editorial
തുറിച്ചുനോക്കുന്ന യുദ്ധക്കെടുതി
യുദ്ധം തുടങ്ങിവെച്ച അമേരിക്കയെയും ആക്രമണങ്ങളുടെ ആസൂത്രകരായ ഇസ്രാഈലിനെയുംവരെ ഈ കെടുതികള്‍ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥിതിയാകട്ടേ ഏറ്റവും ഗുരുതരമാണ്.
ഗള്‍ഫ് മേഖലയെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ഇറാന്, ഇസ്രാഈല്‍ – അമേരിക്ക യുദ്ധത്തിന്റെ കെടുതികള്‍ ദിവസങ്ങള്‍ പിന്നിടുംതോറും ലോകത്തെ ആസകലം തുറിച്ചുനോക്കുകയാണ്. യുദ്ധം തുടങ്ങിവെച്ച അമേരിക്കയെയും ആക്രമണങ്ങളുടെ ആസൂത്രകരായ ഇസ്രാഈലിനെയുംവരെ ഈ കെടുതികള്‍ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥിതിയാകട്ടേ ഏറ്റവും ഗുരുതരമാണ്. എണ്ണവില കുതിപ്പ്, വാണിജ്യ ഗ്യാസ് ക്ഷാമം, ഓഹരി വിപണി തകര്‍ച്ച, ചരക്കുനീക്കം തടസപ്പെടല്‍ തുടങ്ങി രാജ്യം അനുഭവിക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാര നടപടികളൊന്നും കണ്ടെത്താന്‍ കഴിയുന്നില്ലെന്നുമാത്രമല്ല, ഭീതിതമായ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണപോലും കേന്ദ്ര സര്‍ക്കാറിനില്ലെന്നതാണ് പാര്‍ലമെന്റിലും മറ്റുമുള്ള പ്രതികരണങ്ങളിലൂടെ ബോധ്യമാകുന്നത്.
രാജ്യത്തെ ആഭ്യന്തര വിപണിയില്‍ ക്രൂഡോയില്‍ വില പത്ത് ശതമാനം ഉയര്‍ന്ന് ബാരലിന് 80 ഡോളര്‍ കടന്നിരിക്കുകയാണ്. ലോകത്തിന്റെ ക്രൂഡ് ഓയില്‍ ഗതാഗതത്തിന്റെ ഇരുപത് ശതമാനവും നടക്കുന്ന ഹോര്‍മൂസ് ഇടനാഴി ഇറാന് അടച്ചതോടെ ആഗോള തലത്തില്‍ നേരിടുന്ന ചരക്ക് നീക്ക തടസം പെട്രോള്‍ വില ഇന്ത്യയില്‍ ലിറ്ററിന് 150 രൂപ വരെ ഉയര്‍ത്തിയേക്കാമെന്നാണ് വിദഗ്ദ്ധര്‍ പ്രവചിക്കുന്നത്. പെട്രോളിന്റെ വില കൂടിയാല്‍ സ്വാഭാവികമായും അവശ്യസാധനങ്ങളുടെയും വിമാന, ബസ്, ഓട്ടോ സര്‍വീസുകളുടെയെല്ലാം ചാര്‍ജ് വര്‍ദ്ധിക്കാം. ഇത് പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും ഇടയാക്കും. സഊദിയിലെ അരാംകോ റിഫൈനറിയിലും ആക്രമണമുണ്ടായതോടെ എണ്ണനീക്കം തടസപ്പെടാനുള്ള സാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. പ്രതിദിനം 5.5 ലക്ഷം ഉത്പാദനശേഷിയുള്ള ഈ റിഫൈനറി മദ്ധ്യേഷ്യയിലെ ഏറ്റവും വലുതാണ്.
യു.എ.ഇയുമായി മാത്രമായി ഇന്ത്യക്ക് പ്രതിവര്‍ഷം 1000 കോടി ഡോളറിന്റെ വാണിജ്യമാണുള്ളത്. അതില്‍ വലിയൊരു പങ്ക് കേരളത്തിന്റേതാണെന്നത് മലയാളികളെ കൂടുതല്‍ ആശങ്കാകുലരാക്കുന്നു. ഹോര്‍മൂസ് വഴിയുള്ള ഗതാഗതം നടക്കാതായാല്‍ കപ്പലുകള്‍ക്ക് ഗുഡ്ഹോപ് മുനമ്പ് ചുറ്റി പോകേണ്ടിവരും. ഇത് ഷിപ്പിംഗ് ചാര്‍ജില്‍ വലിയ വര്‍ദ്ധനവിന് ഇടയാക്കുകയും കയറ്റുമതിക്കാരുടെ വരുമാനത്തില്‍ ഇടിവ് സംഭവിക്കുകയും ചെയ്യും. വ്യോമപാതകള്‍ അടച്ചതോടെ ഇപ്പോള്‍ത്തന്നെ കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള പഴം, പച്ചക്കറി കയറ്റുമതി കുത്തനെ ഇടിഞ്ഞു. കൊച്ചി വിമാനത്താവളത്തില്‍ മാത്രം 200 ടണ്ണിലേറെ പച്ചക്കറികള്‍ കയറ്റി അയയ്ക്കാനാകാതെ കാര്‍ഗോയില്‍ കെട്ടിക്കിടന്ന് നശിക്കുന്നു. 40 മുതല്‍ 45 ടണ്‍ വരെ ദിവസവും കയറ്റുമതി ഉണ്ടായിരുന്ന കരിപ്പൂരില്‍ 10 മുതല്‍ 15 ടണ്ണായി കുറഞ്ഞിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ യുദ്ധം വാണിജ്യ എല്‍.പി.ജി സിലിണ്ടര്‍ വിതരണത്തെ ബാധിച്ചതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഹോട്ടലുകള്‍ അടച്ചുതുടങ്ങി. ഒട്ടേറെ അനുബന്ധ മേഖലകളെക്കൂടി ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയാണു രൂപപ്പെടുന്നത്. യുദ്ധം അവസാനിച്ചാല്‍പോലും ലഭ്യത സാധാരണ തോതിലാകാന്‍ മാസങ്ങളെടുക്കുമെന്നതാണ് നിലവിലെ അവസ്ഥ.
ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് അമേരിക്കയും ഇസ്രാഈലുംതന്നെ പ്രതിസന്ധിയുടെ നടുക്കടലിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. ഇറാന് ഒരു സന്നദ്ധതയും അറിയിക്കാതിരുന്നിട്ടും ട്രംപ് യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വ്യംഗന്തരേണ സൂചിപ്പിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. യുദ്ധത്തിന്റെ ആദ്യ ആറ് ദിനങ്ങളില്‍ മാത്രം ഏകദേശം 11.3 ബില്യണ്‍ ഡോളര്‍ (95,000 കോടി രൂപ) ചെലവായതായി ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചിരിക്കുകയാണ്.
യുദ്ധരംഗത്തെ ആയുധശേഖരം, ഇന്ധനം, സൈനിക വിന്യാസം എന്നിവയ്ക്കായി വന്‍തുകയാണ് ഓരോ ദിവസവും ചെലവഴിക്കുന്നത്. യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടുതല്‍ വ്യക്തത വേണമെന്ന ആവശ്യവുമായി ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്. ഇസ്രാഈലില്‍ ഇതിനകം മിസൈല്‍ പതിച്ച് നാശനഷ്ടം നേരിട്ട 9,115 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ഏതായാലും യുദ്ധത്തിന്റെ കെടുതികള്‍ ആരുടെയും കണക്കുകൂട്ടലുകളില്‍ നില്‍ക്കുകയില്ലെന്നും ഏതെങ്കിലും ശക്തികള്‍ക്ക് വിജയമുണ്ടാവാന്പോകുന്നില്ലെന്നും എന്നാല്‍ പരാജയം സംഭവിക്കുന്നത് ലോകത്തിനാകമായിരിക്കുമെന്നതാണ് ഈ ചുരുങ്ങിയ കാലയളവ്കൊണ്ട് മാനവരാശിക്ക് ബോധ്യമായത്.
editorial
അടുക്കളയിലെത്തിയ യുദ്ധ ഭീതി
യുദ്ധ പശ്ചാത്തലത്തില്‍ രൂപപ്പെട്ട പാചകവാതക ക്ഷാമം നമ്മുടെ അടുക്കളകള്‍ക്ക്പോലും താഴിയിടുമോയെന്ന ഭീതിയാണ് രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്.
പശ്ചിമേഷ്യയെ അസ്വസ്ഥഭരിതമാക്കിക്കൊണ്ടിരിക്കുന്ന ഇറാനും, ഇസ്രാഈല്‍ അമേരിക്ക സഖ്യവും തമ്മിലുള്ള യുദ്ധം ഇന്ത്യയെയും കേരളത്തെയുമെല്ലാം നേരിട്ടു ബാധിക്കുന്നതിന്റെ സൂചനകള്‍ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. യുദ്ധ പശ്ചാത്തലത്തില്‍ രൂപപ്പെട്ട പാചകവാതക ക്ഷാമം നമ്മുടെ അടുക്കളകള്‍ക്ക്പോലും താഴിയിടുമോയെന്ന ഭീതിയാണ് രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്. വ്യാവസായികാടിസ്ഥാനത്തിലുള്ള എല്‍.പി.ജി വിതരണത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ റസ്റ്റോറന്റുകളും ഭക്ഷ്യവിതരണ ശാലകളും കടുത്ത പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. റസ്റ്റോറന്റുകള്‍ വ്യാപകമായി അടച്ചുപൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ തട്ടുകടകള്‍പോലുള്ള സംവിധാനങ്ങളും ഇന്ധനക്ഷാമത്താല്‍ ചക്രശ്വാസം വലിക്കുകയാണ്.
