News
എസ്.ഐ.ആര് പരിഷ്കരണത്തിന് പിന്നാലെ ജില്ലയില്‍ വോട്ടര്‍മാര്‍ കുറഞ്ഞു; അന്തിമ പട്ടികയില്‍ 7.76 ലക്ഷം പേര്
പുതുക്കിയ പട്ടിക പ്രകാരം ജില്ലയില്‍ 7,76,381 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
തൊടുപുഴ: സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്.ഐ.ആര്) പൂര്‍ത്തിയാക്കി നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ചു. പുതുക്കിയ പട്ടിക പ്രകാരം ജില്ലയില്‍ 7,76,381 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
എസ്.ഐ.ആര് നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ്, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27-ന് പ്രസിദ്ധീകരിച്ച പട്ടികയില്‍ 9,00,468 വോട്ടര്‍മാരുണ്ടായിരുന്നു. ഡിസംബര്‍ 23-ന് കരട് പട്ടിക പുറത്തുവന്നപ്പോള്‍ ഇത് 7.76 ലക്ഷമായി കുറഞ്ഞിരുന്നു. അന്തിമ പട്ടികയിലും ഇതേ എണ്ണം തന്നെ നിലനിന്നതോടെ, ആകെ കുറവ് ഏകദേശം 1.01 ലക്ഷം വോട്ടര്‍മാരായി.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് തൊടുപുഴ മണ്ഡലത്തിലാണ് (1,87,167). രണ്ടാമത് ഇടുക്കി മണ്ഡലമാണ് (1,66,497). പുതുക്കിയ പട്ടിക പ്രകാരം ജില്ലയില്‍ സ്ത്രീ വോട്ടര്‍മാരാണ് പുരുഷന്മാരേക്കാള് കൂടുതല്‍.
തമിഴ്നാട്ടില്‍ വോട്ടുള്ള ചിലര്‍ക്ക് ഇവിടെയും വോട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത്തരക്കാരടക്കം പട്ടികയില്‍ നിന്ന് ഒഴിവാക്കിയതാണ് വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞതിന് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.
News
ലൈംഗികാതിക്രമ കേസ്: നടന് സിദ്ദിഖിന് പാസ്പോര്‍ട്ട് തിരികെ നല്കി, വിദേശ യാത്രക്ക് കോടതി അനുമതി
സുപ്രീം കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് പ്രതി പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ നടന് സിദ്ദിഖിന് കോടതി വ്യവസ്ഥകളില്‍ ഇളവ് നല്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിദേശ പര്യടനത്തിന് അനുമതി നല്‍കിയത്. ഷാര്‍ജയില്‍ നടക്കുന്ന സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതിനായി പാസ്പോര്‍ട്ട് തിരികെ നല്കാന് കോടതി ഉത്തരവിട്ടു. മാര്‍ച്ച് 31ന് മുമ്പായി പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.
സുപ്രീം കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ പ്രകാരമാണ് പ്രതി പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. തൊഴില്‍ ആവശ്യങ്ങള്‍ പരിഗണിച്ചാണ് താല്‍ക്കാലിക ഇളവ് അനുവദിച്ചത്. മാര്‍ച്ച് 31 വരെ മാത്രമാണ് അനുമതിയുടെ കാലാവധി.
2016 ജനുവരി 28ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയായ നടിയുമായി പൊലീസ് ഹോട്ടലില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
kerala
‘പാദസേവ ചെയ്യാതെ എസ്എഫ്ഐയില്‍ വളരാന്‍ സാധിക്കില്ല’; സമ്മേളന വേദിയില്‍ തുറന്നടിച്ച് എസ്എഫ്ഐ വനിതാ നേതാവ്
വിഭാഗീയതയുടെ ഭാഗമായി വെട്ടിനിരത്തെപ്പെട്ടെന്ന് ഏരിയാ സമ്മേളന വേദിയിൽ തുറന്നടിച്ച് എസ്എഫ്ഐ വനിതാ നേതാവ്. ആലപ്പുഴ ചാരുംമൂട് ഏരിയ കമ്മിറ്റിയിലാണ് എസ്എഫ്ഐ നേതാവ് ശ്രീമോളുടെ തുറന്നുപറച്ചിൽ.
വെട്ടലും തിരുത്തലും സ്വാർത്ഥ താല്പര്യത്തിന്റെ ഭാഗം. ഗോഡ് ഫാദർമാർ ഇല്ലാതെ എസ്എഫ്ഐയിൽ വളരാൻ കഴിയില്ല. വ്യക്തി താൽപര്യങ്ങൾക്കായി ആരുടെയും പാദസേവ ചെയ്യാൻ ഞാൻ പോയില്ല. വെട്ടലുകളും തിരുത്തലുകളും അല്ലല്ലോ സംഘടനാ പ്രവർത്തനത്തിന്റെ അന്ത്യം കുറിക്കുന്നത്?.
എസ്എഫ്ഐ ജില്ലാ ഭാരവാഹികളുടെ സാന്നിധ്യത്തിലാണ് ശ്രീ മോളുടെ തുറന്നുപറച്ചിൽ. സംഘടനാ വേദിയിൽ നിന്നുകൊണ്ട് തന്നെ ഇക്കാര്യം പറഞ്ഞ ശ്രീമോളുടെ വാക്കുകൾ വൈറലാണ്. എസ്എഫ്ഐ ചാരുമൂട് കമ്മിറ്റിയിൽ നിന്ന് ശ്രീ മോളെ ഒഴിവാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീമോളുടെ പരാമർശം ഉണ്ടായതെന്നാണ് സൂചന.
News
യുവി മുന്നറിയിപ്പ്; കേരളത്തില്‍ നാല് പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്
കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് നാലിടത്ത്.
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നാലിടങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തി. കൊട്ടാരക്കര, കോന്നി, ചങ്ങനാശ്ശേരി, മൂന്നാര്‍ എന്നിവിടങ്ങളിലാണ് UV സൂചിക എട്ട് ആയി രേഖപ്പെടുത്തിയത്.
ഇതിനെ തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. UV സൂചിക എട്ട് മുതല്‍ പത്ത് വരെയാണ് ഓറഞ്ച് അലര്‍ട്ടിന്റെ പരിധി. ചെങ്ങന്നൂര്‍, കളമശ്ശേരി, ഒല്ലൂര്‍, തൃത്താല, പൊന്നാനി, ബേപ്പൂര്‍, മാനന്തവാടി എന്നിവിടങ്ങളില്‍ UV സൂചിക ആറു മുതല്‍ ഏഴ് വരെ രേഖപ്പെടുത്തിയതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
പകല്‍ 10 മുതല്‍ 3 വരെ UV കിരണങ്ങള്‍ ശക്തമാകും. ഈ സമയങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന്
കേരള സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി മുന്നറിയിപ്പ് നല്കി. കൂടുതല്‍ സമയം UV കിരണങ്ങള്‍ ശരീരത്തില്‍ പതിക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം.
പുറം ജോലിക്കാര്‍, മത്സ്യത്തൊഴിലാളികള്‍, ജലഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ത്വക്ക്/നേത്ര രോഗികളായവര്‍, ക്യാന്‍സര്‍ രോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേക ജാഗ്രത പാലിക്കണം.
പുറത്തേക്ക് പോകുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുകയും ശരീരം മുഴുവന്‍ മൂടുന്ന കോട്ടണ്‍ വസ്ത്രം ധരിക്കുകയും വേണം. ഇടവേളകളില്‍ തണലില്‍ വിശ്രമിക്കുന്നത് നല്ലതാണ്.
മലമ്പ്രദേശങ്ങളും ഉഷ്ണമേഖല പ്രദേശങ്ങളും സാധാരണയായി ഉയര്‍ന്ന ഡഢ സൂചിക രേഖപ്പെടുത്തുന്ന മേഖലയാണ്. മേഘമില്ലാത്ത തെളിഞ്ഞ ആകാശത്തിലും UV കിരണങ്ങള്‍ ശക്തമായിരിക്കും. ജലാശയങ്ങള്‍ക്കും മണല്‍ പ്രദേശങ്ങള്‍ക്കും UV കിരണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന സ്വഭാവമുള്ളതിനാല്‍ ഇത്തരം മേഖലകളിലും കൂടുതല്‍ ജാഗ്രത ആവശ്യമാണ്.
-
Sports2 days agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News2 days agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories2 days agoഇറാനി പോള
-
kerala2 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala2 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala2 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala2 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health2 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
