News
ലഹരിയിലെന്ന് കരുതി പൊലീസും സഹായിച്ചില്ല; പക്ഷാഘാതംവന്ന് റോഡിൽ വീണ 56കാരൻ മരിച്ചു, ചികിത്സ നിഷേധിച്ചെന്ന ആരോപണം
റോഡരികില്‍ കിടന്ന ജയകുമാറിനെ പട്രോളിങ്ങിനിടെ കണ്ട പൊലീസ് മദ്യലഹരിയിലാണെന്ന് കരുതി അവഗണിച്ചെന്നാണ് ആരോപണം
തൊടുപുഴ: പക്ഷാഘാതംവന്ന് റോഡില്‍ കുഴഞ്ഞുവീണ തൊടുപുഴ നടുക്കണ്ടം സ്വദേശിയായ പി.ടി. ജയകുമാര്‍ (56) ചികിത്സ ലഭിക്കാതിരുന്നതിനാല്‍ മരണപ്പെട്ടതായി ബന്ധുക്കളുടെ ആരോപണം. സംഭവം ഈ മാസം 14-ാം തീയതി വൈകിട്ട് തൊടുപുഴ ചുങ്കം ഭാഗത്താണ് ഉണ്ടായത്.
റോഡരികില്‍ കിടന്ന ജയകുമാറിനെ പട്രോളിങ്ങിനിടെ കണ്ട പൊലീസ് മദ്യലഹരിയിലാണെന്ന് കരുതി അവഗണിച്ചെന്നാണ് ആരോപണം. പുലര്‍ച്ചെ രണ്ടുമണിയോടെ വീണ്ടും പട്രോളിങ് നടത്തിയപ്പോഴാണ് അദ്ദേഹം അതേ സ്ഥലത്ത് കിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ ആംബുലന്‍സില്‍ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ രാവിലെ എട്ടോടെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോള്‍ അതുവരെ യാതൊരു ചികിത്സയും നല്‍കിയിരുന്നില്ലെന്നാണ് ആരോപണം. ജയകുമാറിന്റെ കൈവശം തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നിട്ടും ബന്ധുക്കളെ അറിയിക്കാന്‍ ശ്രമിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.
ബന്ധുക്കള്‍ എത്തിയതിന് ശേഷമാണ് സ്കാന്‍ പരിശോധന നടത്തിയത്. സ്ട്രോക്ക് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെയും മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടര്‍ന്ന് പത്താം ദിവസം ജയകുമാര്‍ മരണപ്പെട്ടു.
ഭാര്യ: സുഷമ. സംഭവത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി.
News
അമ്മയെ മകന് രഹസ്യമായി കുഴിച്ചുമൂടിയ സംഭവം; സ്വാഭാവിക മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
പൊലീസ് കസ്റ്റഡിയിലുള്ള ഗിരീഷിനെ വിട്ടയക്കും
ആലപ്പുഴ: തുറവൂരില്‍ വീട്ടുവളപ്പില്‍ അമ്മയെ രഹസ്യമായി കുഴിച്ചുമൂടിയെന്ന സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. മരിച്ച രാധയുടെ മരണകാരണം സ്വാഭാവികമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശരീരത്തില്‍ ആന്തരിക രക്തസ്രാവമോ പുറംമുറിവുകളോ കണ്ടെത്താനായില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ രാധയെ മരിച്ച നിലയില്‍ കണ്ട മകന് ഗിരീഷ്, ആരെയും അറിയിക്കാതെ അടുക്കളയോട് ചേര്‍ന്ന ഭാഗത്ത് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. ഈ നടപടിയാണ് നാട്ടുകാരിലും ബന്ധുക്കളിലും സംശയം ഉയരാന്‍ ഇടയായത്. തുടര്‍ന്ന് പൊലീസ് മൃതദേഹം പുറത്തെടുത്തു പോസ്റ്റുമോര്‍ട്ടത്തിന് അയയ്ക്കുകയായിരുന്നു.
റിപ്പോര്‍ട്ടില്‍ അസ്വാഭാവിക മരണത്തിന്റെ സൂചനകളൊന്നും കണ്ടെത്താനായിട്ടില്ലാത്തതിനാല്‍ പൊലീസ് കസ്റ്റഡിയിലുള്ള ഗിരീഷിനെ വിട്ടയക്കുമെന്നാണു സൂചന. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതല്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതായും അറിയിച്ചു.
