Connect with us

News

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസമായി കോണ്‍ഗ്രസ് ഭവന പദ്ധതി; തറക്കല്ലിടല്‍ ഇന്ന്

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് രണ്ടരയോടെ ചടങ്ങ് നിര്‍വഹിക്കും.

Published

on

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടുകള്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് ആശ്വാസമായി കോണ്‍ഗ്രസ് ആരംഭിക്കുന്ന ഭവന പദ്ധതിയുടെ തറക്കല്ലിടല്‍ ഇന്ന് നടക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് രണ്ടരയോടെ ചടങ്ങ് നിര്‍വഹിക്കും.

ചടങ്ങില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

വയനാട് കുന്നമ്പറ്റയില്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 60 വീടുകളുടെ നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് സമീപത്തായി മറ്റൊരു സ്ഥലത്ത് 40 വീടുകള്‍ കൂടി നിര്‍മ്മിക്കാനാണ് പദ്ധതിയിടുന്നത്.

ദുരന്തബാധിതരുടെ പുനരധിവാസം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഈ ഭവന പദ്ധതി പ്രദേശവാസികള്‍ക്ക് വലിയ പ്രതീക്ഷയാകുകയാണ്.

editorial

പതിനഞ്ചാം നിയമസഭ സമാപിക്കുമ്പോള്‍

പ്രതിഛായ മിനുക്കുന്നതിനുവേണ്ടിയുള്ള കൈവിട്ട കളികള്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുമ്പോഴും നിയമസഭകളില്‍ അവരുടെ തൊലിയുരിക്കപ്പെടുന്നതിനാണ് ഇക്കഴിഞ്ഞ സഭയും സാക്ഷ്യംവഹിച്ചത്.

Published

on

By

16 സമ്മേളനങ്ങളിലായി 204 ദിവസം ചേര്‍ന്ന പതിനഞ്ചാം നിയമസഭാ സമ്മേളനത്തിന് ചൊവ്വാഴ്ച്ച പരിസമാപ്തിയായിരിക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അവസാന ദിവസവും പ്രതിപക്ഷത്തിന് സഭ ബഹിഷ്‌കരിക്കേണ്ടിവരികയായിരുന്നു. അമ്പലക്കൊള്ളക്കാര്‍ക്ക് കേരളം മാപ്പുനല്‍കില്ലെന്ന പ്രതിപക്ഷത്തിന്റെ പ്ലക്കാര്‍ഡ് അവസാന ദിവസവും സഭയില്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തീര്‍ത്തും പ്രതിരോധത്തിലാവുകയും പ്രതിപക്ഷം ശക്തമായി ആഞ്ഞടിക്കുകയും ചെയ്യുന്ന കാഴ്ച്ചയായിരുന്നു നിയമസഭയുടെ അവസാനത്തെ രണ്ടു സമ്മേളനങ്ങളിലും.

