗേവാല യുദ്ധം. രാജസ്ഥാനിലെ മരുഭൂമിയില്‍, ഇന്ത്യയുടെ അതിര്‍ത്തി കാവലാളുകളായ കുറച്ച് സൈനികര്‍ അസാധാരണ ധൈര്യത്തോടെ ചരിത്രം കുറിച്ച യുദ്ധഭൂമിയാണത്.
1971 ഡിസംബര്‍ 4-5 രാത്രിയില്‍, ഏകദേശം 4000 സൈനികരും ടി-59, ഷെര്‍മാന്‍ ടാങ്കുകളും മീഡിയം ആര്‍ട്ടിലറി ബാറ്ററിയും ഉള്‍പ്പെടുന്ന പാകിസ്ഥാന്‍ സൈന്യം, 23 പഞ്ചാബ് റെജിമെന്റിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ലോംഗേവാല അതിര്‍ത്തി പോസ്റ്റിനെ ആക്രമിച്ചു. വെറും 120 ഇന്ത്യന്‍ സൈനികര്‍ മാത്രമുണ്ടായിരുന്ന ഈ ഔട്ട്‌പോസ്റ്റില്‍, മേജര്‍ കുല്‍ദീപ് സിംഗ് ചാന്ദ്പുരിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യം പിന്മാറാതെ നിലകൊണ്ടത് ലോക സൈനികചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.
പരിമിതമായ ആയുധങ്ങളുമായി, രാത്രി മുഴുവന്‍ പാകിസ്ഥാന്‍ ടാങ്കുകള്‍ക്ക് മുന്നില്‍ പിടിച്ചുനിന്ന ഇന്ത്യന്‍ സൈനികര്‍, പുലര്‍ച്ചെയോടെ വ്യോമസേനയുടെ സഹായം തേടി. ഡിസംബര്‍ 5-ന് രാവിലെ, ജയ്സാല്‍മീറില്‍ നിന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ ഹോക്കര്‍ ഹണ്ടര്‍ വിമാനങ്ങള്‍ യുദ്ധഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചു. 122 സ്‌ക്വാഡ്രണിലെ വിമാനങ്ങള്‍ 18 സോര്‍ട്ടികള്‍ പറത്തി 36 ശത്രു ടാങ്കുകളും 100-ലധികം വാഹനങ്ങളും നശിപ്പിച്ചു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ മുന്നേറ്റം പൂര്‍ണമായും തകര്‍ത്തു.
ഇന്ന് ലോംഗേവാലയിലെത്തുന്നവര്‍ക്ക് ആദ്യം കാണപ്പെടുന്നത് ‘Brave Sons of India, We Salute You’ എന്നെഴുതിയ ചുവന്ന ബോര്‍ഡാണ്. അതിന് പിന്നില്‍, ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് നിലകൊള്ളുന്ന ലോംഗേവാല ബോര്‍ഡര്‍ ആന്‍ഡ് മ്യൂസിയം-1971-ലെ ധീരതയുടെ ജീവിക്കുന്ന സാക്ഷ്യം. പാകിസ്ഥാന്‍ സൈന്യം ഉപേക്ഷിച്ച ടാങ്കുകള്‍, ഇന്ത്യന്‍ സേന ഉപയോഗിച്ച വാഹനങ്ങള്‍, ആയുധങ്ങള്‍, ഹെല്‍മറ്റുകള്‍, ബൈനോകുലറുകള്‍, പഴയ ചിത്രങ്ങള്‍, പത്രവാര്‍ത്തകള്‍ എല്ലാം അവിടെ ചരിത്രമായി നിലകൊള്ളുന്നു.
അവിടത്തെ മ്യൂസിയത്തിനകത്ത് ഇരുണ്ട വഴികളിലൂടെ കടന്നുപോകുമ്പോള്‍, യുദ്ധത്തിന്റെ ദൃശ്യാവിഷ്‌കാരങ്ങള്‍ മനസ്സില്‍ തീപടരുന്ന അനുഭവമാകുന്നു.