News
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് ആശ്വാസമായി കോണ്‍ഗ്രസ് ഭവന പദ്ധതി; തറക്കല്ലിടല്‍ ഇന്ന്
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് രണ്ടരയോടെ ചടങ്ങ് നിര്‍വഹിക്കും.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടുകള്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് ആശ്വാസമായി കോണ്‍ഗ്രസ് ആരംഭിക്കുന്ന ഭവന പദ്ധതിയുടെ തറക്കല്ലിടല്‍ ഇന്ന് നടക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉച്ചയ്ക്ക് രണ്ടരയോടെ ചടങ്ങ് നിര്‍വഹിക്കും.
ചടങ്ങില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.
വയനാട് കുന്നമ്പറ്റയില്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 60 വീടുകളുടെ നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് സമീപത്തായി മറ്റൊരു സ്ഥലത്ത് 40 വീടുകള്‍ കൂടി നിര്‍മ്മിക്കാനാണ് പദ്ധതിയിടുന്നത്.
ദുരന്തബാധിതരുടെ പുനരധിവാസം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഈ ഭവന പദ്ധതി പ്രദേശവാസികള്‍ക്ക് വലിയ പ്രതീക്ഷയാകുകയാണ്.
editorial
പതിനഞ്ചാം നിയമസഭ സമാപിക്കുമ്പോള്‍
പ്രതിഛായ മിനുക്കുന്നതിനുവേണ്ടിയുള്ള കൈവിട്ട കളികള്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുമ്പോഴും നിയമസഭകളില്‍ അവരുടെ തൊലിയുരിക്കപ്പെടുന്നതിനാണ് ഇക്കഴിഞ്ഞ സഭയും സാക്ഷ്യംവഹിച്ചത്.
16 സമ്മേളനങ്ങളിലായി 204 ദിവസം ചേര്‍ന്ന പതിനഞ്ചാം നിയമസഭാ സമ്മേളനത്തിന് ചൊവ്വാഴ്ച്ച പരിസമാപ്തിയായിരിക്കുകയാണ്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അവസാന ദിവസവും പ്രതിപക്ഷത്തിന് സഭ ബഹിഷ്കരിക്കേണ്ടിവരികയായിരുന്നു. അമ്പലക്കൊള്ളക്കാര്‍ക്ക് കേരളം മാപ്പുനല്‍കില്ലെന്ന പ്രതിപക്ഷത്തിന്റെ പ്ലക്കാര്‍ഡ് അവസാന ദിവസവും സഭയില്‍ ഉയര്‍ന്നുതന്നെ നില്ക്കുന്നുണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ തീര്‍ത്തും പ്രതിരോധത്തിലാവുകയും പ്രതിപക്ഷം ശക്തമായി ആഞ്ഞടിക്കുകയും ചെയ്യുന്ന കാഴ്ച്ചയായിരുന്നു നിയമസഭയുടെ അവസാനത്തെ രണ്ടു സമ്മേളനങ്ങളിലും.
പ്രതിഛായ മിനുക്കുന്നതിനുവേണ്ടിയുള്ള കൈവിട്ട കളികള്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുമ്പോഴും നിയമസഭകളില്‍ അവരുടെ തൊലിയുരിക്കപ്പെടുന്നതിനാണ് ഇക്കഴിഞ്ഞ സഭയും സാക്ഷ്യംവഹിച്ചത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ദോശ ചുടുന്ന ലാഘവത്തില്‍ ബില്ലുകള്‍ പാസാക്കിയെടുക്കുന്നതിന് അവസാന സഭാ സമ്മേളനത്തിന്റെ അവസാന ദിവസവും ഒരുമുടക്കവമുണ്ടായില്ല. കേവലം ഒരു മണിക്കൂറിനിടെ ഏഴുബില്ലുകളാണ് സഭയില്‍ ചുട്ടെടുത്തത്. ഒന്ന് ധനകാര്യബില്ലും മറ്റൊന്ന് ധനവിനയോഗ ബില്ലുമായിരുന്നെങ്കില്‍ അഞ്ചെണ്ണം നിയമനിര്‍മാണമായിരുന്നു. ദോശ ചുട്ടെടുക്കുന്നതുപോലെ ബില്ലുകള്‍ പാസാക്കിയെടുക്കരുതെന്ന് മുതിര്‍ന്ന അംഗങ്ങള്‍തന്നെ നിര്‍ദ്ദേശം വെച്ചുവെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തിനും ബഹിഷ്കരണത്തിനുമിടെ ഒരു ചര്‍ച്ചയുമില്ലാതെയാണ് നിഷ്കരുണം ബില്ലുകള്‍ പാസാക്കിയെടുത്തത്. ഏറെ ഗൗരവതരമായ ചര്‍ച്ചകള്‍ക്ക് വിഷയീഭവിപ്പിക്കപ്പെടേണ്ട കേരള നേറ്റിവിറ്റി കാര്‍ഡ് ബില്ലുള്‍പ്പെടെയാണ് ഇത്തരുണത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകടത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാറിന്റെ വിവിധ സേവനങ്ങള്‍ക്കും സാമൂഹിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനുതകുംവിധം ആധികാരിക രേഖയായി അംഗീകരിക്കേണ്ടതാണ് നേറ്റിവിറ്റികാര്‍ഡ്. ജൈവ വൈവിധ്യ ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍, അഡ്വക്കറ്റ് ക്ലാര്‍ക്ക് ക്ഷേമനിധി ബില്‍, അബ്കാരി നിയമ ഭേദഗതി ബില്‍ തുടങ്ങിയ കുലങ്കുശമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കപ്പെടേണ്ട ബില്ലുകളാണ് പ്രതിഷേധത്തിന്റെയും ബഹളത്തിന്റെയും മറവില്‍ പാസാക്കപ്പെട്ടിരിക്കുന്നത്. നിയമനിര്‍മാണത്തിന് 270 മണിക്കൂറും ധനകാര്യത്തിന് 279 മണിക്കൂറും ചിലവിട്ടെന്ന് സ്പീക്കര്‍ അവകാശപ്പെടുന്ന ഒരു സഭാകാലാവധിയിലാണ് ഇത്തരത്തില്‍ ബില്ലുകള്‍ പാസാക്കപ്പെട്ടത്.
മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് രീതികള്‍ക്കെതിരെ പ്രചണ്ഡമായ പ്രചരണം നടത്തുന്നുവെന്നവകാശപ്പെടുന്ന പിണറായി സര്‍ക്കാറാണ് കേന്ദ്രഭരണകൂടത്തിന്റെ അതേ രീതികള്‍ പിന്തുടര്ന്നുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ പ്രതിപക്ഷമുന്നയിക്കുന്ന കാര്യമാത്രപ്രസക്തമായ വിഷയങ്ങളെ അവഗണിക്കുകയും അതുവഴി രൂപപ്പെടുന്ന പ്രതിഷേധങ്ങള്‍ക്കും ബഹിഷ്കരണങ്ങള്‍ക്കുമിടെ തന്ത്രപ്രധാനമായ ബില്ലുകളില്‍ തീരുമാനമെടുക്കുന്ന സമീപനമാണ് മോദി സര്‍ക്കാറിന്റേത്. തങ്ങളുടെ ഹിഡണ്‍ അജണ്‍കള്‍ ഒളിച്ചുകടത്തലാണ് ഇത്തരം നീക്കങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെക്കാറുള്ളത്. കുത്തകകള്‍ക്കും വിദേശ ശക്തികള്‍ക്കും രാജ്യത്തിന്റെ സമ്പത്ത് തീറെയുതിക്കൊടുക്കാനും ഇന്ത്യയുടെ ആത്മാഭിമാനത്തെ തന്നെ പണയപ്പെടുത്താനുമെല്ലാം ഇങ്ങനെയുള്ള വളഞ്ഞവഴികളാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കാറുള്ളത്. മോദി സര്‍ക്കാറിന്റെ ഈ നീക്കങ്ങള്‍ അതേപടി പകര്‍ത്തുകയാണ് ഇക്കാര്യത്തിലും പിണറായി സര്‍ക്കാര്‍ ഈ സഭാകാലയളവില്‍ ചെയ്തുകൂട്ടിയത്.