പ്രതിഛായ മിനുക്കുന്നതിനുവേണ്ടിയുള്ള കൈവിട്ട കളികള്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുമ്പോഴും നിയമസഭകളില്‍ അവരുടെ തൊലിയുരിക്കപ്പെടുന്നതിനാണ് ഇക്കഴിഞ്ഞ സഭയും സാക്ഷ്യംവഹിച്ചത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ദോശ ചുടുന്ന ലാഘവത്തില്‍ ബില്ലുകള്‍ പാസാക്കിയെടുക്കുന്നതിന് അവസാന സഭാ സമ്മേളനത്തിന്റെ അവസാന ദിവസവും ഒരുമുടക്കവമുണ്ടായില്ല. കേവലം ഒരു മണിക്കൂറിനിടെ ഏഴുബില്ലുകളാണ് സഭയില്‍ ചുട്ടെടുത്തത്. ഒന്ന് ധനകാര്യബില്ലും മറ്റൊന്ന് ധനവിനയോഗ ബില്ലുമായിരുന്നെങ്കില്‍ അഞ്ചെണ്ണം നിയമനിര്‍മാണമായിരുന്നു. ദോശ ചുട്ടെടുക്കുന്നതുപോലെ ബില്ലുകള്‍ പാസാക്കിയെടുക്കരുതെന്ന് മുതിര്‍ന്ന അംഗങ്ങള്‍തന്നെ നിര്‍ദ്ദേശം വെച്ചുവെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തിനും ബഹിഷ്‌കരണത്തിനുമിടെ ഒരു ചര്‍ച്ചയുമില്ലാതെയാണ് നിഷ്‌കരുണം ബില്ലുകള്‍ പാസാക്കിയെടുത്തത്. ഏറെ ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വിഷയീഭവിപ്പിക്കപ്പെടേണ്ട കേരള നേറ്റിവിറ്റി കാര്‍ഡ് ബില്ലുള്‍പ്പെടെയാണ് ഇത്തരുണത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകടത്തിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാറിന്റെ വിവിധ സേവനങ്ങള്‍ക്കും സാമൂഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനുതകുംവിധം ആധികാരിക രേഖയായി അംഗീകരിക്കേണ്ടതാണ് നേറ്റിവിറ്റികാര്‍ഡ്. ജൈവ വൈവിധ്യ ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍, അഡ്വക്കറ്റ് ക്ലാര്‍ക്ക് ക്ഷേമനിധി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ തുടങ്ങിയ കുലങ്കുശമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടേണ്ട ബില്ലുകളാണ് പ്രതിഷേധത്തിന്റെയും ബഹളത്തിന്റെയും മറവില്‍ പാസാക്കപ്പെട്ടിരിക്കുന്നത്. നിയമനിര്‍മാണത്തിന് 270 മണിക്കൂറും ധനകാര്യത്തിന് 279 മണിക്കൂറും ചിലവിട്ടെന്ന് സ്പീക്കര്‍ അവകാശപ്പെടുന്ന ഒരു സഭാകാലാവധിയിലാണ് ഇത്തരത്തില്‍ ബില്ലുകള്‍ പാസാക്കപ്പെട്ടത്.

മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് രീതികള്‍ക്കെതിരെ പ്രചണ്ഡമായ പ്രചരണം നടത്തുന്നുവെന്നവകാശപ്പെടുന്ന പിണറായി സര്‍ക്കാറാണ് കേന്ദ്രഭരണകൂടത്തിന്റെ അതേ രീതികള്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ പ്രതിപക്ഷമുന്നയിക്കുന്ന കാര്യമാത്രപ്രസക്തമായ വിഷയങ്ങളെ അവഗണിക്കുകയും അതുവഴി രൂപപ്പെടുന്ന പ്രതിഷേധങ്ങള്‍ക്കും ബഹിഷ്‌കരണങ്ങള്‍ക്കുമിടെ തന്ത്രപ്രധാനമായ ബില്ലുകളില്‍ തീരുമാനമെടുക്കുന്ന സമീപനമാണ് മോദി സര്‍ക്കാറിന്റേത്. തങ്ങളുടെ ഹിഡണ്‍ അജണ്‍കള്‍ ഒളിച്ചുകടത്തലാണ് ഇത്തരം നീക്കങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെക്കാറുള്ളത്. കുത്തകകള്‍ക്കും വിദേശ ശക്തികള്‍ക്കും രാജ്യത്തിന്റെ സമ്പത്ത് തീറെയുതിക്കൊടുക്കാനും ഇന്ത്യയുടെ ആത്മാഭിമാനത്തെ തന്നെ പണയപ്പെടുത്താനുമെല്ലാം ഇങ്ങനെയുള്ള വളഞ്ഞവഴികളാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കാറുള്ളത്. മോദി സര്‍ക്കാറിന്റെ ഈ നീക്കങ്ങള്‍ അതേപടി പകര്‍ത്തുകയാണ് ഇക്കാര്യത്തിലും പിണറായി സര്‍ക്കാര്‍ ഈ സഭാകാലയളവില്‍ ചെയ്തുകൂട്ടിയത്.

