Connect with us

Video Stories

നിപ്പ ദുരന്തം: ഗൗരവമുള്ള നടപടികള്‍ വേണം

Published

on

 

പതിനഞ്ചുദിവസത്തിനിടെ അജ്ഞാതരോഗം ബാധിച്ച് സംസ്ഥാനത്ത് പതിനഞ്ചോളംപേര്‍ മരിച്ചെന്ന വാര്‍ത്ത നമ്മുടെ ആരോഗ്യരംഗത്ത് വലിയതോതിലുള്ള ആശങ്കകള്‍ക്ക് ഒരിക്കല്‍കൂടി വഴിതുറന്നിരിക്കുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് ഇത്രയും പേര്‍ മരിച്ചത്. പേരാമ്പ്ര ചങ്ങോരത്ത് ഒരുവീട്ടില്‍ മൂന്നുപേര്‍ മരിക്കാനിടയായത് അജ്ഞാതരോഗം ബാധിച്ചാണെന്ന നിഗമനത്തിലായിരുന്നു ആരോഗ്യവകുപ്പ്. ആദ്യമരണം നടന്ന് പതിനഞ്ചാം ദിവസം ഞായറാഴ്ച മരിച്ച രോഗികളുടെ സ്രവപരിശോധനയിലൂടെ പൂനെയിലെ വൈറോളജിക്കല്‍ ലബോറട്ടറിയില്‍ തെളിഞ്ഞത് ലോകത്തെ നടുക്കുന്ന നിപ വൈറസാണ് രോഗഹേതുവെന്നാണ്. 1997ല്‍ മലേഷ്യയിലും പിന്നീട് ബംഗ്ലദേശിലും നൂറുകണക്കിനുപേരുടെ മരണത്തിന് കാരണമായ വൈറസാണ് കേരളത്തില്‍ ഇതാദ്യമായി കണ്ടെത്തിയിരിക്കുന്നത്. മെയ് അഞ്ചിനും പതിനെട്ടിനും പത്തൊമ്പതിനുമായാണ് ഇരുപത്താറും ഇരുപത്തെട്ടും വയസ്സുളള സാദിഖും സാലിഹും ഇവരുടെ ബന്ധു അമ്പതുകാരി മറിയവും മരണപ്പെട്ടത്. വിവാഹമുറപ്പിച്ച യുവതിയും യുവാക്കളുടെ പിതാവുമടക്കം രണ്ടുപേര്‍ ചികില്‍സയിലാണ്. ഇവരെ പരിചരിച്ച മരിച്ച പേരാമ്പ്ര താലൂക്ക്ഗവ.ആസ്പത്രിയിലെ നഴ്‌സ് ലീനയുടേത് മേരിക്യൂരിയുടേതിന് സമാനമായ ത്യാഗമാണ്. കിണറില്‍നിന്നാണ് രോഗം ആദ്യം പടര്‍ന്നതെന്നാണ് വിവരം. പേരാമ്പ്രക്ക് പുറമെ മലപ്പുറംജില്ലയിലെ ചട്ടിപ്പറമ്പ്, തെന്നല, കൊളത്തൂര്‍, മുന്നിയൂര്‍ എന്നിവിടങ്ങളിലും കഴിഞ്ഞദിവസങ്ങളിലുണ്ടായ മരണങ്ങള്‍ നിപ മൂലമാണെന്നാണ് സംശയിക്കുന്നത്. അമ്പതോളം പേരാണ് ഈ വൈറസ്പനി ബാധിച്ച് കോഴിക്കോട് മെഡി.കോളജുള്‍പ്പെടെ വിവിധ ആതുരകേന്ദ്രങ്ങളില്‍ കഴിയുന്നത്. ഇതില്‍ ഏതാനുംപേരുടെ നില ഗുരുതരം.
1997ല്‍ മലേഷ്യയിലുണ്ടായ വരള്‍ച്ചയെതുടര്‍ന്ന് വവ്വാലുകള്‍ അഥവാ നരിച്ചീറുകള്‍ വ്യാപകമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയതിനെതുടര്‍ന്ന് അവയുടെ കടിയേറ്റ് ആദ്യം പന്നികളിലേക്കും പിന്നീട് മനുഷ്യരിലേക്കും പടര്‍ന്ന വൈറസ് ആണ് നിപ എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗം ബാധിച്ചവരില്‍ 74 ശതമാനം പേര്‍ക്കും മരണകാരണമാകുന്നതാണ് നിപ വൈറസ്. ഫലപ്രദമായ ചികില്‍സയിലൂടെ മരണനിരക്ക് കുറക്കാനാകുമെന്ന് സിംഗപ്പൂര്‍ തെളിയിച്ചിട്ടുണ്ട്. വവ്വാലുകള്‍ കടിച്ച പഴവര്‍ഗങ്ങള്‍ തിന്നുന്നവരിലേക്കാണ് രോഗം ആദ്യം പടരുന്നത്. രോഗികളുമായുള്ള സമ്പര്‍ക്കംമൂലം കൂടുതല്‍ പേരിലേക്ക് രോഗം പടരാനിടയാകുന്നു. പനിയും മൂക്കടപ്പും തലവേദനയുമാണ് രോഗലക്ഷണം. രോഗിയുടെ മൂക്കില്‍നിന്നും വായില്‍നിന്നും വരുന്ന സ്രവമാണ് രോഗംപടര്‍ത്തുന്നത്. അതിനാല്‍ പരിചാരകരും ഭിഷഗ്വരന്മാരും അതീവജാഗ്രത പാലിക്കേണ്ടതുണ്ട്. ജനങ്ങളാണ് സ്വയം കൂടുതല്‍ ജാഗ്രതപാലിക്കേണ്ടത്. രോഗികളുമായുള്ള സഹവാസം കുറക്കുകയാണ് പ്രധാനപ്രതിവിധി. പഴങ്ങള്‍ ഭക്ഷിക്കുന്നത് തല്‍കാലത്തേക്കെങ്കിലും ഒഴിവാക്കുക. നാട്ടിന്‍പുറങ്ങളില്‍ നിന്ന് ലഭിക്കുന്ന മാങ്ങ, കശുമാങ്ങ, പേരയ്ക്ക, ഞാവല്‍ തുടങ്ങിയവയും കള്ളും രോഗം പടര്‍ത്താം. രോഗികള്‍ തമ്മില്‍ ഒരുമീറ്ററെങ്കിലും അകലംപാലിക്കുക, തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ഒഴിവാക്കുക, ശുദ്ധമായ ജലം ഉപയോഗിക്കുക തുടങ്ങിയവയാണ് ഇതരപ്രതിരോധമാര്‍ഗങ്ങള്‍. രോഗംവന്നാല്‍ ഫലപ്രദമായ ഔഷധമില്ലെന്ന് വ്യക്തമായ നിലക്ക് പരമാവധി ജാഗ്രത പുലര്‍ത്തുകയാണ് കരണീയമായിട്ടുള്ളത്. ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിക്കാനും ശ്രദ്ധിക്കണം. ലോകോത്തരനിലവാരമുള്ള ആരോഗ്യസംവിധാനത്തെക്കുറിച്ച് നാം വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെയാണ് എച്ച്‌വണ്‍ എന്‍വണ്‍, പക്ഷിപ്പനി, ചിക്കുന്‍ഗുനിയ പോലുള്ളവ നമ്മുടെ സഹജീവികളെ ഇഹലോകത്തുനിന്ന് കൊണ്ടുപോയത്. തമിഴ്‌നാട്ടിലും കഴിഞ്ഞവര്‍ഷം അഞ്ഞൂറോളം പേരാണ് പനിബാധിച്ച് മരണത്തിന് കീഴടങ്ങിയത്. മറ്റുജില്ലകളിലേക്ക് രോഗം പടരാതിരിക്കാനുള്ള തീവ്രപരിശ്രമമാണ് ആരോഗ്യപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടാവേണ്ടത്. ഇക്കാര്യത്തില്‍ സംസ്ഥാനമനുഷ്യാവകാശകമ്മീഷന്‍തന്നെ മുന്നിട്ടിറങ്ങിയത് സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടാണ്.
ഭീതി പടര്‍ത്തരുതെന്ന അഭ്യര്‍ത്ഥനയുമായി സംസ്ഥാനആരോഗ്യമന്ത്രി കെ.കെ.ശൈലജ ആദ്യംതന്നെ രംഗത്തുവന്നത് പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാതെയായിരുന്നുവെന്ന് വേണം നിരീക്ഷിക്കാന്‍. രോഗപ്രതിരോധത്തിനല്ല, രാഷ്ട്രീയപ്രതിരോധത്തിനാണ് മന്ത്രി തിടുക്കം കാട്ടിയത്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് മുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ പകര്‍ച്ചപ്പനിയുടെ പേരില്‍ ഒരുപാട് പഴികേട്ട സര്‍ക്കാരാണിത്. എന്നിട്ടും വേനലവധി അവസാനിക്കാറായിട്ടും വേണ്ടത്ര മുന്‍കരുതല്‍ എടുത്തില്ലെന്നത് സര്‍വരംഗത്തും ഈ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവത്തിന്റെ ഭാഗമായേ കാണാനാകൂ. നിപ പടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ പഴിക്കുന്നതിനുള്ള സമയമല്ല ഇതെങ്കിലും, കാലവര്‍ഷം അണയാന്‍ ഒരാഴ്ചമാത്രം അവശേഷിക്കവെ പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ നാം പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച് ഒരുതരത്തിലുള്ള സന്ദേഹത്തിനും ആലസ്യത്തിനും ഇനി ഇടമില്ല. കൊതുക്-ഈച്ച ജന്യരോഗങ്ങള്‍ പടരുന്ന കാലമാണ് വരാന്‍ പോകുന്നത്. ആരോഗ്യശുശ്രൂഷ-ഗവേഷണരംഗങ്ങള്‍ എത്രകണ്ട് പുരോഗമിച്ചെന്നാലും വര്‍ഷങ്ങള്‍ കഴിയുന്തോറും പകര്‍ച്ചവ്യാധിമരണങ്ങളുടെ സംഖ്യ കൂടിക്കൂടിവരുന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. ശുചിത്വത്തോടുള്ള നമ്മുടെ അലംഭാവമാണ് ഇതിലൊന്ന്. രണ്ടുനേരവും കുളിച്ച് സ്വയം ശരീരശുദ്ധിവരുത്തി സുഗന്ധങ്ങളും പൂശിപുറത്തിറങ്ങുന്ന മലയാളിക്ക് യാത്രക്കിടെ മൂക്കുപൊത്തിയിരിക്കേണ്ട അവസ്ഥ സംജാതമായിട്ട് കാലമേറെയായി. കഴിക്കുന്ന മാംസ-മല്‍സ്യാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മുതലായവയും യഥാവിധം സംസ്‌കരിക്കുന്ന കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളുള്‍പ്പെടെ വേണ്ടത്ര ശ്രദ്ധപുലര്‍ത്തുന്നില്ല. മഴക്കാലത്തിനുമുമ്പ് വിതരണം ചെയ്യുന്ന നോട്ടീസുകളില്‍ മാത്രമായി ശുചിത്വബോധം ഒതുങ്ങിക്കൂടാ. അത് ഓരോ അടുക്കളയില്‍നിന്ന് ആരംഭിക്കണം. സര്‍ക്കാരുകള്‍ ശ്രദ്ധവെച്ചാല്‍ ഉപരിതലത്തില്‍ കുറെയൊക്കെ മാറ്റംവരുത്താന്‍ കഴിയാമെന്നുമാത്രം.
കേന്ദ്രസംഘം ഇന്നലെ സംസ്ഥാനത്ത് എത്തി ആരോഗ്യവകുപ്പുമന്ത്രിയടക്കം ഉന്നതഉദ്യോഗസ്ഥരുമായി സംസാരിച്ച് നടപടികള്‍ നിര്‍ദേശിച്ചത് ഫലപ്രദമായി താഴേത്തട്ടിലേക്ക് എത്തിക്കുകയാണ് ഇനി വേണ്ടത്. കോഴിക്കോട് മെഡിക്കല്‍കോളജില്‍ മാത്രം മുപ്പതോളം പേരാണ് നിപ സംശയിച്ച് ചികില്‍സക്ക് വിധേയമായിട്ടുള്ളത്. ഓരോ ജില്ലയിലെയും പ്രാഥമികാരോഗ്യേകേന്ദ്രങ്ങളിലും സ്വകാര്യആസ്പത്രികളിലും രോഗലക്ഷണം കണ്ടാലുടന്‍ കുറഞ്ഞചെലവില്‍ അടിയന്തിര വിദഗ്ധചികില്‍സ നല്‍കുന്നുണ്ടെന്നുകൂടി സര്‍ക്കാര്‍ ഉറപ്പുവരുത്തണം. 2000ന്റെ തുടക്കം മുതല്‍ പശ്ചിമബംഗാളിലെ മലയോരഗ്രാമങ്ങളില്‍ അമ്പതോളം പേരുടെ മരണത്തിനിടയാക്കിയ നിപ വൈറസിനെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും പ്രതിരോധമരുന്ന് കണ്ടെത്തുന്നതിനും കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും മതിയായ ശ്രദ്ധ പുലര്‍ത്തിയേതീരൂ. ലോകാരോഗ്യസംഘടനയുടെ ഇടപെടലും അനിവാര്യമാണ്. പ്രശ്‌നത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ച് വിദഗ്ധരെ എത്തിക്കുന്നതടക്കമുള്ള അടിയന്തിരനടപടികള്‍ കേന്ദ്രത്തില്‍നിന്നുണ്ടായേ തീരൂ. കേന്ദ്രസംസ്ഥാനസഹായങ്ങള്‍ മേമ്പൊടിയില്‍ ഒതുങ്ങരുത്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending