Connect with us

Video Stories

കേരളം കലുഷിതമാക്കാന്‍ സംഘ്പരിവാര്‍ നുണകള്‍

Published

on

എ.വി ഫിര്‍ദൗസ്

ഇയ്യിടെയായി കേരളത്തിലെ സംഘ്പരിവാര്‍ ആനുകാലികങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ചില വാര്‍ത്തകളും വിശകലനങ്ങളും അത്യധികം കൗതുകകരവും അതിലുപരി ജുഗുപ്‌സാ ഭാവനകളുടെ പ്രതിഫലനങ്ങളുമാണ്. മറ്റു പല സംസ്ഥാനങ്ങളും വര്‍ഗീയ കാലുഷ്യങ്ങളുടെ ഏറിയും കുറഞ്ഞുമുള്ള അഗ്നിജ്വാലകളില്‍ അകപ്പെടുമ്പോഴും പിടിച്ചുനിന്ന കേരളത്തെക്കുറിച്ച് സംഘ്പരിവാര്‍ വൃത്തങ്ങളില്‍ രൂപപ്പെട്ടുകഴിഞ്ഞ നിരാശയും ഇച്ഛാഭംഗവുമെല്ലാം വൃത്തിയായി ഏറ്റെടുത്ത അക്ഷരാവിഷ്‌കാരങ്ങളാണവ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കരുനീക്കങ്ങള്‍ അവയില്‍ പ്രതിഫലിക്കുന്നുണ്ട്. കേരളത്തിലെ ഹൈന്ദവ ഭൂരിപക്ഷത്തിന്റെ സമചിത്തതയും മതേതരമായ ദൃഢനിശ്ചയവും അവയെ വളര്‍ത്തിയെടുക്കുന്ന വിധത്തില്‍ ഇവിടെ മതേതര-ജനാധിപത്യ പ്രസ്ഥാനങ്ങള്‍ നല്‍കിയ രാഷ്ട്രീയ പിന്തുണയും തന്നെയാണ് കേരളത്തിന്റെ മതനിരപേക്ഷ ഭദ്രതക്ക് ആധാരം എന്നവര്‍ കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട് തന്നെ ആ മതനിരപേക്ഷ ഭദ്രതയെ ശിഥിലീകരിക്കുന്നതിന് ആവശ്യമായ നുണക്കഥകളാണ് കേരളത്തിലെ സംഘ്പരിവാര്‍ ആനുകാലികങ്ങളില്‍ ഇപ്പോള്‍ ഒഴുകിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ ഹിന്ദുക്കളെ കൃത്യമായി വേര്‍തിരിച്ച് ഒരു പക്ഷത്തേക്കും മറ്റെല്ലാവരെയും മറുപക്ഷത്തേക്കും മാറ്റിനിര്‍ത്തുന്ന വിഭജന ജല്‍പനങ്ങളാണവര്‍ അണതുറന്നു വിട്ടുകൊണ്ടിരിക്കുന്നത്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രയോഗിച്ചു ഫലം കണ്ട തന്ത്രമാണിതെങ്കിലും കേരളത്തില്‍ അതിന് സംഘ് ജിഹ്വകള്‍ക്കപ്പുറത്തേക്ക് കടന്നുചെല്ലാന്‍ കഴിയുന്നില്ല. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്നു പറയുന്നത് പ്രയോഗത്തില്‍ നിസ്സാരമായ ഭാഷയാണ്. എന്നാലതിന്റെ ഫലങ്ങളാവട്ടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മേഖലകളില്‍ സംഘര്‍ഷങ്ങള്‍ പടര്‍ത്തുക എന്നതു തന്നെയാണ്. കേരളത്തിലെ ഹൈന്ദവ ജനവിഭാഗങ്ങള്‍ ഒരു വിപത്തിന്റെ നടുക്കടലില്‍ അരക്ഷിതരായി നില്‍ക്കുകയാണെന്നും ഞങ്ങള്‍ സംഘ്പരിവാറുകാര്‍ അവിടേക്ക് രക്ഷാ നൗകയുമായി വന്നുകൊണ്ടിരിക്കയാണ് എന്നുമാണ് പരിവാര്‍ ജിഹ്വകള്‍ വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നത്.
