Film
‘കേരള സ്റ്റോറി 2’ പ്രൊമോഷനില്‍ വിവാദം; ഇരകളെന്ന് അവകാശപ്പെട്ട് വേദിയിലെത്തിച്ചത് 37 ഉത്തരേന്ത്യന്‍ സ്ത്രീകളെ
ഒരാള്‍ പോലും കേരളത്തില്‍ നിന്നല്ല
വസ്തുതാവിരുദ്ധമായ ഉള്ളടക്കത്തിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ പ്രമോഷന് പരിപാടിയും വിവാദമാകുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന പ്രമോഷന് ചടങ്ങില്‍ ‘ലവ് ജിഹാദ്’ ഇരകളെന്ന് അവകാശപ്പെടുന്ന 37 സ്ത്രീകളെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ച് അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ ഇവരില്‍ ഒരാള്‍ പോലും കേരളത്തില്‍ നിന്നുള്ളവരല്ല എന്ന വസ്തുത പുറത്തുവന്നതോടെ പരിപാടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
പ്രമോഷനെത്തിയ 37 സ്ത്രീകളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. സിനിമയുടെ പേര് ‘കേരള സ്റ്റോറി’ എന്നായിട്ടും കേരളത്തില്‍ നിന്നുള്ള ഇരകള്‍ എന്തുകൊണ്ട് ഇല്ല എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് നിര്‍മാതാവിനോ സംവിധായകനോ സാധിച്ചില്ല. കേരളത്തില്‍ നിന്നുള്ള ഇരകളുടെ വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണെന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതോടെ അണിയറപ്രവര്‍ത്തകര്‍ പത്രസമ്മേളനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇറങ്ങിപ്പോയി.
രാജ്യത്ത് ‘ലവ് ജിഹാദ്’ നടക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങില്‍ ഉന്നയിച്ചു. എന്നാല്‍ ലവ് ജിഹാദ് കേരളത്തില്‍ തുടങ്ങി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതിനെ കുറിച്ചാണ് രണ്ടാം ഭാഗം പറയുന്നതെന്നായിരുന്നു സംവിധായകന്റെ വാദം.
ട്രെയിലറിലെ വിദ്വേഷപരമായ രംഗങ്ങള്‍ക്കെതിരെ ഇതിനോടകം തന്നെ കേരളത്തിനകത്ത് വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഹിന്ദു പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുമെന്നായിരുന്നു പ്രധാന വിമര്‍ശനം.
അതേസമയം ചടങ്ങിലെത്തിയ സ്ത്രീകള്‍ യഥാര്‍ത്ഥ ഇരകളല്ലെന്നും സിനിമയുടെ പ്രചാരണത്തിനായി കെട്ടിച്ചമച്ച കഥകളാണെന്നും സമൂഹ മാധ്യമത്തില്‍ ഉള്‍പ്പെടെ ആരോപണങ്ങള്‍ ശക്തമാണ്.
Film
‘അഭിപ്രായം പറഞ്ഞതിന് പുറത്താക്കി; ആത്മാഭിമാനത്തിന് മുറിവേറ്റു’: സര്‍ക്കാരിനെതിരെ തുറന്നടിച്ച് പ്രേംകുമാര്‍
ഒരു കലാകാരന് അഭിപ്രായസ്വാതന്ത്ര്യം പോലുമില്ലേ എന്നും അദ്ദേഹം ചോദിച്ചു.
തിരുവനന്തപുരം: സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരിലാണ് തന്നെ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്തുനിന്ന് നീക്കിയതെന്ന് നടന് പ്രേംകുമാര്‍. ഇത് തന്റെ ആത്മാഭിമാനത്തിന് വലിയ മുറിവേല്‍പ്പിച്ചെന്നും പ്രേംകുമാര്‍ പറഞ്ഞു. തന്നെ പുറത്താക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്നും പത്രമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഒരു കലാകാരന് അഭിപ്രായസ്വാതന്ത്ര്യം പോലുമില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് ഒരു അനൗദ്യോഗിക യോഗത്തില്‍ താന്‍ നടത്തിയ പരാമര്‍ശമാണ് നടപടിക്ക് കാരണമായതെന്നും പ്രേംകുമാര്‍ പറഞ്ഞു.
‘ആശാ വര്‍ക്കര്‍മാരുടെ പ്രശ്നം പെട്ടെന്ന് പരിഹരിക്കണമെന്നും സമരം നീണ്ടുപോകുന്നത് ഉചിതമല്ലെന്നുമാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ കൂടെയുണ്ടായിരുന്നവര്‍ തന്നെ ഇത് ചോര്‍ത്തി നല്കി സര്‍ക്കാരിനെതിരെ വ്യാഖ്യാനിക്കുകയായിരുന്നു,’ പ്രേംകുമാര്‍ വിശദീകരിച്ചു.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന്റെ തലേന്നാണ് മാറ്റിയതെന്നും ഒരു വിശദീകരണം പോലും ചോദിച്ചില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. ഒരു സാധാരണ ജോലിക്കാരനെ മാറ്റുമ്പോള്‍ പോലും കാണിക്കുന്ന മിനിമം മാന്യത സര്‍ക്കാര്‍ കാട്ടിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
നിലവില്‍ താന്‍ രാഷ്ട്രീയമായി സ്വതന്ത്രനാണെന്നും എന്നാല്‍ വര്‍ഗീയതയെ ചെറുക്കാന്‍ കോണ്‍ഗ്രസ് നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.
Film
‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’; രേഖ രതീഷിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കലാമണ്ഡലം സത്യഭാമ
യൂട്യൂബര്‍മാരുടെ സൈബര്‍ ആക്രമണത്തിനെതിരെ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച നടി രേഖ രതീഷിനെ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ.
