ഉന്നാവ് ബലാത്സംഗ കേസില്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠം നിര്‍ണായകമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ്. കേസിലെ പ്രതിയും ഉത്തര്‍പ്രദേശ് നിയമസഭാ മുന്‍ സമാജികനുമായിരുന്ന കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെ സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വാദത്തിലേക്ക് കടക്കാമെന്ന സുപ്രിംകോടതിയുടെ അറിയിപ്പും പ്രതീക്ഷാ നിര്‍ഭരവും, ഉന്നാവോ പെണ്‍കുട്ടിക്ക് മാത്രമല്ല നീതിനിഷേധിക്കപ്പെടുകയും ഇരകളാക്കപ്പെടുകയും ചെയ്യുന്ന ലക്ഷക്കണക്കായ പെണ്‍കുട്ടികള്‍ക്ക് ആശ്വാസത്തിന്റെ തെളിനീരുമായി മാറുകയാണ്. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം എന്നും കോടതി നിര്‍ദേശിക്കുകയുണ്ടായി. സാധാരണ ഇത്തരം കേസുകളില്‍ ജാമ്യം നല്‍കിയാല്‍ റദ്ദാക്കാറില്ലെന്നി രിക്കെയാണ് കോടതിയുടെ അസാധാരണ ഇടപടല്‍ ഉണ്ടായിരിക്കുന്നത്. പ്രമാദമായ പ്രസ്തുത കേസില്‍ സാഹചര്യം ഗുരുതരമാണെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തിരിക്കുകയാണ്. ഹീനമായ കുറ്റമാണ് പ്രതി നടത്തിയതെന്നും കോടതി കുട്ടിച്ചേര്‍ക്കുകയുണ്ടായി. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ റദ്ദാക്കുകയും പ്രതിക്ക് ഉപാധികളോടെ ജാമ്യം നല്‍കുകയും ചെയ്ത ഹൈക്കോടതി നടപടി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നടപടിയും നിലപാടുമുണ്ടായിരിക്കുന്നത്. രാജ്യ മനസാക്ഷിയെ പിടിച്ചുകുലുക്കിയ കേസായിരുന്നു 2017 ജൂണ്‍ നാലിന് ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17 വയസുകാരിയെ കുട്ടുബലാത്സംഗത്തിനിരയാക്കിയ സംഭവം. യു.പി ബി.ജെ.പി മുന്‍ എം.എല്‍.എയായിരുന്ന കുല്‍ദീപ് സിങ് സെന്‍ഗാറായിരുന്നു കേസിലെ പ്രതി. സര്‍ക്കാര്‍ പ്രതിക്കൊപ്പം നിന്ന കേസില്‍ നീതി ലഭിക്കില്ലെന്നായതോടെ പെണ്‍കുട്ടി 2018 ഏപ്രില്‍ എട്ടിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. ഇതിനിടെ ഭരണകൂടം പെണ്‍കുട്ടിയുടെ പിതാവിനെ മറ്റൊരു കേസില്‍ പ്രതിയാക്കുകയും അദ്ദേഹം പിന്നീട് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ മ രണപ്പെടുകയും ചെയ്തിരുന്നു. പിന്നീട് വിഷയം ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ഇരക്ക് നീതി തേടി വന്‍പ്രതിഷേധങ്ങള്‍ ഉയരുകയുമുണ്ടായി. 2018ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടപ്പോള്‍ കുല്‍ദീപ് സിങ് സെന്‍ഗാര്‍, സഹോദരന്‍, മൂന്നു പൊലീസുകാര്‍ എന്നിവരും മറ്റ് അഞ്ചു പ്രതികള്‍ക്കുമെതിരായിരുന്നു കുറ്റപത്രം. 