kerala

അടിമാലി മണ്ണിടിച്ചില്‍; സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിച്ചില്ല, മകള്‍ക്ക് കളക്ടര്‍ പ്രഖ്യാപിച്ച തുകയും കിട്ടിയില്ല

By webdesk18

January 03, 2026

ഇടുക്കി: അടിമാലി മണ്ണിടിച്ചിലില്‍ സര്‍ക്കാരില്‍ നിന്നും ധനസഹായം കിട്ടിയില്ലെന്ന് ഒരു കാല്‍ നഷ്ടപ്പെട്ട് ചികിത്സയില്‍ കഴിയുന്ന സന്ധ്യ ബിജു. സര്‍ക്കാരില്‍ നിന്നും വെറും പതിനയ്യായിരം രൂപ മാത്രമാണ് കിട്ടിയത് എന്നും വീട് പോയതിന്റെ നഷ്ടപരിഹാരവും ലഭിച്ചില്ലെന്നും അവര്‍ പറഞ്ഞു. മമ്മൂട്ടി ഇല്ലായിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടപ്പെട്ടേനെയെന്നും സന്ധ്യ കൂട്ടിച്ചേര്‍ത്തു.

മകള്‍ക്ക് കളക്ടര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയും കിട്ടിയില്ല. ധനസഹായം കിട്ടിയില്ലെങ്കില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥ. ദേശീയ പാത വിഭാഗം മൂന്ന് ലക്ഷം രൂപ ആശുപത്രിയില്‍ അടച്ചു. പിന്നീടിതു വരെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് സന്ധ്യ പറയുന്നു.

ഇപ്പോള്‍ വാടകയ്ക്കാണ് താമസിക്കുന്നത്. വാടക സര്‍ക്കാര്‍ നല്‍കാമെന്ന് പറഞ്ഞെങ്കിലും ലഭിച്ചിട്ടില്ല. വീടും മകള്‍ക്ക് ഒരു ജോലിയുമാണ് ആവശ്യമെന്ന് സന്ധ്യ പറയുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. അപകടത്തില്‍ ലക്ഷം വീട് ഉന്നതിയില്‍ ഒരാള്‍ മരിക്കുകയും 8 വീടുകള്‍ പൂര്‍ണമായി നശിക്കുകയും ചെയ്തിരുന്നു.