kerala

പെരിയാറില്‍ പെരുമ്പാമ്പുകള്‍ ചത്ത് പൊങ്ങി; ജല മലിനീകരണ സാധ്യത പരിശോധിച്ച് അധികൃതര്‍

By webdesk17

February 25, 2026

കുമളി: പെരിയാറില്‍ പെരുമ്പാമ്പുകളെ ചത്ത നിലയില്‍ കണ്ടെത്തി. നാല് പെരുമ്പാമ്പുകളാണ് ചത്തുപൊങ്ങിയത്. തടിയമ്പാട് സമീപം മത്സ്യബന്ധനത്തിനായി ഇട്ട വലയിലാണ് രണ്ട് പെരുമ്പാമ്പുകള്‍ ചത്ത നിലയില്‍ കുടുങ്ങി കിടക്കുന്നതും മറ്റുചിലത് ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നതായും കണ്ടെത്തിയത്. സമീപത്ത് മത്സ്യങ്ങളും ചത്തുപൊങ്ങിയിട്ടുണ്ട്. നഞ്ചുകലക്കി മീന്‍പിടുത്തം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ ജലത്തിലെ വിഷാംശം വര്‍ധിച്ചതാകാമെന്ന പ്രാഥമിക നിഗമനമാണ് ഉയരുന്നത്. പെരിയാറിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെ അനധികൃത മത്സ്യബന്ധനം വര്‍ധിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവം പ്രദേശവാസികളെയും മത്സ്യബന്ധനക്കാരെയും ഞെട്ടിച്ചിരിക്കുകയാണ്. ഫിഷറീസ് ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകള്‍ സമയബന്ധിതമായി ഇടപെട്ടില്ലെന്ന വിമര്‍ശനവും ശക്തമാണ്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇടുക്കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ജലത്തിന്റെ ഗുണനിലവാരം പരിശോധിച്ച് പെരുമ്പാമ്പുകളുടെ മരണകാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.