തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദ്നി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അല്‍പ്പസമയം മുമ്പാണ് മഅ്ദനി വിമാനമിറങ്ങിയത്. മഅ്ദനിയെ സ്വീകരിക്കാന്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് വിമാനത്താവളത്തിലെത്തിയിരിക്കുന്നത്. കര്‍ണാടക പൊലീസിലെ 19 അംഗ സുരക്ഷാ സംഘത്തോടൊപ്പമാണ് മഅദ്നി ബംഗളൂരുവില്‍ നിന്ന് തിരിച്ചത്. ഏതെങ്കിലും തരത്തിലുള്ള അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ഒഴിവാക്കാനായി വിമാനത്താവളത്തില്‍ പോലീസ് വന്‍ സുരക്ഷയൊരുക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിച്ച മഅ്ദനി അന്‍വാര്‍ശ്ശേരിയിലേക്ക് പോയി.

പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്ന് മഅ്ദനി പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിനോടും കോണ്‍ഗ്രസ് നേതാക്കളോടും മനുഷ്യാവകാശ പ്രവര്‍ത്തകരോടും നീതിയുടെ പക്ഷത്ത് നിന്ന് പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് മഅ്ദനി പറഞ്ഞു. എല്ലാവരും കരുതുന്നത് ഞാന്‍ ജയിലിലാണെന്നാണ്. അങ്ങെയല്ല, കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ ജാമ്യത്തിലാണ്. ബാംഗളൂരു നഗരം വിട്ടുപോകരുന്ന വ്യവസ്ഥയോടെ. ഇതില്‍ ഇളവിന് വേണ്ടി ശ്രമിച്ചപ്പോഴാണ് കര്‍ണ്ണാടക സര്‍ക്കാരില്‍ നിന്നും ക്രൂരത നേരിടേണ്ടി വന്നത്. കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത് നല്ലൊരു കീഴ്‌വഴക്കമാണ്. നീതിയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകന്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനും രോഗബാധിതയായ മാതാവിനെ കാണാനുമാണ് മഅദ്നി കേരളത്തിലെത്തുന്നത്. ഇന്നലെ രാവിലെ മഅദ്നിയുടെ അഭിഭാഷന്‍ പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തി കര്‍ണാടക സര്‍ക്കാര്‍ സുരക്ഷാ ചെലവിനായി ആവശ്യപ്പെട്ട 1,18000 രൂപയുടെ ഡ്രാഫ്റ്റ് കൈമാറിയിരുന്നു.

സുരക്ഷാ ചെലവിനായി 15 ലക്ഷത്തോളം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ മഅദ്നിയുടെ കേരളയാത്ര വൈകിപ്പിച്ചിരുന്നു. മഅദ്നിയുടെ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതിയാണ് ചെലവ് വെട്ടിചുരുക്കാന്‍ നിര്‍ദേശിച്ചത്. കര്‍ണാടക സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രീംകോടതി ഉദ്യോഗസ്ഥരുടെ യാത്രാ ബത്ത മാത്രം ആവശ്യപ്പെട്ടാല്‍ മതിയെന്ന് ഉത്തരവിടുകയായിരുന്നു. മഅദ്നിക്ക് നാലു ദിവസം കൂടി കേരളത്തില്‍ തുടരാനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. യാത്ര അനിശ്ചിതത്വത്തിലായതോടെ നഷ്ടപ്പെട്ട നാലു ദിവസത്തിനു പകരമായാണ് അധിക ദിവസം കോടതി അനുവദിച്ചത്. ഇതു പ്രകാരം ഇന്നു മുതല്‍ 19 വരെ സ്വദേശത്ത് തങ്ങാനാകും. നേരത്തെ ആഗസ്ത് ഒന്നു മുതല്‍ 14 വരെയാണ് കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയിരുന്നത്.