ഈ നീക്കത്തിലൂടെ പ്രതിപക്ഷത്തെയല്ല, കേരളത്തിലെ ജനങ്ങളെ ഒന്നടങ്കമാണ് ഭരണകൂടം ഇരുട്ടില്‍ നിര്‍ത്തിയത്. നിയമനിര്‍മാണംകൊണ്ട് മാത്രമല്ല, അതില്‍ നടന്നിട്ടുള്ള ചര്‍ച്ചകളിന്മേല്‍കൂടിയാണ് കേരള നിയമസഭ ഇന്ത്യയിലെ ശ്രദ്ധേയമായ നിയമ നിര്‍മാണ സഭയായിത്തീര്‍ന്നിട്ടുള്ളത്. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നിയമസഭയില്‍ കാട്ടിക്കൂട്ടിയ കോപ്രാട്ടിത്തരങ്ങളുടെ പേരിലാണ് നമ്മുടെ നിയമനിര്‍മാണ സഭക്ക് കളങ്കംചാര്‍ത്തിയതെങ്കില്‍ ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ കാലത്ത് സഭയെ വിശ്വാസത്തിലെടുക്കാതെയുള്ള നിയമ നിര്‍മാണത്തിലൂടെയാണ് ആ കടുംകൈ തുടര്‍ന്നുപോന്നത്.
പെരുമ്പറ മുഴക്കിയുള്ള പി.ആര് പ്രവര്‍ത്തനങ്ങളിലൂടെയും നരേന്ദ്രമോദിയെ അച്ചട്ട പിന്തുടരുകയാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായി ബോളിവുഡ് പ്രമുഖനായ അക്ഷയ്കുമാറുമായുള്ള ഇന്റര്‍വ്യൂവിലൂടെയാണ് മോദി കളംനിറയാന്‍ ശ്രമിച്ചതെങ്കില്‍ നടന് മോഹന്‍ലാലുമായി ഇന്റര്‍വ്യൂവിലേര്‍പ്പെട്ട് ശ്രദ്ധകവരാനാണ് പിണറായി വിജയന്റെ തീരുമാനം. സിനിമകളെ വെല്ലുന്ന ട്രീസറുകള്‍ പുറത്തിറക്കി ഹൃദയങ്ങള്‍ കീഴടക്കാമെന്ന ധാരണയിലാണ് മുഖ്യമന്ത്രിയെങ്കില്‍ സര്‍ക്കാര്‍ ചിലവിലുള്ള പി.ആര് ധൂര്‍ത്തിനെക്കുറിച്ചാണ് കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നത്.
-
News3 days agoഅന്റാര്‍ട്ടിക്കയില്‍ പക്ഷിപ്പനി പടരുന്നു; പെന്‍ഗ്വിനുകള്‍ക്ക് കൂട്ടവംശനാശ ഭീഷണി
-
News3 days agoചലച്ചിത്ര പ്രവര്‍ത്തകയെ അപമാനിച്ചകേസ്; പി.ടി.കുഞ്ഞുമുഹമ്മദിനെതിരെയുള്ള കുറ്റപത്രം കോടതി അംഗീകരിച്ചു
-
News3 days agoഉച്ചയ്ക്കുശേഷം സ്വർണവിലയിൽ ഇടിവ്
-
kerala3 days agoമഹാത്മാഗാന്ധിയെ അധിക്ഷേപിച്ചു: പി.സി. ജോര്‍ജിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്
-
kerala3 days agoകോഴിക്കോട് കെട്ടിട അപകടം: മരണസംഖ്യ നാലായി
-
india17 hours agoഭരണഘടനയുടെ ആത്മാവില്‍ നിന്ന് സുപ്രിം കോടതി അകലുന്നോ? ഹിമന്തക്കെതിരായ ഹരജി പരിഗണിക്കാത്തതില്‍ ചോദ്യവുമായി ദുഷ്യന്ത് ദവെ
-
kerala17 hours ago‘ചിത്രം വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന്’; ‘ദ കേരള സ്റ്റോറി 2’ ഹൈക്കോടതി കാണുന്നതിനെ എതിര്‍ത്ത് നിര്‍മ്മാതാക്കള്‍
-
india15 hours agoനമസ്കരിച്ചതിന് ലഖ്നൗ യൂനിവേഴ്സിറ്റിയിലെ 13 വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ്