”ശത്രുവിനോട് പിന്മാറേണ്ടിവന്നേക്കാം; പക്ഷേ എന്റെ ബറ്റാലിയനെ സംബന്ധിച്ച് അത് നാണക്കേടാണ്. ഞാന്‍ ഇവിടെ, അന്ത്യശ്വാസംവരെ പോരാടും”
– മേജര്‍ ചാന്ദ്പുരി അന്ന് തന്റെ സൈനികരോട് പറഞ്ഞ വാക്കുകള്‍ ഇന്നും ലോംഗേവാലയുടെ ആത്മാവായി നിലകൊള്ളുന്നു.
ഈ ധീരനേതൃത്വത്തിനാണ് മേജര്‍ കുല്‍ദീപ് സിംഗ് ചാന്ദ്പുരിക്ക് മഹാവീര്‍ ചക്ര ലഭിച്ചത്. അദ്ദേഹത്തോടൊപ്പം പോരാടിയ സൈനികര്‍ക്കും രാജ്യം ആദരം അര്‍പ്പിച്ചു.
മ്യൂസിയത്തിന്റെ ഗേറ്റില്‍ പാറിപ്പറക്കുന്ന ദേശീയപതാകയ്ക്കു താഴെ എഴുതിയിരിക്കുന്ന വാചകം ഓരോ ഇന്ത്യക്കാരുടെയും ഹൃദയത്തില്‍ പതിയും:
”When you go home,
Tell them of us and say,
That for your tomorrow,
We gave our today.’
ലോംഗേവാല യുദ്ധത്തെ ആസ്പദമാക്കി1997-ല്‍ J.P. Dutta സംവിധാനം ചെയ്ത് സണ്ണി ഡിയോള്‍ നായകനായ ‘Border’ എന്ന ഹിന്ദി സിനിമ ഈ യുദ്ധത്തിന്റെ പ്രധാന സംഭവങ്ങള്‍ ആസ്പദമാക്കിയുള്ളതാണ്,ഈ സിനിമ ലോംഗേവാല യുദ്ധം, ഇന്ത്യന്‍ സൈനികരുടെ വീര്യം, അതിര്‍ത്തി പോസ്റ്റിലെ പോരാട്ടം എന്നിവ ചിത്രീകരിക്കുന്നു. ബോര്‍ഡറിന്റെ തുടര്‍ ചിത്രമായി
അനുരാഗ് സിന്‍ഹ സംവിധാനം ചെയ്ത് ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ജെ പി ദത്ത, നിധി ദത്ത എന്നിവര്‍ നിര്‍മ്മിക്കുന്ന ഒരു ബോളിവുഡ് യുദ്ധ ചിത്രമായിരിക്കും ബോര്‍ഡര്‍ 2. സണ്ണി ഡിയോള്‍, വരുണ്‍ ധവാന്‍, ദില്‍ജിത് ദോസഞ്ജ്, അഹാന്‍ ഷെട്ടി എന്നിവരും ഈ ഏറ്റവും വലിയ യുദ്ധ സിനിമയുടെ ഭാഗമാണ്. റിലീസ് തീയതി: ബോര്‍ഡര്‍ 2 അതിന്റെ മുന്‍ഗാമിയുടെ അതേ തീയതിയില്‍ തന്നെ റിലീസ് ചെയ്യും, അതായത് 2026 ജനുവരി 23 ന്.
ലോംഗേവാല ഒരു യാത്രാമേഖല മാത്രമല്ല. അത് ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും അമരകഥയാണ്.
News
സന്തോഷ് ട്രോഫി: കേരള ടീം പ്രഖ്യാപിച്ചു; ജി. സഞ്ജു ക്യാപ്റ്റൻ
അസ്സമിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.
കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പൊലീസ് പ്രതിരോധ താരം ജി. സഞ്ജുവാണ് 22 അംഗ സംഘത്തിന്റെ ക്യാപ്റ്റൻ. ടീമിൽ ഒമ്പത് പുതുമുഖങ്ങളുണ്ട്.
അസ്സമിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. ഈമാസം 22ന് ഏഴുതവണ ചാമ്പ്യന്മാരായ പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 24ന് റെയിൽവേസ്, 26ന് ഒഡിഷ, 29ന് മേഘാലയ, 31ന് സർവിസസ് ടീമുകളുമായാണ് ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ. കഴിഞ്ഞ സീസണിലെ റണ്ണേഴ്സപ്പായ കേരളം ഫൈനലിൽ പശ്ചിമ ബംഗാളിനോടാണ് തോറ്റത്.