ഏപ്രില്‍ 16ന് കേരളത്തിന്റെ ചില ഭാഗങ്ങളില്‍ അരങ്ങേറിയ വാട്‌സ് ആപ്പ് ഹര്‍ത്താലിനെക്കുറിച്ച് എല്ലാ ദിവസവും ബി.ജെ.പിയുടെ രാഷ്ട്രീയ പത്രം പുതിയ കഥകള്‍ എഴുതിവരികയായിരുന്നു. അതിനിടയിലാണ് മഹാരാജാസ് കോളജിലെ ദലിത് എസ്.എഫ്.ഐ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കാമ്പസ് ഫ്രണ്ടുകാര്‍ കൊലക്കത്തിക്കിരയാക്കിയത്. ദലിത്- പിന്നാക്ക-ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ വക്താക്കളെന്ന് വാദിക്കുന്നവരുടെ വിദ്യാര്‍ത്ഥി സംഘടന ഒരു ദലിത്-ആദിവാസി വിദ്യാര്‍ത്ഥിയെത്തന്നെ കൊലക്കത്തിക്കിരയാക്കിയപ്പോള്‍ സംഘ്പരിവാറിന്റെ നെഞ്ചകത്ത് മറ്റൊരു താമരയാണ് വിരിഞ്ഞത്. വാട്‌സ് ആപ്പ് ഹര്‍ത്താലിനെയും അഭിമന്യുവിന്റെ കൊലപാതകത്തെയും കൂട്ടിയിണക്കിയായി അതിനുശേഷമുള്ള നുണക്കഥയെഴുത്തുകള്‍. കേരളത്തില്‍ ഇരുപക്ഷത്തുമുള്ള എല്ലാ പാര്‍ട്ടികളും ഹിന്ദുക്കള്‍ക്ക് എതിരാണെന്നും ഹിന്ദു ആദിവാസിയായാലും ദലിതനായാലും പിന്നാക്കക്കാരനായാലും അവനെ ഇരു മുന്നണികളും ഉന്മൂലനം ചെയ്തുകൊണ്ടിരിക്കയാണെന്നും വരുത്തിതീര്‍ക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒറ്റയടിക്ക് ഇരു മുന്നണിയെയും ഹിന്ദു വിരുദ്ധരായി ചിത്രീകരിച്ചാല്‍ ഒരേ വെടിക്ക് രണ്ട് പക്ഷികള്‍ വീഴുമെന്നവര്‍ സ്വപ്‌നം കാണുന്നു. എന്നാല്‍ അഭിമന്യുവിന്റെ പേരില്‍ പിന്നാക്ക സ്‌നേഹത്തിന്റെ മുതലക്കണ്ണീരൊഴുക്കുന്ന സംഘ്പരിവാര്‍ കേരളത്തില്‍ കൊന്നുതള്ളിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പെട്ട ദലിതരുടെയും പിന്നാക്കക്കാരുടെയും വലിയൊരു പട്ടിക നമുക്കു മുമ്പിലുണ്ട്. സംഘ്പരിവാര്‍ കൊലക്കത്തിക്കിരയാക്കിവരുടെ സാമൂഹ്യ പശ്ചാത്തലം അവര്‍ മറന്നുപോകുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പശുവിറച്ചി തീറ്റക്കാരും വരേണ്യ ഗോഭക്തിക്ക് എതിരു നില്‍ക്കുന്നവരും ഗോപൂജയുടെ സവര്‍ണ സമ്പ്രദായങ്ങള്‍ പിന്തുടരാത്തവരും എന്ന പേരില്‍ തല്ലുകയും കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നവരുടെ ജാതിയും സമുദായവും ഇവര്‍ ബോധപൂര്‍വം മറക്കുന്നു. ഉദ്ദേശ്യം വളരെ വ്യക്തമാണ്- എന്തു കടുകട്ടി നുണ പറഞ്ഞിട്ടായാലും ശരി കേരളത്തിലെ ഹിന്ദുക്കളെ മതനിരപേക്ഷ ബോധത്തില്‍ നിന്നടര്‍ത്തിമാറ്റി വര്‍ഗീയവത്കരിക്കുകയും അവരെ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ അണിനിരത്തുകയും വേണം.