കൊച്ചി: യൂട്യൂബര്‍മാരുടെ സൈബര്‍ ആക്രമണത്തിനെതിരെ സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച നടി രേഖ രതീഷിനെ പരിഹസിച്ച് കലാമണ്ഡലം സത്യഭാമ. ഒരു കൂട്ടം യൂട്യൂബേഴ്സ് കാരണം കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു കാരണം ഇവരായിരിക്കുമെന്നും രേഖ കഴിഞ്ഞ ദിവസം വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് രേഖ രതീഷ് വീഡിയോയിലൂടെ വെളിപ്പെടുത്തി.
കഴിഞ്ഞ മൂന്ന് മാസമായി ഒരു കൂട്ടം യൂട്യൂബര്‍മാര്‍ മോശം തലക്കെട്ടുകളോടെ തന്നെക്കുറിച്ച് വീഡിയോകള്‍ ഇടുന്നുണ്ട്. കഴിഞ്ഞ ഒന്‍പത് മാസമായി ജോലിയില്ലാതെ ഫ്ലാറ്റില്‍ കുട്ടിയോടൊപ്പം കഴിയുകയാണെന്നും ഈ സാഹചര്യത്തില്‍ ഇത്തരം വ്യക്തിഹത്യകള്‍ താങ്ങാന്‍ കഴിയില്ലെന്നും താരം പറയുന്നു.
ജീവിക്കാന്‍ അനുവദിക്കാത്ത തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടപടി എടുക്കണമെന്നും, തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഈ യൂട്യൂബര്‍മാരാണെന്നും രേഖ പറഞ്ഞു.
രേഖയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് കലാമണ്ഡലം സത്യഭാമ ഫേസ്ബുക്കിലൂടെ രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നത്. ‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍’ എന്ന തലക്കെട്ടോടെയാണ് സത്യഭാമ കുറിപ്പ് പങ്കിട്ടത്. പബ്ലിക് ഫിഗര്‍ ആയതുകൊണ്ടാണ് ഇത്രയും ടെന്‍ഷന്‍ അനുഭവപ്പെടുന്നതെന്നും, കുറച്ചുനാള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാതെ ഇരുന്നാല്‍ എല്ലാം ശരിയാകുമെന്നും സത്യഭാമ പരിഹാസരൂപേണ പറയുന്നുണ്ട്.
സീരിയല്‍ രംഗത്തെ നിരവധി പേര് ഇത്തരം യൂട്യൂബ് ചാനലുകള്‍ക്കെതിരെ നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്.
Film
മതവികാരം വ്രണപ്പെടുത്തുന്നു; യാഷിന്റെ ‘ടോക്സിക്’നെതിരെ ക്രിസ്ത്യൻ സംഘടന
യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം ‘ടോക്സിക്’ വീണ്ടും വിവാദത്തിൽ. ടീസര്‍ മതവികാരങ്ങളെ വ്രണപ്പെടുത്തുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യൻ സംഘടനായ നാഷണൽ ക്രിസ്ത്യൻ ഫെഡറേഷൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്സി) പരാതി നൽകി.
ഫിലിം ചേംബർ ഓഫ് കൊമേഴ്സിനും ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവര്‍ക്കും പരാതി നൽകിയിട്ടുണ്ട്. ടീസറിലെ ഇൻ്റിമേറ്റ് രംഗങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ഈ രംഗങ്ങൾ നടക്കുന്നത് ക്രിസ്തീയ ചിഹ്നങ്ങൾക്കും മിഖായേൽ മാലാഖയുടെ പ്രതിമക്ക് മുന്നിലാണെന്നും കാണിച്ചാണ് പരാതി. ഇത് അനുചിതവും അപമാനകരവുമാണെന്നും അവ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പറയുന്നു.
സെമിത്തേരിക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ലൈംഗിക രംഗവും തുടര്‍ന്ന് തുടർന്ന് സെമിത്തേരിയിൽ അക്രമാസക്തമായ വെടിവെപ്പും കാണിച്ചതായി പരാതിയിൽ പരാമര്‍ശിക്കുന്നു. ഈ രംഗങ്ങൾ നീക്കം ചെയ്യണമെന്നും യൂട്യൂബിൽ നിന്നും മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്നും ടീസർ നീക്കം ചെയ്യണമെന്നും എൻസിഎഫ് ചിത്രത്തിന്റെ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടു.
ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോൾ മുതൽ ചര്‍ച്ചയായിരുന്നു. നേരത്തെ, ചിത്രത്തിനെതിരേ കർണാടക വനിതാ കമ്മിഷനും സെൻസർ ബോർഡിനും മുന്നിൽ പരാതി എത്തിയിരുന്നു. ടീസറിൽ ലൈംഗികതയുടെ അതിപ്രസരമാണെന്നും സ്ത്രീകളുടെ അന്തസിനെ അപമാനിക്കുന്നതുമാണെന്നായിരുന്നു വിമര്‍ശനം. പ്രതിഷേധം ശക്തമായതോടെ ടീസറിലെ നടി ബിയാട്രിസ് ടൗഫെൻബാക്ക് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തിരുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിൽ രുക്മിണി വസന്ത്, നയൻതാര , കിയാര അദ്വാനി , താര സുതാരിയ, ഹുമ ഖുറേഷി, അക്ഷയ് ഒബ്റോയ്, സുദേവ് നായർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. യാഷും ഗീതുവും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാർച്ച് 19 നാണ് ടോക്സികിന്റെ റിലീസെന്നാണ് റിപ്പോര്‍ട്ട്.
-
Sports2 days agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News2 days agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories2 days agoഇറാനി പോള
-
kerala1 day agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala1 day agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala1 day agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala1 day agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health1 day agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