അസ്സമിലെ തണുത്ത കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനായി കൽപറ്റ മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിലായിരുന്നു ടീമിന്റെ പരിശീലനം. സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിലുള്ള (ഹൈ ആൾട്ടിറ്റ്യൂഡ്) സ്റ്റേഡിയത്തിൽ കളിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ മറികടക്കാനാണ് ഇവിടെ പരിശീലനം നടത്തുന്നത്. അസ്സമിൽ മത്സരങ്ങൾ നടക്കുന്നതും ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിലാണ്.
വയനാട് സ്വദേശി ഷഫീഖ് ഹസനാണ് ടീമിന്റെ മുഖ്യപരിശീലകൻ. വയനാട്ടിൽ 18 വരെ പരിശീലനം തുടരും. കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഡിസംബർ ആറുമുതൽ ജനുവരി എട്ടുവരെ നടത്തിയ ക്യാമ്പിന് ശേഷമാണ് ടീം വയനാട്ടിലെത്തിയത്.
കേരള ടീം
ഗോൾകീപ്പർമാർ:
ടി.വി. അൽകേഷ് രാജ് (തൃശൂർ), എസ്. അജ്മൽ (പാലക്കാട്), എം. മുഹമ്മദ് ജസീൻ (മലപ്പുറം)
പ്രതിരോധ താരങ്ങൾ:
ജി. സഞ്ജു (എറണാകുളം), എം. മനോജ് (തിരുവനന്തപുരം), അജയ് അലക്സ് (എറണാകുളം), ബിബിൻ അജയൻ (എറണാകുളം), എസ്. സന്ദീപ് (മലപ്പുറം), അബ്ദുൽ ബാദിഷ് (മലപ്പുറം), തേജസ് കൃഷ്ണ (പാലക്കാട്)
മധ്യനിര താരങ്ങൾ:
എം.എം. അർജുൻ (തൃശൂർ), വി. അർജുൻ (കോഴിക്കോട്), ഒ.എം. ആസിഫ് (എറണാകുളം), എം. വിഘ്നേഷ് (തിരുവനന്തപുരം), എം.എൽ. അബൂബക്കർ ദിൽഷാദ് (കാസർകോട്)
മുന്നേറ്റ താരങ്ങൾ:
ടി. ഷിജിൻ (തിരുവനന്തപുരം), മുഹമ്മദ് അജ്സൽ (കോഴിക്കോട്), ഇ. സജീഷ് (പാലക്കാട്), പി.ടി. മുഹമ്മദ് റിയാസ് (പാലക്കാട്), എ.പി. മുഹമ്മദ് സിനാൻ (കണ്ണൂർ), കെ. മുഹമ്മദ് ആഷിഖ് (മലപ്പുറം), എൻ.എ. മുഹമ്മദ് അസ്ഹർ (തൃശൂർ)
ടീം ഒഫിഷ്യൽസ്
ഷഫീഖ് ഹസൻ (മുഖ്യപരിശീലകൻ), ഡി. എബിൻ റോസ് (സഹ പരിശീലകൻ), പി.കെ. ഷാജി (മാനേജർ), കെ.ടി. ചാക്കോ (ഗോൾകീപ്പർ പരിശീലകൻ), അഹ്മദ് നിഹാൽ റഷീദ് (ഫിസിയോ), കിരൺ നാരായണൻ (വിഡിയോ അനലിസ്റ്റ്)
-
Film1 day agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala1 day agoവീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു
-
kerala23 hours agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം; മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും
-
kerala23 hours agoകാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
-
india2 days agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
kerala22 hours agoനാലാം വർഷവും ഗസലിലും മാപ്പിളപ്പാട്ടിലും ഹെമിൻ സിഷയ്ക്ക് വിജയത്തുടർച്ച
-
News22 hours agoരണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലൻഡ്; പരമ്പര സമനിലയിൽ
-
kerala2 days agoമകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