മഹാരാജാസില്‍ കൊലക്കത്തിക്കിരയായ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ഇടുക്കി വട്ടവടയിലെ വീട്ടില്‍ സഹായ വാഗ്ദാനവുമായി ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ വക്താക്കള്‍ ചെന്നിരുന്നതായും അവരെ വീട്ടുകാര്‍ പറഞ്ഞുവിട്ടതായും ചില പത്രങ്ങളില്‍ വാര്‍ത്ത വരികയുണ്ടായി. കേരളത്തില്‍ ഇതിനു മുമ്പും ഹിന്ദു വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ കൊലക്കത്തിക്കിരയായിട്ടുണ്ട്. അവര്‍ എസ്.എഫ്.ഐക്കാരോ, കെ.എസ്.യുക്കാരോ ആയിരിക്കാം. എന്നാല്‍ അന്നൊന്നും അവര്‍ ഹിന്ദുവാണല്ലോ എന്ന പേരു പറഞ്ഞ് ഒരു ഹെല്‍പ്പ് ലൈന്‍കാരും ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അന്നവര്‍ക്ക് കേരളം കീഴടക്കുന്ന കാര്യത്തില്‍ ഇത്ര വാശിയുണ്ടായിരുന്നില്ല എന്നതു തന്നെ കാരണം. ഇന്ന് സാഹചര്യം, വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ കേരളത്തില്‍നിന്ന് ഉണ്ടാക്കിയില്ലെങ്കില്‍ എല്ലാ ഭാരവാഹികളെയും അതതു സ്ഥാനങ്ങളില്‍ നിന്ന് പിരിച്ചുവിടും എന്ന അമിത്ഷായുടെ ഭീഷണി തൂങ്ങിനില്‍ക്കുന്നതാണ്. അതുകൊണ്ട് കേരളത്തിലെ സംഘ്പരിവാര്‍ രാഷ്ട്രീയക്കാര്‍ക്ക് പരമാവധി ഉപകരണങ്ങള്‍ പുറത്തെടുക്കേണ്ട നിര്‍ബന്ധിതാവസ്ഥ വന്നുചേര്‍ന്നിരിക്കുന്നു. കേരളത്തിലെ ആദിവാസികളും പിന്നാക്കക്കാരും ദലിതരും നായരീഴവരും നമ്പൂതിരിയും എല്ലാം ഉള്‍പ്പെട്ട ജാതി വിഭാഗങ്ങള്‍ ഹിന്ദുക്കളാണ് എന്ന് സംഘ്പരിവാര്‍ ചിന്തിക്കാറുള്ളതുതന്നെ തെരഞ്ഞെടുപ്പ് ചൂട് അടുത്തുവരുമ്പോള്‍ മാത്രമാണ്. അല്ലെങ്കില്‍ ഈ പറഞ്ഞവരൊക്കെ അതതു ജാതിക്കാരായി മാത്രമേ കണക്കാക്കപ്പെടൂ. എന്‍.ഡി.എയുടെ ഘടകകക്ഷിയായി മാറിയ തുഷാര്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്കാരെ ഇന്നീ ദിവസം വരെയും ബി.ജെ.പിയുടെ ആസ്ഥാന മന്ദിരത്തിന്റെ തീണ്ടാപ്പാടകലെ മാത്രമേ നിര്‍ത്തിവന്നിട്ടുള്ളൂ എന്നും നമുക്കറിയാം. കേന്ദ്ര പാര്‍ട്ടി ഫണ്ടിന്റെ വെളുവെളുപ്പില്‍ ബി.ജെ.പി നേതാക്കള്‍ പരമാവധി വ്യക്തിപരമായ നേട്ടങ്ങളുണ്ടാക്കുമ്പോഴും കേരളത്തിലെ ദലിത്-പിന്നാക്ക പശ്ചാത്തലങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉമിനീര്‍ ആഞ്ഞുവലിച്ചു പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ഒരു കാലംവരെയും. ഹിന്ദുവിന്റെ ഏകതക്കുവേണ്ടി തെരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ കച്ചമുറുക്കിയിറങ്ങാറുള്ള ഇവര്‍ എന്തുകൊണ്ടാണ് സ്വന്തം പാര്‍ട്ടിക്കകത്ത് ഒ.ബി.സി മോര്‍ച്ചയും പിന്നാക്ക വിഭാഗ മോര്‍ച്ചയുമൊക്കെ ഉണ്ടാക്കി സ്വന്തം പാര്‍ട്ടിയുടെ ഹിന്ദു ഏകതാ ജല്‍പനങ്ങളെ ‘ചോര്‍ച്ച’ ചെയ്തുവരുന്നത് എന്ന് ഇവരെ കണ്ണടച്ചു വിശ്വസിക്കുന്നവര്‍ ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?
ആഞ്ഞുപിടിച്ച പ്രചാരണങ്ങളിലൂടെ ഇപ്പോള്‍ വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയാല്‍ ഇനി പറയുന്നവയായി: (1) കേരളത്തില്‍ മതനിരപേക്ഷ പാര്‍ട്ടികളുടെ മറവില്‍ ശക്തമായ ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. (2) ഇരു ചേരിയിലെ പാര്‍ട്ടികളിലും ഇസ്‌ലാം മത ഭീകരവാദികള്‍ക്ക് മേല്‍ക്കൈ ഉണ്ട്. (3) ഹിന്ദുക്കളെ മാത്രം ‘ടാര്‍ജറ്റ്’ ചെയ്യുന്നതുകൊണ്ടാണ് സി.പി.എമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഹിന്ദുക്കള്‍ മാത്രം കൊല്ലപ്പെടുന്നത്. (4) പോപ്പുലര്‍ ഫ്രണ്ടിനെ ഇരുഭാഗത്തുള്ള പാര്‍ട്ടികളും പിന്തുണക്കുന്നുണ്ട്. (5) വാട്‌സ് ആപ്പ് ഹര്‍ത്താല്‍ സംഭവം കേരളത്തിലെ ഇസ്‌ലാം മത ഭീകരതയുടെ സ്വാധീനത്തിനു തെളിവാണ്. (6) സി.പി.എമ്മില്‍ മുസ്‌ലിം ഭീകരവാദികള്‍ നുഴഞ്ഞുകയറി ഹിന്ദു സഖാക്കളെ കൊന്നൊടുക്കാന്‍ പദ്ധതികളാസൂത്രണം ചെയ്തുവരികയാണ്. (7) ഇപ്പറഞ്ഞ കാരണങ്ങളാല്‍ കോണ്‍ഗ്രസിലെയും ഇടതു പാര്‍ട്ടികളിലെയും നാനാജാതി സമുദായങ്ങളില്‍പെട്ടവരായ ഹിന്ദുക്കള്‍ അതതു പാര്‍ട്ടികള്‍ വിട്ട് സംഘ്പരിവാറിനൊപ്പം വരിക മാത്രമേ രക്ഷാവഴിയുള്ളൂ. (8) മുസ്‌ലിംലീഗും ഈ നീക്കങ്ങളില്‍ ഒപ്പം നില്‍ക്കുകയും മലപ്പുറത്തെ ഒരു മുസ്‌ലിം സംസ്ഥാനമാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഇത്ര ഭാവനാത്മകമായി രാഷ്ട്രീയ നുണകള്‍ ആവിഷ്‌കരിക്കാന്‍ സംഘ്പരിവാറിന് സാധിക്കുമോ എന്നതിനെക്കുറിച്ച് സംശയം ഉണ്ടാവേണ്ടതില്ല. ഇതിനേക്കാള്‍ വലിയ നുണകള്‍ കുത്തിച്ചെലുത്തിയാണവര്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഓരോന്നിലായി അധികാരം കയ്യെത്തിപ്പിടിച്ചത്. കേരളത്തിലെ മതേതര പാര്‍ട്ടികള്‍ ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അറിഞ്ഞോ, അറിയാതെയോ കൂട്ടുനില്‍ക്കുന്നു എന്നു പറയുന്നത് അത്തരം പാര്‍ട്ടികള്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്നു എന്നു പറയുന്നതിന് സമാനമാണ്. കാരണം ഈ പാര്‍ട്ടികളുടെ ഭൂരിഭാഗ അംഗങ്ങളും ഹിന്ദുക്കള്‍ തന്നെയാണ്. സംഘ്പരിവാര്‍ ആഗ്രഹിക്കുന്ന അര്‍ത്ഥത്തില്‍ ഹൈന്ദവ സ്വത്വ പ്രകാശനങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടാകാറില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ കേരളത്തിലെ ഏതെങ്കിലുമൊരു മതേതര രാഷ്ട്രീയ പ്രസ്ഥാനം സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളെ അവരുടെ വിശ്വാസപരമോ, ആത്മീയമോ ആയ നിലപാടുകളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഇന്നല്ല ഒരു കാലത്തും ഒരു ശ്രമവും നടത്തിയതായി പറയാന്‍ കഴിയില്ല.