2019 ജൂലായ് 28 ന് ട്രക്കും പെണ്‍കുട്ടിയും സഞ്ചരിച്ച കാറുമായി കുട്ടിയിടിച്ച് പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ രണ്ട് അടുത്ത ബന്ധുക്കള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തിലും കുല്‍ദീപ് സെഗാറിന് പങ്കുണ്ടെന്ന് കണ്ടെത്തി നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. കുല്‍ദീപ് സെഗാറിന്റെ ശിക്ഷ റദ്ദാക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ പീഡനത്തിന് ഇരയായ പെണ്‍കുട്ടി തന്നെ അതിനിശിതമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തങ്ങളെ കൊലയ്ക്കു കൊടുക്കുന്നതാണ് ഹൈക്കോടതി ഉത്തരവെന്ന് പെണ്‍കുട്ടി പ്രതികരിക്കുകയുണ്ടായി. വിധിയെ തുടര്‍ന്ന് പെണ്‍കുട്ടിയും മാതാവും മാധ്യമങ്ങളെ കാണാന്‍ ശ്രമിച്ചെങ്കിലും സി.ആര്‍.പി.എഫ് തടഞ്ഞിരുന്നു. ഇതുപോലൊരു കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് ജാമ്യം അനുവദിക്കുകയാണെങ്കില്‍ രാജ്യത്തെ പെണ്‍കുട്ടികള്‍ എങ്ങനെയാണ് സുരക്ഷിതരായിരിക്കുക, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ഞങ്ങളെ കൊല്ലുന്നതിനു തുല്യമാണ്. പണവും അധികാരവുമുള്ളവര്‍ ജയിക്കുന്നു. അതില്ലാത്തവര്‍ തോല്‍ക്കുന്നുവെന്നും അവര്‍ പ്രതികരിച്ചിരുന്നു. ഡല്‍ഹിയിലെ മാണ്ഡി ഹൗസില്‍ മാധ്യമങ്ങളെ കാണുമെന്ന വിവരം പുറത്തുവന്നതോടെ അവിടേക്ക് പോകാന്‍ അനുവദിക്കാതെ പൊലീസ് സ്റ്റേഷനില്‍നിന്ന് ഇവരെ സി.ആര്‍.പി.എഫ് ബസില്‍ ബലം പ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് ഓടുന്ന ബസില്‍ സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ തങ്ങളെ കൈയേറ്റം ചെയ്‌തെന്ന ആരോപണവുമായി ഇരയുടെ മാതാവ് രംഗത്തെത്തിയിരുന്നത്. ഇവരെ സി.ആ ര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഓടുന്ന ബസില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ നിര്‍ബന്ധിച്ച് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ മര്‍ ദ്ദിച്ചെന്നായിരുന്നു ആരോപണം. പിന്നീട് തന്നെ ബസില്‍ നിന്ന് തള്ളി പുറത്തേക്കിട്ട ശേഷം ഇരയായ പെണ്‍കുട്ടിയേയും കൊണ്ട് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കടന്നു കളഞ്ഞതായും മാതാവ് ആരോപിച്ചിരുന്നു. കുറ്റകൃത്യങ്ങള്‍ കൃത്യമായി തെളിയിക്കപ്പട്ടെ സാഹചര്യത്തില്‍ ശിക്ഷ ഉറപ്പാക്കപ്പെട്ട പ്രതി നിയമ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും ഇരയെയും കുടുംബത്തെയും ശാരീരികമായി ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളാണ് നിരന്തരമായി നടന്നിട്ടുള്ളത്. ശക്തമായി പ്രതിഷേധങ്ങള്‍ക്കിടയിലും ഇത്തരത്തിലും നിരവധി ശ്രമങ്ങള്‍ നടന്നുവെന്നത് പ്രതിക്കുള്ള സ്വാധീനത്തിന്റെയും പിന്‍ബലത്തിന്റെയും ഉത്തമ തെളിവാണ്. ഈ സാഹചര്യത്തിലാണ് കേസില്‍ സുപ്രീംകോടതി ഇന്നലെ സ്വീകരിച്ച നിലപാട് ഏറെ പ്രസക്തമായിത്തിരുന്നത്.