Connect with us

News

വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി

വിലപ്പെട്ട വോട്ടവകാശം കൂടുതല്‍ പേര്‍ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കുന്ന സംവിധാനം ആവശ്യമായേക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

Published

on

ന്യൂഡല്‍ഹി: വിലപ്പെട്ട വോട്ടവകാശം കൂടുതല്‍ പേര്‍ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വോട്ട് ചെയ്യല്‍ നിര്‍ബന്ധമാക്കുന്ന സംവിധാനം ആവശ്യമായേക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മത്സരിക്കാനുള്ള സ്ഥാനാര്‍ഥി ഒരാള്‍ മാത്രമാണെങ്കിലും വോട്ടെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ വാക്കാല്‍ പരാമര്‍ശം.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വോട്ട് ചെയ്യല്‍ കര്‍ശന ശിക്ഷയോടെ നടപ്പാക്കണമെന്നല്ല, എന്നാല്‍ ജനങ്ങള്‍ പോളിങ് ബൂത്തിലെത്തുന്നുവെന്ന് ഉറപ്പാക്കുന്ന നിര്‍ബന്ധിത സംവിധാനം വേണമെന്നാണ് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം.

വോട്ടിങ്ങില്‍ ദുര്‍ബല വിഭാഗങ്ങളെക്കാള്‍ സമ്പന്നരും അഭ്യസ്തവിദ്യരുമായ വിഭാഗങ്ങളുടെ പങ്കാളിത്തമാണ് കുറവെന്ന തന്റെ അനുഭവം ജസ്റ്റിസ് ബാഗ്ചി കോടതിയില്‍ പങ്കുവച്ചു. ഗ്രാമങ്ങളില്‍ പോളിങ് ദിനം പലപ്പോഴും ആഘോഷം പോലെ മാറാറുണ്ടെന്നും സ്ത്രീകള്‍ വീട്ടുപണികളില്‍ നിന്ന് വിടുതല്‍ നേടി സംഘംചേര്‍ന്ന് പാട്ടുപാടിയും നൃത്തം ചെയ്തും പോളിങ് ബൂത്തിലെത്തുന്ന സാഹചര്യം അവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥി ഒരാള്‍ മാത്രമുള്ള മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ‘നോട്ട്’ (None of the Above) ഓപ്ഷന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഹരജിയിലെ വാദത്തോട് പ്രതികരിക്കവെ, നോട്ട സംവിധാനം കൊണ്ടു വോട്ടിങ് ശതമാനമോ സ്ഥാനാര്‍ഥികളുടെ ഗുണനിലവാരമോ മെച്ചപ്പെട്ടിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഒരാള്‍ മാത്രമുള്ള മത്സരത്തില്‍ സ്ഥാനാര്‍ഥിക്ക് നോട്ടയേക്കാള്‍ കുറവ് വോട്ടുകള്‍ ലഭിച്ചാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നതാണ് ഹരജിയിലെ പ്രധാന ആവശ്യം.

ഹരജി വീണ്ടും വിശദമായി പരിഗണിക്കുന്നതിനായി കോടതി മാറ്റിവച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending