Culture

മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നു

By webdesk17

January 22, 2026

31 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന എട്ടാമത്തെ ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ ചിത്രത്തിന്റെ പേര് നാളെ പുറത്തുവിടും. ‘മതിലുകള്‍’, ‘അനന്തരം’, ‘വിധേയന്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇരുവരും ഒരുമിച്ചതിനു ശേഷം അടുത്ത അടൂര്‍-മ്മൂട്ടി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിക്കുമെന്നാണ് സൂചനകള്‍.

തകഴി ശിവശങ്കരപ്പിള്ളയുടെ ‘രണ്ടിടങ്ങഴി’യെ ആസ്പദമാക്കിയാണ് സിനിമ എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അനു സിത്താരയുമുണ്ട്. ‘രണ്ടിടങ്ങഴി’, 1950കളിലെ കുട്ടനാട്ടിലെ കര്‍ഷകരുടെ ജീവിതം പറഞ്ഞ നോവലാണ്. ഈ നോവലിനെ ആസ്പദമാക്കി 1958ല്‍ നോവല്‍ ഇറങ്ങിയിരുന്നു. ‘രണ്ടിടങ്ങഴി’യാണ് സിനിമയാകുന്നതെങ്കില്‍ ഇത് നോവലിനെ പശ്ചാത്തലമാക്കിയുള്ള രണ്ടാമത്തെ സിനിമയാണ്.

1994ല്‍ ഇറങ്ങിയ ‘വിധേയന്’ ശേഷം 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടുക്കെട്ടില്‍ സിനിമ ഒരുക്കുന്നത്. വിധേയനിലെ ‘ഭാസ്‌കര പട്ടേലരി’ന് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ‘മതിലുകളിലെ’ അഭിനയത്തിനായിരുന്നു മമ്മൂട്ടിക്ക് ആദ്യ ദേശീയ അവാര്‍ഡും അടൂര്‍ ഗോപാലകൃഷ്ണന് മികച്ച സംവിധായകനുള്ള അവാര്‍ഡും ലഭിച്ചിരുന്നു.

2016 ല്‍ ഇറങ്ങിയ ‘പിന്നെയും’ ആണ് അടൂരിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാനത്തെ സിനിമ.