ഹോട്ടലുകള്‍ക്കുള്ള പാചക വാതകം നിര്‍ത്തിവെക്കാന്‍ വിതരണ ഏജന്‍സികള്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശംകൂടി ലഭ്യമായതോടെ പ്രതിസന്ധി പൂര്‍ണമായിരിക്കുകയാണ്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മാത്രമായി പാചക വാതകം പരിമിതപ്പെടുത്തിയാണ് സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനെതിരായ ഇസ്രാഈല്‍-യു.എസ് സംയുക്ത ആക്രമണത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ, വാതക വിതരണം പ്രതിസന്ധിയിലായതാണ് ഇന്ത്യയേയും വലച്ചത്. ആഗോള തലത്തില്‍ കപ്പല്‍ വഴിയുള്ള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും, എല്‍.എന്‍.ജി വിതരണത്തിന്റെ മൂന്നിലൊന്നും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. ഉപഭോഗത്തിനുള്ള 65% എല്‍പിജിയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതില്‍തന്നെ 90 ശതമാനവും വാങ്ങുന്നത് സഊദി അറേബ്യ, ഖത്തര്‍, യു.എ.ഇ തുടങ്ങിയ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നാണ്.
യുദ്ധത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതാണ് ഇന്ത്യയില്‍ എല്‍.പി.ജി പ്രതിസന്ധി സൃഷ്ടിക്കുന്നത്. എല്‍.പി.ജി, സി.എന്‍.ജി, പൈപ്പ് വഴിയുള്ള പാചക വാതകം എന്നിവ മുന്‍ഗണന അടിസ്ഥാനത്തില്‍ മാത്രമേ വിതരണം ചെയ്യൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് റസ്റ്റോറന്റുകള്‍ക്കും ഹോട്ടലുകള്‍ക്കും മറ്റുഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ക്കുമൊക്കെ പ്രതിസന്ധി രൂപപ്പെട്ടതെങ്കില്‍ വരുംദിവസങ്ങളില്‍ നിയന്ത്രണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കപ്പെടുന്നതോടെ ഇതേ പ്രതിസന്ധി അവിടങ്ങളിലെല്ലാം രൂപപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന, അതു കഴിഞ്ഞ് വളം നിര്‍മാണ മേഖലക്ക്, തേയില നിര്‍മാണ ഫാക്ടറികള്‍ക്ക്, നിര്‍മാണ വ്യവസായ ഉപഭോക്താക്കള്‍ക്ക് എന്നിങ്ങനെയാണ് സര്‍ക്കാറിന്റെ മുന്‍ഗണനാ ക്രമം. രാജ്യത്തിന്റെ ഉപഭോഗത്തിന്റെ പകുതിയോളം വരുന്ന ആഭ്യന്തര ഉത്പാദനം (പ്രതിദിനം 191 മില്യന്‍ സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍) പെട്രോ കെമിക്കല്‍ കമ്പനികള്‍, ഊര്‍ജ്ജ യൂണിറ്റുകള്‍, ഉയര്‍ന്ന വിലയില്‍ വാതകം വാങ്ങുന്ന ഉപഭോക്താക്കള്‍ എന്നിവര്‍ക്കായുള്ള വിതരണം പൂര്‍ണമായും നിര്‍ത്തി മുന്‍ഗണന വിഭാഗത്തിന് നല്‍കാനാണ് നിര്‍ദേശം. എന്നാല്‍ ഈ തീരുമാനം പ്രതിസന്ധിക്കുള്ള താല്‍ക്കാലിക പരിഹാരം മാത്രമാണ്. യുദ്ധം നീളുന്ന മുറക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗാര്‍ഹിക ഉപയോഗത്തിനുള്ള നിയന്ത്രണവും പ്രാബല്യത്തില്‍ വരുന്ന സാഹചര്യം കാണാതിരിക്കാനാവില്ല. ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഒരുപരിഹാരവും കാണാന്‍ സാധിക്കാതെ കേന്ദ്ര സര്‍ക്കാര്‍ വെറും നോക്കുകുത്തിയായിമാറുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോവാനുള്ള എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുകയാണ്.
നിലവിലെ പ്രതിസന്ധി കേന്ദ്രസര്‍ക്കാറിന്റെ പിടിപ്പുകേടിന്റെ ഫലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി നിര്‍ദേശിച്ചിട്ടുള്ള 90 ദിവസത്തെ ക്രൂഡോയില്‍ കരുതല്‍ ശേഖരം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാറിന് സംഭവിച്ചിരിക്കുന്നത് വന്‍വീഴ്ച്ചയാണ്. തങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും അടച്ചിടുമെന്ന് ഇറാന്, യുദ്ധം ആരംഭിക്കുന്നതിന് മുന്നെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാറോ പെട്രോളിയം മന്ത്രാലയമോ ഊര്‍ജപ്രതിസന്ധി മുന്‍കൂട്ടിക്കാണാനോ നടപടികള്‍ സ്വീകരിക്കാനോ തയാറായില്ല. തല്‍ഫലമായി യുദ്ധം ആരംഭിച്ച് രണ്ടാഴ്ച്ചപോലും പിന്നിടുന്നതിന് മുമ്പ് രാജ്യത്ത് ഇന്ധനപ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ലോകത്തെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധ ബാലപീഡകന് ജെഫ്രി എപ്സ്റ്റീനുമായി പെട്രോളിയം മന്ത്രിക്കുള്ള സൗഹൃദം പുറത്തുവരികയും ഇതേതുടര്‍ന്ന് പ്രതിപക്ഷം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ ഈ പ്രതിസന്ധിഘട്ടത്തിലും രാഷ്ട്രീയ പ്രതിരോധം തീര്‍ക്കുന്ന തിരക്കിലായിരുന്നു വകുപ്പ്മന്ത്രി.
