Connect with us

News

ഉച്ചയ്‌ക്കുശേഷം സ്വർണവിലയിൽ ഇടിവ്

ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 40 ഡോളര്‍ വര്‍ധിച്ച് 5147.63 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം

Published

on

കോഴിക്കോട്: രാവിലെ കുത്തനെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണിയിലെ വര്‍ധനയെ തുടര്‍ന്ന് രാവിലെ ഗ്രാമിന് 190 രൂപ കൂടി 14,760 രൂപയായും, പവന് 1,520 രൂപ ഉയര്‍ന്ന് 1,18,320 രൂപയായും വില എത്തിയിരുന്നു. എന്നാല്‍ ഉച്ചയോടെ ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,660 രൂപയും, പവന് 800 രൂപ താഴ്ന്ന് 1,17,520 രൂപയുമായി.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ തീരുവ നടപടികളും പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥയും രാവിലെയുണ്ടായ കുതിപ്പിന് കാരണമായി. തുടര്‍ന്ന് ലാഭമെടുപ്പിനിടെ വില താഴ്ന്നു.

ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 40 ഡോളര്‍ ഉയര്‍ന്ന് 5,147.63 ഡോളറിലെത്തി. ഒരു ഘട്ടത്തില്‍ 5,125 ഡോളര്‍ വരെ താഴ്ന്നിരുന്നു. വെള്ളി 2.55 ശതമാനം ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 86.74 ഡോളറായി. ആഗോള വിലവര്‍ധനയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണം, വെള്ളി ഇ.ടി.എഫ് നിക്ഷേപങ്ങളിലും മുന്നേറ്റമുണ്ടായി.

News

ചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്.

Published

on

By

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയെ ഹോട്ടല്‍ മുറിയില്‍ കടന്നുപിടിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തെന്ന കേസില്‍ സംവിധായകനും മുന്‍ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നാണ് കേസ് പരിഗണിക്കുന്നത്.

അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കന്റോണ്‍മെന്റ് പൊലീസ് ചുമത്തിയത്. ഡോക്യുമെന്ററി സംവിധായികയായ ചലച്ചിത്ര പ്രവര്‍ത്തകയാണ് പരാതിക്കാരി. കഴിഞ്ഞ വര്‍ഷം നവംബര്‍ 6ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നതെന്നാണ് പരാതി. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെന്ററി സ്‌ക്രീനിങ്ങിന് എത്തിയതായിരുന്നു പരാതിക്കാരി.

പരാതിക്കാരിയുടെ രഹസ്യമൊഴിയിലും ആരോപണം ആവര്‍ത്തിച്ചു. കുറ്റകൃത്യം നടന്നതായി പറയുന്ന സമയത്ത് പ്രതി താമസിച്ചിരുന്ന മുറിയുടെ സമീപത്തു നിന്ന് പരാതിക്കാരി തിടുക്കത്തില്‍ നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ഈ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തനിക്കെതിരായ പരാതി വ്യാജമാണെന്ന് പി.ടി.കുഞ്ഞുമുഹമ്മദ് മുമ്പ് വാദിച്ചിരുന്നുവെങ്കിലും, അന്വേഷണത്തിന് പിന്നാലെ കുറ്റം നിലനില്‍ക്കുന്നതായി കണ്ടെത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

 

Continue Reading

world

യുഎസ് ശക്തമായ സൈനിക സന്നാഹമൊരുക്കിയിട്ടും ഇറാന്‍ വഴങ്ങാത്തതില്‍ ട്രംപിന് ആശ്ചര്യം -സ്റ്റീവ് വിറ്റ്കോഫ്

ഇത്രയധികം സമ്മര്‍ദമുണ്ടായിട്ടും, തങ്ങള്‍ക്ക് ആണവായുധം വേണ്ടെന്ന് പ്രഖ്യാപിച്ച് ഇറാന്‍ ചര്‍ച്ചക്ക് വരാത്തത് എന്തുകൊണ്ടാണെന്ന് ട്രംപ് ചോദിക്കുന്നതായി വിറ്റ്കോഫ് പറഞ്ഞു.

Published

on

By

തെഹ്റാന്‍: പശ്ചിമേഷ്യയില്‍ ശക്തമായ സൈനിക സന്നാഹമൊരുക്കിയിട്ടും ഇറാന്‍ ഇതുവരെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തതില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആശ്ചര്യപ്പെടുന്നതായി പശ്ചിമേഷ്യയിലെ ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ്. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിറ്റ്‌കോഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറിലെത്തിയില്ലെങ്കില്‍ പരിമിതമായ സൈനിക ആക്രമണം നടത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്രയധികം സമ്മര്‍ദമുണ്ടായിട്ടും, തങ്ങള്‍ക്ക് ആണവായുധം വേണ്ടെന്ന് പ്രഖ്യാപിച്ച് ഇറാന്‍ ചര്‍ച്ചക്ക് വരാത്തത് എന്തുകൊണ്ടാണെന്ന് ട്രംപ് ചോദിക്കുന്നതായി വിറ്റ്കോഫ് പറഞ്ഞു.

പ്രശ്നം നയതന്ത്രപരമായി പരിഹരിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഒരു കരാറിന്റെ കരട് തയ്യാറാക്കുകയാണെന്നും അത് ഉടന്‍ വിറ്റ്‌കോഫിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത റൗണ്ട് ചര്‍ച്ചകള്‍ ഈ വ്യാഴാഴ്ച ജനീവയില്‍ നടക്കും. ഒമാനാണ് ഇതിന് മധ്യസ്ഥത വഹിക്കുന്നത്.

ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും മിഡില്‍ ഈസ്റ്റില്‍ അമേരിക്ക സൈനിക ശക്തി വര്‍ധിപ്പിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് മേഖലയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. കൂടാതെ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിയും മറ്റ് യുദ്ധക്കപ്പലുകളും ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. അടുത്ത 10 ദിവസത്തിനുള്ളില്‍ ഇറാനുമായി ഒരു കരാറിലെത്തുമോ അതോ സൈനിക നടപടി സ്വീകരിക്കുമോ എന്ന് ലോകത്തിന് അറിയാന്‍ കഴിയുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Continue Reading

News

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്.

Published

on

By

കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കിണാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശി അഷ്‌റഫ് എന്നിവരാണ് മരിച്ചത്. ഇവര്‍ ഗാമ ട്രേഡേഴ്‌സിലെ തൊഴിലാളികളാണ്. ബീച്ച് റോഡിലെ പഴയ പാസ്പോര്‍ട്ട് ഓഫീസ് കെട്ടിടമാണ് തകര്‍ന്നത്.

കെട്ടിടത്തിന്റെ മുന്‍ഭാഗത്തെ ബീം തകര്‍ന്നുവീണതാണ് അപകടത്തിന് കാരണമായത്. ലോഡിങ് തൊഴിലാളികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് സംഘം എത്തി പുറത്തെടുത്തു. കെട്ടിടത്തിന്റെ പലഭാഗങ്ങളിലും ബീം പൊട്ടി തൂങ്ങിയ നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു. കെട്ടിടം സുരക്ഷിതമല്ലെന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

കെട്ടിടത്തിന് 50 വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ പരിശോധനയും നടപടികളും പുരോഗമിക്കുകയാണ്.

 

 

Continue Reading

Trending