ഈ നീക്കത്തിലൂടെ പ്രതിപക്ഷത്തെയല്ല, കേരളത്തിലെ ജനങ്ങളെ ഒന്നടങ്കമാണ് ഭരണകൂടം ഇരുട്ടില്‍ നിര്‍ത്തിയത്. നിയമനിര്‍മാണംകൊണ്ട് മാത്രമല്ല, അതില്‍ നടന്നിട്ടുള്ള ചര്‍ച്ചകളിന്മേല്‍കൂടിയാണ് കേരള നിയമസഭ ഇന്ത്യയിലെ ശ്രദ്ധേയമായ നിയമ നിര്‍മാണ സഭയായിത്തീര്‍ന്നിട്ടുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നിയമസഭയില്‍ കാട്ടിക്കൂട്ടിയ കോപ്രാട്ടിത്തരങ്ങളുടെ പേരിലാണ് നമ്മുടെ നിയമനിര്‍മാണ സഭക്ക് കളങ്കംചാര്‍ത്തിയതെങ്കില്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ കാലത്ത് സഭയെ വിശ്വാസത്തിലെടുക്കാതെയുള്ള നിയമ നിര്‍മാണത്തിലൂടെയാണ് ആ കടുംകൈ തുടര്‍ന്നുപോന്നത്.

പെരുമ്പറ മുഴക്കിയുള്ള പി.ആര്‍ പ്രവര്‍ത്തനങ്ങളിലൂടെയും നരേന്ദ്രമോദിയെ അച്ചട്ട പിന്തുടരുകയാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായി ബോളിവുഡ് പ്രമുഖനായ അക്ഷയ്കുമാറുമായുള്ള ഇന്റര്‍വ്യൂവിലൂടെയാണ് മോദി കളംനിറയാന്‍ ശ്രമിച്ചതെങ്കില്‍ നടന്‍ മോഹന്‍ലാലുമായി ഇന്റര്‍വ്യൂവിലേര്‍പ്പെട്ട് ശ്രദ്ധകവരാനാണ് പിണറായി വിജയന്റെ തീരുമാനം. സിനിമകളെ വെല്ലുന്ന ട്രീസറുകള്‍ പുറത്തിറക്കി ഹൃദയങ്ങള്‍ കീഴടക്കാമെന്ന ധാരണയിലാണ് മുഖ്യമന്ത്രിയെങ്കില്‍ സര്‍ക്കാര്‍ ചിലവിലുള്ള പി.ആര്‍ ധൂര്‍ത്തിനെക്കുറിച്ചാണ് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത്.

Continue Reading

News

വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി

വിലപ്പെട്ട വോട്ടവകാശം കൂടുതല്‍ പേര്‍ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കുന്ന സംവിധാനം ആവശ്യമായേക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

Published

on

By

ന്യൂഡല്‍ഹി: വിലപ്പെട്ട വോട്ടവകാശം കൂടുതല്‍ പേര്‍ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കുന്ന സംവിധാനം ആവശ്യമായേക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മത്സരിക്കാനുള്ള സ്ഥാനാര്‍ഥി ഒരാള്‍ മാത്രമാണെങ്കിലും വോട്ടെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ വാക്കാല്‍ പരാമര്‍ശം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വോട്ട് ചെയ്യല്‍ കര്‍ശന ശിക്ഷയോടെ നടപ്പാക്കണമെന്നല്ല, എന്നാല്‍ ജനങ്ങള്‍ പോളിങ് ബൂത്തിലെത്തുന്നുവെന്ന് ഉറപ്പാക്കുന്ന നിര്‍ബന്ധിത സംവിധാനം വേണമെന്നാണ് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം.