അതുകൊണ്ട്തന്നെപെട്രോളിയം മന്ത്രാലയം നാഥനില്ലാ കളരിയായി മാറുകയായിരുന്നു. അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു രാജ്യത്തെ ക്രൂഡോയില്‍ കരുതലുമായി ബന്ധപ്പെട്ട പാര്‍ലമെന്റിലെ ചോദ്യത്തിന് മന്ത്രി നല്കിയ മറുപടി. 74 ദിവസത്തെ ക്രൂഡോയില്‍ കരുതല്‍ ശേഖരം രാജ്യത്തുണ്ടെന്ന അദ്ദേഹത്തിന്റെ മറുപടി യാഥാര്‍ത്ഥ്യവുമായ പുലബന്ധം പോലുമില്ലാത്തതായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഊര്‍ജസംരക്ഷണത്തെക്കുറിച്ച് ഒരാശങ്കക്കും അടിസ്ഥാനമില്ലെന്ന് ആണയിട്ട സര്‍ക്കാറാണ് കേവലം 12 ദിവസം പിന്നിട്ടപ്പോഴേക്കും കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. ഊര്‍ജപ്രതിസന്ധിയുള്‍പ്പെടെയുള്ളവിഷയങ്ങളില്‍ മറ്റുസാഹചര്യങ്ങളൊന്നും പരിശോധിക്കാന്‍ കഴിയാത്തവിധം രാജ്യത്തിന്റെ താല്പര്യങ്ങളെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് മുന്നില്‍ പൂര്‍ണമായും ബലികഴിപ്പിച്ചതിന്റെ അനിവാര്യമായ ദുരന്തമാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇനിയെങ്കിലും കണ്ണുതുറക്കാനും പ്രശ്നങ്ങള്‍ മുന്‍കൂട്ടിക്കണ്ട് പരിഹാരനടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തയാറാകാത്ത പക്ഷം കൂടുതല്‍ കെടുതികളിലേക്ക് രാജ്യം തള്ളിവിടപ്പെടുമെന്നതുറപ്പാണ്.
editorial
ഇരട്ടത്താപ്പിന്റെ പര്യായം
ഗതാഗഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരായി ഉയര്‍ന്ന ആരോപണവും അതില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും സ്വീകരിച്ച നിലപാടും പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
ഗതാഗഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരായി ഉയര്‍ന്ന ആരോപണവും അതില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും സ്വീകരിച്ച നിലപാടും പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള മുഖ്യന്റെയും കൂട്ടരുടെയും വാചോടാപങ്ങള്‍ എത്രമേല്‍ നിരര്‍ത്ഥകവും അബദ്ധജഡിലവുമാണെന്ന് കേരളത ജനതയെ ബോധ്യപ്പെടുത്തിയിരിക്കുകയാണ് ഈ സംഭവം. സമാനമായ ആരോപണം 2013 ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിലെ മന്ത്രിയായിരുന്ന ഗണേഷ്കുമാറിനെതിരെ ഉയര്‍ന്നപ്പോള്‍ അന്ന് സി.പി.എം സംസ്ഥാനസെക്രട്ടറിയായിരുന്നു സാക്ഷാല്‍ പിണറായി വിജയന്. ഗണേഷ്കുമാറിന്റെ രാജി ആവശ്യപ്പെടുക മാത്രമല്ല, അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്ത പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന നാഴികക്ക് നാല്പതുവട്ടം പറഞ്ഞുകൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടി ഗണേഷിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടാത്തതെന്നായിരുന്നു പിണറായിയുടെ ചോദ്യത്തിന്റെ കാതല്‍.
എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നിയമം നിയമത്തിന്റെ വഴിക്കുതന്നെ സഞ്ചരിക്കുകയും ഗണേഷ് കുമാറിന് മന്ത്രി സഭയില്‍ നിന്ന് രാജിവെച്ച് പുറത്തുപോകേണ്ടിവരികയും ചെയ്യുകയുണ്ടായി. അധികാര നഷ്ടത്തിന്റെ പ്രതികാരമെന്നോണം പിന്നീട് മുന്നണി മാറി ഗണേഷ് ഇടതുപക്ഷത്തെത്തുകയും നേരം ഇരുട്ടിവെളുത്തപ്പോഴേക്കും പുണ്യാത്മാവായി മാറുകയും ചെയ്തത് പിന്നീടുള്ള രാഷ്ട്രീയ ചരിത്രം. പക്ഷേ അന്നത്തെ മന്ത്രിസഭയെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അതേ പിണറായി വിജയന് ഇന്ന് പരാതി ഒതുക്കിത്തീര്‍ക്കുകയും ഗണേഷിനെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുമ്പോള്‍ ഓന്തിനെപോലും വെല്ലുന്ന അദ്ദേഹത്തിന്റെ നിറംമാറ്റവും കണ്ടാമൃഗത്തെപോലും നാണിപ്പിക്കുന്ന തൊലിക്കട്ടിയുംകണ്ട് കേരളം മൂക്കത്തുവിരല്‍വെച്ചുപോവുകയാണ്.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന് ഡി.ജി.പിക്ക് പരാതി നല്‍കിയതോടെയാണ് ഗണേഷ്കുമാറിന്റെ അവിഹിതം പുറത്തറിയുന്നത്. മന്ത്രിയുടെ അവിഹിതം ഭാര്യതന്നെ നേരില്‍കണ്ടതായും തുടര്‍ന്ന് പൊലീസ് ഹെല്പ് ലൈന്‍ നമ്പറായി 112ല്‍ വിളിച്ച് വിവരം അറിയിച്ചെങ്കിലും ഇതില്‍ യാതൊരു തുടര്‍ നടപടികളുമുണ്ടായില്ലെന്നുമാണ് ഡി.ജി.പിക്ക് നല്കിയ പരാതിയിലുണ്ടായിരുന്നത്. ആരോപണങ്ങള്‍ തള്ളാന്‍ തയാറാകാതിരുന്ന മന്ത്രി തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണിതെന്ന് ന്യായീകരിക്കുകയായിരുന്നു. തനിക്ക് ഒന്നല്ല അയ്യായിരം പ്രണയങ്ങളുണ്ടെന്ന് പറഞ്ഞമന്ത്രി ഭാര്യയുടെ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ വട്ട് മൂത്താല്‍ ആര്‍ക്കും അങ്ങനെ പരാതി പറയാമെന്നുമായിരുന്നു മറുപടി നല്‍കിയത്.
മന്ത്രിയുടെ പരിഹാസ സമീപനത്തെത്തുടര്ന്ന് രംഗത്തെത്തിയ ഭാര്യ ആരോപണങ്ങളെല്ലാം വസ്തുതാപരമാണെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. അക്രമത്തെക്കുറിച്ച് പൊലീസിന്റെ 112 എന്ന നമ്പറിലേക്ക് വിളിച്ചുവെന്നും സ്ഥലത്തെത്തിയ പൊലീസ് മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയോട് വിവരം പറഞ്ഞിരുന്നുവെന്നും മുന്‍ ഡി.ജി.പി ശ്രീലേഖയെ വിളിച്ച് നിര്‍ദേശം സ്വീകരിച്ച ശേഷമാണ് പൊലീസിന്റെ സഹായം തേടിയതെന്നുമായിരുന്നു അവരുടെ പ്രതികരണം. കാര്യങ്ങള്‍ ഇത്രമേല്‍ സ്പഷ്ടമായിട്ടും മൗനത്തിന്റെ മഹാമാളത്തില്‍ അഭയംപ്രാപിച്ച മുഖ്യമന്ത്രിയും സര്‍ക്കാറും മന്ത്രിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തേടുകയായിരുന്നുവെന്നാണ് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. മന്ത്രി ഭാര്യയോട് മാപ്പു പറയുന്നതും മാപ്പിന്റെ അടിസ്ഥാനത്തില്‍ തനിക്ക് പരാതിയൊന്നുമില്ലെന്ന് ഭാര്യ വ്യക്തമാക്കുന്നതും ഒറ്റരാത്രികൊണ്ട് മന്ത്രിയെ പുണ്യാളനാക്കി മന്ത്രിസഭായോഗത്തിനെത്തിക്കുന്നതുമാണ് പിന്നീട് കാണാനിടയായത്.
സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും എന്തുനെറികേടിനെയു സംരക്ഷിക്കാനും ഏതറ്റംവരെയും പോകാന്‍ തനിക്കൊരുമടിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. ആരോപണ വിധേയരാകുന്നവരുടെ പാര്‍ട്ടിയും പശ്ചാത്തലവും നോക്കി നയവും നിലപാടും പ്രഖ്യാപിക്കുന്ന ഈ മുഖ്യന് കേരളത്തിനാകെ നാണക്കേടാണ് സമ്മാനിക്കുന്നത്. പ്രതിപക്ഷത്തുള്ളവര്‍ക്ക് നേരെ ഇത്തരം ആരോപണമുയരുമ്പോള്‍ പരാതി സ്വീകരിക്കാനും നടപടിയെടുക്കാനും ആയിരംനാക്കില്‍ സംസാരിക്കാനുമുള്ള അദ്ദേഹത്തിന്റെ അത്യാവേശം കേരളംപലകുറികണ്ടതാണ്.
