News

റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില

By Manya

February 23, 2026

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുത്തനെ ഉയര്‍ന്നു. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടന്നത്. ഗ്രാമിന് 190 രൂപ വര്‍ധിച്ച് 14,790 രൂപയായും, പവന് 1,520 രൂപ കൂടി 1,18,320 രൂപയായും വില ഉയര്‍ന്നു.

ആഗോള വിപണിയിലെ മുന്നേറ്റമാണ് ആഭ്യന്തര വിപണിയെയും ബാധിച്ചത്. സ്പോട്ട് ഗോള്‍ഡ് വില 1.2 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 5,163.60 ഡോളറായി. മൂന്ന് ആഴ്ചയ്ക്കിടയിലെ ഉയര്‍ന്ന നിലയിലാണ് അന്താരാഷ്ട്ര വ്യാപാരം പുരോഗമിക്കുന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചറുകളും രണ്ട് ശതമാനം ഉയര്‍ന്ന് 5,184.90 ഡോളറായി.

യു.എസ് ഡോളറിന്റെ ദൗര്‍ബല്യവും, പ്രസിഡന്റ് ട്രംപിന്റെ താരിഫ് നടപടികളുമായി ബന്ധപ്പെട്ട കേസില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് സുപ്രീം കോടതി നല്‍കിയ വിധിയും വിപണിയില്‍ അനിശ്ചിതത്വം വര്‍ധിപ്പിച്ചു.

ഇതോടൊപ്പം മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥയും സ്വര്‍ണവില ഉയരാന്‍ കാരണമായി. വരും ദിവസങ്ങളിലും കേരളം ഉള്‍പ്പെടെയുള്ള വിപണികളില്‍ സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യതയെന്ന് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നു.