വോട്ടിങ്ങില്‍ ദുര്‍ബല വിഭാഗങ്ങളെക്കാള്‍ സമ്പന്നരും അഭ്യസ്തവിദ്യരുമായ വിഭാഗങ്ങളുടെ പങ്കാളിത്തമാണ് കുറവെന്ന തന്റെ അനുഭവം ജസ്റ്റിസ് ബാഗ്ചി കോടതിയില്‍ പങ്കുവച്ചു. ഗ്രാമങ്ങളില്‍ പോളിങ് ദിനം പലപ്പോഴും ആഘോഷം പോലെ മാറാറുണ്ടെന്നും സ്ത്രീകള്‍ വീട്ടുപണികളില്‍ നിന്ന് വിടുതല്‍ നേടി സംഘംചേര്‍ന്ന് പാട്ടുപാടിയും നൃത്തം ചെയ്തും പോളിങ് ബൂത്തിലെത്തുന്ന സാഹചര്യം അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥി ഒരാള്‍ മാത്രമുള്ള മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ‘നോട്ട്’ (None of the Above) ഓപ്ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹരജിയിലെ വാദത്തോട് പ്രതികരിക്കവെ, നോട്ട സംവിധാനം കൊണ്ടു വോട്ടിങ് ശതമാനമോ സ്ഥാനാര്‍ഥികളുടെ ഗുണനിലവാരമോ മെച്ചപ്പെട്ടിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഒരാള്‍ മാത്രമുള്ള മത്സരത്തില്‍ സ്ഥാനാര്‍ഥിക്ക് നോട്ടയേക്കാള്‍ കുറവ് വോട്ടുകള്‍ ലഭിച്ചാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നതാണ് ഹരജിയിലെ പ്രധാന ആവശ്യം.

ഹരജി വീണ്ടും വിശദമായി പരിഗണിക്കുന്നതിനായി കോടതി മാറ്റിവച്ചു.

Continue Reading

GULF

മസ്ജിദുൽ ഹറാമിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ഇഫ്താറിൽ പങ്കുചേർന്ന് മക്ക ഡെപ്യൂട്ടി ഗവർണർ

Published

on

മക്ക: റമദാനിൽ മസ്ജിദുൽ ഹറാമിൽ സേവനമനുഷ്ഠിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരവുമായി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ. ഹറം പള്ളിയിൽ വെച്ച് നടന്ന ഇഫ്താർ വിരുന്നിൽ അദ്ദേഹം സുരക്ഷാ സേനാംഗങ്ങൾക്കൊപ്പം പങ്കുചേർന്നു. വിവിധ സുരക്ഷാ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സേവനങ്ങൾ സുഗമമാക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്ന സമാനതകളില്ലാത്ത പരിശ്രമങ്ങളെ മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ അഭിനന്ദിച്ചതായി ഡെപ്യൂട്ടി ഗവർണർ അറിയിച്ചു. ഗവർണറുടെ പ്രത്യേക ആശംസകൾ അദ്ദേഹം ഉദ്യോഗസ്ഥർക്ക് കൈമാറി.

തീർഥാടകരുടെ സുഗമമായ സഞ്ചാരത്തിനും സുരക്ഷ വർധിപ്പിക്കുന്നതിനും സുരക്ഷാ വിഭാഗം നടത്തുന്ന പ്രവർത്തനങ്ങളെ അമീർ സഊദ് ബിൻ മിശ്അൽ പ്രശംസിച്ചു. ഈ പുണ്യകർമത്തിൽ പൂർണമായ സമർപ്പണത്തോടെ തുടർന്നും പ്രവർത്തിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരെ ആഹ്വാനം ചെയ്തു.

റമദാനിലെ തിരക്ക് നിയന്ത്രിക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഹറമിനകത്തും പുറത്തും നടപ്പിലാക്കുന്ന വിപുലമായ പ്രവർത്തന പദ്ധതികളെക്കുറിച്ച് അദ്ദേഹം ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി. സന്ദർശകർക്ക് ലോകോത്തര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനുള്ള കർമ്മപദ്ധതികൾ അദ്ദേഹം വിലയിരുത്തി.

Continue Reading

Trending