ലൗവ് യു, ടു മൂണ്‍ ആന്റ് ബാക്ക് എന്നെഴുതിയ, ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വരികള്‍കുറിച്ചിട്ട ഒരുകോപ്പ പിണറായി വിജയന്റെ ശേഖരത്തിലുണ്ടെന്നതിന് കേരളം സാക്ഷിയാണ്. വാര്‍ത്താമാധ്യമങ്ങള്‍ വഴി ജനങ്ങളെ മൊത്തം ദൃക്സാക്ഷികളാക്കി ആ കോപ്പകൊണ്ട് ആസ്വദിച്ചുകുടിച്ചതും കേരളം മറന്നിട്ടില്ല. ആ കോപ്പയും അതിലെഴുതിയ വരികളും എത്രമാത്രം കാപട്യംനിറഞ്ഞതാണെന്ന് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ കാര്യത്തിലൂടെ പിണറായി വിജയന് തെളിയിച്ചിരിക്കുകയാണ്. സത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും ഇരകളുടെ നീതിയെക്കുറിച്ചും തലയില്‍ മുണ്ടിട്ടല്ലാതെ ഇനി പിണറായിക്ക് സംസാരിക്കാനാകില്ലെന്നതുറപ്പാണ്. പറയുന്ന വാക്കുകളോട് തരിമ്പെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതിനുപകരം ആരോപണവിധേയനായ മന്ത്രിക്കെതിരെ നടപടിയെടുക്കാനായിരുന്നു പിണറായി തയാറാകേണ്ടിയിരുന്നത്.
editorial
കല്ല് പൊട്ടിക്കാനുണ്ടോ…
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ തിരഞ്ഞെടുപ്പിന് കേരളത്തില്‍ കേളികൊട്ടുയരാന്‍ ഇനി ഏതാനും ദിവസം മാത്രമേയുള്ളൂ.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ തിരഞ്ഞെടുപ്പിന് കേരളത്തില്‍ കേളികൊട്ടുയരാന്‍ ഇനി ഏതാനും ദിവസം മാത്രമേയുള്ളൂ. ജനകീയ രോഷം കാരണം ഊര്ധ ശ്വാസം വലിക്കുന്ന പിണറായി സര്‍ക്കാര്‍ പോണ പോക്കില്‍ സംസ്ഥാനത്തിന്റെ കഴുക്കോല് വരെ ഊരാനുള്ള തത്രപ്പാടിലാണ്. ഒരേ പ്രവര്‍ത്തിക്ക് പല ഉദ്ഘാടനം, പണി തീരാത്ത കെട്ടിടങ്ങളുടെ കൂട്ട ഉദ്ഘാടനം തുടങ്ങി മുഖ്യനും റീല്‍സ് മന്ത്രിയും കത്രിക മന്ത്രിയും കള്ള് മന്ത്രിയുമടക്കം ഉദ്ഘാടന മഹാമഹവുമായി ഓടി നടക്കുകയാണ്. കിണറിലെ വെള്ളം കലക്കു വെള്ളമാണോ എന്ന് അറിയാന്‍ കിണറ്റിലിറങ്ങിയ കിണറോലുവാണ് ഇപ്പോള്‍ സര്‍ക്കാറിനും സി.പി.എമ്മിനുമായി തിരഞ്ഞെടുപ്പ് തന്ത്രം ആരായുന്നത്. അതിന്റെ ഗുണം കാണാനുമുണ്ട്. നുണക്കൊരു അവാര്‍ഡ് കൊടുത്താല്‍ അത് എന്തു കൊണ്ടും നേടാന്‍ ഇപ്പോള്‍ സര്‍ക്കാറിന് അര്‍ഹതയായിട്ടുണ്ട്. വയനാട്ടിലേക്ക് തുരങ്കപാതയുടെ പല ആവര്‍ത്തി ഉദ്ഘാടന പ്രഹസനത്തിന്റെ അവസാന പതിപ്പായിരുന്നു കഴിഞ്ഞ ദിവസം. കണ്ടവര്‍ കണ്ടവര്‍ അന്തം വിട്ടു. പാറപൊട്ടിക്കല്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി. നേരത്തെ പാറയൊക്കെ തൊഴിലാളികളാണ് പൊട്ടിച്ച് തുടങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ അതും മുഖ്യന് തന്നെ ഉദ്ഘാടനം ചെയ്യും. റീല്‍സ് മന്ത്രി വീഡിയോ പിടിക്കും കിണറോലും പരസ്യപ്പെടുത്തും. ഇതാണ് ഇപ്പോഴത്തെ രീതി.
ഒരു നിയമസഭാ സീറ്റിനായി എന്ത് തറ പരിപാടിക്കും തയ്യാറായി നടന്നിട്ടും പിണറായിയും സംഘവും കിണറോലുവിന് സീറ്റ് മാത്രം നല്‍കിയിട്ടില്ല ഇതുവരെ. അതിനുള്ള പ്രതികാരമാണോ എന്നറിയില്ല. സര്‍ക്കാറിനെ ടിയാന് കുഴിയില്‍ നിന്നും വന്‍ ഗര്‍ത്തത്തിലേക്ക് എടുത്തെറിഞ്ഞ് ശരിയാക്കുന്നുണ്ട്. ഏതായാലും ഇത്തവണയും മുണ്ടുടുത്ത മോദി തന്നെയാണ് പാര്‍ട്ടിയെ നയിക്കുക. വനിതാ മുഖ്യമന്ത്രിയെന്നൊക്കെ പറഞ്ഞ് കൊമ്പത്ത് കയറ്റി ഇപ്പോള്‍ അവിടെ നിന്നും വീണ്ടും ചാവേറേക്കാനായി മറ്റൊരു സീറ്റിലേക്ക് മുന്‍ ആരോഗ്യ മന്ത്രിയെ വിട്ടിട്ടുണ്ട്. മുന്‍ മന്ത്രി സുധാകരനും പി.കെ ശശിയുമൊക്കെ പാര്‍ട്ടിയില്‍ നിന്നും പിന്നോട്ടു പോയി. അവരവരുടെ നിലപാടുമായി മുന്നോട്ടു പോവുകയാണ്. കോണ്‍ഗ്രസിലെ കുടുംബാധിപത്യമെന്നൊക്കെ മൈക്ക് കെട്ടി ഘോര ഘോരം പ്രസംഗിച്ചവര്‍ ഇപ്പോള്‍ ഞാനും അഫന് തമ്പ്രാനും സുഭദ്രയും എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. അധികാര വടം വലിയില്‍ പാര്‍ട്ടി സെക്രട്ടറിക്ക് സീറ്റ് പോയപ്പോള്‍ പകരം വരുന്നത് സ്വന്തം ഭാര്യ. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഒഴിവാക്കിയാല്‍ പകരം ഭര്‍ത്താവ്. നല്ല കീഴ് വഴക്കം. കണ്ണൂരില്‍ ജയരാജന്മാരുടെ ആധിപത്യം അവസാനിക്കാനും ഇത്തവണ കാരണമാകും. സി.പി.എമ്മില്‍ പിണറായി വിജയന് താഴെ ‘അനിഷേധ്യനായ രണ്ടാമന്’ ആകാനുള്ള എം.വി. ഗോവിന്ദന്റെ കരുനീക്കത്തിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളെ അറഞ്ചം പുറഞ്ചം വെട്ടി നിരത്തുന്നുണ്ട്.
മുഖ്യമന്ത്രി മാറിയാല്‍ മരുമകന് മതിയെന്ന രീതിയിലാണ് ഇപ്പോഴത്തെ പോക്ക്. തനിക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള എല്ലാ മുതിര്‍ന്ന നേതാക്കളെയും സംഘടനാ തത്വങ്ങളുടെ പേരുപറഞ്ഞ് വെട്ടിനിരത്തുകയാണെന്ന വികാരം പാര്‍ട്ടിയില്‍ പുകയുന്നുണ്ട്. എന്തായാലും സ്വന്തമായി നേട്ടമൊന്നുമില്ലാത്ത സര്‍ക്കാര്‍ ഇപ്പോള്‍ 10 വര്‍ഷം മുമ്പുള്ള സര്‍ക്കാറുമായി താരതമ്യം ചെയ്തു കൊണ്ടുള്ള പരസ്യവുമായാണ് ഇറങ്ങുന്നത്. അതായത് നെഹ്റുവിന്റെ കാലത്ത് ഇന്ത്യയില്‍ ഇത്ര സംസ്ഥാനങ്ങളുണ്ടായില്ലെന്ന് സങ്കികള്‍ പറയുന്ന പോലുള്ള യമണ്ടന്‍ ലോജിക്. എന്നാല്‍ ഇത് പൊതുജനങ്ങളുടെ പണമെടുത്താണെന്നതാണ് ഇതിലെ വലിയ പ്രശ്നം. അതായത് മോദി വന്നതിന് ശേഷം 2014ലാണ് ഇന്ത്യ ഉണ്ടായതെന്ന് സങ്കികള്‍ പറയുന്ന പോലെ 2016നു ശേഷമാണ് കേരളമുണ്ടായതെന്നാണ് മുണ്ടുടുക്കാത്ത മോദിയുടെ ചിയര്‍സംഘം പ്രചരിപ്പിക്കുന്നത്.
ലോകത്ത് സാങ്കേതിക വിദ്യ എത്ര മാറിയാലും മാറാത്ത ഒന്നേയുള്ളൂ സി.പി.എമ്മുകാരുടെ ബുദ്ധി. പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് പാര്ട്ടിക്കാര് ചിന്തിക്കുക. ഈയിടെ പത്രങ്ങളിലെല്ലാം കിണറോലുവിന്റെ നേതൃത്വത്തില്‍ വന്ന പരസ്യം കണ്ടവര്‍ ഒന്ന് ഞെട്ടി പട്ടാപ്പകല്‍ ഇത്രയും കൊള്ള നടത്തിയവന്മാരൊക്കെ ഹരിഷ് ചന്ദ്രന്‍മാരാവാന്‍ ശ്രമിക്കുന്നു. അല്ലേലും പൊതുവെ കേരളത്തിലൊരു ചൊല്ലുണ്ട് സത്യം ചെരിപ്പിടുമ്പോഴേക്കും സി.പി.എമ്മുകാര്‍ നാടു നീളെ കള്ളം കൊട്ടിപ്പാടുമെന്ന്. കഴിഞ്ഞ 10 വര്‍ഷമായി കക്കുക മുക്കുക നക്കുക എന്നതല്ലാതെ നാലാള്‍ക്ക് തൊഴില്‍ നല്കിയ ഏതേലും സംരംഭം പിണറായി തുടങ്ങിയിട്ടുണ്ടോ എന്ന് ആരെലും ചോദിച്ചാല്‍ ആകെ ഉത്തരം നല്കാന് പ്രാപ്തിയുള്ളത്. വ്യവസായ മന്ത്രിക്കാണ്. അതാവട്ടെ ഈ ദുനിയാവില് ആരും കാണാത്ത കമ്പനിയൊക്കയാവും. ലോകത്ത് സ്കാനിങ് മെഷീന് ഉണ്ടാക്കുന്ന രണ്ട് കമ്പനികളില്‍ ഒന്ന് കേരളത്തിലാണെന്നാണ് മന്ത്രി പറയുന്നത്.
കേരളത്തില്‍ ഉണ്ടാക്കി അമേരിക്കയില്‍ നിന്നും ലേബലൊട്ടിച്ച് അയക്കുകയാണ് പോലും. എവിടെയാണ് ഫാക്ടറി ഏതാണ് കമ്പനി എന്നൊന്നും ചോദിക്കരുത്. എല്ലാത്തിനും ശങ്കരാടിയുടെ രേഖതന്നെയാണ് ബലം. യു.ഡി.എഫ് കാലത്ത് എട്ട് മാസത്തെ പെന്ഷന് മുടങ്ങിയെന്ന അണ്ടി മുക്ക് ശാഖ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കണക്കുമായാണ് പിണറായി ഇപ്പോഴും ഉരുളുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് പെന്‍ഷന്‍കാരുടെ എണ്ണം വെട്ടിക്കൂട്ടി കൊട്ടയിലിട്ട കണക്ക് പറയാതെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കണക്കാണ് ഇപ്പോഴും ആധാരം. പിണറായിയും പരിവാരങ്ങളും കേരളത്തില്‍ ആകെ തുടങ്ങാന്‍ ശ്രമിച്ചത് ഒരേ ഒരു സംരഭമാണ്. അതാണ് കെ റെയില്‍. കെ റെയില്‍ വരും കെട്ടോ എന്ന് എല്ലാ യോഗങ്ങളിലും സംസ്ഥാന സെക്രട്ടറി വീമ്പിളക്കിയതും അപ്പം വില്പനക്കായി നാട്ടാരെ പ്രാപ്തരാക്കിയതും മാത്രമാണ്. മിച്ചം ആകെ കേരളത്തില്‍ കാക്കകള്‍ക്ക് തൂറാന്‍ ഒരു മഞ്ഞക്കുറ്റി മാത്രമാണ് പിണറായി സംഭാവന ചെയ്തത്. ഇനി അതിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുമ്പോള്‍ അറിയാം കട്ട് മുടിച്ചത് എത്രയെന്ന്. പി.ആര് കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്ന ഈ സര്‍ക്കാറിനെ ജനം ചെവിക്ക് പിടിച്ച് തൂക്കി പുറത്തിടാന്‍ എന്തായാലും അധിക നാള് വേണ്ടി വരില്ല.
-
india2 days agoപാക് താരത്തെ ടീമിലെടുത്തു; സണ്‍റൈസേഴ്സ് ലീഡ്സിന്റെ എക്സ് അക്കൗണ്ടിന് പൂട്ട്
-
kerala2 days agoഎം. ആര് അജിത് കുമാറിനെ എക്സൈസ് ചുമതലയില്‍ നിന്ന് മാറ്റി
-
main stories2 days agoപാചകവാതക പ്രതിസന്ധി; കൊച്ചിയിൽ നൂറിലധികം റെസ്റ്റോറന്റുകൾ പൂട്ടി
-
kerala3 days agoരസികന്‍ സിനിമയിലെ ബാലതാരം; ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala3 days agoമലപ്പുറം കൊണ്ടോട്ടിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം
-
kerala3 days agoവെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
-
kerala3 days ago‘ന്യൂനപക്ഷ രാഷ്ട്രീയത്തിന് മുസ്ലിം ലീഗ് തുല്യതയില്ലാത്ത മാതൃക’; പ്രൗഢമായി മുസ്ലിം ലീഗ് സ്ഥാപകദിനസമ്മേളനവും ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും
-
News1 day agoപാലക്കാട് പൂരത്തിൽ വെടിക്കെട്ടിനിടെ അപകടം; നാല് പേർക്ക് പരിക്ക്