മത ഭീകരതക്ക് കോണ്‍ഗ്രസോ, കമ്യൂണിസ്റ്റ് പാര്‍ട്ടികളോ വിധേയപ്പെടുക എന്നതും തികഞ്ഞ ഭാവന മാത്രമാണ്. ഭീകരതയെ നിര്‍വചിക്കുന്നതിലും സംഘടനകളെ വിലയിരുത്തുന്നതിലും ഇരു മുന്നണിയിലേയും പാര്‍ട്ടികള്‍ക്ക് അവയുടേതായ മാനദണ്ഡങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. അതനുസരിച്ച് നയങ്ങള്‍ സ്വീകരിക്കുകയും ചെയ്‌തെന്നിരിക്കും. എന്നാല്‍ ഒരു പ്രസ്ഥാനമോ, സംഘടനയോ വ്യക്തമായ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പാതയില്‍ നീങ്ങുന്നുവെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ ആ പ്രസ്ഥാനവുമായും സംഘടനയുമായും സഹകരിക്കാന്‍ തയ്യാറാവുക എന്നത് അവരെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കാതെ വയ്യ. ഇടതുപക്ഷ സര്‍ക്കാറിന്റെ പൊലീസ് നയവൈകല്യങ്ങളില്‍ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്ന നിലമ്പൂരിലെ നക്‌സല്‍ വെട്ടയെക്കുറിച്ച് രണ്ട് ഇടത് പാര്‍ട്ടികള്‍ രണ്ടു ഭിന്ന നിലപാടുകള്‍ സ്വീകരിച്ചതോര്‍ക്കുക. ഇത്തരത്തില്‍ മുസ്‌ലിം സംഘടനകളെക്കുറിച്ചുള്ള സമീപനങ്ങളും ഇതര ഭിന്നങ്ങളായി എന്നുവരാം. മതേതര പാര്‍ട്ടികളിലെ മുസ്‌ലിംകളെ മൊത്തത്തില്‍ ഭീകരവാദികളും തീവ്രവാദികളുമാക്കി മാറ്റുകയാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. അതായത് മതനിരപേക്ഷ രാഷ്ട്രീയത്തില്‍ നിന്നവരെ തീര്‍ത്തും അന്യവത്കരിക്കുക. ഇങ്ങനെ അന്യവത്കരിച്ച് വേട്ടയാടുക. മറ്റ് പല ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും അനുഭവവും അതുതന്നെയാണ്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെടുന്നവരെ ജാതിയുടെയും മതത്തിന്റെയും കള്ളികളില്‍ രേഖപ്പെടുത്തിയും കണക്കെടുക്കുക എന്നത് കേരളത്തിലെ സംഘ്പരിവാര്‍ രാഷ്ട്രീയത്തെ സംബന്ധിച്ച് സ്വന്തം ബുദ്ധിശൂന്യത സ്വയം വെളിപ്പെടുത്തല്‍ മാത്രമായി മാറുന്നു. കണ്ണൂരിലൊക്കെ അവര്‍ കൊന്നുതള്ളിയവരുടെ കണക്ക് വളരെ വലുതാണ്. അവരില്‍ ജാതീയമായി പല തട്ടുകളിലുള്ള ഹിന്ദുക്കളെ കാണാം. ഇതരപാര്‍ട്ടിക്കാരനെ കൊല്ലുമ്പോള്‍ അവന്‍ ഹിന്ദു ജാതിയില്‍പെട്ടവനാണ് എന്നതിന്റെ യാതൊരാനുകൂല്യവും ഇന്നുവരെ സംഘ്പരിവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
കേരളത്തിലെ മതേതര പാര്‍ട്ടികള്‍ ഒരേപോലെ പോപ്പുലര്‍ ഫ്രണ്ടിനെ സംരക്ഷിക്കുന്നുവെന്ന് പറയുന്നത് സംഘ്പരിവാറിന്റെ കാടടച്ചു വെടിവെക്കല്‍ തന്ത്രമാണ്. അതിന്റെ ബാലിശത കേരളത്തിലെ ഹൈന്ദവ സമൂഹം യഥാവിധി തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. വാട്‌സ് ആപ്പ് ഹര്‍ത്താലിനെ കേന്ദ്രീകരിച്ചുള്ള സംഘ്പരിവാര്‍ നുണകളും ഇത്തരത്തില്‍ സ്വന്തം ദിശയിലേക്കു തന്നെ തിരിഞ്ഞുവരുന്ന ബൂമറാങ് ആണ്. കേരളത്തില്‍ സാമുദായിക-വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനായി ഒരുപറ്റം സംഘ്പരിവാര്‍ ചാവേറുകള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണ് അതെന്ന് ഇതിനകം അന്വേഷണങ്ങളിലൂടെ തെളിയിക്കപ്പെടുന്നതാണ്. അതിന്റെ പ്രചാരകരായി അണിനിരന്നവരില്‍ സോഷ്യല്‍ മീഡിയാ അടിമകളായ പോപ്പുലര്‍ ഫ്രണ്ടുകാരും വെല്‍ഫെയര്‍ പാര്‍ട്ടിക്കാരുമൊക്കെ ഉണ്ടായിരിക്കാം. എന്നാല്‍ അവര്‍ സംഘ്്പരിവാര്‍ എറിഞ്ഞിട്ട ചൂണ്ടയില്‍ കുരുങ്ങുകയായിരുന്നു. സംഭവത്തിന്റെ ഒന്നാമത്തെ സ്രോതസ്സ് തീര്‍ച്ചയായും സംഘ്പരിവാറിന്റെ സോഷ്യല്‍ മീഡിയാ ചാവേറുകള്‍ തന്നെയാണ്. ആ യാഥാര്‍ത്ഥ്യം കേരളീയര്‍ വ്യക്തമായി മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ആ ഒരൊറ്റ സംഭവം മുന്‍നിര്‍ത്തി സംഘ്പരിവാറിന്റെ വക്താക്കള്‍ കേരളത്തില്‍ മതഭീകരത തഴച്ചുവളരുകയാണ് എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍ അതിന് ‘ഞങ്ങള്‍ വിത്തിറക്കിയതാണ് ആ ഭീകരത’ എന്ന അര്‍ത്ഥം കൂടിയാണ് കൈവരുന്നത്. കേരളം കുളം തോണ്ടാന്‍ ആസൂത്രണം ചെയ്ത ഒരു പദ്ധതി പാളിപ്പോയതിന്റെ അപകര്‍ഷത അതില്‍ തെളിഞ്ഞു കാണാം.
മുസ്‌ലിംലീഗിനെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമങ്ങളിലും അതു കാണാം. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തോടൊപ്പം ദലിതുകളും പിന്നാക്ക വിഭാഗക്കാരും അണിനിരക്കുന്ന കാഴ്ച അവരെ പരിഭ്രാന്തരാക്കുന്നുണ്ട്. മലപ്പുറം ജില്ലാ രൂപീകരണത്തിന്റെ വാര്‍ഷികം നടത്തിയപ്പോള്‍ അതില്‍ പോലും സംഘ്പരിവാര്‍ ഹിന്ദുവിരുദ്ധത കാണാന്‍ ശ്രമിച്ചു. ആര്‍. എസ്.എസിന്റെയും ജനസംഘത്തിന്റെയും നേതൃത്വത്തില്‍ മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ നടന്ന ബാലിശ സമരങ്ങളെ നിഷ്ഫലമാക്കിയത് മലപ്പുറത്തെ ഹിന്ദുക്കള്‍ തന്നെയാണ്. ഇന്നും ജില്ലയില്‍ ഗണ്യമായ ജനസംഖ്യ ഹിന്ദുക്കളാണ്. അവരെയാരും ഇന്നുവരെ മതത്തിന്റെ പേരില്‍ ദ്രോഹിച്ചിട്ടില്ല. കേരളത്തില്‍ മറ്റേതൊരു ജില്ലയിലും അവരനുഭവിക്കുന്ന സ്വാതന്ത്ര്യം മലപ്പുറത്തു മാത്രമായി ഒരു മുസ്‌ലിം സംഘടനയും തടഞ്ഞിട്ടുമില്ല. നുണകളും ജല്‍പനങ്ങളും പടച്ചുണ്ടാക്കി പ്രചരിപ്പിച്ച് മുതലെടുപ്പു നടത്താന്‍ ശ്രമിക്കുക എന്ന ബാലിശമായ തന്ത്രം കേരളത്തില്‍ വിലപ്പോകില്ല. വരാന്‍പോകുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പടച്ചിറക്കുന്ന ഇത്തരം നുണകള്‍ കേരളത്തിലെ സംഘ്പരിവാറിന്റെ ആശയ ദാരിദ്ര്യത്തെക്കുറിച്ചു പറഞ്ഞു ചിരിക്കാനുള്ള അവസരങ്ങളായി മാത്രമേ പരിണമിക്കുകയുള്ളു. നുണകളുടെ എണ്ണവും വലുപ്പവും കൂടുന്തോറും അവര്‍ കൂടുതല്‍ കൂടുതലായി അപഹാസ്യരായിക്കൊണ്ടിരിക്കുകയും ചെയ്യും.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending